
മനുഷ്യനും പ്രകൃതിയും തമ്മിലുള്ള അഭേദ്യബന്ധം ഓർമ്മപ്പെടുത്തുന്നതിനും ഭൂമിയുടെ നിലനില്പിനായി പരിസ്ഥിതി സംരക്ഷണത്തിന്റെ ആവശ്യകത ലോകസമൂഹത്തിന് മുന്നിൽ ഉയർത്തിക്കാട്ടുന്നതിനുമാണ് ഇന്ന് ലോക പരിസ്ഥിതിദിനമായി ആചരിക്കുന്നത്. ഐക്യരാഷ്ട്രസഭയുടെ നേതൃത്വത്തിൽ 1973 മുതൽ ലോകമെമ്പാടും ആചരിച്ചു വരുന്ന ഈ ദിനം, ഇന്ന് പരിസ്ഥിതി സംരക്ഷണവുമായി ബന്ധപ്പെട്ട ഏറ്റവും വലിയ ആഗോള പ്രചാരണമായി മാറിയിരിക്കുന്നു. ഈ വർഷത്തെ ലോക പരിസ്ഥിതി ദിനത്തിന്റെ പ്രമേയം “Inspired by Nature. For Climate. For Our Future.” (“പ്രകൃതിയിൽ നിന്ന് പ്രചോദനം – കാലാവസ്ഥയ്ക്കായി – നമ്മുടെ ഭാവിക്കായി”) എന്നതാണ്. പ്രകൃതിയിലെ അറിവുകളിൽ നിന്ന് പ്രചോദനം ഉൾക്കൊണ്ട് കാലാവസ്ഥാ വ്യതിയാനത്തെ നേരിടുകയും ഭാവി തലമുറകൾക്ക് സുരക്ഷിതവും ആരോഗ്യകരവുമായ ഭൂമി സമ്മാനിക്കുകയും ചെയ്യുക എന്ന സന്ദേശമാണ് ഈ പ്രമേയം മുന്നോട്ടുവയ്ക്കുന്നത്.
പരിസ്ഥിതിയും മനുഷ്യജീവിതവും
ഭൂമിയിലെ ജീവന്റെ നിലനില്പിന് അടിസ്ഥാനമായ ഘടകങ്ങളായ വായു, ജലം, മണ്ണ്, വനങ്ങൾ, സമുദ്രങ്ങൾ, ജൈവവൈവിദ്ധ്യം എന്നിവയുടെ സമഗ്രസമുച്ചയമാണ് പരിസ്ഥിതി. മനുഷ്യന്റെ ആരോഗ്യവും സാമ്പത്തികവളർച്ചയും ഭക്ഷ്യസുരക്ഷയും ജലലഭ്യതയും എല്ലാം പരിസ്ഥിതിയുമായി നേരിട്ട് ബന്ധപ്പെട്ടിരിക്കുന്നു. എന്നാൽ വ്യവസായവത്ക്കരണം, നഗരവത്ക്കരണം, വനനശീകരണം, അമിതമായ പ്രകൃതി വിഭവ ചൂഷണം, ഫോസിൽ ഇന്ധനങ്ങളുടെ അമിത ഉപയോഗം എന്നിവ കാരണം ഭൂമിയുടെ പ്രകൃതി സമതുലിതാവസ്ഥ തകർന്നുകൊണ്ടിരിക്കുകയാണ്. ഇതിന്റെ ഫലമായാണ് ഇന്ന് ലോകം ഗുരുതരമായ കാലാവസ്ഥാ പ്രതിസന്ധിയെ നേരിടുന്നത്. പരിസ്ഥിതിയുടെ ആരോഗ്യവും സ്ഥിരതയും ഉറപ്പാക്കുന്നതിൽ ജൈവവൈവിദ്ധ്യം പ്രധാന പങ്കുവഹിക്കുന്നു. ആവാസവ്യവസ്ഥ നശീകരണം, മലിനീകരണം, അനധികൃത വേട്ട, കാലാവസ്ഥാ വ്യതിയാനം എന്നിവ കാരണം അനേകം ജീവിവർഗങ്ങൾ വംശനാശ ഭീഷണി നേരിടുന്നുണ്ട് . ഒരു ജീവിവർഗത്തിന്റെ നഷ്ടം പോലും മുഴുവൻ പരിസ്ഥിതി വ്യവസ്ഥയെയും ബാധിക്കും. ജൈവവൈവിദ്ധ്യ സമ്പന്നമായ കേരള സംസ്ഥാനത്തിന്റെ ഭാഗമായ പശ്ചിമഘട്ടം ലോകത്തിലെ പ്രധാന ജൈവവൈവിദ്ധ്യ ഹോട്ട്സ്പോട്ടുകളിൽ ഒന്നാണ്. ഈ സമ്പത്ത് സംരക്ഷിക്കുക നമ്മുടെ കടമയാണ്.
