SignIn
Kerala Kaumudi Online
Saturday, 24 October 2026 1.31 AM IST

വർദ്ധിച്ചു വരുന്ന ഗാർഹിക പീഡനം

READ ENGLISH VERSION
domestic-violence

ഗാർഹിക പീഡന കേസുകളുടെ എണ്ണം മാത്രം നോക്കി ഒരു സംസ്ഥാനത്ത് നടക്കുന്ന ഗാർഹിക പീഡനങ്ങളുടെ വ്യാപ്‌തി നമുക്ക് കൃത്യമായി കണക്കാക്കാനാവില്ല. കാരണം ഗുരുതരമായ പല ഗാർഹിക പീഡനങ്ങളും കുടുംബങ്ങൾക്കുള്ളിൽത്തന്നെ പലവിധ കാരണങ്ങളാൽ എരിഞ്ഞടങ്ങുകയാണ് ചെയ്യുന്നത്. ലോകത്ത് എവിടെയും കുട്ടികളുടെയും സ്‌ത്രീകളുടെയും നേർക്ക് ഏറ്റവും കൂടുതൽ പീഡനങ്ങൾ നടക്കുന്നത് നാം വളരെ സുരക്ഷിതമെന്ന് കരുതുന്ന വീടുകൾക്കുള്ളിലാണെന്ന് പഠനങ്ങളുടെ അടിസ്ഥാനത്തിൽ നിരവധി സാമൂഹിക റിപ്പോർട്ടുകൾ ചൂണ്ടിക്കാട്ടിയിട്ടുള്ളതാണ്. കൂട്ടുകുടുംബ വ്യവസ്ഥിതി നിലനിന്നിരുന്ന പഴയ കാലത്തും ഗാർഹിക പീഡനങ്ങൾ ഉണ്ടായിരുന്നെങ്കിലും അവ ഒരു പരിധി കഴിഞ്ഞ് ഉയരാതിരിക്കാൻ മുതിർന്നവരുടെ സാന്നിദ്ധ്യവും ഇടപെടലുകളും ഇടയാക്കിയിരുന്നു. എന്നാൽ അണുകുടുംബങ്ങളുടെ എണ്ണം വർദ്ധിച്ചതോടെയാണ് ഗാർഹിക പീഡനങ്ങളുടെ പേരിലുള്ള ക്രൂരമായ സംഭവങ്ങളുടെ എണ്ണം കൂടിയതും അവ തർക്കങ്ങളും കേസുകളുമായി നിയമ സംവിധാനങ്ങൾക്ക് മുന്നിൽ വരാൻ തുടങ്ങിയതും.

ഗാർഹിക പീഡനങ്ങൾക്കെതിരെ ശക്തമായ നിയമങ്ങൾ ഇന്ന് നിലവിലുണ്ട്. പലപ്പോഴും അത് ജാമ്യമില്ലാത്ത കുറ്റമായി പരിഗണിക്കപ്പെടുകയും ചെയ്യുന്നു. ഇതൊക്കെയുണ്ടെങ്കിലും കേരളത്തിൽ ഗാർഹിക പീഡന കേസുകളുടെ എണ്ണം കുറയുകയല്ല കൂടി വരികയാണ് ചെയ്യുന്നത്. ഈ വർഷം ആഗസ്റ്റ് വരെയുള്ള പൊലീസിന്റെ കണക്കുകൾ പ്രകാരം സ്‌ത്രീകൾ ഭർത്താവിൽ നിന്നോ ബന്ധുക്കളിൽ നിന്നോ നേരിട്ടിട്ടുള്ള ക്രൂരതകൾക്ക് 2,228 കേസുകളാണ് സംസ്ഥാനത്ത് രജിസ്റ്റർ ചെയ്യപ്പെട്ടിട്ടുള്ളത്. കഴിഞ്ഞ മൂന്ന് വർഷത്തിനിടെ പതിനായിരത്തിലധികം കേസുകളാണ് രജിസ്റ്റർ ചെയ്തിട്ടുള്ളത്. ഭർത്താവും ബന്ധുക്കളും ചേർന്നുള്ള മാനസിക- ശാരീരിക ഉപദ്രവങ്ങൾ, സാമ്പത്തികമായ നിയന്ത്രണവും ചൂഷണവും, ലൈംഗിക അതിക്രമങ്ങൾ തുടങ്ങിയവയാണ് ഗാർഹിക പീഡന നിയമത്തിന്റെ പരിധിയിൽ വരുന്നത്. കഴിഞ്ഞ ഏഴ് വർഷത്തിനിടെ ഗാർഹിക പീഡനം മൂലം സംസ്ഥാനത്ത് 92 സ്‌ത്രീകൾക്കാണ് ജീവൻ നഷ്ടപ്പെട്ടത്. സ്‌ത്രീധന പീഡനത്തെത്തുടർന്ന് ആറ് വർഷത്തിനിടെ 44 സ്‌ത്രീകൾ ആത്മഹത്യ ചെയ്യേണ്ടിവന്നു.

ഇതെല്ലാം നമ്മുടെ സാമൂഹിക ക്രമത്തിന്റെ പരാജയത്തിലേക്ക് വിരൽചൂണ്ടുന്നവയാണ്. ഉയർന്ന വിദ്യാഭ്യാസ ജീവിത നിലവാരം നിലനിൽക്കുമ്പോഴും കേരളത്തിൽ എന്തുകൊണ്ട് ഗാർഹിക പീഡനങ്ങൾ വർദ്ധിക്കുന്നു എന്നത് പ്രത്യേക പഠന വിഷയമാക്കേണ്ടതാണ്. വീടുകളിലെ അക്രമങ്ങളുടെ പ്രധാന കാരണം വർദ്ധിച്ചുവരുന്ന ലഹരി ഉപയോഗമാണെന്നത് ഒറ്റനോട്ടത്തിൽ തന്നെ ആർക്കും ബോദ്ധ്യപ്പെടുന്ന ഒരു വസ്തുതയാണ്. ഭർത്താക്കന്മാരുടെ അമിതമായ മദ്യപാനവും രാസലഹരി ഉപയോഗവും നിസാരമായ പ്രശ്നങ്ങൾ പോലും വളരെ വഷളാക്കാൻ ഇടയാക്കുന്നു. പങ്കാളികൾ തമ്മിലുള്ള അവിശ്വാസം, വിവാഹേതര ബന്ധങ്ങൾ, സാമ്പത്തിക അരക്ഷിതാവസ്ഥ എന്നിവയും കലഹങ്ങൾക്ക് കാരണമാകുന്നു. സമ്പന്ന കുടുംബങ്ങളിലാകട്ടെ കൂടുതൽ പണത്തോടുള്ള ആർത്തിയും ഈഗോ ക്ളാഷുകളും ബന്ധുക്കളുടെ അമിതമായ ഇടപെടലുകളുമാണ് പല കലഹങ്ങൾക്കും ഹേതുവാകുന്നത്.

കേരളത്തിൽ ഗാർഹിക പീഡന കേസുകളുടെ എണ്ണം കൂടിയെങ്കിലും ഇവയുടെ ശിക്ഷാ നടപടികളിൽ വലിയ കാലതാമസമാണ് ഉണ്ടാകുന്നത്. അതുപോലെ പലപ്പോഴും കുറഞ്ഞ ശിക്ഷകളാണ് ലഭിക്കുന്നത്. പലപ്പോഴും ഇത്തരം കുറ്റകൃത്യങ്ങൾ ആവർത്തിക്കാൻ ഇതൊരു കാരണമായും ചൂണ്ടിക്കാണിക്കപ്പെടുന്നു. കൂടുതൽ ശക്തവും സമയബന്ധിതവുമായ നടപടികളിലൂടെ ഗാർഹിക പീഡനങ്ങൾ തടയപ്പെടേണ്ടതാണ്. അടുത്തിടെ, പീഡനങ്ങളെക്കുറിച്ച് ഭയാശങ്കകളില്ലാതെ തുറന്ന് പറയാൻ ആഭ്യന്തര വകുപ്പ് തുടങ്ങിയ സ്‌പീക്ക് അപ് എന്ന പദ്ധതി ഈ വഴിക്കുള്ള പുതിയ ചുവടുവയ്‌പ്പാണ്. കുടുംബങ്ങളിലെ എല്ലാ പരാതികളും കേസുകളാക്കുന്നതിലുപരി അവയിൽ പരിഹരിക്കാവുന്നത് പരിഹരിക്കുന്നതിനുള്ള ശ്രമങ്ങൾക്കാവണം അധികൃതർ മുൻതൂക്കം നൽകേണ്ടത്.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: DOMESTIC VIOLENCE
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN OPINION
PHOTO GALLERY
TRENDING IN OPINION