
രാജ്യത്തെ അടിസ്ഥാന സൗകര്യ വികസനം വലിയ തോതിൽ സംഭവിച്ചു കൊണ്ടിരിക്കെ ഇന്ത്യൻ റെയിൽവേയും അതനുസരിച്ച് മാറുന്നില്ലെന്ന് പറയാനാകില്ല. പഴയ പാളങ്ങൾ മാറ്റുന്ന ജോലികളും പുതിയ സ്റ്റേഷനുകൾ നിർമ്മിക്കുകയും പഴയവ നവീകരിക്കുകയും ചെയ്യുന്ന ജോലികളും ഇന്ത്യയിലെമ്പാടും നടന്നു വരികയുമാണ്. വളവുകൾ മാറ്റി പാളങ്ങൾ നേരെയാക്കുന്നതിന് വലിയ ഉൗന്നലാണ് റെയിൽവേ നൽകുന്നത്. നിലവിൽ ഓടുന്ന ട്രെയിനുകളുടെ വേഗത കൂട്ടുക എന്നതാണ് ഇതിന്റെ പ്രധാന ലക്ഷ്യം. ഇത് വളരെ നല്ലതാണെങ്കിലും കോച്ചുകളിലെ സ്ഥിതി ഭൂരിപക്ഷം ട്രെയിനുകളിലും വളരെ പഴയ രീതിയിൽ തന്നെ തുടരുകയാണ്. വന്ദേഭാരതും മെട്രോ ട്രെയിനുകളും അതുപോലുള്ള എണ്ണപ്പെട്ട സൂപ്പർ ഫാസ്റ്റ് ട്രെയിനുകളും ഒഴിച്ചാൽ മറ്റ് ട്രെയിനുകളുടെ ഉൾവശവും ബാത്ത്‌റൂമുകളും മറ്റും വർഷങ്ങൾക്ക് മുമ്പുള്ള രീതിയിൽ തന്നെയാണ് ഇപ്പോഴും തുടരുന്നതെന്നത് ഈ മാറിയ കാലത്ത് അംഗീകരിക്കാനാവുന്ന ഒരു കാര്യമല്ല.
പാളങ്ങളും പാലങ്ങളും പുതിയ സ്റ്റേഷനുകളും പണിയുന്നതിന് തുല്യമായ പ്രാധാന്യം ട്രെയിനുകളുടെ കമ്പാർട്ടുമെന്റുകൾ പുതിയ കാലത്തിന് അനുയോജ്യമായ രീതിയിൽ നവീകരിക്കുന്നതിനും നൽകേണ്ടതാണ്. അത് സംഭവിച്ചിട്ടില്ല എന്നത് ഭരണാധികാരികൾ ഇക്കാര്യത്തിൽ വേണ്ടത്ര ശ്രദ്ധ പതിപ്പിക്കാത്തതുകൊണ്ട് കൂടിയാണ്. വന്ദേഭാരതും മെട്രോ ട്രെയിനുകളും വന്നതുകൊണ്ട് മാത്രം ഇന്ത്യൻ റെയിൽവേ മൊത്തം മാറിയതായി മുഴുവൻ ജനങ്ങൾക്കും തോന്നില്ല. പലപ്പോഴും ട്രെയിൻ യാത്രക്കാരുടെ അടിസ്ഥാന സൗകര്യ വികസനത്തിനായി നീക്കിവയ്ക്കുന്ന തുക പോലും റെയിൽവേ അധികൃതർ പൂർണമായും വിനിയോഗിക്കാറില്ല. 2019 മുതൽ 2024 വരെ ട്രെയിൻ യാത്രക്കാരുടെ സൗകര്യങ്ങൾ വർദ്ധിപ്പിക്കുന്നതിനായി ബഡ്‌ജറ്റ് വിഹിതത്തിൽ നീക്കിവച്ച 11,479 കോടി രൂപ വിനിയോഗിച്ചിട്ടില്ലെന്നാണ് കംപ്ട്രോളർ ആൻഡ് ഓഡിറ്റർ ജനറൽ (സി.എ.ജി) റിപ്പോർട്ടിൽ പറയുന്നത്.
ടോയ്ലെറ്റുകൾ, കുടിവെള്ളം, കാത്തിരിപ്പ് മുറികൾ, ഇരിപ്പിടങ്ങൾ, ഭിന്നശേഷി വിഭാഗത്തിനുള്ള സൗകര്യങ്ങൾ, ലിഫ്റ്റ്, എസ്‌കലേറ്റർ തുടങ്ങി യാത്രക്കാരുടെ സൗകര്യങ്ങൾക്കായി അനുവദിച്ച ബഡ്‌ജറ്റ് വിഹിതമാണ് ഓരോ വർഷവും വിനിയോഗിക്കാതെ 11,479 കോടി രൂപയായി മാറിയതെന്നാണ് സി.എ.ജിയുടെ കണ്ടെത്തൽ. 2023 - 24 വർഷം മാത്രം 5,956 കോടിയാണ്
വിനിയോഗിക്കാതെ പാഴാക്കിയത്. ആ വർഷം അനുവദിച്ച തുകയുടെ 42 ശതമാനം വരുമിത്.
രാജ്യത്തെ ഭൂരിഭാഗം റെയിൽവേ സ്റ്റേഷനുകളിലും യാത്രക്കാർക്കുള്ള സൗകര്യങ്ങൾ പരിമിതമാണെന്നും സി.എ.ജി ചൂണ്ടിക്കാട്ടിയിട്ടുണ്ട്. സി.എ.ജി പരിശോധിച്ച 512 റെയിൽവേ സ്റ്റേഷനുകളിൽ 458 സ്റ്റേഷനുകളിലും ഒന്നോ അതിലധികമോ അടിസ്ഥാന സൗകര്യങ്ങളുടെ കുറവ് കണ്ടെത്തിയിട്ടുണ്ട്. ചില സ്റ്റേഷനുകളിൽ കുടിവെള്ളം പോലും ലഭ്യമല്ലെന്നാണ് സി.എ.ജി പാർലമെന്റിൽ സമർപ്പിച്ച റിപ്പോർട്ടിൽ പറയുന്നത്.
ടിക്കറ്റ് ഇനത്തിൽ ഇന്ത്യൻ റെയിൽവേയ്ക്ക് ഏറ്റവും കൂടുതൽ വരുമാനം നേടിക്കൊടുക്കുന്ന സംസ്ഥാനങ്ങളിൽ ഒന്നാണ് കേരളം. എന്നാൽ, അതിനനുസരിച്ചുള്ള റെയിൽവേ വികസനം കേരളത്തിൽ നടക്കുന്നില്ല എന്നത് ഒരു യാഥാർത്ഥ്യമാണ്. തിരുവനന്തപുരം റെയിൽവേ ഡിവിഷനിൽ 2025 - 26ൽ ടിക്കറ്റ് വരുമാനം 2,513.88 കോടി രൂപയായാണ് വർദ്ധിച്ചിരിക്കുന്നത്. ഇത് മുൻ വർഷത്തേക്കാൾ 7.51 ശതമാനം കൂടുതലാണ്. എന്നാൽ തിരുവനന്തപുരത്തു നിന്നും പുറപ്പെടുന്ന ട്രെയിനുകളുടെ കെട്ടും മട്ടും വരുമാനത്തിന് അനുസരിച്ച് മാറിയിട്ടില്ല.
പ്രതിവർഷം 4 കോടി രൂപ വരുമാനം നേടിക്കൊടുക്കുന്ന റെയിൽവേ സ്റ്റേഷനാണ് തിരുവനന്തപുരത്തിന് സമീപമുള്ള കഴക്കൂട്ടം. പ്രതിദിന യാത്രക്കാരുടെ എണ്ണം എണ്ണായിരം കഴിഞ്ഞിട്ടും ഈ സ്റ്റേഷനിൽ വികസനം മാത്രം എത്തിനോക്കിയിട്ടില്ല. ഐ.ടി ഹബ്ബിന് യോജിച്ച സ്റ്റേഷനായി കഴക്കൂട്ടത്തെ മാറ്റേണ്ട തുക കൂടിയാണ് റെയിൽവേ വിനിയോഗിക്കാതെ പാഴാക്കിയത്.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |