SignIn
Kerala Kaumudi Online
Saturday, 31 October 2026 1.56 AM IST

മൺസൂൺ ചതിച്ചു,​ തുലാമഴയിൽ പ്രതീക്ഷയോടെ കേരളം

k

മൺസൂൺ കൈവിട്ടതോടെ കാർഷിക മേഖലയിലും കുടിവെള്ള ലഭ്യതയിലും ആശങ്കയുയർത്തിയ മഴക്കുറവിന് തുലാമഴയുടെ വരവ് ആശ്വാസമാകുന്നു. തെക്കുപടിഞ്ഞാറൻ കാലവർഷത്തിൽ സംസ്ഥാനത്ത് 28 ശതമാനത്തോളം മഴ കുറഞ്ഞപ്പോൾ, ഒക്ടോബർ ഒന്ന് മുതൽ ആരംഭിച്ച തുലാമഴ ഭേദപ്പെട്ട നിലയിലാണ് ലഭിക്കുന്നത്. തുലാമഴ തുടർന്നും അനുകൂലമായാൽ കാർഷിക മേഖലയ്ക്ക് ഉണർവേകാനും കിണറുകളിലും മറ്റ് ജലസ്രോതസുകളിലും ജലലഭ്യത മെച്ചപ്പെടുത്താനും കഴിയും. വരുംവേനലിലെ കുടിവെള്ള ലഭ്യത ഉറപ്പാക്കുന്നതിലും തുലാമഴയുടെ തുടർന്നുള്ള ലഭ്യത നിർണായകമാകും.

കേന്ദ്ര കാലാവസ്ഥാ വകുപ്പിന്റെ കണക്കുപ്രകാരം ഒക്ടോബർ ഒന്ന് മുതൽ 30 വരെ കേരളത്തിൽ ലഭിച്ചത് 269.2 മില്ലിമീറ്റർ മഴയാണ്. ഈ കാലയളവിൽ സാധാരണ ലഭിക്കേണ്ടത് 297.5 മില്ലിമീറ്ററാണ്; അതായത് തുലാമഴയിൽ ആകെ 10 ശതമാനത്തിന്റെ കുറവാണ് രേഖപ്പെടുത്തിയിട്ടുള്ളത്. കേന്ദ്ര കാലാവസ്ഥാ നിരീക്ഷണ വകുപ്പിന്റെ മാനദണ്ഡപ്രകാരം സാധാരണ മഴയിൽ നിന്നും 20 ശതമാനത്തിലധികം കുറവ് രേഖപ്പെടുത്തുമ്പോഴാണ് മഴക്കുറവായി കണക്കാക്കുന്നത്. അതിനാൽ, മൺസൂണിലെ കനത്ത മഴക്കുറവുമായി താരതമ്യം ചെയ്യുമ്പോൾ തുലാമഴയിലെ ഈ സ്ഥിതി ഏറെ ആശ്വാസകരമാണ്.

മൺസൂണിൽ

കനത്ത തിരിച്ചടി

ജൂൺ ഒന്ന് മുതൽ സെപ്തംബർ 30 വരെയുള്ള തെക്കുപടിഞ്ഞാറൻ മൺസൂണിൽ സംസ്ഥാനത്ത് 2018.6 മില്ലിമീറ്റർ മഴയാണ് കേന്ദ്ര കാലാവസ്ഥ വകുപ്പ് പ്രതീക്ഷിച്ചിരുന്നത്. ലഭിച്ചത് 1,​446.5 മില്ലിമീറ്റർ മാത്രം. 572.1 മില്ലിമീറ്ററിന്റെ കുറവ്. 1901നുശേഷമുള്ള 125 വർഷത്തിനിടെ ഏറ്റവും കുറഞ്ഞ മഴ ലഭിച്ച ഏഴാമത്തെ വർഷമാണ് 2026 എന്നാണ് കേന്ദ്ര കാലാവസ്ഥാ വകുപ്പിന്റെ കണക്ക്. വയനാട്ടിലാണ് മൺസൂണിൽ ഏറ്റവും വലിയ മഴക്കുറവ് രേഖപ്പെടുത്തിയത്. സാധാരണ ലഭിക്കേണ്ട മഴയിൽ 53 ശതമാനമാണ് കുറഞ്ഞത്. ഇടുക്കിയിൽ 47 ശതമാനവും കൊല്ലത്ത് 38 ശതമാനവും ആലപ്പുഴയിൽ 32 ശതമാനവും കുറവുണ്ടായി. പാലക്കാട്, തൃശൂർ ജില്ലകളിൽ 30 ശതമാനം വീതമാണ് കുറവ്.

ആശ്വാസ

തീരത്ത് കർഷക‌ർ

രണ്ടാംവിള നെൽക്കൃഷിയുടെ നടീലും വളപ്രയോഗവും സജീവമാകുന്ന ഈ സമയത്ത് ലഭിക്കുന്ന മഴ കർഷകർക്ക് ആശ്വാസമാണ്. ഞാറ് നടാനും വേരുപിടിച്ച് വളരാനും പാടങ്ങളിൽ ആവശ്യത്തിന് വെള്ളം നിലനിർത്തേണ്ടതുണ്ട്. തുലാമഴ തുടർന്നാൽ നെൽച്ചെടികളുടെ വളർച്ചയ്ക്ക് ഗുണകരമാകും. തെങ്ങിനും കവുങ്ങിനും ഒക്ടോബർ, നവംബർ മാസങ്ങളിലെ മഴ നിർണായകമാണ്. കവുങ്ങിൽ അടയ്ക്ക പിടിക്കുന്ന സമയമായതിനാൽ ചൂട് മൂലമുള്ള അടയ്ക്ക കൊഴിച്ചിൽ തടയാൻ മഴ സഹായിക്കും. വാഴക്കൃഷിക്കും ഈ സമയത്തെ മഴ ഏറെ പ്രയോജനകരമാണ്. മണ്ണിലെ ഈർപ്പം നിലനിർത്താനും ചെടികളുടെ വളർച്ച ത്വരിതപ്പെടുത്താനും മഴ സഹായകമാകും. തുലാമഴ അനുകൂലമായി തുടർന്നാൽ നെൽക്കൃഷിയുൾപ്പെടെയുള്ള വിളകളുടെ വളർച്ചയ്ക്കും കാർഷിക മേഖലയിലെ പച്ചപ്പിനും കരുത്തേകും.

ജലസംഭരണവും

വേണം

തുലാമഴ സാധാരണ നിലയിൽ ലഭിക്കുമെന്ന പ്രതീക്ഷ കാർഷിക മേഖലയ്ക്കും കുടിവെള്ള ലഭ്യതയ്ക്കും ആശ്വാസകരമാണ്. എങ്കിലും മൺസൂണിലെ വലിയ മഴക്കുറവ് പരിഹരിക്കാൻ തുലാമഴ എത്രത്തോളം സഹായിക്കുമെന്നത് വരുംദിവസങ്ങളിലെ മഴയെ ആശ്രയിച്ചിരിക്കും. മഴയുടെ അളവിനൊപ്പം ജലസ്രോതസുകളിലെ നിലവിലെ സംഭരണവും വിലയിരുത്തേണ്ടതുണ്ട്. മഴവെള്ളം കൃത്യമായി സംഭരിക്കുക, കുളങ്ങളും തോടുകളും ഉൾപ്പെടെ സംരക്ഷിക്കുക, കൃഷിയിടങ്ങളിൽ ജലസംഭരണ സൗകര്യങ്ങൾ ഒരുക്കുക, ലഭ്യമായ വെള്ളം കാര്യക്ഷമമായി ഉപയോഗിക്കുക തുടങ്ങിയ നടപടികൾക്ക് പ്രാധാന്യമേറുകയാണ്. തുലാമഴയുടെ ലഭ്യത മെച്ചപ്പെട്ടാൽ ആശ്വാസത്തിന് വഴിയൊരുങ്ങും. എന്നാൽ ജലക്ഷാമം ഒഴിവാക്കാൻ മഴയെ മാത്രം ആശ്രയിക്കാതെ ജലസംരക്ഷണവും ശാസ്ത്രീയമായ ജലവിനിയോഗവും ഉറപ്പാക്കേണ്ടതുണ്ട്.

മലപ്പുറത്ത് ആശങ്ക

തുടരുന്നു

സംസ്ഥാനത്ത് തുലാമഴയുടെ കണക്ക് ആശ്വാസം നൽകുമ്പോഴും മലപ്പുറത്ത് സ്ഥിതി അത്ര മെച്ചമല്ല. ഒക്ടോബർ 30 വരെ ജില്ലയിൽ 228.6 മില്ലിമീറ്റർ മഴയാണ് ലഭിച്ചത്. സാധാരണ ലഭിക്കേണ്ടത് 294.2 മില്ലിമീറ്റർ. 65.6 മില്ലിമീറ്ററിന്റെ കുറവ്; ശതമാനക്കണക്കിൽ 22 ശതമാനം. ഇടുക്കിയിൽ 25 ശതമാനവും കാസർകോട് 38 ശതമാനവും തൃശൂരിൽ 21 ശതമാനവും മഴക്കുറവുണ്ട്. മറുവശത്ത് വയനാട്ടിൽ സാധാരണയെക്കാൾ 29 ശതമാനവും തിരുവനന്തപുരത്ത് 17 ശതമാനവും പാലക്കാട്ട് 13 ശതമാനവും അധികമഴ ലഭിച്ചു.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: RAIN
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN OPINION
PHOTO GALLERY
TRENDING IN OPINION