SignIn
Kerala Kaumudi Online
Tuesday, 03 November 2026 2.40 AM IST

ഓപ്പൺ യൂണിവേഴ്സിറ്റിയെ തകർക്കാൻ ഗൂഢനീക്കം

sreenarayanaguru-open-uni

കൊല്ലം: ശ്രീനാരായണഗുരു ഓപ്പൺ യൂണിവേഴ്സിറ്റിയെ തകർക്കാൻ ഗൂഢനീക്കം. സംസ്ഥാനത്ത് വിദൂര വിദ്യാഭ്യാസ കോഴ്സ് നടത്താനുള്ള അധികാരം ഓപ്പൺ യൂണിവേഴ്സിറ്റിക്ക് മാത്രമാക്കിയ 2021ലെ ഓപ്പൺ യൂണിവേഴ്സിറ്റി ആക്ട് ഭേദഗതി ചെയ്യിക്കാനാണ് ശ്രമം. മറ്റു യൂണിവേഴ്സിറ്റികൾക്ക് നിയമവിരുദ്ധ പ്രൈവറ്റ് രജിസ്ട്രേഷനുള്ള കളമൊരുക്കാനാണിതെന്നാണ് ആക്ഷേപം.

വ്യാജ പ്രചാരണങ്ങളിലൂടെ സംസ്ഥാന സർക്കാരിനെ തെറ്റിദ്ധരിപ്പിച്ചാണ് ഇതിനായി ശ്രമിക്കുന്നത്. ഓപ്പൺ യൂണിവേഴ്സിറ്റി പഠിതാക്കളിൽ അധികവും ആ‌ഡംബരത്തിനുവേണ്ടി ബിരുദമെടുക്കുന്നവരും മുതിർന്നവരുമാണ്,​ ഫീസ് വളരെ കൂടുതലാണ്,​ പഠന സൗകര്യമില്ലാത്തതിനാലാണ് വിദ്യാർത്ഥികൾ ഉന്നത വിദ്യാഭ്യാസത്തിനു വിദേശത്തേക്ക് പോകുന്നത് തുടങ്ങിയ പ്രചാരണങ്ങളാണ് നടത്തുന്നത്.

നിലവിൽ 1,05,000 വിദ്യാർത്ഥികൾ ഓപ്പൺ യൂണിവേഴ്സിറ്റിക്കു കീഴിൽ പഠിക്കുന്നുണ്ട്. ഇതിൽ 63 ശതമാനവും 30 വയസിൽ താഴെയുള്ളവരാണ്. മറ്റു യൂണിവേഴ്സിറ്റികൾ പ്രൈവറ്റ് രജിസ്ട്രേഷൻ നടത്തിയിരുന്നപ്പോൾ വിദ്യാർത്ഥികൾക്ക് പഠന സാമഗ്രികൾ മാത്രമാണ് നൽകിയിരുന്നത്. നേരിട്ട് ക്ലാസ് നൽകിയിരുന്നില്ല. അതിനാൽ വിദ്യാർത്ഥികൾ വലിയ തുക നൽകി സ്വകാര്യ സ്ഥാപനങ്ങളിൽ പോയാണ് പഠിച്ചിരുന്നത്. ഓപ്പൺ യൂണിവേഴ്സിറ്റിയിൽ ശനി, ഞായർ ദിവസങ്ങളിൽ ജില്ലകളിലെ പഠന കേന്ദ്രങ്ങളിൽ യു.ജി.സി യോഗ്യതയുള്ള അദ്ധ്യാപകർ നേരിട്ട് ക്ലാസെടുക്കുന്നുണ്ട്. ഓൺലൈൻ ക്ലാസും നൽകുന്നു. ഫീസും താരതമ്യേന കുറവ്.


ആക്ട് ഭേദഗതി ചെയ്യണമെന്ന്

മറ്റ് യൂണിവേഴ്സിറ്റികളിൽ ആരംഭിക്കണമെന്ന് ഒരുവിഭാഗം ആവശ്യപ്പെടുന്ന പ്രൈവറ്റ് രജിസ്ട്രേഷന് യു.ജി.സി അനുമതിയില്ല. റഗുലർ, വിദൂരം, ഓൺലൈൻ പഠനരീതികൾ മാത്രമാണ് അംഗീകരിച്ചിട്ടുള്ളത്. വരുമാനം മാത്രം ലക്ഷ്യമിട്ടാണ് മറ്റ് യൂണിവേഴ്സിറ്റികളിലും പ്രൈവറ്റ് രജിസ്ട്രേഷൻ ആരംഭിക്കണമെന്ന് ആവശ്യപ്പെടുന്നതെന്നും ആക്ഷേപമുണ്ട്.

പ്രൈവറ്റ് രജിസ്ട്രേഷൻ

റഗുലർ ക്ലാസില്ലാത്ത പഠന രീതി. സർവകലാശാലയിൽ നേരിട്ട് രജിസ്റ്റർ ചെയ്യും. പഠന സാമഗ്രികൾ നൽകും. വിദ്യാർത്ഥികൾ സ്വകാര്യ സ്ഥാപനങ്ങളിൽ പോയി പഠിക്കണം.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: SREENARAYANAGURU OPEN UNIVERSITY
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN KERALA
PHOTO GALLERY
TRENDING IN KERALA