SignIn
Kerala Kaumudi Online
Tuesday, 19 May 2026 7.17 AM IST

കനത്ത വേനലിൽ ജാഗ്രത വേണം

s

വേനൽ കനത്തതോടെ സംസ്ഥാന വ്യാപകമായി പകൽ സമയങ്ങളിൽ താപനില വളരെ കൂടിവരികയാണ്. വരും ദിവസങ്ങളിൽ ചൂട് ഇനിയും ഉയരുമെന്നാണ് കേന്ദ്ര കാലാവസ്ഥാ വകുപ്പ് നൽകുന്ന മുന്നറിയിപ്പ്. വേനൽ കടുക്കുമ്പോൾ സാധാരണഗതിയിൽ ഒരു വേനൽമഴയെങ്കിലും ലഭിക്കാറുണ്ട്. എന്നാൽ മഴയുടെ ഒരു ലക്ഷണവും ഇതുവരെ ഉണ്ടായിട്ടില്ല. പകൽ താപനില 40 ഡിഗ്രിക്ക് അടുത്തെത്തിയിരിക്കുകയാണ്. ഇതിനിടയിൽ ഒരു വേനൽമഴ കിട്ടിയില്ലെങ്കിൽ സ്ഥിതി കൂടുതൽ ഗുരുതരമാകും. തുടർച്ചയായി അൾട്രാവയലറ്റ് രശ്‌മികൾ ശരീരത്തിൽ ഏല്ക്കുന്നത് സൂര്യതാപത്തിനും ത്വക്ക് രോഗങ്ങൾക്കും ഇടയാക്കുമെന്നതിനാൽ ജനങ്ങൾ മുൻകരുതലും ജാഗ്രതയും പുലർത്തേണ്ടത് വളരെ ആവശ്യമാണ്. സൂര്യാഘാതം, നിർജ്ജലീകരണം തുടങ്ങിയ നിരവധി ഗുരുതരമായ ആരോഗ്യപ്രശ്നങ്ങൾക്ക് ഉയർന്ന ചൂടുള്ള കാലാവസ്ഥ ഇടയാക്കാം.

പൊതുവെ പറഞ്ഞാൽ ഗൾഫിലെ പ്രതിസന്ധിയും പാചകവാതക ക്ഷാമവും കനത്ത വേനലും എല്ലാം കൂടി കേരളം വളരെ മോശമായ ഒരു അവസ്ഥയിലൂടെയാണ് കടന്നുപോകുന്നത്. വേനൽ സമയത്ത് ഏറ്റവും കൂടുതൽ ശ്രദ്ധിക്കേണ്ടതും ഒഴിവാക്കേണ്ടതും തീപിടിത്തത്തിനുള്ള സാദ്ധ്യതകളാണ്. കുറ്റിക്കാടുകളിൽ അലക്ഷ്യമായി വലിച്ചെറിയപ്പെടുന്ന ഒരു തീപ്പെട്ടിക്കൊള്ളി പോലും വലിയ തീപിടിത്തത്തിനും നാശനഷ്ടങ്ങൾക്കും ഇടയാക്കാം. നഗരങ്ങളുടെയും പട്ടണങ്ങളുടെയും ഹൃദയഭാഗങ്ങളിൽത്തന്നെ പല പറമ്പുകളും വർഷങ്ങളായി മനുഷ്യസാന്നിദ്ധ്യമില്ലാതെ കാടുമൂടി കിടപ്പുള്ളത് സാധാരണ കാഴ്ചയാണ്. പലപ്പോഴും ഈ പറമ്പുകളുടെ ഉടമസ്ഥർ വിദേശത്തും അന്യസംസ്ഥാനങ്ങളിലുമായിരിക്കും. അവർക്ക് നോട്ടീസ് നൽകി പറമ്പ് വെട്ടിത്തെളിക്കുക എന്നത് നടക്കുന്ന കാര്യമല്ല. അതിനാൽ ഇത്തരം പറമ്പുകൾ ഉടമകളുടെ അനുമതിയോടെയോ അല്ലാതെയോ വെട്ടിത്തെളിച്ച് വൃത്തിയാക്കുന്നതിനുള്ള പ്രവൃത്തി കോർപറേഷനുകളും മറ്റ് തദ്ദേശ സ്ഥാപനങ്ങളും ഏറ്റെടുക്കേണ്ടതാണ്.

അതുപോലെ തന്നെ പഴയ കെട്ടിടങ്ങളിലും വ്യവസായ ശാലകളിലും സ്ഥാപനങ്ങളിലും ഫയർ ഓഡിറ്റ് നടത്താൻ ഉത്തരവാദപ്പെട്ടവർ നടപടിയെടുക്കേണ്ടതാണ്. വർഷങ്ങൾ പഴക്കമുള്ള വയറിംഗും മറ്റും സമയോചിതമായി മാറ്റാത്തതാണ് പലപ്പോഴും ഷോർട്ട് സർക്യൂട്ട് മൂലമുള്ള തീപിടിത്തങ്ങൾക്ക് ഇടയാക്കുന്നത്. വേനൽ കടുത്തതോടെ പലയിടത്തും കുടിവെള്ളക്ഷാമം രൂക്ഷമായിട്ടുണ്ട്. വേനൽമഴ ലഭിച്ചാൽപ്പോലും ഏപ്രിൽ, മേയ് മാസങ്ങളിൽ സാധാരണയിലും ചൂട് കൂടുതലാകാൻ തന്നെയാണ് സാദ്ധ്യത. മാർച്ചിൽ രാജ്യത്ത് ഏറ്റവും കൂടുതൽ താപനില രേഖപ്പെടുത്തിയേക്കാവുന്ന സംസ്ഥാനമായി ഒരുപക്ഷേ കേരളം മാറിയേക്കാം. വേനൽ മഴ എന്നു ലഭിക്കുമെന്ന് കൃത്യമായ ഔദ്യോഗിക വിശദീകരണമില്ലെങ്കിലും മാർച്ച് പകുതി കഴിയുന്നതോടെ ലഭിക്കുമെന്നാണ് കാലാവസ്ഥാ വിദഗ്ദ്ധർ പറയുന്നത്. കനത്ത ചൂടിന് പ്രധാന കാരണമായ എൽനിനോ പ്രതിഭാസം പസഫിക് സമുദ്രത്തിൽ തുടരുകയാണെന്നും അവർ പറയുന്നു.

ചൂടിനെ പ്രതിരോധിക്കാൻ പഴമക്കാർ പറഞ്ഞുതന്ന മാർഗം തന്നെയാണ് ഏറ്റവും പ്രധാനം. തിളപ്പിച്ചാറ്റിയ വെള്ളം ധാരാളം കുടിക്കുക എന്നതാണ് അത്. ശരീരത്തിലെ ജലാംശം കുറയുന്നത് പലവിധ ഉഷ്ണകാല രോഗങ്ങൾക്കും ഇടയാക്കും. പകൽ 11 മണിക്കും മൂന്നുമണിക്കും ഇടയിൽ സൂര്യപ്രകാശം നേരിട്ട് കൂടുതൽ സമയം തുടർച്ചയായി ഏൽക്കുന്നതും ഒഴിവാക്കേണ്ടതാണ്. നിർമ്മാണ തൊഴിലാളികളുടെ ജോലിസമയം ക്രമീകരിക്കാനുള്ള നടപടികൾ തൊഴിൽ വകുപ്പിന്റെ ഭാഗത്തുനിന്ന് ഉണ്ടാകേണ്ടതാണ്. മാർക്കറ്റുകൾ, പഴയ കെട്ടിടങ്ങൾ, മാലിന്യ ശേഖരണ- നിക്ഷേപ കേന്ദ്രങ്ങൾ തുടങ്ങിയ ഇടങ്ങളിൽ തീപിടിത്ത സാദ്ധ്യത ഒഴിവാക്കാനുള്ള മുൻകൂർ നടപടികളും ചെയ്യേണ്ടതാണ്. അസ്വസ്ഥതകൾ അനുഭവപ്പെട്ടാൽ ഉടനെ വൈദ്യസഹായം തേടുന്നതിനും പൊതുജനങ്ങൾ അമാന്തിക്കരുത്.

Follow Kerala Kaumudi on Google News Add as a preferred source on Google
TAGS: 1
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN OPINION
PHOTO GALLERY