
കുന്നുകൂടിക്കൊണ്ടിരിക്കുന്ന മാലിന്യക്കൂമ്പാരങ്ങൾ തദ്ദേശസ്ഥാപനങ്ങളെ വീർപ്പുമുട്ടിച്ചു കൊണ്ടിരിക്കുന്നതിനിടയിലാണ് സംസ്ഥാനം ഒരാഴ്ച നീണ്ടുനിൽക്കുന്ന 'വലിച്ചെറിയൽ വിരുദ്ധ" വാരത്തിന് തുടക്കം കുറിച്ചിരിക്കുന്നത്. മാലിന്യ ഭീഷണിയിൽ നിന്ന് നാടിനെ രക്ഷിക്കാൻ സർക്കാരും തദ്ദേശ സ്ഥാപനങ്ങളും നടപടികൾ പലതും സ്വീകരിച്ചിട്ടും ഉദ്ദേശിച്ച ഫലം ലഭിച്ചുവെന്നു പറയാനാവില്ല. അതിന് ഒരു കാരണവുമുണ്ട്. രോഗം മനസിലാക്കാതെയുള്ള ചികിത്സ പോലെ അടിസ്ഥാന ആവശ്യം അവഗണിച്ചുകൊണ്ട് പരിഹാര നടപടിക്കു മുതിരുന്നതുകൊണ്ട് സംഭവിക്കുന്ന പാകപ്പിഴയാണിത്. മാലിന്യ ശേഖരണത്തിനും സംസ്കരണത്തിനും കുറ്റമറ്റതും ശാസ്ത്രീയവുമായ സംവിധാനങ്ങൾ നിലവിൽ വരാത്തിടത്തോളം ഒരു നഗരവും മാലിന്യമുക്തമാകാൻ പോകുന്നില്ലെന്നതാണ് വസ്തുത. വലിച്ചെറിയൽ വിരുദ്ധ വാരം കഴിഞ്ഞാലും ഒഴിഞ്ഞ പറമ്പുകളിലും പാതയോരങ്ങളിലും മാലിന്യം ഉപേക്ഷിക്കുന്ന ശീലത്തിന് അറുതിയാകുമെന്ന് വിശ്വാസിക്കാനാവില്ല.
ഈ ദുശ്ശീലം ഇല്ലാതാകണമെങ്കിൽ മാലിന്യ ശേഖരണത്തോടൊപ്പം അതു സംസ്കരിക്കുന്നതിനുള്ള പ്ളാന്റുകൾ കൂടി നിലവിൽ വരേണ്ടതുണ്ട്. കുറുക്കുവഴിയിലൂടെ മാലിന്യഭീഷണി ഇല്ലാതാക്കാനാവില്ലെന്ന യാഥാർത്ഥ്യം തദ്ദേശ സ്ഥാപനങ്ങൾ മനസിലാക്കുകയാണ് ആദ്യം വേണ്ടത്. മാലിന്യ സംസ്കരണ പ്ളാന്റുകൾ സ്ഥാപിക്കാൻ ജനങ്ങൾ സമ്മതിക്കുന്നില്ലെന്നാണ് തദ്ദേശ സ്ഥാപനങ്ങളുടെ പരാതി. എന്നാൽ എവിടെയെങ്കിലും പ്ളാന്റ് സ്ഥാപിച്ച് പ്രശ്നമൊന്നുമില്ലെന്ന് പരിസരവാസികളെ ബോദ്ധ്യപ്പെടുത്തിയാലല്ലേ ആളുകളുടെ എതിർപ്പ് ഇല്ലാതാവുകയുള്ളൂ. വിളപ്പിൽശാലയിലെ ദുരനുഭവം മനസിലുള്ളതുകൊണ്ടാണ് ഈ വിഷയത്തിൽ ആളുകളുടെ കഠിനമായ എതിർപ്പ് തുടരുന്നത്. മാലിന്യ സംഭരണത്തിന് കൃത്യമായ ഏർപ്പാടുണ്ടെങ്കിൽ വലിച്ചെറിയൽ ശീലം പടിപടിയായിട്ടെങ്കിലും കുറയ്ക്കാനാകും. ഇതിനു വേണ്ടിയുള്ള കർമ്മ പദ്ധതികൾ തദ്ദേശ സ്ഥാപനങ്ങൾ ആവിഷ്കരിക്കണം.
മാലിന്യം വലിച്ചെറിയാൻ പ്ളാസ്റ്റിക് കൂടുകളാണ് പലരും ഉപയോഗിക്കുന്നത്. അതുകൊണ്ട് പ്ളാസ്റ്റിക് സഞ്ചികൾക്കുള്ള ജി.എസ്.ടി നിരക്ക് വർദ്ധിപ്പിക്കണമെന്ന് കേന്ദ്രത്തോട് ആവശ്യപ്പെടുമെന്നാണ് തദ്ദേശ വകുപ്പു മന്ത്രി പറയുന്നത്. അതുകൊണ്ടൊന്നും വലിയ ഫലമുണ്ടാകുമെന്നു പറയാനാവില്ല. കാരണം, ചെറിയ തുകയൊന്നും ആർക്കും ഇക്കാലത്ത് വലിയ പ്രശ്നമല്ല. ദേശീയ പാതയോരങ്ങളിലും വെളിമ്പറമ്പുകളിലും കുന്നുകൂടുന്ന മാലിന്യങ്ങൾ ദിവസങ്ങളോളം അതേപടി കിടക്കും. ജനങ്ങളുടെ സമ്മർദ്ദമേറുമ്പോഴാണ് അവ നഗരസഭ നീക്കം ചെയ്യുന്നത്. തിരുവനന്തപുരം പോലുള്ള നഗരത്തിൽ അറവുമാലിന്യങ്ങൾ സൃഷ്ടിക്കുന്ന ഭീഷണി വളരെ വലുതാണ്. അനധികൃത കശാപ്പുശാലകളിൽ നിന്നുള്ള മാംസാവശിഷ്ടങ്ങൾ ചാക്കിലാക്കി കൊണ്ടുചെന്നു തള്ളുന്നത് പാതയോരങ്ങളിലും ജലാശയങ്ങളിലും ഓടകളിലും മറ്റുമാണ്. നാടുനീളെ ക്യാമറകൾ വച്ചാലും ഇതൊന്നും പൂർണമായും തടയാനാവുന്നില്ല. അറവുശാലകളെ നിയമത്തിൻ കീഴിൽ കൊണ്ടുവരാൻ ശക്തമായ നടപടികളെടുക്കണം. ആളൊഴിഞ്ഞ പുരയിടങ്ങളിൽ വൻതോതിലാണ് ഓരോ ദിവസവും മാലിന്യ ചാക്കുകൾ എത്തുന്നത്.
കേന്ദ്ര സ്ഥാപനമായ റെയിൽവേ പോലും വലിയ ലോറികളിൽ ഇത്തരത്തിൽ മാലിന്യങ്ങൾ സ്വകാര്യ ഭൂമിയിൽ ഉപേക്ഷിച്ചുവരുന്നതായി കണ്ടെത്തിയിട്ടുണ്ട്. മാലിന്യ സംഭരണത്തിനും സംസ്കരണത്തിനും നഗരസഭയ്ക്ക് മതിയായ സംവിധാനമില്ലാത്തതുകൊണ്ടാണ് ഇത്തരം നിയമലംഘനങ്ങൾ പെരുകുന്നത്. ഒരാഴ്ച നീളുന്ന ക്യാമ്പെയ്‌ൻ കൊണ്ടൊന്നും മാലിന്യഭീഷണി ഇല്ലാതാക്കാമെന്ന് കരുതരുത്. ശക്തമായ നടപടികളാണ് അതിനു വേണ്ടത്. മാലിന്യം ശേഖരിക്കാൻ ഏർപ്പാടുണ്ടാകണം. വേസ്റ്റ് ബിന്നുകൾ എല്ലാ കേന്ദ്രങ്ങളിലും സ്ഥാപിക്കണം. മാലിന്യം അവയിൽത്തന്നെ നിക്ഷേപിക്കുന്നത് ജനങ്ങളും ശീലമാക്കണം. എല്ലാറ്റിനുമുപരിയായി ഒന്നാം ക്ളാസ് തൊട്ടേ മാലിന്യപ്രശ്നവുമായി ബന്ധപ്പെട്ട കാര്യങ്ങൾ പാഠ്യപദ്ധതിയിൽ ഉൾപ്പെടുത്താൻ നടപടി ഉണ്ടാകണം. മാലിന്യം അലക്ഷ്യമായി ഉപേക്ഷിക്കുന്ന ശീലമില്ലാതാക്കാൻ കഴിഞ്ഞാൽ ഭാവിയിലെങ്കിലും നഗരങ്ങളും നാട്ടിൻപുറങ്ങളും ശുചിത്വമുള്ളതാകും.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |