
സുഗമവും വേഗമേറിയതുമായ ഒരു യാത്രയെന്നത് ഏതൊരു പുരോഗമന സമൂഹത്തിന്റെയും സ്വപ്നമാണ്. അതുകൊണ്ട്, ദേശീയപാത 66-ന്റെ വികസനത്തെയും വലിയ പ്രതീക്ഷകളോടെയാണ് കേരളം നെഞ്ചേറ്റിയത്. എന്നാൽ, നിർമ്മാണം പൂർത്തിയാകാത്ത പാതയിൽ ടോൾ ബൂത്തുകൾ ഉയർന്നുവരുകയും, വികസനത്തിന് പിന്നാലെ ജനങ്ങൾക്ക് ഭീമമായ സാമ്പത്തികഭാരവും യാത്രാദുരിതവും മാത്രം സമ്മാനിക്കപ്പെടുകയും ചെയ്യുമ്പോൾ, സ്വാഭാവികമായും ജനങ്ങൾക്കിടയിൽ പ്രതിഷേധത്തിന്റെ കനലുകൾ ആളിക്കത്തും. തൃശൂർ നാട്ടികയിലെ ടോൾ പ്ലാസയെച്ചൊല്ലി ഉയർന്ന വിവാദങ്ങൾ ഈ അനീതിക്കെതിരെയുള്ള ഉറച്ച ശബ്ദമാണ്.
സുഗമമായ യാത്ര, കുറഞ്ഞ യാത്രാസമയം, സുരക്ഷിതമായ ഗതാഗതം, വ്യാപാര-വ്യവസായ മേഖലകളുടെ വളർച്ച, ചരക്കുനീക്കത്തിലെ കാര്യക്ഷമത എന്നിവയ്ക്കെല്ലാം ചാലകമാകുക പാതകളാണ്. ആ അർത്ഥത്തിൽ ദേശീയപാതാ വികസനം ഒരു നാടിന്റെ സാമ്പത്തിക വളർച്ചയുടെയും സാമൂഹിക മുന്നേറ്റത്തിന്റെയും അവിഭാജ്യഘടകമാണ്. ദേശീയപാത വികസനത്തെ ജനങ്ങൾ പൊതുവെ സ്വാഗതം ചെയ്യാറുമുണ്ട്. എന്നാൽ വികസനത്തിന്റെ പേരിൽ ജനങ്ങൾക്ക് അധിക സാമ്പത്തികഭാരവും യാത്രാദുരിതവും സുരക്ഷാഭീഷണിയും ഒരേസമയം നേരിടേണ്ടി വരുന്നെങ്കിൽ, സ്വാഭാവികമായും പ്രതിഷേധമുയരും. തൃശൂർ നാട്ടിക ടോൾ പ്ലാസയുമായി ബന്ധപ്പെട്ട വിവാദങ്ങളും ഈ വഴിയേ ഉയർന്നുവന്നതാണ്. വികസനത്തിന്റെ പേരിൽ, പൂർത്തിയാകാത്ത പാതയുടെ ടോളിന്റെ ചെലവ് ജനങ്ങളിൽനിന്ന് ഈടാക്കുന്നതിൽ എന്തു നീതിയാണുള്ളത്? ദേശീയപാത 66-ലെ ടോൾ പിരിവുമായി ബന്ധപ്പെട്ട് ഒക്ടോബറിൽ ആരംഭിച്ച വിവാദം കേവലം ഒരു ടോൾ ബൂത്തിനെച്ചൊല്ലിയുള്ള തർക്കമല്ല. ദേശീയപാത നിർമ്മാണത്തിന്റെ പൂർത്തീകരണം, പൊതുജനങ്ങളുടെ യാത്രാവകാശം, അടിസ്ഥാനസൗകര്യങ്ങളുടെ നിലവാരം, കേന്ദ്ര-സംസ്ഥാന സർക്കാരുകളുടെ ഉത്തരവാദിത്വം, ദേശീയപാത അതോറിറ്റിയുടെ പ്രവർത്തനരീതി എന്നിവയുടെയെല്ലാം നെല്ലും പതിരും ചർച്ചയായി ഉയരുകയാണ്. ടോൾ പിരിവ് ആരംഭിച്ചതോടെ, പ്രതിഷേധമുയരുകയും പിരിവ് താത്കാലികമായി നിറുത്തിവയ്ക്കുകയും പിന്നീട് വീണ്ടും ആരംഭിക്കുകയും ചെയ്തു. ഹൈക്കോടതി ടോൾ പിരിവിന് ഇടക്കാല സ്റ്റേ അനുവദിച്ചില്ല. വിഷയം നിയമപരമായും ഭരണപരമായും പരിഹരിക്കപ്പെടുകയാണ് വേണ്ടത്.
പാത വേണം, ഒപ്പം സുരക്ഷയും
ദേശീയപാത വികസനത്തിന്റെ പേരിൽ കോടിക്കണക്കിന് രൂപയുടെ പദ്ധതികൾ നടപ്പാക്കുമ്പോൾ അതിന്റെ ലക്ഷ്യം വാഹനങ്ങൾക്ക് സഞ്ചരിക്കാൻ വിശാലമായ റോഡ് ഒരുക്കുക എന്നത് മാത്രമല്ല. സർവീസ് റോഡുകൾ, പാലങ്ങൾ, അടിപ്പാതകൾ, മേൽപ്പാലങ്ങൾ, ഓടകൾ, വഴിവിളക്കുകൾ, മുന്നറിയിപ്പ് ബോർഡുകൾ, ദിശാ ബോർഡുകൾ, സുരക്ഷാസംവിധാനങ്ങൾ എന്നിവയും കൂടെയുണ്ടാകേണ്ടതുണ്ട്. സർവീസ് റോഡുകളുടെ അപൂർണത, വിവിധ ഭാഗങ്ങളിലെ പാലം നിർമ്മാണം, ഗതാഗത നിയന്ത്രണ സംവിധാനങ്ങളുടെ അഭാവം, ഓടകൾ പൂർത്തിയാകാത്തത്, സുരക്ഷാ ബോർഡുകളുടെ കുറവ് തുടങ്ങിയ വിഷയങ്ങൾ പ്രദേശവാസികളും പ്രതിഷേധക്കാരും ഉന്നയിച്ചിട്ടുണ്ട്. ചേറ്റുവ, ഒരുമനയൂർ, കണ്ടശ്ശാങ്കടവ്, കൊടുങ്ങല്ലൂർ തുടങ്ങിയ ഭാഗങ്ങളിലെ പാലങ്ങളും ജനങ്ങൾ ഉയർത്തിക്കാട്ടുന്നു. അതേസമയം, ദേശീയപാത അതോറിറ്റിയും മറ്റും അടിസ്ഥാനസൗകര്യം പൂർത്തിയാക്കിയ ശേഷമാണ് ടോൾ പിരിവ് ആരംഭിച്ചതെന്ന നിലപാടിലാണ്. ദേശീയപാതയുടെ ഒരു ഭാഗം പൂർത്തിയായെന്നത് കൊണ്ട് ആ മേഖലയിലെ മുഴുവൻ യാത്രാസൗകര്യങ്ങളും സുരക്ഷിതമാണെന്ന് ഉറപ്പിക്കാനാവില്ല. പ്രധാനപാതയിൽ വാഹനങ്ങൾക്ക് സുഗമമായി സഞ്ചരിക്കാനാകുമ്പോഴും സർവീസ് റോഡുകളിലേക്ക് പ്രവേശിക്കാനും പുറത്തുകടക്കാനും കഴിയാത്ത സ്ഥിതിയുണ്ട്. പണി നടക്കുന്ന ഭാഗങ്ങളിൽ വ്യക്തമായ മുന്നറിയിപ്പില്ലെങ്കിൽ അപകടസാദ്ധ്യത ഉയരും.
നാട്ടിക ദേശീയപാതയിൽ ഈ അടുത്ത് പൊലിഞ്ഞ ജീവനുകൾ മറക്കരുത്. ഓടകൾ ഇല്ലെങ്കിൽ മഴക്കാലത്ത് റോഡിലും സമീപപ്രദേശങ്ങളിലും വെള്ളക്കെട്ട് രൂപപ്പെടാം.
പണം പിരിക്കാൻ ധൃതി
ദേശീയപാത നിർമാണത്തിന് വലിയ മുടക്കുമുതൽ വേണം. കേന്ദ്രസർക്കാരും ദേശീയപാത അതോറിറ്റിയും കരാർ കമ്പനികളും വിവിധ സാമ്പത്തിക സ്രോതസിലൂടെ പദ്ധതികൾ നടപ്പാക്കും. ഇത് തിരിച്ചുപിടിക്കാനാണ് ടോൾ പിരിവ്. നിയമപരമായ അനുമതിയുണ്ടെന്നതിനാൽ പെട്ടെന്ന് പിരിക്കാനാകില്ല. പൂർത്തീകരണത്തിന്റെ ഔദ്യോഗിക മാനദണ്ഡം, റോഡിന്റെ ഉപയോഗക്ഷമത, ജനങ്ങൾക്ക് ലഭിക്കുന്ന അടിസ്ഥാനസൗകര്യം എന്നിവ സംബന്ധിച്ച് വ്യക്തതയുണ്ടാകണം. ഒരു യാത്രക്കാരൻ ടോൾ നൽകുമ്പോൾ അയാൾക്ക് എല്ലാ സേവനവും കിട്ടണം. അവരുടെ നികുതിപ്പണത്തിലും കൂടിയാണ് ഈ ഭരണസംവിധാനങ്ങളെല്ലാം പുലരുന്നതും. അതിനാൽ ഉത്തരവാദിത്വം അധികൃതർ നിറവേറ്റണം. നാട്ടികയിലെ വിഷയത്തിൽ ടോൾ പിരിവ് ആരംഭിച്ച് മണിക്കൂറുകൾക്കുള്ളിൽ പ്രതിഷേധത്തെ തുടർന്ന് പിരിവ് നിറുത്തിയതും പിന്നീട് വീണ്ടും ആരംഭിച്ചതും നാം കണ്ടു. തുടർന്ന് വീണ്ടും പിരിവ് നിറുത്തി. എന്തിനാണ് ഈ പ്രഹസനം. ഔദ്യോഗിക നിർദ്ദേശം ഇല്ലാതെ പിരിവ് ആരംഭിക്കുകയും നിറുത്തുകയും ചെയ്യുന്നത് ഭരണസംവിധാനത്തിന്റെ വിശ്വാസ്യതയെ ബാധിക്കും.
വിയോജിപ്പും പ്രാദേശിക ആവശ്യങ്ങളും
പ്രതിഷേധങ്ങളെ രാഷ്ട്രീയമായി മാത്രം കാണരുത്. ജനങ്ങളെ കുറ്റപ്പെടുത്തി, രാഷ്ട്രീയപ്രേരിതമെന്ന് പറഞ്ഞ് തള്ളിക്കളയുകയല്ല വേണ്ടത്. മറിച്ച്, എത്രത്തോളം വസ്തുതയുണ്ടെന്ന് പരിശോധിക്കണം. നിർമ്മാണം പൂർത്തിയായെന്ന് ദേശീയപാത അതോറിറ്റി അവകാശപ്പെടുന്നുവെങ്കിൽ അതിനെ പിന്തുണയ്ക്കുന്ന രേഖകളും സ്ഥലപരിശോധനാ റിപ്പോർട്ടും പുറത്തുവിടണം. നിർമ്മാണം അപൂർണമാണെന്ന് ജനം ആരോപിക്കുന്നെങ്കിൽ അവ പരിശോധിക്കണം. രാഷ്ട്രീയകക്ഷികൾ തമ്മിലുള്ള അഭിപ്രായവ്യത്യാസങ്ങൾക്കപ്പുറം പൊതുജനതാത്പര്യത്തിന് മുൻഗണന നൽകണം. ദേശീയപാത അതോറിറ്റി, ജില്ലാ ഭരണകൂടം, പൊലീസ്, തദ്ദേശസ്ഥാപനങ്ങൾ, ജനപ്രതിനിധികൾ, സാങ്കേതിക വിദഗ്ദ്ധർ എന്നിവർ ഒരുമിച്ചിരുന്ന് പ്രശ്നങ്ങൾ ചർച്ച ചെയ്ത് കാര്യങ്ങൾ പരിഹരിക്കണം.
തദ്ദേശ വാസികൾക്ക് പ്രത്യേക പരിഗണന
ദൂരയാത്രക്കാർക്ക് ടോൾ ചെലവ് യാത്രാച്ചെലവിന്റെ ഒരു ഘടകമായിരിക്കാം. എന്നാൽ സമീപപ്രദേശങ്ങളിൽ താമസിക്കുന്നവർക്ക് ഒരേ റോഡ് പലതവണ ഉപയോഗിക്കേണ്ടിവരും. തൊഴിലിനും പഠനത്തിനും ആശുപത്രിയിലേക്കും വിപണികളിലേക്കും പോകാൻ ദിവസേന യാത്ര ചെയ്യണം. അവിടെ ആവർത്തിച്ചുള്ള ടോൾ ചെലവ് വലിയ ഭാരമാകും. ദേശീയപാത വികസനവുമായി ബന്ധപ്പെട്ട് പല പ്രദേശങ്ങളിലും ഉയരുന്ന പൊതുപ്രശ്നമാണിത്. പ്രാദേശിക ജനങ്ങളുടെ യാത്രാരീതിയും ദൈനംദിന ആവശ്യങ്ങളും പരിഗണിക്കപ്പെടണം. പ്രാദേശിക വാഹനങ്ങൾക്ക് ഇളവുകൾ, പ്രതിമാസ പാസ്, മറ്റ് ഇളവ് എന്നിവ വേണം . ടോൾ നിരക്കുകൾ നിശ്ചയിക്കുമ്പോൾ വാഹനവിഭാഗം, യാത്രയുടെ സ്വഭാവം, അനുവദനീയമായ ഇളവുകൾ എന്നിവയെക്കുറിച്ച് വ്യക്തമായ വിവരം ലഭ്യമാകണം. ദിവസേന ജോലി ചെയ്യുന്ന സാധാരണക്കാരനും വ്യാപാരിക്കും ചരക്കുവാഹന ഉടമയ്ക്കും ഗതാഗതച്ചെലവിലെ വർദ്ധനവ് തിരിച്ചടിയാകും.
ശാശ്വത പരിഹാരം വേണം
നാട്ടിക ടോൾ പിരിവിനെ ചോദ്യം ചെയ്ത് പൊതുതാത്പര്യ ഹർജി ഹൈക്കോടതിയിലെത്തി. ദേശീയപാതയുടെ വലിയൊരു ഭാഗം പൂർത്തിയായിട്ടുണ്ടെന്നും അതിന്റെ ഉപയോഗത്തിന് ടോൾ ഈടാക്കാമെന്നുമുള്ള വാദം അധികൃതർ കോടതിയിൽ ഉന്നയിച്ചതായും റിപ്പോർട്ടുകളുണ്ട്. എന്നാൽ ഇടക്കാല സ്റ്റേ നിഷേധിച്ചതിനെ മാത്രം ആശ്രയിച്ച് നിർമാണവുമായി ബന്ധപ്പെട്ട എല്ലാ പരാതികളും അടിസ്ഥാനരഹിതമാണെന്ന് പറയരുത്. കോടതി ഇടപെടൽ ഒരു പ്രശ്നത്തിന് പരിഹാരം കണ്ടെത്താനുള്ള മാർഗമാണ്. എന്നാൽ ഓരോ പ്രാദേശിക പ്രശ്നവും കോടതിയുടെ ഇടപെടലിനായി കാത്തിരിക്കേണ്ട സാഹചര്യം ഒഴിവാക്കാനാകണം. കേന്ദ്രസർക്കാരും സംസ്ഥാനസർക്കാരും പരസ്പരം പഴിചാരുന്നതിൽ പ്രശ്നം തീരില്ല. നിർമ്മാണവും ടോൾ പിരിവും സംബന്ധിച്ച അധികാരപരിധി വ്യത്യസ്തമായിരിക്കാം. ഗതാഗതസൗകര്യം ഒരുക്കുമ്പോൾ സമീപപ്രദേശങ്ങളിലെ വീടുകളിലേക്കും സ്ഥാപനങ്ങളിലേക്കും പ്രവേശിക്കാനുള്ള സൗകര്യം തടസപ്പെടരുത്. വികസനപദ്ധതികളുടെ ആഘാതം നേരിട്ട് അനുഭവിക്കുന്നവരുടെ ആശങ്കകൾ പരിഹരിക്കപ്പെടണം.
നാട്ടികയിലെ പ്രശ്നം പരിഹരിക്കാൻ വൈകുന്നതും ഓരോ ദിവസവും പുതിയ പ്രശ്നം സൃഷ്ടിക്കുന്നതും വികസനപദ്ധതികളോടുള്ള ജനവിശ്വാസത്തെ ബാധിക്കും. അതിനാൽ ടോൾ പിരിവിന്റെ നിയമപരമായ വശങ്ങൾ പരിശോധിക്കുന്നതിനൊപ്പം നിർമ്മാണത്തിലെ അപാകതകളുണ്ടെങ്കിൽ അവ അടിയന്തരമായി പരിഹരിക്കാനുള്ള കർമപദ്ധതിയും തയ്യാറാക്കണം. വികസനപദ്ധതികൾക്ക് പിന്തുണ ഉറപ്പാക്കണമെങ്കിൽ അവ നടപ്പാക്കുന്ന സംവിധാനങ്ങളിൽ സുതാര്യതയും ഉത്തരവാദിത്വവും ഉറപ്പാക്കണം. ടോൾ പിരിവിലൂടെ പണം ഈടാക്കുന്നവർ ജനങ്ങൾക്ക് നൽകുന്ന സേവനത്തിന്റെ നിലവാരം വിശദീകരിക്കാനും അതുമായി ബന്ധപ്പെട്ട പരാതികൾക്ക് മറുപടി നൽകാനും തയ്യാറാകണം. നാട്ടികയിലെ തർക്കത്തിന് ശാശ്വതപരിഹാരം കണ്ടെത്തുന്നത് ദേശീയപാത വികസനവുമായി ബന്ധപ്പെട്ട ഭാവി പദ്ധതികൾക്കും മാതൃകയാകണം.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |