
പ്രതിപക്ഷ കക്ഷികളും മറ്റും ശക്തമായ പ്രതിരോധം തീർത്തതോടെ എസ്.ഐ.ആറുമായി ബന്ധപ്പെട്ട് തിരഞ്ഞെടുപ്പ് കമ്മിഷൻ പ്രഖ്യാപിച്ച തിരുത്തൽ നടപടികൾ ലക്ഷക്കണക്കിന് പൗരന്മാരുടെ വോട്ടവകാശം നഷ്ടപ്പെടുന്ന സാഹചര്യം ഒഴിവാക്കുമെന്ന് കരുതാം. ഈ നടപടി വൈകിയെങ്കിലും സ്വാഗതാർഹമാണ്. ലോകത്തെ ഏറ്റവും വലിയ ജനാധിപത്യ രാജ്യമായ ഇന്ത്യയിൽ തിരഞ്ഞെടുപ്പ് കമ്മിഷന്റെ സ്ഥാനം വളരെ പ്രധാനമാണ്. സുതാര്യമായ തിരഞ്ഞെടുപ്പാണ് ജനാധിപത്യത്തിന്റെ മൂല്യം കാത്തുസൂക്ഷിക്കുന്നത്. തിരഞ്ഞെടുപ്പ് നിയമപരമായി നടത്തുന്ന ഒരു ഭരണഘടനാ സ്ഥാപനം എന്നതിൽ കവിഞ്ഞ പ്രാധാന്യം തിരഞ്ഞെടുപ്പ് കമ്മിഷന് ആദ്യമായി കൈവന്നത് മലയാളിയായ ടി.എൻ. ശേഷൻ മുഖ്യ തിരഞ്ഞെടുപ്പ് കമ്മിഷണർ ആയിരുന്ന കാലത്താണ്. അന്നും വലിയ വിവാദങ്ങൾ ഉണ്ടായിരുന്നു. പക്ഷേ, അതിന് ഇപ്പോൾ ഉണ്ടായിരിക്കുന്ന വിവാദങ്ങളുമായി മൗലികമായ ഒരു വലിയ വ്യത്യാസമുണ്ട്.
ജനങ്ങൾക്ക് വേണ്ടിയുള്ള, ജനപക്ഷത്തു നിന്നുകൊണ്ടുള്ള മാറ്റങ്ങൾക്കാണ് ശേഷൻ ചുക്കാൻ പിടിച്ചത്. തിരഞ്ഞെടുപ്പ് ചട്ടങ്ങൾ കൃത്യമായി പാലിക്കുക, ഫോട്ടോ പതിച്ച ഐഡന്റിറ്റി കാർഡ് ഏർപ്പെടുത്തുക, അനുവദിച്ചതിൽ കൂടുതൽ പണം ചെലവാക്കുന്നത് തടയുക, പ്രചാരണത്തിന് കർശനമായ മാനദണ്ഡങ്ങൾ ഏർപ്പെടുത്തുക, യഥാസമയം തിരഞ്ഞെടുപ്പ് കണക്കുകൾ നൽകിയില്ലെങ്കിൽ ജനപ്രതിനിധിയെ അയോഗ്യനാക്കുക തുടങ്ങി ജനങ്ങൾക്ക് വേണ്ടിയുള്ള നിലപാടാണ് ശേഷൻ സ്വീകരിച്ചത്. അന്ന് എതിർപക്ഷത്ത് സർക്കാരും ജനപ്രതിനിധികളുമായിരുന്നു. എന്നാൽ ഗ്യാനേഷ് കുമാറിന്റെ നേതൃത്വത്തിലുള്ള തിരഞ്ഞെടുപ്പ് കമ്മിഷൻ ജനവിരുദ്ധമായ പല നടപടികൾക്കും മുതിർന്നു എന്ന ആരോപണം ശരിവയ്ക്കുന്നതാണ് കമ്മിഷൻ തിരുത്തൽ നടപടിക്ക് തയ്യാറായതിലൂടെ നിസംശയം ബോദ്ധ്യമായിരിക്കുന്നത്. ഇവിടെ ഭരണാധികാരികൾ തിരഞ്ഞെടുപ്പ് കമ്മിഷനെ ന്യായീകരിക്കുകയും ജനങ്ങളിൽ ഒരു വലിയ വിഭാഗം എതിർക്കുകയുമാണ് ചെയ്യുന്നത്.
എങ്ങനെ ഒരാളെ വോട്ടർപട്ടികയിൽ നിന്ന് ഒഴിവാക്കാമെന്നതിനാണ് എസ്.ഐ.ആറിലൂടെ കമ്മിഷൻ കൂടുതൽ ശ്രമിച്ചിരിക്കുന്നത്. വോട്ടർ പട്ടികയുടെ കൃത്യത ഉറപ്പാക്കുന്നതിന്റെ പേരിൽ അർഹരായ ഒരാൾക്ക് വോട്ടവകാശം നഷ്ടപ്പെടാൻ പാടില്ല. അതിനാൽ ഇലക്‌ഷൻ കമ്മിഷൻ പ്രഖ്യാപിച്ച രണ്ട് തിരുത്തൽ നടപടികൾ വളരെ പ്രധാനമാണ്. എസ്.ഐ.ആർ പൂർത്തിയായ സംസ്ഥാനങ്ങളിൽ പട്ടികയിൽ നിന്ന് പുറത്തായവരെ വീണ്ടും ഉൾപ്പെടുത്താൻ പ്രത്യേക ക്യാമ്പയിൻ നടത്തുമെന്നതും ഫോം 6 മാത്രം നൽകി അപേക്ഷിക്കാമെന്നതും ആശ്വാസകരമാണ്. ഭരണാധികാരികൾ പ്രസംഗിക്കുമ്പോൾ ഭൂരിപക്ഷത്തിന്റെയും മറ്റും വോട്ട് നേടാനായി വസ്തുതാപരമായതും അല്ലാത്തതുമായ കാര്യങ്ങൾ പറയും. അതനുസരിച്ചല്ല പ്രധാനപ്പെട്ട പദവികളിലിരിക്കുന്ന ഉത്തരവാദപ്പെട്ടവർ പ്രവർത്തിക്കേണ്ടത്. ഭരണഘടന പ്രദാനം ചെയ്യുന്ന തുല്യനീതി പൗരന് ഉറപ്പാക്കുന്നതിനാണ് ഉദ്യോഗസ്ഥർ പ്രതിജ്ഞാബദ്ധരാകേണ്ടത്.
രാഷ്ട്രീയം ഉദ്യോഗസ്ഥന്റെ തലയിൽ കയറാൻ പാടില്ല. അങ്ങനെയുള്ളവരാണ് രാജാവിനെക്കാൾ വലിയ രാജഭക്തി കാണിച്ച് സർക്കാരിനെ കൂടി വെട്ടിലാക്കുന്നത്. വോട്ടവകാശത്തിന് ഇലക്‌ഷൻ കമ്മിഷൻ നിശ്ചയിച്ചിട്ടുള്ള രേഖകൾ നൽകുന്നവരെ അനാവശ്യ ചോദ്യങ്ങൾ ചോദിച്ച് ഒഴിവാക്കുന്ന രീതി ശരിയല്ല. രേഖയുടെ നിജസ്ഥിതി പരിശോധിക്കാം. അനർഹർ വോട്ടർപട്ടികയിൽ കയറിപ്പറ്റാൻ അനുവദിക്കരുത്. പക്ഷേ, അതിന് സ്വീകരിക്കുന്ന കരുതൽ അർഹരെ കൂടി പുറത്താക്കുന്നതായി മാറരുത്. വലിയ തോതിൽ പേരുകൾ ഒഴിവാക്കപ്പെട്ട സംസ്ഥാനങ്ങളിൽ പരാതികൾ കൃത്യമായി പരിശോധിച്ച് അർഹരായ എല്ലാവരെയും ഉൾപ്പെടുത്തണം. ഭരണഘടനാ സ്ഥാപനമായ കമ്മിഷന്റെ പ്രവർത്തനങ്ങൾ സുതാര്യമായിരിക്കണം. അതിന് തക്ക വ്യക്തിത്വവും വീക്ഷണവും ഭാവനയും ഉള്ളവർ വേണം അതു നയിക്കാൻ. എന്തായാലും കമ്മിഷന്റെ പ്രവർത്തനം സംബന്ധിച്ച സംശയങ്ങൾ പരിഹരിക്കപ്പെടേണ്ടതാണ്.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |