SignIn
Kerala Kaumudi Online
Saturday, 24 October 2026 1.40 AM IST

വീട് വിലക്കുന്ന നിയമം മാറണം

READ ENGLISH VERSION
a

പഴയ കാലത്ത് നാട്ടിൽ പുരയിടത്തേക്കാൾ വില നിലത്തിനായിരുന്നു. അന്ന് നാട്ടിൽ വ്യാപകമായി കൃഷി നടന്നിരുന്നു. അതിനാൽ പ്രമാണങ്ങളിലും കരമടവ് രസീതിലും കൂടുതലും സ്ഥലങ്ങൾ നിലം എന്നാണ് രേഖപ്പെടുത്തിയിരുന്നത്. ഇന്നിപ്പോൾ പുരയിടത്തിനാണ് വില. നിലത്തിന് വിലയില്ലാതായി. ആവശ്യക്കാരില്ലാതായി. കൃഷിയും കുറഞ്ഞു. നഗരമദ്ധ്യത്തിൽത്തന്നെ പല വസ്‌തുക്കളും നിലമായാണ് രേഖപ്പെടുത്തിയിരിക്കുന്നത്. ഇത് ഡേറ്റാ ബാങ്കിലും തണ്ണീർത്തട പരിധിയിലും ഉൾപ്പെട്ടതാണെങ്കിൽ അവിടെ വീട് വയ്ക്കാൻ ഇറങ്ങിത്തിരിക്കുന്നവർ പല കടമ്പകളും കടക്കണം. ഡേറ്റാ ബാങ്കിൽ നിന്ന് മാറ്റിക്കിട്ടാൻ കൃഷിവകുപ്പിൽ നിന്ന് അനുമതി നേടണം. പിന്നീട് ഭൂമി തരംമാറ്റാൻ വില്ലേജ് ഓഫീസിൽ അപേക്ഷ നൽകണം. വില്ലേജ് ഓഫീസർ നേരിട്ട് സ്ഥലം സന്ദർശിച്ച്,​ അവിടെ ഇനി കൃഷി നടത്താൻ പറ്റില്ലെന്നും,​ അതിനാൽ തരംമാറ്റാവുന്നതാണെന്നും എഴുതി നൽകണം.

ഇത് പിന്നെ താലൂക്കാഫീസിലേക്ക് പോകും. അവിടെ നിന്ന് സർവേയർ ഭൂമി അളന്ന് മാപ്പ് വരച്ച് നൽകണം. അവിടെ നിന്ന് ഈ രേഖകൾ വീണ്ടും വില്ലേജ് ഓഫീസിൽ വന്നാലേ തണ്ടപ്പേര് രജിസ്റ്ററിൽ രേഖപ്പെടുത്തി സ്ഥലം പുരയിടമായി മാറൂ. ഭൂരിപക്ഷം പേരും ഒരു വീട് വയ്ക്കാൻ ഇറങ്ങുമ്പോഴാണ് ഇതിനെക്കുറിച്ചൊക്കെ മനസിലാക്കുന്നതു തന്നെ. കഷ്ടകാലത്താണ് ഒരാൾ വീടുവയ്ക്കാൻ തുടങ്ങുന്നതെന്ന് പഴമക്കാർ പറയുന്നത് ശരിവയ്ക്കുന്ന തരത്തിലാണ് സംസ്ഥാനത്ത് നിലനിൽക്കുന്ന ഓരോരോ നിയമ കടമ്പകൾ. ഇതൊക്കെ ചെയ്തുതരാൻ ഇടനിലക്കാരുണ്ട്. അതിന് നല്ല തുക ചെലവാക്കേണ്ടിവരും. ഇതിൽ പകുതിയിലധികവും ഉദ്യോഗസ്ഥർക്ക് കൈക്കൂലിയായാണ് പോകുന്നത്. ഇതൊന്നുമില്ലാതെ ഭൂമി തരംമാറ്റാൻ തനിയെ ഇറങ്ങിത്തിരിക്കുന്നവരുടെ പതിനായിരക്കണക്കിന് അപേക്ഷകളാണ് കെട്ടിക്കിടക്കുന്നതിൽ ഭൂരിപക്ഷവും. സ്വന്തം സ്ഥലത്ത് വീട് വയ്ക്കാൻ അനുവദിക്കുന്നതാകണം നിയമങ്ങൾ; അത് തടയുന്നതിനാവരുത്.

സ്വന്തമായി വീടില്ലാത്ത കുടുംബങ്ങൾക്ക് ഡേറ്റാ ബാങ്കിലോ തണ്ണീർത്തട പരിധിയിലോ വീട് വയ്ക്കാൻ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങൾ സമയബന്ധിതമായി അനുമതി നൽകണമെന്നും ഇതിൽ വീഴ്‌ച വരുത്തുന്ന ഉദ്യോഗസ്ഥർ നടപടി നേരിടേണ്ടിവരുമെന്നുമുള്ള മുഖ്യമന്ത്രിയുടെ നിയമസഭയിലെ അറിയിപ്പ് പതിനായിരക്കണക്കിന് അപേക്ഷകർക്ക് ആശ്വാസം പകരുന്നതാണ്. ഡേറ്റാ ബാങ്ക് നിലവിൽ വന്ന 2008 മുതൽ ഈ ഇളവ് പ്രാബല്യത്തിലുണ്ടെങ്കിലും ജനങ്ങൾക്ക് അതിന്റെ പ്രയോജനം കിട്ടുന്നില്ല. ഗ്രാമപഞ്ചായത്തിൽ 10 സെന്റിനും നഗരത്തിൽ അഞ്ചു സെന്റിനുമാണ് ഇളവ് നൽകുന്നത്. 2018-ൽ വരുത്തിയ ഭേദഗതി പ്രകാരം ഡേറ്റാ ബാങ്കിൽ ഉൾപ്പെടാത്ത നിലത്തിന്റെ വിസ്തീർണം 10 സെന്റിനുള്ളിലാണെങ്കിൽ 1291.67 ചതുരശ്ര അടി വിസ്‌തീർണമുള്ള വീടുനിർമ്മാണത്തിന് ഭൂമി തരംമാറ്റം ആവശ്യമില്ല.

ഇത്തരം അപേക്ഷകളിൽ വീട് നിർമ്മാണത്തിനുള്ള പെർമിറ്റ് അനുവദിക്കാൻ ഭൂമി ബി.ടി.ആറിൽ നിലം എന്ന് രേഖപ്പെടുത്തിയത് തടസമാകില്ലെന്ന് ഉറപ്പാക്കുമെന്ന് മുഖ്യമന്ത്രി പറഞ്ഞിട്ടുണ്ട്. അഞ്ചുസെന്റ് വരെയുള്ള ഭൂമിയിൽ 430.56 ചതുരശ്ര അടി വരെ വിസ്‌തീർണമുള്ള വാണിജ്യ കെട്ടിടങ്ങളുടെ നിർമ്മാണത്തിനും തരംമാറ്റം വേണ്ട. കെട്ടിട നിർമ്മാണ അപേക്ഷയ്ക്കൊപ്പം നിർദ്ദിഷ്ട ഭൂമി ഡേറ്റാ ബാങ്കിൽ ഉൾപ്പെട്ടതല്ലെന്ന സാക്ഷ്യപത്രം ബന്ധപ്പെട്ട തദ്ദേശ സ്ഥാപന സെക്രട്ടറി മുമ്പാകെ സമർപ്പിച്ചാൽ മതി. സ്വന്തം ജില്ലയിൽ മറ്റു സ്ഥലങ്ങൾ ഇല്ലാത്തവർക്കാണ് ഈ ആനുകൂല്യങ്ങൾ. മുഖ്യമന്ത്രിയുടെ പ്രസ്താവന കണ്ടതുകൊണ്ടു മാത്രം മാറുന്ന ഉദ്യോഗസ്ഥ സംവിധാനമല്ല ഇവിടെയുള്ളത്. ഇക്കാര്യങ്ങളിൽ വീഴ്ച വരുത്തുന്ന ഉദ്യോഗസ്ഥർക്കെതിരെ നടപടി ഉണ്ടാകാതെ ഇപ്പോഴത്തെ അവസ്ഥയിൽ യാതൊരു മാറ്റവും വരാനിടയില്ല. വീട് വയ്ക്കൽ വിലക്കുന്ന ഇത്തരം നിയമങ്ങൾ ഒഴിവാക്കാനും നടപടി ഉണ്ടാവണം.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: LAND
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN OPINION
PHOTO GALLERY
TRENDING IN OPINION