SignIn
Kerala Kaumudi Online
Friday, 05 June 2026 3.04 AM IST

വഴിയോര കച്ചവടക്കാരുടെ ശാക്തീകരണം

s

ഇന്ത്യയിൽ നഗരവത്കരണം അതിവേഗം പുരോഗമിക്കുകയാണ്. 2050 ആകുമ്പോഴേക്കും രാജ്യത്തെ ജനസംഖ്യയുടെ പകുതിയോളം പേരും നഗരപ്രദേശങ്ങളിലായിരിക്കും വസിക്കുന്നതെന്ന് കണക്കാക്കപ്പെടുന്നു. നിലവിൽ, നഗര സമ്പദ്‌വ്യവസ്ഥയുടെ നിർണായക അടിത്തറയായി വർത്തിക്കുന്ന അനൗപചാരിക മേഖലയിലാണ് നഗര തൊഴിലാളികളിൽ ഏകദേശം 66ശതമാനം പേരും ജോലി ചെയ്യുന്നത്. ഈ മേഖലയിലെ തൊഴിലാളികളിൽ, വഴിയോരക്കച്ചവടക്കാർ പ്രധാന പങ്ക് വഹിക്കുന്നു.

കൊവിഡ് മഹാമാരിയുടെ കാലത്ത് തെരുവു കച്ചവടക്കാർ നേരിട്ട വെല്ലുവിളികൾക്ക് പരിഹാരമെന്ന നിലയിൽ, 2020 ജൂണിൽ പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ നേതൃത്വത്തിൽ പ്രൈം മിനിസ്റ്റർ സ്ട്രീറ്റ് വേണ്ടേഴ്സ് ആത്മനിർഭർ നിധി (പിഎം സ്വനിധി) പദ്ധതി ആരംഭിച്ചു. തെരുവുകച്ചവടക്കാർക്കായി പ്രത്യേകം രൂപകൽപ്പന ചെയ്ത ഇന്ത്യയിലെ ആദ്യത്തെ സമഗ്ര സൂക്ഷ്മ-വായ്പാ പദ്ധതിയാണിത്.

അനൗപചാരിക പണമിടപാടുകാരെ ആശ്രയിക്കാതെ ലളിതവും മാന്യവും സ്ഥാപനപരവും ഔപചാരികവുമായ ധനസഹായം പദ്ധതിയിലൂടെ ലഭ്യമായി. ഈ പദ്ധതി പ്രകാരം, ബാങ്കുകളും ധനകാര്യ സ്ഥാപനങ്ങളും 15,000, 25,000, 50,000 രൂപ മൂന്ന് ഘട്ടങ്ങളിലായി ഈട്

രഹിത പ്രവർത്തന മൂലധന വായ്പകൾ നൽകുന്നു. കൃത്യസമയത്ത് വായ്പ തിരിച്ചടയ്ക്കുന്ന ഗുണഭോക്താക്കൾക്ക് 7ശതമാനം പലിശ ഇളവും ലഭിക്കുന്നു. കഴിഞ്ഞ ആറ് വർഷത്തിനിടെ, ഇന്ത്യയിലുടനീളമുള്ള ഏകദേശം 76 ലക്ഷം വഴിയോരക്കച്ചവടക്കാർക്ക് ഈ പദ്ധതി പ്രയോജനം ചെയ്തു.

ഈ പദ്ധതി പ്രകാരം, ദശലക്ഷക്കണക്കിന് വഴിയോരക്കച്ചവടക്കാരുടെ ബാങ്ക് അക്കൗണ്ടുകൾ സജീവമായി,​ അവരുടെ സാമ്പത്തിക ഇടപാടുകൾ രേഖപ്പെടുത്തപ്പെടാൻ തുടങ്ങി. ഇത് ഭാവിയിൽ വലിയ വായ്പകളും മറ്റ് സാമ്പത്തിക സേവനങ്ങളും സുഗമമായി ലഭ്യമാകാൻ അവരെ സഹായിക്കും. ഈ സംരംഭത്തിലൂടെ, 55 ലക്ഷത്തിലധികം കച്ചവടക്കാരെ ഡിജിറ്റൽ സമ്പദ്‌വ്യവസ്ഥയിലേക്ക് സമന്വയിപ്പിക്കാനും കഴിഞ്ഞു. 2023ലും 2025ലും നടത്തിയ സ്വതന്ത്ര വിലയിരുത്തലുകൾ പ്രധാനമന്ത്രി സ്വനിധി പദ്ധതിയുടെ ഗണ്യമായ വിജയം സ്ഥിരീകരിച്ചു. പഠനങ്ങൾ കണ്ടെത്തിയത് ഏകദേശം 95ശതമാനം ഗുണഭോക്താക്കൾക്കും ജീവിതത്തിൽ ആദ്യമായി ഔപചാരിക വായ്പ ലഭിച്ചിട്ടുണ്ടെന്നാണ്. സാമ്പത്തിക ശാക്തീകരണത്തിൽ ഒരു പ്രധാന നാഴികക്കല്ലാണിത്.

പദ്ധതിയുടെ വിപുലവും ഭാവാത്മകവുമായ സ്വാധീനം തിരിച്ചറിഞ്ഞ കേന്ദ്ര മന്ത്രിസഭ 2025 ഓഗസ്റ്റിൽ, പുനഃക്രമീകരിച്ച രൂപത്തിൽ 2030 മാർച്ച് വരെ ഇത് നീട്ടാൻ അംഗീകാരം നൽകി. പുതുക്കിയ പദ്ധതി പ്രകാരം, വഴിയോരക്കച്ചവടക്കാർക്കുള്ള വായ്പാ പരിധി വർദ്ധിപ്പിച്ചിട്ടുണ്ട്. കൂടാതെ നഗര തദ്ദേശ സ്ഥാപനങ്ങൾ മാത്രമല്ല, സെൻസസ് ടൗണുകളും നഗരപ്രാന്ത പ്രദേശങ്ങളും കൂടി ഉൾപ്പെടുത്തി പദ്ധതി വിപുലീകരിച്ചിട്ടുണ്ട്.

സ്വനിധി ക്രെഡിറ്റ് കാർഡ്

ഈ ദിശയിലെ ഒരു പ്രധാന പുതിയ സംരംഭമാണ് സ്വനിധി ക്രെഡിറ്റ് കാർഡ്. അടിയന്തര സാമ്പത്തിക, വ്യക്തിഗത ആവശ്യങ്ങൾ നിറവേറ്റുന്നതിനായി ഹ്രസ്വകാല, പലിശരഹിത വായ്പകൾ ഈ കാർഡ് കച്ചവടക്കാർക്ക് നൽകുന്നു. തെരുവുകച്ചവടക്കാരുടെ സാമ്പത്തിക ശാക്തീകരണത്തിൽ പിഎം സ്വനിധി ഗണ്യമായ പുരോഗതി കൈവരിച്ചിട്ടുണ്ടെങ്കിലും, അവരിൽ പലരും ഇപ്പോഴും നഗര ആസൂത്രണ ചട്ടക്കൂടുകളുടെ അവിഭാജ്യ ഘടകമായി വേണ്ടത്ര അംഗീകരിക്കപ്പെട്ടിട്ടില്ല.

ഔദ്യോഗികമായി നിയുക്തമായ വ്യാപാര കേന്ദ്രങ്ങളുടെ അഭാവം പോലുള്ള പ്രശ്നങ്ങൾ അവർ നേരിടുന്നു. സംഘടിത വെൻഡിംഗ് സോണുകളുടെ അഭാവം അവരുടെ ഉപജീവനമാർഗത്തെയും വരുമാന അവസരങ്ങളെയും ഉപഭോക്തൃ പ്രവേശനത്തെയും ബാധിക്കുന്നു. ഈ പ്രശ്നം പരിഹരിക്കുന്നതിന്, സംസ്ഥാന സർക്കാരുകളും നഗര തദ്ദേശസ്ഥാപനങ്ങളും ഭാവിയിലെ നഗര ആസൂത്രണത്തിൽ വഴിയോരക്കച്ചവടക്കാരെ ഉൾപ്പെടുത്തേണ്ടതുണ്ട്.

ആത്മനിർഭർ ഭാരതത്തിന്റെയും വോക്കൽ ഫോർ ലോക്കലിന്റെയും ദർശനം അടിസ്ഥാന തലത്തിൽ ഉൾക്കൊള്ളുന്നതാണ് പ്രധാനമന്ത്രി സ്വനിധി പദ്ധതി. തെരുവു കച്ചവടക്കാരുടെ സാമ്പത്തിക ശാക്തീകരണം, സാമൂഹിക സുരക്ഷ എന്നിവയിൽ ശക്തവും ഫലപ്രദവുമായ ഒരു മാതൃകയാണ് പ്രധാനമന്ത്രി സ്വനിധി പദ്ധതി സൃഷ്ടിച്ചിരിക്കുന്നത്.

Follow Kerala Kaumudi on Google News Add as a preferred source on Google
TAGS: 1
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN OPINION
PHOTO GALLERY