
അധികാരം നഷ്ടമായി പ്രതിപക്ഷത്തേക്ക് ഒതുങ്ങുന്നതും അവിടെ നിന്നുള്ള തിരിച്ചുവരവും രാഷ്‌ട്രീയത്തിൽ പതിവാണ്. അധികാരഭ്രഷ്ടരാകുന്നവർ ജനങ്ങൾക്കൊപ്പം പ്രവർത്തിച്ച് നാളെയൊരിക്കൽ ഭരണത്തിൽ തിരിച്ചെത്തിയേക്കാം. താഴോട്ടുള്ള പതനത്തിന്റെ തോതനുസരിച്ചാകും തിരിച്ചു വരവിന്റെ വേഗം. ബി.ജെ.പി ആദ്യമായി അധികാരത്തിലേറിയ പശ്ചിമബംഗാളിൽ 15 വർഷം ഭരിച്ച തൃണമൂൽ കോൺഗ്രസിന് സംഭവിച്ച പതനം തിരഞ്ഞെടുപ്പ് രാഷ്‌ട്രീയത്തിലെ പതിവു രീതിയിൽ സാധാരണമെന്ന് തോന്നാം. പക്ഷേ, പാർട്ടി സ്ഥാപകയായ മമതാ ബാനർജി ഈ പ്രതിസന്ധിയെ എങ്ങനെ അതിജീവിക്കുമെന്നാണ് ഇന്ത്യൻ രാഷ്‌ട്രീയം ഉറ്റു നോക്കുന്നത്.
അധികാരമുള്ളപ്പോഴുള്ള സാഹചര്യമല്ല, പ്രതിപക്ഷത്താകുമ്പോൾ. പാർട്ടി ലേബലിൽ ജയിച്ച എം.എൽ.എമാർ കൂട്ടത്തോടെ വിമതരായപ്പോൾ മമതയുടെ കൈയിൽ നിന്ന് കാര്യങ്ങൾ കൈവിട്ടു. 59 തൃണമൂൽ എം.എൽ.എമാർ വിമതരായതോടെ മഹാരാഷ്‌ട്രയിൽ ശിവസേനയിലും എൻ.സി.പിയിലും സംഭവിച്ചതിന് സമാനമായ പിളർപ്പിലെത്തി കാര്യങ്ങൾ. അവരെ അംഗീകരിച്ചില്ലെങ്കിൽ ചിഹ്‌നവും ഔദ്യോഗിക പാർട്ടി പദവിയും നഷ്‌ടപ്പെട്ട് ഓരത്തൊതുങ്ങേണ്ടി വരും സ്ഥാപക നേതാവായ മമതയ്ക്ക്. പറഞ്ഞു നിൽക്കാൻ നിയമസഭാംഗം പോലുമല്ല മമത ഇപ്പോൾ.
എന്നും ഒഴുക്കിനെതിരെ നീന്തി മുന്നേറിയ ചരിത്രമാണ് മമതയുടേത്. കമ്മ്യൂണിസ്റ്റ് പാർട്ടി അരങ്ങു വാണ ബംഗാളിൽ കോൺഗ്രസ് രാഷ്‌ട്രീയത്തിലൂടെ വളർന്നു വന്നത് അതിനു തെളിവ്. 1984ൽ പ്രമുഖ കമ്മ്യൂണിസ്റ്റ് നേതാവ് സോമനാഥ് ചാറ്റർജിയെ പരാജയപ്പെടുത്തിയാണ് ജാദവപൂരിൽ നിന്ന് ചെറുപ്രായത്തിൽ ലോക്‌സഭയിലെത്തിയത്. പിന്നീടങ്ങോട്ട് ഏറ്റവുമധികം എതിർപ്പുകൾ അവർ നേരിട്ടതും സി.പി.എമ്മിൽ നിന്നാണ്.
ചുരുങ്ങിയ കാലം കൊണ്ട് കോൺഗ്രസിന്റെ ദേശീയ മുഖമായി മാറിയെങ്കിലും പശ്ചിമബംഗാൾ രാഷ്ട്രീയത്തിൽ മമത വളരുന്നത് സംസ്ഥാന നേതാക്കൾ ആഗ്രഹിച്ചില്ല. 1997ൽ പേരിലും പ്രവൃത്തിയിലും കോൺഗ്രസുമായി സാമ്യമുള്ള തൃണമൂൽ കോൺഗ്രസ് ജനിച്ചത് അങ്ങനെയാണ്. ഇന്ന് ബംഗാളിൽ നിന്ന് തൃണമൂലിനെ പുറത്താക്കിയ ബി.ജെ.പിയുമായി ചേർന്നായിരുന്നു തുടക്കം. 2001ൽ കോൺഗ്രസുമായി കൈകോർത്തെങ്കിലും 2004ൽ വീണ്ടും എൻ.ഡി.എയിലേക്ക്. 2009ൽ രണ്ടാം യു.പി.എ സമയത്ത് വീണ്ടും കോൺഗ്രസുമായി സഖ്യമുണ്ടാക്കി മമത, മൻമോഹൻസിംഗ് സർക്കാരിൽ റെയിൽവേ മന്ത്രിയുമായി.
ഇതിനിടെ മമതയ്ക്ക് ബംഗാളിൽ സ്വാധീനമുണ്ടാക്കാനുള്ള വഴികൾ അവിടത്തെ സി.പി.എം സർക്കാർ തന്നെ ഒരുക്കി. സിംഗൂരിലും നന്ദിഗ്രാമിലും കർഷക ഭൂമി ടാറ്റയ്‌ക്ക് വേണ്ടി ഏറ്റെടുക്കുന്നതിനെതിരായ പ്രക്ഷോഭം തൃണമൂൽ ഏറ്റെടുത്തു. അന്നത്തെ തൃണമൂൽ നേതാവായിരുന്ന ഇന്നത്തെ ബംഗാൾ മുഖ്യമന്ത്രി സുവേന്ദു അധികാരിയായിരുന്നു സമരത്തിന് നേതൃത്വം നൽകിയത്. ഭൂമിയേറ്റെടുക്കൽ നീക്കം സർക്കാർ ഉപേക്ഷിച്ചത് തൃണമൂലിന് വൻ രാഷ്‌ട്രീയ നേട്ടമായി.
90കളിൽ സി.പി.എമ്മിനെതിരെ ആധിപത്യം നേടാനും ജനങ്ങളെ വശീകരിക്കാനും 'ബംഗളാ മെയെ' (ബംഗാളിന്റെ മകൾ) എന്ന വിളിപ്പേര് മമത ഫലപ്രദമായി ഉപയോഗിച്ചിരുന്നു. മമതയെ ആക്രമിച്ച് ഒതുക്കാൻ സി.പി.എം ശ്രമിച്ചപ്പോൾ. 'അക്രമത്തിനിരയായ മകൾ' എന്ന കണ്ണീർ ചിത്രവുമായി ജനങ്ങളിലേക്കിറങ്ങി. 2011ൽ 34 വർഷത്തെ സി.പി.എം ഭരണത്തെ തൂത്തെറിഞ്ഞ് ബംഗാളിൽ തൃണമൂലിന് അധികാരത്തിലേറാനുള്ള പശ്ചാത്തലമൊരുക്കലായിരുന്നു അതെല്ലാം.
നേതാവ് സിമ്പിൾ,
പാർട്ടി അഴിമതിയിൽ
മമതയുടെ തൃണമൂലിൽ നിന്ന് പ്രതീക്ഷിച്ചതല്ല ബംഗാളികൾക്ക് പിന്നീട് ലഭിച്ചത്. വെള്ള സാരി മാത്രമുടുത്തും ഹവായി ചപ്പൽ ധരിച്ചും ബംഗ്ളാവും ആഡംബരവുമില്ലാതെ കൊൽക്കത്ത കാളിഘട്ടിൽ ഹരീഷ് ചാറ്റർജി തെരുവിലെ ഒറ്റമുറി വീട്ടിൽ താമസിച്ചും ലളിത ജീവിതം നയിച്ച മുഖ്യമന്ത്രിയുടെ പാർട്ടി, അക്രമത്തിന്റെയും അഴിമതിയുടെയും പര്യായമായി മാറി. 34 വർഷം സി.പി.എം ഭരണത്തിൽ ജനങ്ങളെ വലച്ച ഗുണ്ടാമാഫിയ തൃണമൂൽ യൂണിഫോമിൽ അഴിഞ്ഞാടി.
പ്രാദേശിക ഗുണ്ടകൾ ജനങ്ങളുടെ സ്വൈര ജീവിതത്തിന് വെല്ലുവിളിയായി. പൊലീസ് കൂട്ടുനിന്നു. അഴിമതി സാർവത്രികമായി. ജോലിക്കും സർക്കാർ ഓഫീസുകളിലെ സേവനങ്ങൾക്കുമെല്ലാം കൈക്കൂലി നിർബന്ധമായി. ആർ.ജി കർ മെഡിക്കൽ കോളേജിൽ ജൂനിയർ ഡോക്‌ടർ മാനഭംഗത്തിലൂടെ കൊല്ലപ്പെട്ടതടക്കമുള്ള സംഭവങ്ങൾ സ്‌ത്രീ സുരക്ഷയ്ക്ക് ചോദ്യചിഹ്നമായി.
സമരങ്ങളിലൂടെ മനം കവർന്ന മുഖ്യമന്ത്രി മമതയോടുള്ള വൈകാരിക അടുപ്പം ജനങ്ങളിൽ കുറഞ്ഞു വരുന്നത് തൃണമൂൽ അറിഞ്ഞില്ല. എതിർക്കുന്നവരെ അടിച്ചമർത്തി. ബംഗാളിലെ പഴയ പ്രതാപികളായ സി.പി.എമ്മും കോൺഗ്രസും ദുർബലരായത് മുതലെടുത്തു. പക്ഷേ, അവിടേക്ക് ബി.ജെ.പി കടന്നു വന്നപ്പോൾ കഥ മാറി. എല്ലാം നിശബ‌്‌ദമായി സഹിച്ച ജനത രാഷ്ട്രീയത്തിന് അതീതമായി ബി.ജെ.പിയിലേക്ക് ചാഞ്ഞു. തൃണമൂലിന്റെ എല്ലാ തന്ത്രങ്ങളും അറിയാവുന്ന, ബംഗാളിലുടനീളം സ്വാധീനമുള്ള മമതയുടെ മുൻ വിശ്വസ്‌തൻ സുവേന്ദു അധികാരിയെ ബി.ജെ.പി നന്നായി ഉപയോഗപ്പെടുത്തി.
മരുമകനും പടലപ്പിണക്കവും
മരുമകൻ അഭിഷേക് ബാനർജിയെ തലപ്പത്തുകൊണ്ടുവരാൻ മമത നടത്തിയ ഏകപക്ഷീയ നീക്കങ്ങൾ പാർട്ടിയിലെ പടലപ്പിണക്കങ്ങൾക്ക് വഴിയൊരുക്കി. തൃണമൂൽ അധികാരത്തിലിരിക്കെയാണ് സുവേന്ദു ബി.ജെ.പിയിലേക്ക് പോയതെങ്കിൽ ഭരണമില്ലാതായപ്പോൾ കൂടുതൽ നേതാക്കൾ അതൃപ്‌തി പരസ്യമായി പ്രകടിപ്പിച്ചതിന്റെ ബാക്കി പത്രമാണ് പാർട്ടിയെ പിളർപ്പിലേക്ക് നയിച്ചത്.
പ്രതിപക്ഷ നേതാവിനെ നിർദ്ദേശിച്ചുള്ള കത്തിൽ വ്യാജ ഒപ്പിട്ടത് വെളിപ്പെടുത്തിയ ഋതബ്രത ബാനർജിയെയും സന്ദീപൻ സാഹയെയും പുറത്താക്കിയ മമത അധികാരമില്ലാത്ത പാർട്ടിയുടെ അവസ്ഥ മനസിലാക്കിയുമില്ല. 80 എം.എൽ.എമാരുള്ള തൃണമൂലിന്റെ പിളർപ്പ് ബി.ജെ.പിയും ആഗ്രഹിച്ചതുതന്നെ. അതിന്റെ തുടർച്ച പാർലമെന്റിലുമുണ്ടാകും. തൃണമൂൽ പിളർപ്പിന്റെ യഥാർത്ഥ നേട്ടം ബി.ജെ.പി അവിടെയാണ് പ്രതീക്ഷിക്കുന്നതും. മമതയോട് ഭിന്നതയുള്ള 20ഒാളം എം.പിമാർ ബി.ജെ.പിയുമായി ചർച്ചയിലാണത്രേ. അവർ പ്രത്യേക ബ്ളോക്കായി മാറിയാൽ നിർണായക ബില്ലുകൾ പാസാക്കാൻ കേന്ദ്ര സർക്കാരിന് അത് സഹായകമാകും.
തിരിച്ചുവരവ് സാദ്ധ്യമോ?
34 വർഷം ബംഗാൾ ഭരിച്ച സി.പി.എമ്മിന് സംഭവിച്ചത് ചരിത്രമാണ്. ശക്തമായ കേഡർ സംവിധാനമുണ്ടായിട്ടും ഇന്നും സി.പി.എം പതറുന്നു. മമതയെന്ന ഏക നേതാവിന്റെ പാടവത്തിൽ ചലിച്ച തൃണമൂലിന് കാര്യങ്ങൾ എളുപ്പമാകില്ല. ഉയിർത്തെഴുന്നേൽപ്പിനുള്ള വഴികൾ ബി.ജെ.പി കെട്ടിയടയ്‌ക്കുമെന്നുറപ്പ്. അധികാരത്തിന്റെ ഗർവിൽ മുൻപ് അവഗണിച്ച 'ഇന്ത്യ' മുന്നണിയിലാണ് ഇനി മമതയുടെ പ്രതീക്ഷകൾ. ഡൽഹിയിൽ ഉടൻ യോഗം വിളിക്കും.
ബംഗാളിൽ അകറ്റി നിറുത്തിയ കോൺഗ്രസിനെയും സി.പി.എമ്മിനെയും പൊതുശത്രുവായ ബി.ജെ.പിക്കെതിരെ മമത കൂടെകൂട്ടിയാലും അത്ഭുതപ്പെടേണ്ട. ഡൽഹിയിലും കൊൽക്കത്തയിലും ഒരുപോലെ 'ഇന്ത്യ' കൂട്ടായ്‌മയുടെ മുദ്രാവാക്യങ്ങൾ ഉയർന്നേക്കാം.
ശരിയും തെറ്റും എന്തായാലും മമതാ ബാനർജി എന്ന ഒറ്റപ്പേരിലാണ് തൃണമൂൽ കോൺഗ്രസ് എന്ന പാർട്ടി വളർന്നത്. കൂടെ നിന്നവരിൽ ഭൂരിഭാഗവും ഇപ്പോൾ തള്ളിപ്പറയുമ്പോൾ മമതയ്ക്ക്
മാത്രമല്ല അതിൽ നിന്ന് പഠിക്കാനുള്ളത്. രാഷ്ട്രീയ നേതാക്കൾക്കൊക്കെ അതൊരു പാഠമാണ്.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |