
ന്യൂഡൽഹി: കേരളത്തിലെ തിരഞ്ഞെടുപ്പ് തോൽവിയുടെ ഉത്തരവാദിത്വം നേതാക്കളും അണികളും പങ്കിട്ടെടുക്കട്ടെയെന്ന് സി.പി.എം പോളിറ്റ് ബ്യൂറോ അംഗം എ. വിജയരാഘവൻ പറഞ്ഞു. പ്രതിപക്ഷ ഉപനേതാവ് പദവിയിൽ കേരളത്തിലെ സി.പി.എം - സി.പി.ഐ നേതൃത്വം ചർച്ച ചെയ്‌തു പരിഹാരമുണ്ടാക്കുമെന്ന് സി.പി.എം ജനറൽ സെക്രട്ടറി എം.എ. ബേബിയും വ്യക്തമാക്കി. പ്രതിപക്ഷ നേതാവ് പിണറായി വിജയന്റെ പ്രസംഗം പ്രത്യേക മണ്ഡലവുമായി ബന്ധപ്പെട്ടാണെന്നും,. സംസ്ഥാന-കേന്ദ്ര കമ്മിറ്റികളുടെ റിപ്പോർട്ടുകളിൽ സ്വയം വിമർശനമുണ്ടെന്നും ബേബി പ്രതികരിച്ചു. പരാജയത്തിന് ഒട്ടേറെ ഘടകങ്ങളുണ്ട്. ആരേയും പ്രതിക്കൂട്ടിൽ കയറ്റാനുള്ള പരിശോധനയല്ല പാർട്ടി നടത്തുന്നത്. മാദ്ധ്യമ വ്യാഖ്യാനങ്ങൾക്ക് മറുപടി പറയേണ്ട കാര്യമില്ല. ഭരണ - സംഘടനാ തലങ്ങളിലെ പരിമിതികളും, പാർട്ടിക്കെതിരായ വർഗീയ കൂട്ടുകെട്ടും ഉൾപ്പെടെ പരാജയകാരണങ്ങളാണ്. സ്ത്രീപക്ഷ നിലപാട് ഉയർത്തിപ്പിടിക്കുകയാണ് വേണ്ടതെന്ന്, കാന്തപുരം എ.പി. അബൂബക്കർ മുസ്‌ലിയാരുടെ പ്രസ്‌താവനയെ കുറിച്ചുള്ള ചോദ്യത്തിന് വിജയരാഘവൻ മറുപടി നൽകി.
തിരുത്തൽ നടപടികളിലും ചർച്ച
രണ്ടു ദിവസത്തെ പാർട്ടി പി.ബി യോഗം ഇന്ന് അവസാനിക്കും. കേരളത്തിലും ബംഗാളിലും അടക്കം സ്വീകരിക്കേണ്ട തിരുത്തൽ നടപടികൾ ചർച്ചയായെന്നാണ് സൂചന. കോഴിക്കോട് ഈമാസം 13 മുതൽ 15 വരെ നിശ്ചയിച്ചിരിക്കുന്ന വിശാല സംസ്ഥാന കമ്മിറ്റി യോഗത്തിനു മുന്നോടിയായാണ് യോഗം. അടുത്ത വർഷം നടക്കുന്ന ഉത്തർപ്രദേശ്, പഞ്ചാബ് അടക്കം സംസ്ഥാനങ്ങളിലെ തിരഞ്ഞെടുപ്പ് ഒരുക്കം ചർച്ച ചെയ്‌തു. മണ്ഡല പുനർനിർണയ ബിൽ കൊണ്ടുവരാൻ മോദി സർക്കാർ നടത്തുന്ന നീക്കങ്ങളും ചർച്ചയായി.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |