SignIn
Kerala Kaumudi Online
Tuesday, 07 July 2026 3.34 AM IST

സിംഹളസിംഹം സി. കേശവൻ

c-kesavan
സി കേശവൻ

വാക്കുകളെ വിപ്ളവമാക്കിയ സി. കേശവനെ ആരാണ് ആദ്യം സിംഹളസിംഹമെന്ന് വിളിച്ചത്? നിശ്ചയം പോരാ! വിശേഷിപ്പിച്ചതാരായാലും സി. കേശവന്റെ ജീവിതം ആ വിശേഷണത്തെ അന്വർത്ഥമാക്കി.

ആധുനിക കേരളം ജന്മം നൽകിയ ചരിത്രപുരുഷന്മാരുടെ കൂട്ടത്തിൽ അഗ്രഗണ്യനാണ് സി. കേശവൻ (1891- 1969). എല്ലാ അവകാശങ്ങളും നിഷേധിക്കപ്പെട്ട ഒരു സമുദായത്തെ തന്റെ ധിക്കാരവും സത്യസന്ധതയും തന്റേടവും കൊണ്ട് കേരളീയ സമൂഹത്തിന്റെ മുന്നിൽ, ഒരിക്കലും നിഷേധിക്കാൻ കഴിയാത്ത, ഒരു ശക്തിയാക്കി. സി.കേശവന്റെ ശൈലി കടമെടുത്താൽ, ആ ''നെടുജീവിതപ്പെരുവഴിയിൽ" അദ്ദേഹം നേരിട്ട വെല്ലുവിളികൾ ചെറുതായിരുന്നില്ല.

ആദ്യം പൊട്ടിച്ച ബോംബ് കോഴഞ്ചേരിയിലായിരുന്നു. 1935 മേയ് 11ന്. അമേരിക്കയിലെ അടിമകളെ മോചിപ്പിക്കാൻ എബ്രഹാം ലിങ്കൺ നടത്തിയ വിഖ്യാത ഗെറ്റിസ്‌ബർഗ് പ്രസംഗത്തെ അനുസ്‌മരിപ്പിക്കുന്ന സി. കേശവന്റെ കോഴഞ്ചേരി പ്രസംഗം അധികാരികളെ പിടിച്ചുകുലുക്കിയ സിംഹഗർജ്ജനമായിരുന്നു. എഴുതി തയാറാക്കിയ പേപ്പറുകളെല്ലാം വലിച്ചെറിഞ്ഞ സി. കേശവൻ, സടകുടഞ്ഞെഴുന്നേറ്റ സിംഹത്തെപ്പോലെ അലറിയടുക്കുകയായിരുന്നു. പരിഭ്രാന്തരായ മഹാരാജാവും ദിവാൻ സർ സി.പി. രാമസ്വാമി അയ്യരും ആ സിംഹത്തെ അഴിക്കൂട്ടിലാക്കി. പിന്നെ കൊല്ലം കോടതി ഒരു വർഷത്തെ ശിക്ഷ നൽകി. ഇതു കേട്ടുകൊണ്ട് പ്രതിക്കൂട്ടിൽ നിന്ന 'പ്രതി" തിരിച്ചടിച്ചു: ''ഇത്രയേയുള്ളോ നിങ്ങളുടെ ശിക്ഷ? എന്നെ തൂക്കിക്കൊല്ലുമെന്നാണ് ഞാൻ കരുതിയത്!" അങ്ങനെ ഒരു വർഷത്തെ ശിക്ഷ രണ്ട് വർഷത്തെ കഠിനതടവായി. നേരേ കൊണ്ടുപോയത് നാഗർകോവിലിനപ്പുറത്തുള്ള തുറുങ്കലിലേക്കാണ്. സംഭാഷണപ്രിയനായ ആ സിംഹത്തെ 'പുസ്‌തകപട്ടിണി"ക്കിട്ടുകളഞ്ഞു! അതേപ്പറ്റി സി. കേശവൻ പിൽക്കാലത്ത് പറഞ്ഞതിങ്ങനെ: ''ആഹോ! ആർക്കും ഭ്രാന്ത് പിടിച്ചുപോകും!" എഴുപത്തിയെട്ടു വർഷം നീണ്ട ജീവിതസമരത്തിന്റെ തുടക്കമായിരുന്നത്.

ഇതിനിടെ, സ്വതന്ത്ര ചിന്തകനായ സി. കേശവൻ പത്രാധിപരുടെ മേലങ്കിയുമണിയുന്നു. കൗമുദി ദിനപത്രത്തിന്റെ പത്രാധിപരായി. കൗമുദിയുടെ ലൈസൻസ് സർ സി.പി. റദ്ദാക്കിയപ്പോൾ നിർഭയനായ സി. കേശവൻ 'നവശക്തി" തുടങ്ങി. ആ പത്രത്തിൽ നിന്ന് ഉയർന്ന കൊടുങ്കാറ്റ് അധികാരികളെ പിടിച്ചുലച്ചപ്പോൾ സർ സി.പി.യുടെ ഖഡ്‌ഗം 'നവശക്തി"യെയും നിശബ്ദമാക്കി. വൈകാതെ, മറ്റൊരു പത്രവുമായി സി. കേശവനെത്തി. 'പ്രബോധിനി", അന്ന്, ഇന്ദിര പ്രിന്റിംഗ് വർക്സ് അപൂർവമായൊരു പത്രവിപ്ളവത്തിന് സാക്ഷിയാവുകയായിരുന്നു.

1947 സെപ്തംബർ 14ന് വക്കത്ത് സി. കേശവൻ മറ്റൊരു ബോംബുകൂടി പൊട്ടിച്ചു: ''ഭഗവാൻ കാറൽ മാർക്സ്!" ആ സിംഹഗർജ്ജനത്തെ ഒതുക്കാൻ സർ സി.പിക്കെന്നല്ല ആർക്കും കഴിയുമായിരുന്നില്ല. പത്ത് വർഷം കഴിയുമ്പോൾ കേരളത്തിൽ ആദ്യത്തെ കമ്മ്യൂണിസ്റ്റ് മന്ത്രിസഭ വരുകയായി. പിന്നീട് സി. കേശവന്റെ ദീർഘദർശനം എത്ര ശരിയെന്നു കാലം തെളിയിച്ചു.

സി. കേശവനെ മകൻ കൗമുദി പത്രാധിപർ കെ. ബാലകൃഷ്ണൻ നിർവചിച്ചതിങ്ങനെ: ''മനുഷ്യ ജീവിതത്തെ നൂറ്റാണ്ടുകളായി ഉണ്ടാക്കിയ തകർച്ചകളിൽ നശിക്കാതെ മുന്നോട്ട് തള്ളിനീക്കുന്ന അത്ഭുതകരമായ ഒരു ശക്തിവിശേഷമുണ്ട്. നിതാന്തവും അനശ്വരവുമായ മനുഷ്യസ്നേഹം. അച്ഛന്റെ വിശ്വാസ പ്രമാണങ്ങളുടെ ആകെത്തുക രണ്ട് വാക്കിൽ ഒതുക്കാവുന്നതേയുള്ളു: സത്യവും സ്‌നേഹവും. പ്രക്ഷുബ്ധമായ രാഷ്ട്രീയരംഗത്തുനിന്ന് വെടിപൊട്ടുനടക്കുമ്പോൾ അച്ഛൻ നിയമനിഷേധയോഗങ്ങൾ നയിച്ചിട്ടുണ്ട്. രണഭൂമിയിൽ നിന്ന് ഓടിയൊളിച്ചെന്ന ആരോപണം അച്ഛന്റെ ജീവിതത്തിൽ ഒരിക്കലും ഉണ്ടായിട്ടില്ല."

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: DD
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN OPINION
PHOTO GALLERY