SignIn
Kerala Kaumudi Online
Wednesday, 03 June 2026 1.59 AM IST

ഷാനിമോൾ ഉസ്മാൻ; തളരാത്ത പോരാട്ടവീര്യം

s

കേരള രാഷ്ട്രീയത്തിലെ സന്ധിയില്ലാത്ത പോരാട്ടവീര്യത്തിന്റെയും സ്ത്രീശക്തിയുടെയും പ്രതീകമാണ് കോൺഗ്രസ് നേതാവ് ഷാനിമോൾ ഉസ്മാൻ. വിദ്യാർത്ഥി രാഷ്ട്രീയത്തിലൂടെ കടന്നുവന്ന്, കഠിനമായ രാഷ്ട്രീയ വെല്ലുവിളികളെയും പരാജയങ്ങളെയും അതിജീവിച്ച് കേരള നിയമസഭയുടെ ഡെപ്യൂട്ടി സ്പീക്കർ പദവി വരെ എത്തി നിൽക്കുകയാണ് ഷാനിമോൾ ഉസ്മാന്റെ രാഷ്ട്രീയ ജീവിതം.

തകഴി സ്വദേശിയായ ഷാനിമോൾ ഉസ്മാൻ ആലപ്പുഴ എസ്.ഡി കോളേജിൽ പ്രീഡിഗ്രിക്ക് പഠിക്കുമ്പോൾ കേരള സ്റ്റുഡന്റ്സ് യൂണിയനിലൂടെയാണ് രാഷ്ട്രീയത്തിൽ സജീവമായത്. തിരുവനന്തപുരം ലയോള കോളേജിലും ലോ അക്കാഡമിയിലുമായി ഉപരിപഠനം നടത്തുമ്പോഴും വിദ്യാർത്ഥി രാഷ്ട്രീയത്തിൽ മുഴുവൻ സമയ പ്രവർത്തകയായിരുന്നു. കെ.എസ്.യു സംസ്ഥാന വൈസ് പ്രസിഡന്റായും കേരള സർവകലാശാല സെനറ്റ് അംഗമായും പ്രവർത്തിച്ചു.

മുൻമുഖ്യമന്ത്രി വി.എസ്. അച്യുതാനന്ദന്റെ രാഷ്ട്രീയ തട്ടകമായ പുന്നപ്രയിൽ സി.പി.എം സ്ഥാനാർത്ഥിയെ അട്ടിമറിച്ച് ആലപ്പുഴ ജില്ലാ പഞ്ചായത്തിലേക്ക് (അമ്പലപ്പുഴ ഡിവിഷൻ) തിരഞ്ഞെടുക്കപ്പെട്ടതാണ് ഷാനിമോളുടെ രാഷ്ട്രീയ ജീവിതത്തിലെ വലിയൊരു വഴിത്തിരിവ്. പിന്നീട് ആലപ്പുഴ നഗരസഭയുടെ ചെയർപേഴ്സണായി മികച്ച ഭരണം കാഴ്ചവച്ചു. മഹിളാ കോൺഗ്രസിന്റെ സംസ്ഥാന പ്രസിഡന്റായി പ്രവർത്തിച്ച ഷാനിമോൾ കേരളത്തിൽ നിന്ന്, കോൺഗ്രസിന്റെ പരമോന്നത സമിതിയായ എ.ഐ.സി.സിയുടെ സെക്രട്ടറി പദവിയിലെത്തുന്ന ആദ്യ വനിത എന്ന ചരിത്രനേട്ടത്തിനും അർഹയായി.

തിരഞ്ഞെടുപ്പ് രാഷ്ട്രീയത്തിൽ തുടക്കത്തിൽ വലിയ തിരിച്ചടികൾ നേരിട്ടെങ്കിലും തോൽവികളിൽ തളരാത്ത പോരാട്ടവീര്യമാണ് പ്രകടിപ്പിച്ചത്. 2006ൽ പെരുമ്പാവൂരിൽ നിന്നും, 2016ൽ ഒറ്റപ്പാലത്തു നിന്നും നിയമസഭയിലേക്കും, 2019ൽ ആലപ്പുഴ മണ്ഡലത്തിൽ നിന്ന് ലോക്‌സഭയിലേക്കും മത്സരിച്ചെങ്കിലും പരാജയപ്പെട്ടു. 2019 ഒക്ടോബറിൽ ഇടതുപക്ഷത്തിന്റെ കോട്ടയായ അരൂർ നിയമസഭാ മണ്ഡലത്തിൽ നടന്ന ഉപതിരഞ്ഞെടുപ്പിൽ അട്ടിമറി വിജയം നേടി ആദ്യമായി നിയമസഭയിലെത്തി.

2021ൽ അരൂരിൽ വീണ്ടും മത്സരിച്ചെങ്കിലും എൽ.ഡി.എഫിലെ ദലീമ ജോജോയോട് പരാജയപ്പെട്ടു. കഴിഞ്ഞ നിയമസഭാ തിരഞ്ഞെടുപ്പിൽ ശക്തമായ തിരിച്ചുവരവ് നടത്തി ദലീമയെ പരാജയപ്പെടുത്തി അരൂർ മണ്ഡലം തിരിച്ചു പിടിച്ചു. കെ.എസ്.യു സംസ്ഥാന വൈസ് പ്രസിഡന്റ്, ആലപ്പുഴ നഗരസഭാ അദ്ധ്യക്ഷ, ജില്ലാ പഞ്ചായത്ത് അംഗം, കേരള സർവകലാശാല സെനറ്റംഗം, മഹിളാ കോൺഗ്രസ് സംസ്ഥാന പ്രസിഡന്റ്, എ.ഐ.സി.സി സെക്രട്ടറി തുടങ്ങി തേടിവന്ന പദവികളിലെല്ലാം മികച്ച പ്രകടനം കാഴ്ചവച്ച ട്രാക്ക് റെക്കാഡാണ് ഷാനിമോളുടേത്.

പരാജയങ്ങളിൽ തളരാതെ, അർപ്പണ മനോഭാവത്തോടെ പ്രവർത്തിച്ച നേതാവെന്ന നിലയിൽ, കേരളത്തിലെ വനിതാ രാഷ്ട്രീയ പ്രവർത്തകർക്ക് വലിയൊരു മാതൃകയാണ് ഷാനിമോൾ ഉസ്മാന്റെ രാഷ്ട്രീയ ജീവിതം. തകഴി കുന്നുമ്മ പുത്തൻപുരയിൽ പരേതനായ ഇബ്രാഹിം കുട്ടിയുടെയും സൂറക്കുട്ടിയുടെയും മകളാണ്. ഭർത്താവ്: എ. മുഹമ്മദ് ഉസ്മാൻ. മക്കൾ: ആസിയ തമീം ഉസ്മാൻ, അഡ്വ. അലിഫ് സത്താർ ഉസ്മാൻ. മരുമകൻ: ഷനാസ് ഷാജഹാൻ. കൊച്ചുമകൻ: മൗറിവ് കയിൽ

ആലപ്പുഴയുടെ മൂന്നാം

വനിതാ ഡെപ്യൂട്ടി സ്പീക്കർ

ആലപ്പുഴയിൽ നിന്ന് ഡെപ്യൂട്ടി സ്പീക്കർ പദവിയിലെത്തുന്ന മൂന്നാമത്തെ വനിതയെന്ന പ്രത്യേകതയും ഷാനിമോൾക്കുണ്ട്. കെ.ഒ.അയിഷ ബായിയും എ.നഫീസത്ത് ബീവിയുമാണ് ഷാനിമോളുടെ മുൻഗാമികൾ. ഷാനിമോൾ ഉൾപ്പെടെ നാലു വനിതകൾ മാത്രമാണ് ഇതുവരെ ഈ പദവിയിലെത്തിയിട്ടുള്ളത്. അരൂർ മണ്ഡലത്തിൽ നിന്ന് രണ്ടാംതവണയാണ് ഷാനിമോൾ ഉസ്മാൻ നിയമസഭയിലെത്തിയത്. ആദ്യ കേരള നിയമസഭയിലെ ഡെപ്യൂട്ടി സ്പീക്കറായിരുന്ന കെ.ഒ. അയിഷാബായി കായംകുളം മണ്ഡലത്തിൽ നിന്ന് സി.പി.ഐ സ്ഥാനാർത്ഥിയായി മത്സരിച്ച് വിജയിച്ച് 1957 മുതൽ 1959 വരെയാണ് ആ പദവി വഹിച്ചിരുന്നത്. പിൻഗാമിയായി എത്തിയ എ. നഫീസത്ത് ബീവി 1960 മുതൽ 1964 വരെയാണ് ഡെപ്യൂട്ടി സ്പീക്കർ പദവി വഹിച്ചത്. ആലപ്പുഴ മണ്ഡലത്തിൽ നിന്ന് കോൺഗ്രസ് സ്ഥാനാ‌ർത്ഥിയായി മത്സരിച്ച് വിജിയിച്ചാണ് നഫീസത്ത് ബീവി നിയമസഭയിലെത്തിയത്. കിളിമാനൂരിൽ നിന്ന് എട്ടാം നിയമസഭയിൽ അംഗമായിരുന്ന സി.പി.ഐയിലെ ഭാ‌ർഗവി തങ്കപ്പനാണ് മറ്റൊരു വനിതാ ഡെപ്യൂട്ടി സ്‌പീക്കർ.

Follow Kerala Kaumudi on Google News Add as a preferred source on Google
TAGS: 1
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN OPINION
PHOTO GALLERY
TRENDING IN OPINION