SignIn
Kerala Kaumudi Online
Friday, 05 June 2026 3.04 AM IST

പ്രവചനാതീതം കാലാ​വസ്ഥാമാറ്റം

s

മൺസൂണിന്റെ കവാ​ട​മായ കേര​ള​ത്തിൽ മഴ​യുടെ താളം തെ​റ്റു​ന്നു. ചെറിയ സ്ഥല​ങ്ങ​ളിൽ കുറഞ്ഞ കാല​യ​ള​വിൽ വലി​യ​മഴ എന്ന​താണ് പുതിയ രീതി. മഴ​ക്കാലം വെള്ള​പ്പൊ​ക്ക​ത്തി​ന്റെയും പ്രള​യ​ത്തി​ന്റെയും കാല​മായി മാറു​ന്നു. മഴ​യൊ​ന്നു​മാ​റി​യാൽ വരൾച്ച​യെ​ന്ന​താണ് അവ​സ്ഥ. ആഗോള താപ​നവും കാലാ​വ​സ്ഥ​മാ​​റ്റവും കൺമു​ന്നിലെ യാഥാർത്ഥ്യ​ങ്ങ​ളാ​ണ്. സൂക്ഷ്മ കാലാ​വ​സ്ഥ​യി​ലു​ണ്ടാ​കുന്ന മാ​റ്റം പ്രവ​ച​നാ​തീ​ത​മായി മാറു​ന്നു​വെ​ന്ന​താണ് പുതിയ വെല്ലു​വി​ളി. ഇന്ന്‌ ലോക പരി​സ്ഥിതി ദിന​മാ​ണ്. ക്ലൈമ​റ്റ് ആക്ഷൻ, കാലാ​വസ്ഥ പ്രവർത്തനം എന്ന​താണ് ഈ വർഷത്തെ ദിനാ​ച​രണ വിഷ​യം.


ഭൂമി​യിലെ കാർബൺ ഡൈ ഓക്‌സൈഡ്,​​ മീഥേൻ, നൈട്രസ് ഓക്‌സൈ​ഡ്,ക്ലോറോ ഫ്‌ളൂറോ കാർബ​ണു​കൾ എന്നി​വ​യുടെ അളവ് ക്രമാ​തീ​ത​മായി കൂടു​ക​യാ​ണ്. സോളാർ സൈക്കി​ളി​ലു​ണ്ടാ​കുന്ന മാ​റ്റം കൂടി​യാ​കു​മ്പോൾ പ്രശ്‌നം സങ്കീർണമാ​കു​ന്നു. ജല​ച​ക്ര​ത്തി​ന്റെയും കാർബൺ ചക്ര​ത്തിന്റെയും നൈട്ര​ജൻ ചക്ര​ത്തി​ന്റെയും താളവും ബാലൻസും തെ​റ്റു​ക​യാ​ണ്.

ഇതി​ന​നു​സ​രിച്ച് ഹിമാ​നി​കൾ കൂടു​തൽ ഉരു​കു​ന്നു. കട​ലിന്റെ താപ​നില വർദ്ധി​ക്കു​ന്നു. വരൾച്ചയും വെള്ള​പ്പൊ​ക്കവും നിത്യ​സം​ഭ​വ​ങ്ങ​ളായി മാറു​ന്നു. ഉയ​രുന്ന കടൽ,​ ആഞ്ഞ​ടി​ക്കുന്ന കാട്ടു​തീ, ഉഷ്ണ തരം​ഗ​ങ്ങൾ, ഉരു​കുന്ന ഹിമാ​നി​കൾ എല്ലാം പ്രതി​സ​ന്ധി​ക​ളാണ് സൃഷ്ടി​ക്കു​ന്ന​ത്. ശരാ​ശരി 20 ദിവസം മാത്രം വർദ്ധിച്ച താപം കാണി​ച്ചി​രുന്ന സമു​ദ്റ​ത്തിന്റെ ചൂടാ​കൽ 120 ദിവ​സ​ത്തി​ലേക്ക് നീളു​ന്നു.

പസ​ഫിക് സമു​ദ്റ​ത്തിലെ എൽനിനോ പ്രതി​ഭാ​സ​മ​നു​സ​രി​ച്ചാണ് ഭൂമി​യിലെ കാലാ​വസ്ഥ നിർണ​യി​ക്കു​ന്ന​ത്. ഇന്ത്യൻ മഹാ​സ​മു​ദ്റ​ത്തിലെ ദ്വിധ്രു​വ, ഡൈപോ​ളാർ വ്യവസ്ഥ കാരണം ഇന്ത്യക്ക് ചില ആശ്വാ​സ​ങ്ങൾ ലഭി​ക്കാ​റു​ണ്ട്. ഇന്ത്യൻ മഹാ​സ​മു​ദ്റ​ത്തിന്റെ പടി​ഞ്ഞാറും കിഴക്കും തുല്യ​മായ ചൂടാ​ണെ​ങ്കിൽ ഇന്ത്യക്ക് വലിയ പ്രശ്‌ന​മി​ല്ല. ദിശ​യ്ക്ക​നു​സ​രിച്ച് താപ​നില മാറു​മ്പോൾ മൺസൂ​ണി​നേയും ബാധി​ക്കാം. കേര​ള​ത്തിൽ മഴ ദിന​ങ്ങ​ളിൽ കുറവ് വരി​ക​യാ​ണ്.വേനൽമഴ 10 ശത​മാനം കുറ​ഞ്ഞു​വ​രു​ന്നു. തുലാ​മ​ഴ​യിലും കുറ​വു​ണ്ടാ​കു​ന്നു.കേര​ള​ത്തിൽ ലഭി​ച്ചി​രുന്ന മഴ​യുടെ സന്തു​ലി​താ​വസ്ഥ മാറു​മ്പോ​ഴാണ് വരൾച്ചയും വെള്ള​പ്പൊ​ക്കവും ചില വർഷ​ങ്ങ​ളിൽ പ്രള​യ​വു​മൊക്കെ സംഭ​വി​ക്കു​ന്ന​ത്.


കടൽ ചൂടാ​കു​ന്ന​തി​ന​നു​സ​രിച്ച് ചക്ര​വാ​ത​ത്തിലും നീരാ​വി​യുടെതോതിലും വ്യത്യാ​സ​മു​ണ്ടാ​കു​ന്നു. കട​ലിലെ വെള്ളം സൂര്യന്റെ ചൂടേ​റ്റ് നീരാ​വി​യായി ലംബ​ദി​ശ​യി​ലേക്ക് സഞ്ച​രി​ച്ച​ശേഷം തിര​ശ്ചീന ദിശ​യി​ലേക്ക് മാറും. അത്തരം ചൂടുള്ള നീരാ​വിയെ തട​സ​പ്പെ​ടുത്തി മഴ പെയ്യി​ക്കു​ന്ന​തിൽ നമ്മുടെ മല​കൾക്കും കുന്നു​കൾക്കും പശ്ചി​മ​ഘട്ട മല​നി​ര​കൾക്കും വലിയ പങ്കു​ണ്ട്. ഒരു ഹെക്ടർ വന​സ​ദൃ​ശ​മായ ആവാസ വ്യവസ്ഥ 32,000 ഘനകിലോ​മീ​​റ്റർ പ്രദേ​ശത്തെ മഴയെ ഉൾക്കൊ​ള്ളും. 10 സെന്റ് വയൽ 1,​60,000 ലി​റ്റർ മഴ​വെ​ള്ളത്തെ തടഞ്ഞു നിറുത്തും. നശി​പ്പി​ക്ക​പ്പെ​ടുന്ന വന​ങ്ങളും മര​ങ്ങളും നിക​ത്ത​പ്പെ​ടുന്ന പ്രളയ തട​ങ്ങളും വയ​ലുകളും തണ്ണീർത​ട​ങ്ങളും ഇല്ലാ​താ​ക്കു​ന്നത് നാടി​ന്റെയും നാട്ടാ​രു​ടെയും ദാഹ​നീരു കൂടി​യാ​യി​രി​ക്കും.

വിക​സ​നവും പരി​സ്ഥി​തിയും
2018ലെ പ്രള​യവും തുടർവർഷ​ങ്ങ​ളിലെ ഉരുൾപൊ​ട്ട​ലു​കളും നമ്മുടെ കണ്ണി​നിയും തുറ​പ്പി​ച്ചി​ട്ടി​ല്ല. ഒരു പാഠവും നാം പഠി​ക്കു​ന്നി​ല്ല​യെ​ന്ന​താണ് യാഥാർത്ഥ്യം. മാലി​ന്യ​സം​സ്‌ക​ര​ണ​ത്തിലെ കുറവാണ്‌ കേരള കാലാ​വ​സ്ഥ​യിലെ വലിയ വില്ലൻ. ഭൂവി​നി​യോ​ഗ​ത്തിലെ മാ​റ്റം, അശാ​സ്ത്രീ​യ​ത, മണ്ണും വെള്ളവും ജൈവസമ്പത്തും പരി​ഗ​ണി​ക്കാത്ത നിർമ്മാണ രീതി​കൾ എന്നി​വ​യെല്ലാം നമ്മുടെ സൃഷ്ടി​ക​ളാ​ണ്.

കേര​ള​ത്തിലെ പ്രധാന നദി​ക​ളെല്ലാം കിഴ​ക്കു​നിന്നും പടി​ഞ്ഞാ​റേ​ക്കാണ് ഒഴു​കു​ന്ന​ത്. വിക​സ​ന ​പ്ര​വർത്ത​ന​ങ്ങ​ളാ​വട്ടെ തെക്ക് നിന്നും വട​ക്കോട്ടും. ഒട്ടുംതന്നെ പ്രകൃ​തി, പരി​സ്ഥിതി സൗഹൃ​ദ​മ​ല്ലാത്ത വിക​സ​ന, നിർമ്മാണ രീതി​കൾ ഇല്ലാ​താ​ക്കു​ന്നത് പ്രകൃതി വിഭ​വ​ങ്ങ​ളെ​യാ​ണ്. കാലാ​വസ്ഥ മാ​റ്റ​മാണ് അന​ന്ത​ര​ഫ​ല​വു​മായി കാണു​ന്ന​ത്.


പ്രകൃ​തി​പ​രവും പരി​സ്ഥിതി സൗഹൃ​ദ​വു​മായ ഭൂമി​യി​ലൂടെ മാത്രമേ കാലാ​വസ്ഥാ ദുര​ന്ത​ങ്ങളെ പ്രതി​രോ​ധി​ക്കാ​നാ​വു. വിക​സ​നവും പരി​സ്ഥി​തിയും ഒന്നി​ച്ചു​കൊണ്ടുപോക​ണ​മെന്ന് പറ​ഞ്ഞിട്ട് അര​നൂ​​റ്റാണ്ട് കഴി​യു​ന്നു. ഇപ്പോഴും നമു​ക്കൊരു മാതൃ​ക​യു​ണ്ടാ​ക്കാ​നാ​യി​ട്ടി​ല്ല. വിക​സനം തീർച്ച​യായുംവേണം. പക്ഷേ,​ അവ പരി​സ്ഥി​തി, കാലാ​വസ്ഥ സൗഹൃ​ദ​മാ​ക്കു​ന്നത് എങ്ങനെ​യെ​ന്ന​താണ് പ്രശ്‌നം.

കാലാ​വസ്ഥ മാ​റ്റം നിയ​ന്ത്റി​ക്കു​വാ​നായി അന്ത​രീക്ഷ താപ​നില ക്രമ​പ്പെ​ടു​ത്തിയെ കഴി​യൂ. ഭൂമി​യുടെ തൊട്ടു​മു​ക​ളിൽ 8 മുതൽ 12 കിലോ​മീ​​റ്റർ വരെ​യുള്ള ട്രോപ്പോ​സ്‌ഫി​യ​റി​ലാണ് ഹരിത ഗൃഹ​പ്രഭാ​വ​മുൾപ്പെ​ടെ​യു​ണ്ടാ​കു​ന്ന​ത്. കേര​ള​ത്തിൽ അന്ത​രീക്ഷ ആർദ്റ​ത, ഹുമി​ഡി​റ്റി കൂടു​ത​ലാ​കു​ന്ന​താണ് യഥാർത്ഥ താപ​നി​ല​യേ​ക്കാൾ കൂടു​തൽ ചൂട് അനു​ഭ​വ​പ്പെ​ടാനുള്ള പ്രധാന കാര​ണം.

ഹരിത കേരളം
കേര​ള​ത്തിലെ പരി​സ്ഥി​തിയെ കണ​ക്കി​ലെ​ടു​ത്തു​കൊ​ണ്ടുള്ള ഒരു കേര​ള​മാണ്‌ വേണ്ട​ത്. ഹരിത നിയ​മ​ങ്ങളും ചട്ട​ങ്ങ​ളു​മൊക്കെ ആവ​ശ്യ​മാ​ണ്. ജല​സാ​ക്ഷ​ര​ത, പരി​സ്ഥിതി സാക്ഷ​ര​ത, മഴ സാക്ഷ​ര​ത, ഭൂസാ​ക്ഷ​ര​ത, ആരോഗ്യസാക്ഷ​രത തുട​ങ്ങിയമേഖ​ല​കൾ ചേർത്തുള്ള സമഗ്ര പരി​പാടി അനി​വാ​ര്യ​മാ​ണ്. പുതിയ ഊർജ സ്രോത​സുക​ളായ സോളാർ എനർജി, കാ​റ്റ്, തിര​മാല, മാലി​ന്യം എന്നി​വ​യിൽ നിന്നുള്ള ഊർജം തുട​ങ്ങിയ മേഖ​ല​കൾ വളരെ പ്രധാ​ന​മാ​ണ്.

ഹരി​ത​നിർമ്മി​തി​കൾ, ഹരിത കെട്ടി​ട​ങ്ങൾ, ഹരിത ക്യാമ്പ​സു​കൾ, ഹരിത വീഥി​കൾ, മഴ​വെള്ള സംഭ​ര​ണം, കൃത്രിമ ഭൂജ​ല​പോ​ഷ​ണം, മാലിന്യ സംസ്‌ക​രണം എന്നി​വ​യെല്ലാം ചേരുമ്പോഴാണ് ഒരു പരി​സ്ഥിതി സൗഹൃദ കേര​ള​മാകുന്നത്. പുതിയകേരളം കാലാ​വസ്ഥ സൗഹൃ​ദ​മാ​വ​ണം.

(ജലവിഭവ വകുപ്പ് മുൻ ഡയറക്ടറും പരിസ്ഥിതി ശാസ്ത്രജ്ഞനുമാണ് ലേഖകൻ)

Follow Kerala Kaumudi on Google News Add as a preferred source on Google
TAGS: 1
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN OPINION
PHOTO GALLERY