കാലാവസ്ഥാ വ്യതിയാനം – മനുഷ്യരാശിയുടെ വലിയ വെല്ലുവിളി
ഇന്ന് ലോകം നേരിടുന്ന ഏറ്റവും വലിയ പരിസ്ഥിതി വെല്ലുവിളിയാണ് കാലാവസ്ഥാ വ്യതിയാനം. ഭൂമിയുടെ ശരാശരി താപനില വർദ്ധിക്കുന്നത്, മഞ്ഞുമലകൾ ഉരുകുന്നത്, കടൽനിരപ്പ് ഉയരുന്നത്, അതിശക്തമായ മഴ, വരൾച്ച, ചുഴലിക്കാറ്റ്, കാട്ടുതീ തുടങ്ങിയ പ്രകൃതിദുരന്തങ്ങളുടെ ആവർത്തനം വർദ്ധിക്കുന്നത് എന്നിവ കാലാവസ്ഥാ വ്യതിയാനത്തിന്റെ പ്രത്യാഘാതങ്ങളാണ്. പ്രളയങ്ങൾ, ഉരുൾപൊട്ടലുകൾ, തീരശോഷണം, കടുത്ത വേനൽ, ജലക്ഷാമം, കൃഷിനാശം എന്നിവ നമ്മുടെ സംസ്ഥാനത്തെ വളരെയധികം ബാധിച്ചു കൊണ്ടിരിക്കുന്നു. പ്രകൃതിയെ അവഗണിച്ചുള്ള വികസന മാതൃകകൾ മനുഷ്യജീവിതത്തെയും സമ്പദ് വ്യവസ്ഥയെയും ഗുരുതര പ്രതിസന്ധിയിലാക്കുന്നുവെന്ന് കഴിഞ്ഞ കുറച്ച് വർഷങ്ങളിലെ ദുരന്തങ്ങൾ നമ്മെ ഓർമ്മിപ്പിക്കുന്നു.
“പ്രകൃതിയിൽ നിന്ന് പ്രചോദനം” എന്ന ആശയത്തിന്റെ പ്രസക്തി
2026-ലെ ലോക പരിസ്ഥിതി ദിനാചരണപ്രമേയത്തിന്റെ ഹൃദയഭാഗം ‘പ്രകൃതിയിൽ നിന്ന് പഠിക്കുക” എന്ന ആശയമാണ്. കോടിക്കണക്കിന് വർഷങ്ങളായി സ്വയം നിലനിൽക്കുന്ന സംവിധാനങ്ങൾ പ്രകൃതിയാൽ തന്നെ സൃഷ്ടിക്കപ്പെട്ടിട്ടുണ്ട്. വനങ്ങൾ കാർബൺ ആഗിരണം ചെയ്ത് കാലാവസ്ഥയെ നിയന്ത്രിക്കുന്നതും തണ്ണീർത്തടങ്ങൾ വെള്ളപ്പൊക്കം നിയന്ത്രിക്കുന്നതും മണ്ണിലെ സൂക്ഷ്മജീവികൾ പോഷകചക്രം നിലനിർത്തുന്നതും, സമുദ്രങ്ങൾ ഭൂമിയുടെ താപനില നിയന്ത്രിക്കുന്നതിൽ നിർണായക പങ്കുവഹിക്കുന്നതും ഇതിനു ഉദാഹരണങ്ങളാണ്.
പ്ലാസ്റ്റിക് മലിനീകരണവും മാലിന്യ പ്രശ്നവും
ഇന്ന് ലോകം നേരിടുന്ന ഏറ്റവും വലിയ പരിസ്ഥിതി വെല്ലുവിളിയാണ് പ്ലാസ്റ്റിക് മലിനീകരണം. ഒറ്റത്തവണ ഉപയോഗിക്കുന്ന പ്ലാസ്റ്റിക് ഉത്പന്നങ്ങൾ മണ്ണിനെയും ജലാശയങ്ങളെയും സമുദ്രങ്ങളെയും ഗുരുതരമായി മലിനമാക്കുന്നു. സമുദ്രജീവികൾ പ്ലാസ്റ്റിക് വിഴുങ്ങി നശിക്കുന്നു. മൈക്രോപ്ലാസ്റ്റിക്കുകൾ മനുഷ്യശരീരത്തിലേക്കും പ്രവേശിക്കുന്നതായി പഠനങ്ങൾ തെളിയിക്കുന്നു. പ്ലാസ്റ്റിക് മാലിന്യ നിർമ്മാർജ്ജനത്തിൽ ശാസ്ത്രീയ സമീപനം അനിവാര്യമാണ്.
യുവജനങ്ങളുടെ പങ്ക്
പരിസ്ഥിതി ബോധവത്ക്കരണം, വൃക്ഷതൈ നട്ട് വളർത്തൽ, ജലസംരക്ഷണം, ശുചീകരണ പ്രവർത്തനങ്ങൾ, പ്ലാസ്റ്റിക് വിരുദ്ധ ക്യാമ്പയിനുകൾ, സുസ്ഥിര ജീവിതശൈലി പ്രോത്സാഹിപ്പിക്കൽ എന്നിവയിൽ യുവജനങ്ങളുടെ പങ്കാളിത്തം വലിയ മാറ്റങ്ങൾ സൃഷ്ടിക്കും.
സുസ്ഥിര വികസനം – ഭാവിയുടെ വഴികാട്ടി
വികസനവും പരിസ്ഥിതി സംരക്ഷണവും പരസ്പരവിരുദ്ധമല്ല. ഭാവി തലമുറകളുടെ ആവശ്യങ്ങൾ നഷ്ടപ്പെടുത്താതെ ഇന്നത്തെ ആവശ്യങ്ങൾ നിറവേറ്റുന്ന വികസനമാണ് സുസ്ഥിര വികസനം. ഐക്യരാഷ്ട്രസഭയുടെ സുസ്ഥിര വികസന ലക്ഷ്യങ്ങൾ (SDGs) ഈ ആശയത്തെ ശക്തമായി മുന്നോട്ടുവയ്ക്കുന്നു. ശുദ്ധജലം, ശുദ്ധ ഊർജം, കാലാവസ്ഥാ പ്രവർത്തനം, കരജീവിത സംരക്ഷണം, സമുദ്രസംരക്ഷണം തുടങ്ങിയ ലക്ഷ്യങ്ങൾ പരിസ്ഥിതി സംരക്ഷണവുമായി നേരിട്ട് ബന്ധപ്പെട്ടവയാണ്.
ലോക പരിസ്ഥിതി ദിനം 2026: ആതിഥേയ രാജ്യം
ഈ വർഷത്തെ ലോക പരിസ്ഥിതി ദിനാചരണത്തിനു ആതിഥേയമരുളുന്നത് പ്രകൃതി വൈവിധ്യത്തിന്റെ നാടായ റിപ്പബ്ലിക് ഒഫ് അസർബൈജാനിലെ ബാക്കു ആണ്. അസർബൈജാന്റെ ഭൂപ്രകൃതി രണ്ട് പ്രധാന കാലാവസ്ഥാ മേഖലകളിലായി - ഉപ ഉഷ്ണമേഖലാ, മിതശീതോഷ്ണ - വ്യാപിച്ചുകിടക്കുന്നു. ഉപ ഉഷ്ണമേഖലാ വനങ്ങൾ മുതൽ ആൽപൈൻ ആവാസവ്യവസ്ഥകൾ വരെയുള്ള 8 വ്യത്യസ്ത കാലാവസ്ഥാ തരങ്ങളാൽ സമ്പന്നമായ ജൈവവൈവിധ്യപ്രകൃതിയെ സംരക്ഷിക്കൂ; അതാണ് നമ്മുടെ ഭാവിയെ സംരക്ഷിക്കുള്ളൂവെന്ന് ഈ രാജ്യം ഉൾക്കൊള്ളുന്നു.
അസർബൈജാൻ: പരിസ്ഥിതി സംരക്ഷണത്തിന്റെ ലോക മാതൃക
ഹരിത വളർച്ചയും പുനരുപയോഗ ഊർജ്ജവും പിന്തുടരുന്ന ഒരു രാജ്യമാണ് അസർബൈജാൻ. പാരീസ് ഉടമ്പടിയിലെ ഒരു കക്ഷി എന്ന നിലയിൽ, 2035 ആകുമ്പോഴേക്കും
(1990 ലെ നിലവാരത്തിൽ നിന്ന്) ഉദ്യമനം 40% കുറയ്ക്കാൻ രാജ്യം പ്രതിജ്ഞാബദ്ധമാണ്. 2030 ആകുമ്പോഴേക്കും പുനരുപയോഗ ഊർജ്ജം 30% ആയി വർദ്ധിപ്പിക്കാനും ലക്ഷ്യമിടുന്നുണ്ട്. 230 മെഗാവാട്ട് ഗരഡാഗ് സോളാർ പ്ലാന്റ്, 240 മെഗാവാട്ട് ഖിസി–അബ്ഷെറോൺ കാറ്റാടി ഫാം എന്നിവയുൾപ്പെടെ വലിയ തോതിലുള്ള പദ്ധതികൾ ഇവിടെ നടന്നുവരുന്നു, ഇതിനുപുറമേ 1 ജിഗാവാട്ടിലധികം ശേഷിയുള്ള പദ്ധതികൾ ഈ രാജ്യം വികസിപ്പിച്ചുകൊണ്ടിരിക്കുന്നു. അസർബൈജാൻ അതിന്റെ പ്രകൃതിദത്ത പൈതൃകം സംരക്ഷിക്കുന്നതിൽ ഗണ്യമായ പുരോഗതി കൈവരിച്ചു. ദേശീയ ഉദ്യാനങ്ങളും റിസർവുകളും വികസിപ്പിക്കുന്നതുൾപ്പെടെ രാജ്യത്തിന്റെ 10 ശതമാനത്തിലധികം പ്രദേശങ്ങൾ ഇപ്പോൾ സംരക്ഷണപട്ടികയിലാണ്. ലോകത്തിലെ ഏറ്റവും പഴക്കം ചെന്ന ആവാസ വ്യവസ്ഥയും യുനെസ്കോ പട്ടികയിൽ ഉൾപ്പെടുത്തിയിട്ടുള്ള ഹിർകാനിയൻ വനങ്ങളുടെ സംരക്ഷണവുമാണ് ഇതിൽ ശ്രദ്ധേയമായ നേട്ടം.
ബോക്സ്
കാലാവസ്ഥ വ്യതിയാന പ്രതിരോധം:
പ്രകൃതി അധിഷ്ഠിത പരിഹാരങ്ങൾ
1. വനസംരക്ഷണവും വനവത്ക്കരണവും
വനങ്ങൾ ഭൂമിയുടെ ശ്വാസകോശങ്ങളാണ്. അവ കാർബൺ ഡൈഓക്സൈഡ് ആഗിരണം ചെയ്ത് കാലാവസ്ഥാ വ്യതിയാനത്തെ നിയന്ത്രിക്കുന്നു. വനങ്ങൾ മഴചക്രം നിലനിറുത്തുകയും മണ്ണൊലിപ്പ് തടയുകയും ജൈവവൈവിദ്ധ്യം സംരക്ഷിക്കുകയും ചെയ്യുന്നു. അതിനാൽ വനസംരക്ഷണം കാലാവസ്ഥാ വ്യതിയാന പ്രതിരോധത്തിന്റെ പ്രധാന മാർഗമാണ്.
2. തണ്ണീർത്തട സംരക്ഷണം
കായലുകൾ, ചതുപ്പുനിലങ്ങൾ, കണ്ടൽ വനങ്ങൾ തുടങ്ങിയ തണ്ണീർത്തടങ്ങൾ പ്രകൃതിദത്ത ജലസംഭരണികളാണ്. ഇവ വെള്ളപ്പൊക്ക നിയന്ത്രണത്തിനും ജലശുദ്ധീകരണത്തിനും തീരസംരക്ഷണത്തിനും സഹായിക്കുന്നു.
3. ജൈവകൃഷി
രാസവളങ്ങളുടെയും കീടനാശിനികളുടെയും അമിത ഉപയോഗം മണ്ണിന്റെ ആരോഗ്യത്തെയും ജലഗുണത്തെയും ബാധിക്കുന്നു. ജൈവകൃഷിയും പ്രകൃതി കൃഷിരീതികളും പരിസ്ഥിതി സൗഹൃദവും ആരോഗ്യകരവുമായ ഭക്ഷ്യവ്യവസ്ഥ ഉറപ്പാക്കുന്നു.
4. പുനരുപയോഗ ഊർജം
സൗരോർജം, കാറ്റാടി, ജലവൈദ്യുതി തുടങ്ങിയ പുനരുപയോഗ ഊർജ സ്രോതസ്സുകളുടെ ഉപയോഗം കാർബൺ പുറന്തള്ളൽ കുറയ്ക്കാൻ സഹായിക്കുന്നു.
5. നഗര ഹരിതവത്ക്കരണം
നഗരങ്ങളിൽ മരങ്ങൾ നട്ടുപിടിപ്പിക്കൽ, പാർക്കുകൾ വികസിപ്പിക്കൽ, മഴവെള്ള സംഭരണം, ഹരിത കെട്ടിടങ്ങൾ എന്നിവ നഗര താപനില കുറയ്ക്കാനും വായു ഗുണനിലവാരം മെച്ചപ്പെടുത്താനും സഹായിക്കുന്നു.
(ലേഖിക തിരുവനന്തപുരം യൂണിവേഴ്സിറ്റി കോളേജിലെ ബോട്ടണി പ്രൊഫസറാണ് )
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |