
കേരളത്തിന് പലപ്പോഴും പവർകട്ടിനെ അഭിമുഖീകരിക്കേണ്ടി വരികയാണല്ലോ. ഏകദേശം 30 ശതമാനം വൈദ്യുതിയും ഇംപോർട്ടഡ് പവർ (Imported power) മുഖേന വാങ്ങിയാണ് വൈദ്യുതി കമ്മി പരിഹരിക്കുന്നത്. പീക്ക് ലോഡ് സമയത്ത് ഏകദേശം 900 മെഗാവാട്ട് വൈദ്യുതിയുടെ കുറവാണുള്ളത്. ഇംപോർട്ടഡ് പവർ ഉയർന്ന വിലയ്ക്ക് വാങ്ങുന്നതുമൂലം ഭാവിയിൽ വൈദ്യുതി ചാർജ്ജ് കൂടാൻ ഇടയാക്കും. ഒരു പുത്തൻ ഊർജ്ജ ഉപഭോഗ സംസ്കാരത്തിലൂടെ ഊർജ്ജ പ്രതിസന്ധി ഉപഭോക്താക്കളുടെ സഹകരണത്തോടെ പരിഹരിക്കാനാകും.
ജപ്പാനിൽ 25 ശതമാനം വൈദ്യുതി ലഭ്യമാക്കിയിരുന്ന ഫുകുഷിമ ന്യൂക്ലിയർ റിയാക്ടറിന് 2011ൽ കേടുപാടുകൾ സംഭവിച്ചപ്പോഴുണ്ടായ ഊർജ്ജപ്രതിസന്ധി 'സെത്സുദെൻ' (ഊർജ്ജ സംരക്ഷണം) എന്നപേരിൽ വൈദ്യുതിയുടെ ഉപയോഗം കുറയ്ക്കുന്നതിന് വേണ്ടി നടത്തിയ പൊതുജന ബോധവത്കരണത്തിലൂടെയും ഊർജ്ജനയത്തിൽ വരുത്തിയ മാറ്റങ്ങളിലൂടെയും പൊതുജന കൂട്ടായ്മയിലൂടെയും പരിഹരിക്കാൻ കഴിഞ്ഞ മാതൃക നമുക്കും അനുകരിക്കാവുന്നതാണ്.
പവർകട്ട് ഒഴിവാക്കാൻ ഗ്രീൻ എനർജി ഫോറം ശുപാർശ ചെയ്യുന്ന മുദ്രാവാക്യം ഇതാണ്- 'പീക്ക് ലോഡ് സമയത്ത് ഒരു എ.സി ഓഫ് ചെയ്യൂ, പവർകട്ട് ഒഴിവാക്കൂ, ആഗോളതാപനം കുറയ്ക്കൂ'.
വൈദ്യുതി ലഭ്യതയുടെ 65 ശതമാനവും ഗാർഹിക-വാണിജ്യ മേഖലയിലാണ് ഉപയോഗിക്കുന്നത്. കേരളത്തിൽ നിലവിൽ 107.87 ലക്ഷം ഗാർഹിക ഉപഭോക്താക്കളും 27.62 ലക്ഷം വാണിജ്യ ഉപഭോക്താക്കളുമാണുള്ളത്. ആകെ 135.47 ലക്ഷം. ഇതിൽ ഏകദേശം എട്ടുശതമാനംപേർ പീക്ക് സമയത്ത് ഒരു എ.സി (1000 വാട്ട്സ്) ഓഫ് ചെയ്താൽ പവർകട്ട് ഒഴിവാക്കാനാകും.
വൈദ്യുതി ഉപയോഗം കുറയ്ക്കുന്നതുമൂലം പ്രതിദിനം 670 ടൺ കാർബൺ ബഹിർഗമനം കുറയ്ക്കാനുമാകും. പ്രതിവർഷം 2 ലക്ഷം ടണ്ണും. അത് 25,000 ഹെക്ടറിൽ മരങ്ങൾ വച്ചുപിടിപ്പിച്ച് കാർബൺ ബഹിർഗമനം ഒഴിവാക്കുന്നതിന് തുല്യം.
(ഗ്രീൻ എനർജി ഫോറം ജനറൽ സെക്രട്ടറിയും സംസ്ഥാന ഇലക്ട്രിസിറ്റി റെഗുലേറ്ററി മുൻ അഡ്വൈസറി കമ്മിറ്റിയംഗവുമാണ് ലേഖകൻ)
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |