SignIn
Kerala Kaumudi Online
Tuesday, 19 May 2026 2.12 AM IST

കല്യാണ മണ്ഡപമല്ല, കളിക്കളമാണ്

a

ഇന്ത്യയും ഹോങ്കോംഗുമായുള്ള എ.എഫ്.സി ഏഷ്യൻ കപ്പ് ഫുട്ബാൾ മത്സരം ഈ മാസം 31ന് കൊച്ചി കലൂർ ജവഹർലാൽ നെഹ്റു സ്റ്റേഡിയത്തിലാണ് നിശ്ചയിച്ചിരിക്കുന്നത്. ഇതിനു മുന്നോടിയായി പത്രസമ്മേളനം നടത്താനെത്തിയ ഇന്ത്യൻ ഫുട്ബാൾ ടീം കോച്ച് ഖാലിദ് ജമീലിനെ സ്റ്റേഡിയം വാടകയും സെക്യൂരിറ്റി ഡിപ്പോസിറ്റും അടച്ചില്ലെന്ന കാരണത്താൽ സ്റ്റേഡിയത്തിൽ പ്രവേശിപ്പിക്കാതെ തിരിച്ചയച്ചത് കേരളത്തിന്റെ കായിക പരമ്പര്യത്തിനേറ്റ വലിയ കളങ്കമായി മാറി. സ്റ്റേഡിയം നടത്തിപ്പുകാരായ ഗ്രേറ്റർ കൊച്ചി ഡെവലപ്പ്മെന്റ് അതോറിറ്റിയുടെ (ജി.സി.ഡി.എ) ഭാഗത്തുനിന്നാണ് ഇത്രയും മോശപ്പെട്ട പെരുമാറ്റമുണ്ടായത്. ദിവസങ്ങൾക്കു മുമ്പ് കേരളാ ബ്ളാസ്റ്റേഴ്സ് ഫുട്ബാൾ ടീം ഉടമകൾക്കും ഇവരിൽ നിന്ന് ഇത്തരത്തിലുള്ള നാണക്കേടുണ്ടായിരുന്നു.

അന്താരാഷ്ട്ര മത്സരം നടത്തുന്നതിന് വാടകയായി മൂന്ന് ലക്ഷം രൂപയും സെക്യൂരിറ്റി ഡിപ്പോസിറ്റായി 25 ലക്ഷം രൂപയുമാണ് ജി.സി.ഡി.എ ആവശ്യപ്പെട്ടത്.

പറഞ്ഞ തുക അടയ്ക്കാമെന്ന് കേരള ഫുട്‌ബാൾ അസോസിയേഷൻ സമ്മതിച്ചെങ്കിലും മുഴുവൻ തുകയും മുൻകൂറായി വേണമെന്ന പിടിവാശിയിലായിരുന്നു ജി.സി.ഡി.എ. വാർത്താസമ്മേളനം നടക്കുമോ എന്നറിയാതെ ദീർഘനേരമാണ് ഇന്ത്യൻ ടീമിന്റെ പരിശീലകൻ സ്റ്റേഡിയത്തിൽ കാത്തിരുന്നത്. പത്രസമ്മേളനത്തിൽ പങ്കെടുക്കാൻ ഹോട്ടലിൽ നിന്നിറങ്ങിയ ഇന്ത്യൻ ടീമിലെ മലയാളി താരങ്ങൾക്ക് ഈ സംഭവമറിഞ്ഞ് പാതിവഴിയിൽ നാണംകെട്ട് തിരിച്ചുപോകേണ്ടിവന്നു! അന്താരാഷ്ട്ര തലത്തിൽ ഇന്ത്യയെ പ്രതിനിധീകരിക്കുന്ന ടീമിനും കോച്ചിനുമാണ് ഈ നാണക്കേട് അനുഭവിക്കേണ്ടിവന്നത്. ഇന്ത്യൻ പൗരന്മാരുടെ നികുതിപ്പണമെടുത്ത് നിർമ്മിച്ച സ്റ്റേഡിയത്തിന്റെ വാതിലാണ് രാജ്യത്തിന്റെ ടീമിനു മുന്നിൽ കൊട്ടിയടയ്ക്കപ്പെട്ടത്. 1994ൽ,​ മുഖ്യമന്ത്രിയായിരുന്ന കെ.കരുണാകരൻ മുൻകൈയെടുത്ത് കലൂരിൽ ഇത്തരത്തിലൊരു സ്റ്റേഡിയം നിർമ്മിച്ചത് കേരളത്തിന്റെ കായിക പാരമ്പര്യത്തിന് മുതൽക്കൂട്ടാകാനാണ്. അന്താരാഷ്ട്ര ക്രിക്കറ്റ് മത്സരങ്ങൾക്കും ഫുട്ബാൾ മത്സരങ്ങൾക്കും ഐ.എസ്.എൽ, ഐ.പി.എൽ പോലുള്ള ടൂർണമെന്റുകൾക്കുമൊക്കെ കൊച്ചി വേദിയായത് നാടിനു തന്നെ അഭിമാനമായിരുന്നു.

തദ്ദേശ സ്വയംഭരണ വകുപ്പിനു കീഴിലുള്ള ഈ സ്റ്റേഡിയത്തിന്റെ നടത്തിപ്പുകാർ മാത്രമായ ജി.സി.ഡി.എയ്ക്ക് കായിക വളർച്ചയല്ല, കീശ വീർപ്പിക്കലാണ് വലുതെന്ന് വ്യക്തമാക്കുന്നതാണ് ഇപ്പോഴത്തെ പ്രവൃത്തികൾ. കളിക്കാർക്ക് സ്റ്റേഡിയം നൽകുന്നതിനേക്കാൾ ജി.സി.ഡി.എയ്ക്ക് ലാഭം ഉത്സവങ്ങളും ആഘോഷങ്ങളും നടത്തി വാടക പിരിക്കുന്നതാണ്. അത്തരത്തിലൊരു ആഘോഷവേദിയിൽ നിന്നാണ് ഒരു എം.എൽ.എ വീണ് ഗുരുതര പരിക്കേറ്റത്. ഗ്രൗണ്ടിലെ പുല്ലുപോയാലും ഗാലറിയിലെ കസേര പൊളിഞ്ഞാലും ജി.സി.ഡി.എയ്ക്ക് കാശുകിട്ടിയാൽ മതി. മെസിയുടെ വരവിന്റെ പേരിൽ സ്വകാര്യ കമ്പനിക്ക് അറ്റകുറ്റപ്പണിക്കായി കൈമാറിയ സ്റ്റേഡിയം തിരികെക്കിട്ടി ദിവസങ്ങൾക്കകമാണ് മുൻവശത്തെ കൂറ്റൻ ഗേറ്റ് ഇടിഞ്ഞുപൊളിഞ്ഞു വീണത്. സ്റ്റേഡിയത്തിന്റെ സുരക്ഷയിലും സംരക്ഷണത്തിലും ജി.സി.ഡി.എയുടെ ഉത്തരവാദിത്വം ഇതിൽനിന്ന് വ്യക്തമായിരുന്നു.

മറ്റൊരു സ്റ്റേഡിയം തേടിപ്പോയ കേരള ബ്ളാസ്റ്റേഴ്സ് ടീമിനെ വാടക കുറച്ചുനൽകാമെന്നു പറഞ്ഞ് തിരിച്ചുവിളിച്ചശേഷം കുത്തിനു പിടിച്ച്,​ കൂടിയ വാടകതന്നെ വാങ്ങിയവരാണ് ജി.സി.ഡി.എയിലുള്ളത്. കായികരംഗത്ത് കേരളത്തിന്റെ പിന്നാക്കംപോക്കിന് കാരണം തന്നെ ഇത്തരത്തിലുള്ള തലതിരിഞ്ഞ 'പ്രോത്സാഹന"മാണ്. സർക്കാർ നിർമ്മിച്ച സ്റ്റേഡിയങ്ങളിൽ മത്സരങ്ങൾ നടത്താൻ ഓരോ കായിക അസോസിയേഷനും പണമെണ്ണിക്കൊടുക്കണം. കായിക താരങ്ങൾക്ക് സ്പോർട്സ് ഹോസ്റ്റലുകളിൽ ഭക്ഷണത്തിന് യഥാസമയം പണം നൽകാൻ കഴിയുന്നില്ല. ദേശീയ മത്സരങ്ങൾക്കു പോകാൻ വണ്ടിക്കൂലിയില്ല. കേരളത്തിന്റെ പേരെഴുതിയ ജഴ്സിയോ നല്ലൊരു ഷൂവോ മറ്റ് കായിക ഉപകരണങ്ങളോ കേരളത്തിലെ കായികതാരങ്ങൾക്ക് ലഭിക്കുന്നില്ല. അതിനൊപ്പമാണ് അവരെ സ്റ്റേഡിയങ്ങളിൽ നിന്നും ആട്ടിയകറ്റുന്നത്. ജി.സി.ഡി.എയ്ക്ക് വാടക പിരിക്കാൻ കല്യാണമണ്ഡപമല്ല കലൂരിൽ കെട്ടിയുയർത്തിയിരിക്കുന്നത്; കളിക്കളമാണ്. അത് ഓരോ കായികതാരത്തിനും അവകാശപ്പെട്ടതാണെന്നത് മറക്കരുത്.

Follow Kerala Kaumudi on Google News Add as a preferred source on Google
TAGS: 1
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN OPINION
PHOTO GALLERY