പത്തനംതിട്ട : സ്ത്രീകൾക്ക് സൗജന്യയാത്രയുമായി കെ.എസ്.ആർ.ടി.സി പ്രിയദർശിനി ബസ് വിജയകരമായി സർവീസുകൾ തുടരുമ്പോൾ യാത്രക്കാരില്ലാതെ സ്വകാര്യ ബസുകൾ കിതയ്ക്കുന്നു. ഇത് ഗ്രാമീണ മേഖലകളിൽ യാത്രാദുരിതത്തിനും കാരണമാകുന്നു. പ്രിയദർശനിയുടെ വരവോടെ ജില്ലയിൽ 30 സ്വകാര്യ ബസുകളാണ് സർവീസ് അവസാനിപ്പിച്ചത്. ഗ്രാമീണമേഖലകളിലെ യാത്രാ ആവശ്യങ്ങൾ നിറവേറ്റിയിരുന്ന സ്വകാര്യ ബസുകൾ നിലച്ചത് പൊതുഗതാഗത മേഖലയെ കാര്യമായി ബാധിച്ചിരിക്കുകയാണ്. ഗ്രാമീണ മേഖലയിൽ പ്രിയദർശിനി ഉൾപ്പടെ കൂടുതൽ ട്രാൻപോർട്ട് ബസ് സർവീസുകൾ ആരംഭിക്കണമെന്ന ആവശ്യം ശക്തമാണ്.
ജീവനക്കാർ പ്രതിസന്ധിയിൽ
സൗജന്യയാത്ര ലഭിച്ചതോടെ സ്ത്രീകളിൽ ഭൂരിഭാഗവും പ്രിയദർശനിയിലേക്ക് മാറിയത് സ്വകാര്യ ബസ് സർവീസുകൾക്ക് വലിയ സാമ്പത്തിക നഷ്ടമാണ് സൃഷ്ടിച്ചത്. ഇതോടെ സർവീസുകൾ അവസാനിപ്പിച്ച ബസുകളിലെ 100ലധികം ജീവനക്കാർക്കാണ് ജോലി നഷ്ടമായത്.
യാത്രാക്ലേശം കൂടുതൽ
അടൂർ മേഖലയിൽ
പ്രിയദർശിനി സർവീസ് ആരംഭിച്ചതോടെ ജില്ലയിൽ ഏറ്റവും കൂടുതൽ യാത്രാക്ലേശം ഉണ്ടായത് ആടൂർ മേഖലയിലാണ്. സ്വകാര്യ ബസുകൾ കൂടുതൽ സർവീസ് നടത്തിയിരുന്ന മല്ലപ്പള്ളി , റാന്നി, തിരുവല്ല മേഖലകളിലും യാത്രാദുരിതം രൂക്ഷമാണ്.
ചർച്ച ഫലം കാണുമോ?
ഗ്രാമീണ മേഖലയിലെ യാത്രാ ദുരിതം ഇല്ലാതാക്കുന്നതിനും സ്വകാര്യ ബസുകളുടെ നഷ്ടം നികത്തുന്നതിനും സ്വകാര്യ ബസുകൾ കെ.എസ്.ആർ.ടി,സി വാടകയ്ക്ക് എടുത്ത് സർവീസ് നടത്തണമെന്ന ആവശ്യവുമായി ബസ് ഓപ്പറേറ്റേഴ്സ് ഫെഡറേഷൻ ഗതാഗത മന്ത്രിയുമായി ചർച്ച നടത്തി. കണ്ടക്ടറെ കെ.എസ്.ആർ.ടി.സി നിയമിക്കും. ഡ്രൈവറുടെ വേതനവും ബസിന്റെ കേടുപാടുകളും ബസുടമകൾ നിർവഹിക്കണമെന്ന് മന്ത്രി നിർദ്ദേശിച്ചു. ഇത് ബസുടമകൾ അംഗീകരിച്ചു. വാടക സംബന്ധിച്ച് അന്തിമ തീരുമാനം ഉണ്ടായാൽ ഗ്രാമീണ മേഖലയിൽ കൂടുതൽ ബസ് സർവീസുകൾ ആരംഭിക്കുമെന്നാണ് പ്രതീക്ഷ
സർക്കാർ നടപ്പിലാക്കിയ സൗജന്യ യാത്രാപദ്ധതിക്ക് സ്വകാര്യ ബസുടമകൾ എതിരല്ല. സ്വകാര്യ മേഖലയെക്കൂടി പരിഗണിക്കാതെ നടത്തിയ പരിഷ്കാരം ബസുടമകളേയും തൊഴിലാളികളേയും അവരുടെ കുടുംബങ്ങളേയും പട്ടിണിയിലാക്കി. ഇത് മനസിലാക്കി സർക്കാർ സ്വകാര്യ ബസ് മേഖലയെ കരകയറ്റാനുള്ള പദ്ധതികൾ തയ്യാറാക്കണം.
ലാലു മാത്യു
ജില്ലാ സെക്രട്ടറി
ബസ് ഓപ്പറേറ്റേഴ്സ് അസോസിയേഷൻ
പത്തനംതിട്ട
ജില്ലയിൽ സർവീസുകൾ നിറുത്തിയ ബസുകൾ : 30
ജോലി നഷ്ടപ്പെട്ട തൊഴിലാളികൾ: 100
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |