SignIn
Kerala Kaumudi Online
Saturday, 17 October 2026 10.11 PM IST

നദി വൃത്തിയാക്കാൻ ഒറ്റയ്‌ക്കിറങ്ങിയ യുവാവിന് തിരിച്ചടി; ചവറ്റുകുട്ട മോഷണം പോയെന്ന് പരാതി,​ സ്ഥിതി വീണ്ടും പഴയപടിയായി

bittu-tabahi
ബിട്ടു തബാഹി

ഭോപ്പാൽ: മലിനമായ നദി ഒറ്റയ്ക്ക് വൃത്തിയാക്കാൻ മുന്നിട്ടിറങ്ങി സോഷ്യൽ മീഡിയയിൽ ശ്രദ്ധേയനായ യുവാവാണ് 21 കാരൻ ബിട്ടു തബാഹി. സുരേന്ദ്ര സിംഗ് ചൗധരിയെന്നാണ് ഈ പരിസ്ഥിതി പ്രവർത്തകന്റെ യഥാർത്ഥ പേര്. മദ്ധ്യപ്രദേശിലെ രാജ്‌ഗഡ് ജില്ലയിലെ ബിയോറ സ്വദേശിയാണ്. തന്റെ ഒറ്റയാൾ പോരാട്ടത്തിന് അന്താരാഷ്ട്ര തലത്തിലും അംഗീകാരം ലഭിച്ചിരുന്നു. ഇപ്പോഴിതാ രണ്ടാം തവണ നദി വൃത്തിയാക്കിയതിന് പിന്നാലെ മാലിന്യം വലിച്ചെറിയുന്നത് തടയാൻ നദീതീരത്ത് സ്ഥാപിച്ച രണ്ട് ചവറ്റുകുട്ടകളിൽ ഒന്ന് മോഷണം പോയെന്നാണ് പരാതി. പൊതുജനങ്ങളുടെ സൗകര്യത്തിനായി സ്ഥാപിച്ച ചവറ്റുകുട്ടകൾ പോലും മോഷണം പോയെന്നായിരുന്നു പുതിയ വീഡിയോയ്‌ക്കൊപ്പമുള്ള ബിട്ടുവിന്റെ കുറിപ്പ്.

നദി വീണ്ടും മാലിന്യക്കൂമ്പാരമാകുന്നതിൽ നിരാശനായ ബിട്ടു, സംഭവം സോഷ്യൽ മീഡിയയിലൂടെ പങ്കുവച്ചു.  രാജ്‌ഗഡ് ജില്ലയിലൂടെ ഒഴുകുന്ന അജ്‌നാർ നദിയുടെ തീരത്ത് പ്ലാസ്റ്റിക് കവറുകളും മറ്റു മാലിന്യങ്ങളും കുന്നുകൂടിക്കിടക്കുന്നതിന്റെ ദൃശ്യങ്ങളാണ് കഴിഞ്ഞ ദിവസം ബിട്ടു ഇൻസ്റ്റഗ്രാമിൽ പങ്കുവച്ചത്. മാസങ്ങളായി നദി വൃത്തിയാക്കാനും മാലിന്യം തള്ളുന്ന ഇടമായി മാറുന്നത് തടയാൻ ശ്രമിച്ചിട്ടും സ്ഥിതി വീണ്ടും പഴയപടിയായതിൽ യുവാവ് നിരാശയിലാണ്.

നദിയിലേക്ക് നേരിട്ട് മാലിന്യം വലിച്ചെറിയുന്നത് ഒഴിവാക്കാൻ തീരത്തെ മരത്തിന് സമീപമാണ് ബിട്ടു രണ്ട് ചവറ്റുകുട്ടകൾ സ്ഥാപിച്ചത്. നാട്ടുകാർക്കും സന്ദർശകർക്കും മാലിന്യം നിക്ഷേപിക്കാൻ സൗകര്യമൊരുക്കുകയായിരുന്നു ലക്ഷ്യം. എന്നാൽ, പിന്നീട് സ്ഥലത്തെത്തിയപ്പോൾ ചവറ്റുകുട്ടകളിലൊന്ന് കാണാനില്ലെന്ന് കണ്ടെത്തുകയായിരുന്നു.

'എന്റെ എന്തെങ്കിലും വ്യക്തിപരമായ ആവശ്യത്തിനല്ല ഞാൻ ഇവിടെ രണ്ട് ചവറ്റുകുട്ടകൾ സ്ഥാപിച്ചത്. നദി വീണ്ടും മലിനമാകാതിരിക്കാൻ ഇവിടെ എത്തുന്ന ആളുകൾക്ക് മാലിന്യം ശരിയായ രീതിയിൽ നിക്ഷേപിക്കാനുള്ള സൗകര്യമാണ് ഒരുക്കിയത്'- ബിട്ടു വീഡിയോയിൽ പറഞ്ഞു. നദീതീരത്ത് വീണ്ടും മാലിന്യം അടിഞ്ഞുകൂടിയതിനെത്തുടർന്ന് കഴിഞ്ഞ ദിവസങ്ങളിൽ ശുചീകരണപ്രവർത്തനങ്ങൾ പുനരാരംഭിച്ചിരുന്നു. ഇതിന് പിന്നാലെയാണ് ചവറ്റുകുട്ട കാണാതായത്. നദി വൃത്തിയാക്കാൻ ചെലവഴിച്ച സമയവും അധ്വാനവും പാഴാകുന്നതിലുള്ള നിരാശയും ബിട്ടു നേരത്തേ പങ്കുവച്ചിരുന്നു.

A post shared by Surendra singh choudhry (@bittu_tabahi)


English Summary

Madhya Pradesh environmental activist Bitto Tabahi, known for single-handedly cleaning the Ajnar River, expressed disappointment after one of two dustbins he placed on the riverbank to prevent littering was stolen. The 21-year-old shared his frustration on social media, lamenting that the river is again accumulating waste despite his dedicated efforts to keep it clean.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: BITTU TABAHI, WASTE BIN MISSING, LATESTNEWS, AJNAR RIVER, BHOPAL
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN NEWS 360
PHOTO GALLERY
TRENDING IN NEWS 360