
കേരളത്തിലെ സ്ത്രീ സമൂഹത്തിന്റെ സഞ്ചാര സ്വാതന്ത്ര്യത്തിന്റെയും അന്തസിന്റെയും ചരിത്രത്തിലെ പുതിയ അദ്ധ്യായം രചിച്ച 'പ്രിയദർശിനി' സൗജന്യ ബസ് യാത്രാ പദ്ധതി സെപ്തംബർ 22ന് 100 ദിവസം പൂർത്തിയാക്കുകയാണ്. അധികാരത്തിലേറിയ ഉടൻ യു.ഡി.എഫ് സർക്കാർ നടപ്പിലാക്കിയ പദ്ധതി സാധാരണക്കാരായ സ്ത്രീകളുടെ ദൈനംദിന ജീവിതത്തിൽ വലിയ മാറ്റങ്ങളാണ് കൊണ്ടുവന്നിരിക്കുന്നത്. ഒരു സർക്കാരിന്റെ ഇച്ഛാശക്തി ജനങ്ങളുടെ ജീവിതത്തിൽ എത്രത്തോളം ഗുണപരമായ മാറ്റം കൊണ്ടുവരും എന്നതിന്റെ തെളിവാണിത്.
ജൂൺ 15 മുതൽ സെപ്തംബർ 19വരെയുള്ള 97 ദിവസം പദ്ധതിയിലൂടെ 12.54 കോടി സൗജന്യ യാത്രകളാണ് നടന്നത്. ഇക്കാലയളവിൽ 266.53 കോടി രൂപയുടെ ടിക്കറ്റുകൾ യാത്രക്കാർക്ക് സൗജന്യമായി നൽകി. പ്രതിദിനം ശരാശരി 12.93 ലക്ഷംപേർ ഈ സേവനം ഉപയോഗപ്പെടുത്തുന്നു.
വനിതാ പങ്കാളിത്തം
ആവേശക്കണക്ക്
ആദ്യ ആഴ്ചയിൽ 11.08 ലക്ഷമായിരുന്ന പ്രതിദിന യാത്രക്കാരുടെ എണ്ണം 13-ാം ആഴ്ചയിലെത്തിയപ്പോൾ 13.93 ലക്ഷമായി ഉയർന്നു. 25.7 ശതമാനം വർദ്ധന. ആദ്യ ആഴ്ചയിലെ പ്രതിദിന ടിക്കറ്റ് മൂല്യം 2.36 കോടിയിൽനിന്ന് പതിമൂന്നാം ആഴ്ചയിൽ 2.95 കോടിയായി. ടിക്കറ്റ് മൂല്യത്തിൽ 25.1ശതമാനത്തിന്റെ വർദ്ധന.
മാസങ്ങൾ അടിസ്ഥാനമാക്കിയുള്ള കണക്കിൽ ജൂണിൽ പ്രതിദിനം 12.12 ലക്ഷംപേർ യാത്ര ചെയ്തു. ജൂലായിൽ 13.62 ലക്ഷമായും സെപ്തംബറിൽ 19-ാം തീയതിവരെ 13.99 ലക്ഷമായും ഉയർന്നു. ആഗസ്റ്റിൽ 12 ലക്ഷമായിരുന്നു പ്രതിദിന ശരാശരി.
റെക്കാഡുകൾ
തിരുത്തിയ സെപ്തംബർ
പദ്ധതി ആരംഭിച്ചതിന് ശേഷമുള്ള ഏറ്റവും ഉയർന്ന പ്രതിദിന കണക്ക് രേഖപ്പെടുത്തിയത് സെപ്തംബർ ഏഴിനാണ്. അന്ന് 15,52,761 ആളുകൾ യാത്ര ചെയ്തപ്പോൾ പ്രിയദർശിനി ടിക്കറ്റ് മൂല്യം 3.29 കോടി രൂപ. ജൂലായ് ആറിലെ 15.28 ലക്ഷമെന്ന റെക്കാഡാണ് തിരുത്തപ്പെട്ടത്.
ഞായറാഴ്ച ഉൾപ്പെടാത്ത പതിനാലാം ആഴ്ചയിലെ ആറ് ദിവസത്തെ കണക്കുകളിൽ, പ്രതിദിന യാത്രക്കാരുടെ എണ്ണം 14.96 ലക്ഷമാണ്. ആദ്യ ആഴ്ചയെ അപേക്ഷിച്ച് യാത്രക്കാരുടെ എണ്ണത്തിൽ 29.4 ശതമാനവും മൂല്യത്തിൽ 29.2 ശതമാനവും മുന്നിലാണിത്.
സെപ്തംബറിലെ പ്രതിദിന കളക്ഷൻ ശരാശരി 5.75 കോടി രൂപ. ജൂലായിലെ 5.45 കോടി, ആഗസ്റ്റിലെ 5.43 കോടി എന്നിവയെ അപേക്ഷിച്ച് പദ്ധതി ആരംഭിച്ചതിന് ശേഷമുള്ള ഏറ്റവും മികച്ച നിരക്കാണിത്.
എല്ലാവർക്കും ഒരിടം
ഓർഡിനറി ബസുകളിലെ ആകെ യാത്രക്കാരിൽ സൗജന്യ യാത്രക്കാരുടെ വിഹിതം ആദ്യ ആഴ്ചയിലെ 62 ശതമാനത്തിൽ നിന്നും നിലവിൽ 68.9 ശതമാനമായി ഉയർന്ന് സ്ഥിരത കൈവരിച്ചു. സൗജന്യ യാത്രക്കാരുടെ വർദ്ധനവ് ടിക്കറ്റെടുത്ത് യാത്ര ചെയ്യുന്നവരെ ബാധിച്ചിട്ടില്ലെന്നും കണക്കുകൾ വ്യക്തമാക്കുന്നു.
ഓർഡിനറി സർവീസുകളിലെ പുരുഷ യാത്രക്കാരുടെ എണ്ണം ആദ്യ ആഴ്ചയിലെ പ്രതിദിന ശരാശരിയായ 6.09 ലക്ഷത്തിൽനിന്നും പതിമൂന്നാം ആഴ്ചയിൽ 6.19 ലക്ഷമായി സ്ഥിരമായി തുടരുകയാണ്. അൽപം വർദ്ധനവാണ് ഉണ്ടായത്. എല്ലാ സർവീസുകളിലുമായുള്ള ആകെ യാത്രക്കാരുടെ എണ്ണം ആദ്യ ആഴ്ചയിലെ 24.66 ലക്ഷത്തിൽ നിന്നും 27.63 ലക്ഷമായി വർദ്ധിച്ചു. 12.1 ശതമാനം വർദ്ധന.
സർക്കാരിന്റെ ചാരിതാർത്ഥ്യം
യാത്രാച്ചെലവ് ഇല്ലാതായതോടെ ജീവിതത്തിലുണ്ടായ മാറ്റങ്ങളെക്കുറിച്ച് നിരവധി സ്ത്രീകൾ സാക്ഷ്യപ്പെടുത്തുമ്പോൾ ഒരു ജനപ്രതിനിധി എന്ന നിലയിൽ എനിക്ക് ഏറെ സന്തോഷമുണ്ട്.
യാത്രാച്ചെലവ് ഇനത്തിൽ ലാഭിക്കുന്ന തുക ഓരോ കുടുംബത്തിന്റെയും കൈയിലെത്തുന്ന നേരിട്ടുള്ള വരുമാനമായി മാറി എന്നതാണ് ഈ പദ്ധതിയുടെ ഏറ്റവും പ്രധാന സാമൂഹിക സാമ്പത്തിക നേട്ടം.
ദിവസവും ജോലിക്കും പഠനത്തിനും ചികിത്സയ്ക്കും വിപണിയിലേക്കും യാത്ര ചെയ്യുന്ന ലക്ഷക്കണക്കിന് സ്ത്രീകൾക്ക് പ്രതിമാസം ഗണ്യമായ തുക കുടുംബ ബഡ്ജറ്റിൽ മിച്ചം വയ്ക്കാനായി. യാത്രാച്ചെലവ് എന്ന തടസം നീങ്ങിയപ്പോൾ സ്ത്രീകളുടെ തൊഴിൽ പങ്കാളിത്തം വർദ്ധിച്ചു. കെ.എസ്.ആർ.ടി.സി യാത്രക്കാരിൽ മൂന്നിൽ രണ്ടു പേരും സ്ത്രീകളാണ് എന്നതിനാൽ പദ്ധതിയുടെ ഗുണഫലം സംസ്ഥാനത്തെ ഓരോ വീട്ടിലും നേരിട്ടെത്തിയെന്നതാണ് വസ്തുത.
സ്ത്രീകൾ ലാഭിക്കുന്ന യാത്രാച്ചെലവ് പ്രാദേശിക വിപണികളിലേക്കും ചെറുകിട വ്യാപാരങ്ങളിലേക്കും ഒഴുകുമ്പോൾ അത് പ്രാദേശിക സമ്പദ് വ്യവസ്ഥയ്ക്ക് വലിയ ഉണർവാണ് നൽകുന്നത്. സ്ത്രീകളുടെ തൊഴിൽ പങ്കാളിത്തം വർദ്ധിക്കുന്നത് കുടുംബ വരുമാനത്തെയും അതുവഴി സംസ്ഥാനത്തിന്റെ മൊത്തം സാമ്പത്തിക വളർച്ചയെയും ശക്തിപ്പെടുത്തുന്നു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |