SignIn
Kerala Kaumudi Online
Saturday, 24 October 2026 3.51 AM IST

ഇന്ന് മെൽവിൻ ജോൺസ് ദിനം, സേവനത്തിന്റെ ലോകമന്ത്രം

aa

ജീവകാരുണ്യ തൽപരനല്ലാത്ത സ്വാർത്ഥനായ ഒരു വ്യക്തിയെ സമൂഹം ബഹുമാനിക്കുന്ന ഒരു വ്യക്തിയായി മാറ്റുകയെന്നത് ലയൺസ് ക്ളബുകളെ സംബന്ധിച്ച് അസാധാരണ സംഭവമല്ല!- ലോകത്തെ ഏറ്റവും വലിയ സന്നദ്ധ സേവന സംഘടനയായ ലയൺസ് ക്ളബ്സ് ഇന്റർനാഷണൽ സ്ഥാപിച്ച മെൽവിൻ ജോൺസ്,​ തന്റെ പ്രസ്ഥാനത്തെക്കുറിച്ചു പറഞ്ഞ വാക്കുകളാണിത്. അദ്ദേഹത്തിന്റെ ജന്മദിനമായ ജനുവരി 13 ലോകമെമ്പാടും മെൽവിൻ ജോൺസ് ദിനമായി ആചരിക്കുന്നു.

1917. ഒന്നാം ലോകമഹായുദ്ധം ലോകമെമ്പാടും ദുരിതം വിതച്ച് മുന്നേറുന്ന സമയം. യുദ്ധക്കെടുതികൾ മൂലം കഷ്ടപ്പെടുന്നവർക്കായി എന്തെങ്കിലും ചെയ്യണമെന്ന പൊതുവികാരം ലോകമാകെ രൂപപ്പെട്ടു വരികയായിരുന്നു. ചിക്കാഗോയിൽ,​ ബിസിനസ് രംഗത്ത് സജീവമായി പ്രവർത്തിച്ചിരുന്ന ഇൻഷ്വറൻസ് ഏജൻസി ഉടമ മെൽവിൻ ജോൺസും ഇപ്രകാരം ചിന്തിക്കുന്നുണ്ടായിരുന്നു. ഇതിൽ നിന്നാണ് ലയൺസ് ക്ളബ്സ് ഇന്റർനാഷണൽ എന്ന ആശയം അദ്ദേഹത്തിന്റെ മനസിൽ ഉദിച്ചത്. മറ്റൊരാൾക്കുവേണ്ടി എന്തെങ്കിലും ചെയ്യാൻ തുടങ്ങുന്നതുവരെ സ്വന്തം നേട്ടങ്ങളിൽ ഒരു വ്യക്തിക്ക് അധികം ഉയരത്തിൽ പോകാനാവില്ല എന്നായിരുന്നു മെൽവിൻ ജോൺസിന്റെ കാഴ്ചപ്പാട്.

രാജ്യത്തുടനീളമുള്ള മറ്റ് ബിസിനസ് ഗ്രൂപ്പുകൾ, ചിക്കാഗോയിലെ ഒരു ഹോട്ടലിൽ 12 പ്രതിനിധികളുമായി ഒരു പ്രാഥമിക യോഗം ‌ചേർന്നു. അവർ 'അസോസിയേഷൻ ഒഫ് ലയൺസ് ക്ളബ്‌സ്" രൂപീകരിക്കാൻ തീരുമാനിക്കുകയും അതേ വർഷം ടെക്സസിലെ ഡാളസിൽ ദേശീയ കൺവെൻഷൻ ചേരുകയും ചെയ്തു. ഒമ്പത് സംസ്ഥാനങ്ങളിൽ നിന്നുള്ള 22 ബിസിനസ് ക്ളബുകളുടെ 36 പ്രതിനിധികളാണ് അതിൽ പങ്കെടുത്തത്. ഇന്ത്യാനയിലെ ഡോ. വില്യം പി. വുഡ്സ് ആദ്യ പ്രസിഡന്റായും ജോൺസ് ആദ്യ സെക്രട്ടറിയായും തിരഞ്ഞെടുക്കപ്പെട്ടു. 'ഞങ്ങൾ സേവനം ചെയ്യുന്നു" എന്നതായിരുന്നു ക്ളബിന്റെ ആപ്തവാക്യം.

രാജ്യത്തുടനീളം പുതിയ ക്ളബുകൾ രൂപംകൊണ്ടതോടെ അംഗസംഖ്യ അതിവേഗം വളർന്നു. 1920-ൽ കാനഡയിൽ വിൻഡ്സർ ലയൺസ് ക്ളബ് സ്ഥാപിതമായതോടെ ക്ളബ് ഇന്റർനാഷണൽ ആയി മാറി. 1927 ആയപ്പോഴേക്കും ലോകമെമ്പാടും 1,183 ക്ളബുകൾ ഉണ്ടായിരുന്നു. മൊത്തം അംഗത്വം ഏകദേശം 60,000 ആയി. 1945-ൽ ജോൺസ് ഒരു സർക്കാരിതര സംഘടനയിൽ നിന്നുള്ള നിരീക്ഷക പ്രതിനിധിയായി അന്താരാഷ്ട്ര സംഘടനയെക്കുറിച്ചുള്ള യു.എൻ കോൺഫറൻസിൽ പങ്കെടുത്തു. അവിടെ അദ്ദേഹം ഐക്യരാഷ്ട്രസഭയുടെ ചാർട്ടറിന്റെ കരട് തയ്യാറാക്കുന്നതിൽ പങ്കെടുത്തു.

ഇന്ന് ലയൺസ് ക്ളബ്സ് ഇന്റർനാഷണൽ,​ ഇല്ലിനോയിയിലെ ഓക്ക് ബ്രൂക്ക് ആസ്ഥാനമായി പ്രവർത്തിക്കുന്ന സാമൂഹ്യക്ഷേമ സംഘടനയാണ്. 200 രാജ്യങ്ങളിലും പ്രദേശങ്ങളിലുമായി 46,000 ക്ളബുകളിലായി ലോകമെമ്പാടും 1.4 ദശലക്ഷം അംഗങ്ങളുണ്ട്. ക്ഷണിക്കപ്പെട്ടവർക്കു മാത്രമാണ് അംഗത്വം. ഓരോ അപേക്ഷകനെയും അവർ ചേരാൻ ആഗ്രഹിക്കുന്ന പ്രാദേശിക ക്ളബിലെ നിലവിലുള്ള അംഗം സ്പോൺസർ ചെയ്യേണ്ടതുണ്ട്. സ്പോൺസർ ചെയ്ത അപേക്ഷകന് അംഗത്വംം നൽകുന്നതിനു മുമ്പ് ക്ളബിന്റെ ഡയറക്ടർ ബോർഡിൽ ഭൂരിഭാഗവും ഓരോ പ്രവേശനവും അംഗീകരിക്കുന്നതിന് വോട്ട് ചെയ്യണം.

ലയൺസ് ക്ളബ്സ് ഇന്റർനാഷണൽ ഫൗണ്ടേഷൻ (എൽ.സി.എ.ഐ.എഫ്) എന്ന,​ സാമ്പത്തിക സഹായം നൽകുന്ന ഒരു വിഭാഗം ലയൺസ് ഇന്റർനാഷണലിനുണ്ട്. ചെറിയ പ്രോജക്ടുകളും പ്രോഗ്രാമുകളും നടപ്പാക്കാനുള്ള ഫണ്ട് ക്ളബുകൾ അംഗങ്ങളിൽ നിന്നുതന്നെ സ്വരൂപിക്കുന്നു. വലിയ പ്രോജക്ടുകൾക്ക് എൽ.സി.എ.ഐ.എഫ് ധനസഹായം നൽകുന്നു. ഇക്കാലത്തിനിടെ 1200 കോടി രൂപ വിവിധ ലയൺസ് പ്രോജക്ടുകൾക്കായി ലോകമെമ്പാടും നൽകിയിട്ടുണ്ട്. കേരളത്തിൽ പ്രകൃതിക്ഷോഭങ്ങളും മറ്റും ഉണ്ടാവുമ്പോൾ ഉടനടി എൽ.സി.എ.ഐ.എഫ് ധനസഹായം എത്തിക്കാറുണ്ട്.

ഇത് കൂടാതെ,​ ഡിസ്ട്രിക്ട് 318- എ എന്ന,​ തിരുവനന്തപുരം മുതൽ ഹരിപ്പാട് വരെയുള്ള പ്രദേശത്തു മാത്രം 12 സ്ഥിരം പ്രോജക്ടുകൾ എൽ.സി.എ.ഐ.എഫ് സഹായത്തോടെ നടപ്പാക്കിയിട്ടുണ്ട്. തിരുവനന്തപുരത്ത് പ്രവർത്തിക്കുന്ന ലയൺസ് ശ്രീരാമകൃഷ്ണ ആശ്രമം ചാരിറ്റബിൾ ഹോസ്പിറ്റൽ ബ്ളഡ് ബാങ്ക്,​ അവിടെത്തന്നെയുള്ള ലയൺസ് നേത്ര ചികിത്സാ കേന്ദ്രം,​ തിരുവല്ലത്ത് വയോധികരുടെ ആരോഗ്യസംരക്ഷണം ലക്ഷ്യമാക്കിയുള്ള ലയൺസ് ഭവൻ ചികിത്സാ കേന്ദ്രം,​ പിരപ്പൻകോട് സെന്റ് ജോൺസ് ഹോസ്പിറ്റലിലും അഞ്ചൽ സെന്റ് ജോസഫ് ഹോസ്പിറ്റലിലും പ്രവർത്തിക്കുന്ന ലയൺസ് ഡയാലിസിസ് സെന്റുകൾ,​ ലയൺസ് മൈക്രോ ഫിനാൻസ് പ്രോജക്ട് എന്നിവ എൽ.സി.ഐ.എഫ് ധനസഹായത്തോടെയുള്ള പ്രോജക്ടുകളിൽ ഉൾപ്പെടുന്നു. ഈ പ്രോജക്ടുകളിൽ നിന്നുള്ള സേവനങ്ങൾ സൗജന്യമാണ്.

യുവജനങ്ങളുടെ സേവന മനോഭാവവും നേതൃപാടവവും വളർത്തുവാൻ ലക്ഷ്യമിട്ടുള്ളതാണ് ലയൺസ് ക്ളബുകളുമായി സഹകരിച്ച് പ്രവർത്തിക്കുന്ന ലിയോ ക്ളബുകൾ. ലയൺസ് ഇന്റർനാഷണലിന്റെ ദേശീയ അന്തർദേശീയ പരിപാടികൾക്കുള്ള അഞ്ചു പ്രവർത്തന മേഖലകളാണ് കാഴ്ച, വിശപ്പ്, പ്രമേഹം, കാൻസർ, പരിസ്ഥിതി എന്നിവ. അമേരിക്കയിലെ അരിസോണയിൽ മെൽവിൻ ജോൺസ് ജനിച്ച ഫോർട്ട് സെന്റ് തോമസിലെ സ്തൂപത്തിനു മുന്നിൽ ആദരാഞ്ജലികൾ അർപ്പിക്കാൻ ഇന്ന് എത്തുന്നവരെല്ലാം ഈ പ്രതിജ്ഞ ആവർത്തിക്കുന്നു: ഞങ്ങൾ സേവനം തുടരും!

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: 1
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN OPINION
PHOTO GALLERY
TRENDING IN OPINION