
പശ്ചിമേഷ്യൻ യുദ്ധം തിരിച്ചടി
കൊച്ചി: പശ്ചിമേഷ്യൻ സംഘർഷം ഇന്ത്യൻ സാമ്പത്തിക മേഖലയ്ക്ക് കടുത്ത വെല്ലുവിളി സൃഷ്‌ടിക്കുന്നു. ക്രൂഡോയിൽ വില ഉയർന്ന തലത്തിൽ തുടരുന്നതും ചരക്കുഗതാഗത ചെലവ് കൂടുന്നതുമാണ് തിരിച്ചടി. കഴിഞ്ഞ മാസം ഗണ്യമായി താഴ്ന്ന ക്രൂഡോയിൽ വില സംഘർഷം ശക്തമായതോടെ വീണ്ടും മുകളിലേക്ക് നീങ്ങുന്നു. ഇന്നലെ രാജ്യാന്തര വിപണിയിൽ ബ്രെന്റ് ക്രൂഡോയിലിന്റെ വില ബാരലിന് മൂന്ന് ഡോളർ വർദ്ധിച്ച് 80 ഡോളറിന് അടുത്തെത്തി. അമേരിക്കൻ വെസ്‌റ്റ് ടെക്‌സസ് ഇന്റർമീഡിയറ്റ് ക്രൂഡ് വില 74 ഡോളറിലേക്ക് ഉയർന്നു. ഹോർമുസ് ഇടനാഴിയിലെ സുരക്ഷാ ആശങ്ക കപ്പൽ ഗതാഗതത്തെ ബാധിക്കുകയാണ്.
ജൂണിൽ വിലക്കയറ്റത്തോതിൽ കുതിപ്പ്
ജൂണിൽ ഉപഭോക്തൃ വില സൂചിക അടിസ്ഥാനമായ നാണയപ്പെരുപ്പം 4.38 ശതമാനമായി കുതിച്ചുയർന്നു. മേയിൽ നാണയപ്പെരുപ്പം 3.93 ശതമാനമായിരുന്നു. രണ്ട് വർഷത്തിന് ശേഷമാണ് നാണയപ്പെരുപ്പം റിസർവ് ബാങ്കിന്റെ സുരക്ഷിത തലമായ നാല് ശതമാനം കടക്കുന്നത്. ഭക്ഷ്യ ഉത്പന്നങ്ങളുടെ വിലയിൽ കഴിഞ്ഞ മാസം 5.32 ശതമാനം വർദ്ധനയുണ്ട്. മേയിൽ 4.78 ശതമാനമായിരുന്നു. ഇന്ധന വില വർദ്ധിച്ചതോടെ ഗതാഗത ചെലവ് കൂടിയതും നാണയപ്പെരുപ്പ സമ്മർദ്ദം ഉയർത്തി. ഗ്രാമങ്ങളിലെ വിലക്കയറ്റത്തോത് 4.74 ശതമാനവും നഗരങ്ങളിൽ 3.92 ശതമാനവമാണ്.
കുത്തനെ കൂടി വ്യാപാര കമ്മി
ഇറക്കുമതി ചെലവിലുണ്ടായ കുതിപ്പിന് ആനുപാതികമായി കയറ്റുമതിയിൽ വളർച്ച നേടാത്തതിനാൽ ഇന്ത്യയുടെ വ്യാപാര കമ്മി കുത്തനെ ഉയർന്നു. ജൂണിൽ രാജ്യത്തെ വ്യാപാര കമ്മി അഞ്ച് മാസത്തെ ഉയർന്ന തലമായ 3,045 കോടി ഡോളറായി ഉയർന്നു. ഇന്ത്യയുടെ ഉത്പന്ന ഇറക്കുമതി ഇക്കാലയളവിൽ 31 ശതമാനം വർദ്ധനയോടെ 7,084 കോടി ഡോളറിലെത്തി. കയറ്റുമതി 16 ശതമാനം വർദ്ധനയോടെ 4.040 കോടി ഡോളറായി.
വിലക്കയറ്റത്തോതിൽ കേരളത്തിന് ആശ്വാസം
കേരളത്തിലെ വിലക്കയറ്റത്തോത് ദേശീത തലത്തിലേക്കാൾ കുറവാണ്. ജൂണിൽ കേരളത്തിന്റെ വിലക്കയറ്റത്തോത് 4.34 ശതമാനമാണ്. 6.36 ശതമാനം നാണയപ്പെരുപ്പവുമായി തെലങ്കാനയാണ് സംസ്ഥാനങ്ങളിൽ ഒന്നാമത്. ആന്ധ്രപ്രദേശ്, പുതുച്ചേരി, തമിഴ്നാട്, ഒഡീഷ എന്നിവയാണ് അടുത്ത സ്ഥാനങ്ങളിൽ. കുറഞ്ഞ നാണയപ്പെരുപ്പം വടക്കുകിഴക്കൻ സംസ്ഥാനങ്ങളിലാണ്. 1.63 ശതമാനം വിലക്കയറ്റത്തോത് രേഖപ്പെടുത്തിയ മിസോറാമാണ് ഏറ്റവും പിന്നിൽ.
ഇഞ്ചി വിലയിലെ വർദ്ധന
50.41 ശതമാനം
സ്വർണ, വെള്ളി ആഭരണങ്ങൾക്കും വിലക്കുതിപ്പ്
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |