SignIn
Kerala Kaumudi Online
Tuesday, 19 May 2026 7.17 AM IST

ദയാവധം എന്ന കാരുണ്യം

ss

രാജ്യത്ത് ആദ്യത്തെ ദയാവധത്തിന് (യൂത്തനേസിയ) അനുമതി നല്കിക്കൊണ്ട് സുപ്രീം കോടതി കഴിഞ്ഞ ദിവസം പുറപ്പെടുവിച്ച ഉത്തരവിലെ ഒരു വാക്യം, മനുഷ്യശരീരത്തിൽ നിന്ന് ജീവനെ മരണത്തിലേക്ക് വേർപെടുത്താനുള്ള തീരുമാനത്തിനു പിന്നിലെ ഹൃദയഭാരം വെളിപ്പെടുത്തുന്നതു മാത്രമല്ല,

വേദനാരഹിതവും അന്തസാർന്നതുമായ മരണത്തെക്കുറിച്ചും, ജീവിതത്തെക്കുറിച്ചു തന്നെയും, നീതിപീഠത്തിന്റെ ഹൃദയകാരുണ്യത്തെക്കുറിച്ചുമൊക്കെ ആഴമേറിയ വിചാരങ്ങളുടെ വിരൽപിടിക്കുന്നതു കൂടിയാണ്. 'ഈ തീരുമാനം ഒരു കീഴടങ്ങൽ പോലെ തോന്നാം. വാസ്തവത്തിൽ അഗാധമായ കാരുണ്യത്തിന്റെയും ധൈര്യത്തിന്റെയും പ്രവൃത്തിയാണ് ഇതെന്ന് ഞങ്ങൾ വിശ്വസിക്കുന്നു."- ജസ്റ്റിസ് ജെ.ബി. പർദിവാല,​ മലയാളിയായ ജസ്റ്റിസ് കെ.വി. വിശ്വനാഥൻ എന്നിവരടങ്ങിയ ബെഞ്ചിന്റെ ഈ വിധിവാക്യം,​ ഒരു കോടതി ഉത്തരവ് വായിക്കുന്നതിനെക്കാൾ,​ മഹത്തായൊരു സാഹിത്യേതിഹാസത്തിന്റെ അവസാനവാക്യം വായിച്ചുനിർത്തുന്നതു പോലെ അനുഭവപ്പെടുന്നത്,​ അതിന്റെ അന്തർദ്ധാരയായി വർത്തിക്കുന്നത് ജീവിതത്തിന്റെ അന്തസാണ് എന്നതുകൊണ്ടാണ്!

ഉത്തർപ്രദേശിലെ ഗാസിയാബാദ് സ്വദേശിയായ ഹരീഷ് റാണ എന്ന മുപ്പത്തിരണ്ടുകാരൻ ഹരീഷ് റാണയ്ക്ക് പാസീവ് യൂത്തനേസിയ (പരോക്ഷ ദയാവധം)​ അനുവദിച്ചുകൊണ്ടുള്ളതായിരുന്നു ആ ഉത്തരവ്. പതിമൂന്നു വർഷത്തോളം മുമ്പ്,​ പത്തൊമ്പതാം വയസിൽ,​ എൻജിനിയറിംഗ് വിദ്യാർത്ഥിയായിരിക്കെ കെട്ടിടത്തിന്റെ നാലാംനിലയിൽനിന്നു വീണ് തലച്ചോറിന് ഗുരുതരമായ ക്ഷതമേറ്റ നാൾ മുതൽ ഇന്നോളം തീരാവേദനകളുടെ കിടക്കയിൽ ചലനമറ്റും ബോധമറ്റും കിടക്കുകയായിരുന്നു,​ അയാൾ. ശരീരത്തിൽ ജീവനുണ്ട് എന്നതിനു തെളിവ്,​ ആ ജീവൻ മാത്രമായിരുന്നു. കൃഷ്ണമണി മാത്രം ഇടയ്ക്കൊന്നു ചലിച്ചെങ്കിലായി. വിശപ്പുപോലും തിരിച്ചറിയാനാകാതെ അക്ഷരാർത്ഥത്തിൽ 'മൃത"ശരീരമായുള്ള കിടപ്പ്. മോചനമില്ലാത്ത വേദനയിൽ ഉരുകിത്തീരുന്ന മകന്റെയരികിൽത്തന്നെ പരിചരണവുമായി നില്പായിരുന്നു,​ ഇക്കാലമത്രയും റാണയുടെ അച്ഛനമ്മമാരും സഹോദരങ്ങളും. ഒടുവിൽ,​ അവന്റെ ജീവനെ നെഞ്ചോട് ചേർത്തുപിടിച്ചുകൊണ്ടു തന്നെ,​ ദയാവധത്തിന്റെ കാരുണ്യത്തിനായി അച്ഛൻ സമർപ്പിച്ച ഹർജി സുപ്രീംകോടതി അംഗീകരിക്കുകയായിരുന്നു.

ഇന്ത്യൻ ഭരണഘടനയുടെ 21-ാം അനുച്ഛേദം ഉറപ്പുനല്കുന്ന 'അന്തസോടെ ജീവിക്കാനുള്ള അവകാശ"ത്തിൽ,​ 'അന്തസോടെ മരിക്കുവാനുള്ള അവകാശം" കൂടി ഉൾച്ചേർന്നിരിക്കുന്നു എന്ന സുപ്രധാനവും നിർണായകവുമായ വ്യാഖ്യാനമാണ് ഹരീഷ് റാണയ്ക്ക് ദയാവധം അനുവദിക്കുന്നതുമായി ബന്ധപ്പെട്ട ഹർജിയിൽ കോടതി നടത്തിയത്. ജീവിതത്തിലേക്ക് പിന്നീടൊരിക്കലും തിരിച്ചുവരാനാവില്ലെന്ന് വൈദ്യശാസ്ത്രം പലവട്ടം ഉറപ്പാക്കുകയും,​ ജീവൻ മാത്രം ശേഷിക്കുന്ന ശരീരത്തിൽ ബോധത്തിന്റെ പ്രകാശം ഇനിയൊരിക്കലും തെളിയില്ലെന്ന് തീർച്ചയാവുകയും ചെയ്യുന്ന ഘട്ടങ്ങളിൽ വേദനകളില്ലാതെ,​ അന്തസോടെ മരിക്കുവാനുള്ള ഒരു പൗരന്റെ അവകാശമാണത്. ദയാവധം എന്ന വൈദ്യശാസ്ത്ര പ്രക്രിയയിൽ സത്യത്തിൽ സംഭവിക്കുന്നത് വധമല്ല,​ നിതാന്തവേദനകളിൽ നിന്ന് നിത്യമോചനം നല്കലാണ്. ജീവൻരക്ഷാ ഉപകരണങ്ങൾ ശരീരത്തിൽ നിന്ന് മാറ്റുന്ന 'പാസീവ് യൂത്തനേസിയ" മാത്രമാണ് രാജ്യത്ത് നിയമവിധേയം. മാരകമായ മരുന്നോ വിഷംതന്നെയോ കുത്തിവച്ച്,​ രോഗിയുടെ ജീവനെടുക്കുന്ന 'ആക്റ്റീവ് യൂത്തനേസിയ" ഇന്ത്യയിൽ അംഗീകരിക്കപ്പെട്ടിട്ടില്ല.

2018-ൽ സുപ്രീം കോടതി പരോക്ഷ ദയാവധം നിയമപരമാക്കുന്ന വിധി പുറപ്പെടുവിച്ചപ്പോൾത്തന്നെ അത് വലിയ ചർച്ചകൾക്കും,​ ഭിന്നാഭിപ്രായങ്ങൾക്കും വഴിവച്ചിരുന്നതാണ്. ദൈവം നല്കിയ ജീവൻ തിരിച്ചെടുക്കാൻ മനുഷ്യന് എന്ത് അധികാരമെന്നതായിരുന്നു,​ മതവിശ്വാസത്തിന് മനുഷ്യത്വത്തേക്കാൾ വിലയിടുന്ന വിഭാഗങ്ങളുടെ ചോദ്യം. വിശ്വാസത്തേക്കാൾ വലുതാണ് ചില ജീവിതവാസ്തവങ്ങൾ. വേദനയുടെ പേടകത്തിൽ നിത്യശിക്ഷയ്ക്കു വിധിക്കപ്പെട്ട് നരകാനുഭവം പേറി ഒരു ശരീരം എത്രനാൾ ജീവിക്കണം?​ പതിറ്റാണ്ടുകളോളം ആ ശരീരത്തെ സ്നേഹകാരുണ്യങ്ങളോടെ ചേർത്തുപിടിക്കുന്നവർ ഒരിക്കൽ ഇല്ലാതാകുമ്പോൾ എന്താണ് ആ ശരീരത്തിന്റെ അനന്തര വിധി?​ വിശ്വാസത്തിന് ഉത്തരമില്ലാതായിപ്പോകുന്ന ചോദ്യങ്ങളാണിത്. ഹരീഷ് റാണയുടെ പന്ത്രണ്ടു വർഷങ്ങളെക്കുറിച്ച് അറിയാവുന്നവരാരും,​ അയാളെ എന്തിന് മരണത്തിന്റെ ശാന്തിയിലേക്കു മോചിപ്പിച്ചു എന്നു ചോദിക്കില്ല; തീർച്ച. ഒന്നേയുള്ളൂ- ദയാവധം സംബന്ധിച്ച ഹർജികളിൽ കീഴ്‌വഴക്കങ്ങളില്ല. ഓരോ കേസും പ്രത്യേകമായിത്തന്നെ പരിഗണിച്ച്,​ നിയമം ദുരുപയോഗം ചെയ്യപ്പെടുന്നില്ലെന്ന് നീതിപീഠം ആവർത്തിച്ച് ഉറപ്പാക്കേണ്ടതുണ്ട്.

Follow Kerala Kaumudi on Google News Add as a preferred source on Google
TAGS: 1
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN OPINION
PHOTO GALLERY