SignIn
Kerala Kaumudi Online
Tuesday, 19 May 2026 12.42 AM IST

ഇറാൻ യുദ്ധവും സാമ്പത്തിക മാന്ദ്യവും

s

ഇറാനെതിരായ അമേരിക്ക, ഇസ്രയേൽ സംയുക്ത ആക്രമണവും ഇറാന്റെ പ്രത്യാക്രമണവും അവസാനമില്ലാതെ തുടർന്നാൽ ആഗോള സാമ്പത്തിക, ഊർജ്ജ വിപണികളുടെ താളംതെറ്റാനിടയാകും. കൂടാതെ,​ മേഖലയിലെ നാലര കോടിയോളം ജനങ്ങൾ പട്ടിണിയിലാവുമെന്നാണ് ഐക്യരാഷ്ട്ര സഭയുടെ ഭക്ഷ്യ പരിപാടിയുടെ ഉപമേധാവി കാൾ സ്കൗ നൽകുന്ന മുന്നറിയിപ്പ്. യുദ്ധം തുടങ്ങിയതിനു ശേഷം കപ്പൽ ഗതാഗത ചെലവ് മാത്രം 18 ശതമാനമാണ് വർദ്ധിച്ചത്. ഇത് അവസാനിക്കാതെ തുടർന്നാൽ അത് ലോകത്തെ എക്കാലത്തെയും വലിയ പട്ടിണി നിരക്കിലേക്ക് എത്തിക്കുമെന്നാണ് അന്താരാഷ്ട്ര വിദഗ്ദ്ധർ ഭയക്കുന്നത്.

ഫെബ്രുവരി 28-നാണ് ഇസ്രയേൽ ഇറാനെ ആക്രമിച്ചുകൊണ്ട് യുദ്ധം തുടങ്ങിയത്. അന്നു മുതൽ അസംസ്‌കൃത എണ്ണയുടെ വില ഉയരാനും തുടങ്ങി. ഗൾഫിലെ വിവിധ പെട്രോൾ സംഭരണികൾ ആക്രമിക്കപ്പെട്ടത് പെട്രോളിന്റെ ഉത്‌പാദനം തടസപ്പെടുത്തി. അതോടൊപ്പം, ഹോർമുസ് കടലിടുക്കു വഴി കടന്നുപോകുന്ന നിരവധി കപ്പലുകളെ ഇറാൻ ആക്രമിക്കുകയും തടയുകയും ചെയ്തു. ഗൾഫിൽ എണ്ണ ഉത്‌പാദിപ്പിച്ചാലും അത് കയറ്റി അയയ്ക്കാൻ കഴിയാത്ത സ്ഥിതിയുണ്ടായി. ലോകത്തെ എണ്ണ, പ്രകൃതിവാതക വിതരണത്തിന്റെ 20 ശതമാനവും ഹോർമുസ് കടലിടുക്ക് വഴിയാണ്. യുദ്ധം തുടങ്ങുമ്പോൾ ബ്രെന്റ് ക്രൂഡിന് 72 ഡോളർ എന്ന നിലയിലായിരുന്ന വില 108 ഡോളറായി ഉയർന്നിരിക്കുകയാണ്. അതുപോലെ പ്രകൃതിവാതകമായ എൽ.എൻ.ജിയുടെ വിലയിൽ 60 ശതമാനത്തോളം വർദ്ധനവാണ് ഉണ്ടായത്. കൂടാതെ, ഇന്ത്യ ഉൾപ്പെടെയുള്ള ഏഷ്യൻ രാജ്യങ്ങളിൽ പാചക വാതക ക്ഷാമം അതിരൂക്ഷമാവുകയും ചെയ്തിരിക്കുന്നു. അടുത്തത് പെട്രോളിന്റെയും ഡീസലിന്റെയും ക്ഷാമമായിരിക്കുമോ എന്ന ആശങ്കയും പരന്നിരിക്കുന്നു.

2024-ൽ ഹോർമുസ് കടലിടുക്കു വഴി കടന്നുപോയ അസംസ്‌കൃത എണ്ണയുടെ 84 ശതമാനവും എൽ.എൻ.ജിയുടെ 82 ശതമാനവും ഏഷ്യയിലേക്കാണ് പോയതെന്ന് ഇതു സംബന്ധിച്ച കണക്കുകൾ വ്യക്തമാക്കുന്നു. ചൈന, ഇന്ത്യ, ജപ്പാൻ, ദക്ഷിണ കൊറിയ എന്നീ രാജ്യങ്ങളാണ് ഇതിന്റെ 70 ശതമാനവും വാങ്ങിച്ചിരുന്നത്. യുദ്ധം അടുത്ത മാസത്തേക്കു കടന്നാൽ എണ്ണവില ബാരലിന് ഏകദേശം 130 ഡോളറിൽ എത്താമെന്നാണ് വിദഗ്ദ്ധർ സൂചിപ്പിക്കുന്നത്. ഇത് പശ്ചിമേഷ്യയൊട്ടാകെ എണ്ണ വില വർദ്ധനവിനും നാണയപ്പെരുപ്പത്തിനും വിലക്കയറ്റത്തിനും, അനന്തരഫലമായി സാമ്പത്തിക മാന്ദ്യത്തിനും ഇടയാക്കാം. ഇന്ധനത്തെ അമിതമായി ആശ്രയിക്കുന്ന രാജ്യങ്ങളുടെ ഇറക്കുമതിച്ചെലവ് വർദ്ധിക്കുന്നതിന് അനുസരിച്ച് അവരുടെ ആഭ്യന്തര സാമ്പത്തിക ഉത്‌പാദനക്ഷമത കുറയാൻ സാദ്ധ്യതയുണ്ട്. പെട്രോളിന്റെ വിലവർദ്ധന മാസാവസാനമാണ് വരുത്തുന്നത് എന്നതിനാൽ ഇന്ത്യയിലും ഏപ്രിലിൽ പെട്രോളിയം ഉത്‌പന്നങ്ങളുടെ വില ഉയർന്നേക്കാം.

കമ്പോഡിയ, ലാവോസ്, വിയറ്റ്‌നാം, പാകിസ്ഥാൻ തുടങ്ങിയ രാജ്യങ്ങളിൽ പെട്രോൾ വില നിലവിലുണ്ടായിരുന്നതിനേക്കാൾ അമ്പതു ശതമാനത്തോളം കൂടിയിരിക്കുകയാണ്. ഇന്ധന വില വർദ്ധന കാരണം പാകിസ്ഥാൻ സർക്കാർ ജീവനക്കാർക്ക് പ്രവൃത്തിദിനം ആഴ്ചയിൽ നാല് ദിവസമായി കുറച്ചിരിക്കുന്നു. ഇതു കൂടാതെ അമ്പതു ശതമാനം ജീവനക്കാരെ റൊട്ടേഷനിൽ വീട്ടിലിരുന്നത് ജോലിചെയ്യാനും അനുവദിച്ചിട്ടുണ്ട്. തായ്‌ലന്റിലും ശ്രീലങ്കയിലും സമാനമായ നിയന്ത്രണങ്ങൾ നിലവിൽ വന്നിട്ടുണ്ട്.

യുദ്ധം തുടങ്ങിയതു മുതൽ ലോക ഓഹരി വിപണികളിലും വലിയ ഇടിവാണ് സംഭവിച്ചിരിക്കുന്നത്. ഇതിൽത്തന്നെ ഏഷ്യൻ സ്റ്റോക്ക് വിപണികളെയാണ് ഏറ്റവും കൂടുതൽ ബാധിച്ചിട്ടുള്ളത്. യുദ്ധം നീണ്ടുനിന്നാൽ ആഗോള സമ്പദ്‌വ്യവസ്ഥ പണപ്പെരുപ്പ ഭീഷണിയിലാവുമെന്ന് ഇന്റർനാഷണൽ മോണിറ്ററി ഫണ്ട് മുന്നറിയിപ്പ് നൽകിയിട്ടുണ്ട്.

Follow Kerala Kaumudi on Google News Add as a preferred source on Google
TAGS: 1
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN OPINION
PHOTO GALLERY