
കോഴിക്കോട്: ലഹരിശൃംഖലയുടെ വേരറുക്കാൻ നടപ്പാക്കുന്ന ‘ഓപ്പറേഷൻ തൂഫാൻ–ദി നാർക്കോ ഹണ്ടി’ന്റെ രണ്ടാംഘട്ടം തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളുടെ സഹകരണത്തോടെ ഗ്രാമങ്ങളിലേക്കും. ഈമാസം 28ന് രണ്ടാംഘട്ടത്തിന് തുടക്കമാകുമെന്ന് ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തല വാർത്താസമ്മേളനത്തിൽ അറിയിച്ചു. 1200 തദ്ദേശസ്ഥാപനങ്ങളിലും ഒരേസമയം തൂഫാൻ പതാക ഉയർത്തിയാണ് തുടക്കമിടുക. ഓപ്പറേഷൻ തൂഫാനോടുള്ള ഐക്യദാർഢ്യപ്രഖ്യാപനവുമുണ്ടാകും. നോഡൽ തൂഫാൻ വാരിയേഴ്സിനെ തെരഞ്ഞെടുത്ത് ബാഡ്ജ് നൽകും. ലഹരിക്കെതിരായ ജനകീയപ്രതിരോധം വാർഡുതലത്തിൽ ശക്തിപ്പെടുത്തുകയാണ് ലക്ഷ്യം. എല്ലാ ഗ്രാമപഞ്ചായത്തുകളിലും നഗരസഭകളിലുമായി (1034 എണ്ണം) തൂഫാൻ സമിതികൾ രൂപീകരിക്കും.
21,000 വാർഡുകളിൽ പ്രത്യേക തൂഫാൻ ഗ്രാമസഭകളും ചേരും. ഓരോ വാർഡിലും കുറഞ്ഞത് പത്ത് തൂഫാൻ വാരിയേഴ്‌സിനെ കണ്ടെത്തി പരിശീലനവും ബാഡ്ജ് വിതരണവും നടത്തും. ഇവർ പൊലീസും എക്സൈസുമായി സഹകരിച്ച് ലഹരി വിരുദ്ധപ്രവർത്തനങ്ങളിൽ പങ്കാളികളാകും. കുടുംബശ്രീ, അയൽക്കൂട്ടങ്ങൾ, ഹരിതകർമസേന, ആശാവർക്കർമാർ, ക്ലബ്ബുകൾ, സന്നദ്ധ പ്രവർത്തകർ, റസിഡൻസ് അസോസിയേഷനുകൾ തുടങ്ങിയവരുടെ സഹകരണത്തോടെ വീടുകൾ കേന്ദ്രീകരിച്ചുള്ള ഡോർ ടു ഡോർ കാമ്പയിനും നടത്തും. വാർഡുകളിലെ ബീറ്റ് പൊലീസ് സംവിധാനം സജീവമാക്കും. പരിശോധനകളും നിരീക്ഷണവും ശക്തമാക്കും. തദ്ദേശതല തൂഫാൻ സമിതികൾ ഇടവേളകളിൽ യോഗം ചേർന്ന് വിലയിരുത്തും. വിദ്യാലയങ്ങളിലും കോളേജിലും നിലവിലുളള ഒന്നാംഘട്ടപ്രവർത്തനങ്ങൾ തുടരുമെന്ന് ആഭ്യന്തരമന്ത്രി പറഞ്ഞു. തദ്ദേശസ്വയംഭരണമന്ത്രി കെ.എം.ഷാജി പദ്ധതി വിശദീകരിച്ചു.
ഇതുവരെ 10070 കേസുകൾ, 10883 പേർ അറസ്റ്റിൽ
ഓപ്പറേഷൻ തൂഫാനിൽ ഇതുവരെ രജിസ്റ്റർ ചെയ്തത് 10,070കേസുകൾ. 10,883 പേരാണ് അറസ്റ്റിലായത്. 23.48 കിലോ എം.ഡി.എം.എയും 1214 കിലോ കഞ്ചാവും 625 കിലോ ഹൈബ്രീഡ് കഞ്ചാവും പിടികൂടിയിട്ടുണ്ട്.
കേസുകൾ അന്താരാഷ്ട്രമാനമുള്ളതാണെന്നും
ഇന്ത്യാചരിത്രത്തിലെ വലിയ നാർക്കോഹണ്ടാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. വാർത്താസമ്മേളനത്തിൽ എം.കെ. രാഘവൻ എം.പി., ഉത്തരമേഖലാ ഐ.ജി.പുട്ടവിമലാദിത്യ, കണ്ണൂർ റേഞ്ച് ഡി.ഐ.ജി കെ.കാർത്തിക്, സിറ്റി പൊലീസ് കമ്മിഷണർ എ.പി.ഷൗക്കത്ത്അലി എന്നിവർ പങ്കെടുത്തു
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |