SignIn
Kerala Kaumudi Online
Tuesday, 19 May 2026 7.18 AM IST

നിരത്തിൽ ചിന്തുന്ന യുവരക്തം

k

അപകടങ്ങൾ അപ്രതീക്ഷിതങ്ങളാണെങ്കിലും,​ അതിലേക്ക് വഴിവയ്ക്കുന്ന സാഹചര്യങ്ങളെക്കുറിച്ചും അപകട സാദ്ധ്യതയെക്കുറിച്ചും നമുക്ക് മുൻകൂട്ടി ചിന്തിക്കാവുന്നതേയുള്ളൂ. അഞ്ചുവർഷം മുമ്പു വരെയുള്ള അപകടങ്ങൾ പരിശോധിച്ചാൽ,​ നിരത്തുകളുടെ മോശം സ്ഥിതിയാണ് മിക്കപ്പോഴും അപകടത്തിന് കാരണമായിരുന്നതെന്നു കാണാം. എന്നാൽ സമീപകാലത്തായി,​ അനുദിനം വർദ്ധിക്കുന്ന വാഹനാപകടങ്ങളിൽ മുഖ്യവില്ലൻ അമിതവേഗമാണെന്ന് റോഡ് സുരക്ഷാ വിദഗ്ദ്ധർ തന്നെ വ്യക്തമാക്കുന്നു. യുവാക്കളാണ് അമിതവേഗത്തിന്റെ പ്രണയികൾ എന്നതുകൊണ്ടുതന്നെ,​ അപകടത്തിൽപ്പെടുന്നത് കൂടുതലും ഇരുചക്രവാഹനങ്ങളും,​ ജീവാപായം സംഭവിക്കുന്നത് ഇരുപതിനും ഇരുപത്തിനാലിനും ഇടയ്ക്ക് പ്രായമുള്ളവർക്കുമാണ്. അപകടങ്ങൾ വർദ്ധിക്കുമ്പോഴും അമിതവേഗം സൃഷ്ടിക്കുന്ന അപകടസാദ്ധ്യതകളെക്കുറിച്ച് യുവാക്കൾ ബോധവാന്മാരല്ലെന്നതാണ് ഏറ്റവും നിർഭാഗ്യകരം.

ഇക്കഴിഞ്ഞ ബുധനാഴ്ച പുലർച്ചെ രണ്ടരയോടെ താമരശേരി- കൊയിലാണ്ടി ദേശീയപാതയിൽ ഇലക്ട്രിക് സ്കൂട്ടർ വൈദ്യുതി പോസ്റ്റിലും മതിലിലും ഇടിച്ച് ജീവൻ നഷ്ടമായത് മലബാർ മെഡിക്കൽ കോളേജിലെ മൂന്ന് എം.ബി.ബി.എസ് വിദ്യാർത്ഥികൾക്കാണ്. സുഹൃത്തുക്കളുടെ വീട്ടിലെ നോമ്പുതുറ ചടങ്ങിൽ പങ്കെടുത്ത് മടങ്ങുകയായിരുന്നു ഇവർ. മരണമടഞ്ഞ രണ്ടുപേർക്ക് ഇരുപത് വയസ് വീതമേയുള്ളൂ. മൂന്നാമന് 23 വയസും. ഇലക്ട്രിക് സ്കൂട്ടറിൽ മൂന്നുപേർ ഒരുമിച്ച് പുലർച്ചെ രണ്ടരമണി സമയത്ത് വിജനമായ പാതയിലൂടെ യാത്രചെയ്യുമ്പോൾ വാഹനം ക്രമത്തിലധികം വേഗതയിലായിരുന്നെന്ന് ഊഹിക്കാവുന്നതേയുള്ളൂ. സ്കൂട്ടറിൽ ഏതെങ്കിലും വാഹനം ഇടിച്ചതുകൊണ്ടാണോ,​ അത് നിയന്ത്രണംവിട്ട് വൈദ്യുതി പോസ്റ്റിലിടിച്ചത് എന്ന് വ്യക്തമല്ല. എന്തായാലും,​ അപകടവിവരം ആരുടെയും ശ്രദ്ധയിൽപ്പെടാതെ ഈ യുവാക്കൾ ഒന്നരമണിക്കൂറിലധികമാണ് നിരത്തുവക്കിൽ രക്തംവാർന്നു കിടന്നത്. ഒടുവിൽ ഇവരെ ആശുപത്രിയിൽ എത്തിച്ചെങ്കിലും രക്ഷിക്കാനായതുമില്ല.

ഇക്കഴിഞ്ഞ തിങ്കളാഴ്ച തിരുവനന്തപുരം കിളിമാനൂരിൽ ഇരുപതും ഇരുപത്തിമൂന്നും വയസുള്ള സഹോദരങ്ങൾക്ക് ജീവൻ നഷ്ടമായത് ബൈക്ക് നിയന്ത്രണം വിട്ട് തെന്നി മറിഞ്ഞായിരുന്നു. തിരുവല്ലയിൽ ജർമ്മൻ ഭാഷ പഠിക്കുന്ന അനുജനെ ബസ് കയറ്റിവിടാൻ കിളിമാനൂർ കെ.എസ്.ആർ.ടി.സി ബസ് സ്റ്റാൻഡിലേക്ക് അതിവേഗത്തിൽ ബൈക്ക് ഓടിക്കുകയായിരുന്നു,​ മൂത്ത സഹോദരൻ. നിയന്ത്റണംവിട്ട് റോഡിൽ വീണ ബൈക്ക് ഇവരുമൊത്ത് റോഡിലൂടെ പത്തുമീറ്ററോളം തെന്നിയാണ്,​ വൈദ്യുതി പോസ്റ്റിലിടിച്ച് ഓടയിലേക്കു മറിഞ്ഞത്. ഇക്കഴിഞ്ഞ ഒരാഴ്ചയ്ക്കിടെ മാത്രം വിവിധ ജില്ലകളിലായുണ്ടായ ഇരുചക്ര വാഹന അപകടങ്ങിൽ മരണമടഞ്ഞത് പത്തോളം ചെറുപ്പക്കാരാണ്. ഈ അപകടങ്ങൾക്കെല്ലാം കാരണം അമിതവേഗമാണെന്നല്ല; പക്ഷേ,​ കൺമുന്നിൽ കാണുന്ന ഒരു അപകട സാദ്ധ്യതയിൽ നിന്ന് മനസാന്നിദ്ധ്യത്തോടെ ഒഴിഞ്ഞുമാറാൻ പോലും ഈ അമിതവേഗം കാരണം ഇവരിൽ പലർക്കും കഴിഞ്ഞിരുന്നില്ല.

ലക്ഷ്യസ്ഥാനത്ത് എത്തിച്ചേരാൻ വൈകുമെന്നതുകൊണ്ട് ഇരുചക്ര വാഹനങ്ങളിൽ അമിതവേഗം സ്വീകരിക്കുന്നവരുണ്ട്. വീട്ടിലേക്ക് മടങ്ങിയെത്തുവാനുള്ള ധൃതികാരണം വേഗത കൂട്ടുന്നവരുണ്ട്. ഇതൊന്നുമല്ലാതെ,​ ഒരു കാര്യവുമില്ലാതെ തന്നെ ഇരുചക്രവാഹനത്തെ റോഡിലൂടെ പറപ്പിക്കുന്നവരുമുണ്ട്. യാത്രകൾ കൃത്യസമയത്ത് പുറപ്പെടുക,​ നിശ്ചിത വേഗതയിൽ എത്രസമയംകൊണ്ട് ലക്ഷ്യസ്ഥാനത്ത് സുരക്ഷിതമായി എത്താനാവുമെന്ന് മനസിൽ ധാരണയുണ്ടായിരിക്കുക,​ വേഗത സംബന്ധിച്ചുള്ളവ ഉൾപ്പെടെ റോഡ് നിയമങ്ങൾ കർശനമായി പാലിക്കുക തുടങ്ങിയവയൊക്കെ പ്രധാനമാണ്. നിങ്ങൾ ശ്രദ്ധാപൂർവം വാഹമോടിച്ചാലും,​ എതിരെ വാഹനവുമായി അമിതവേഗത്തിൽ വരുന്നയാളുടെ അശ്രദ്ധ മതി നിങ്ങളുടെ കൂടി ജീവനെടുക്കാനെന്ന് ഓർമ്മ വേണം. അമിതവേഗതയിലാണെങ്കിൽ നിങ്ങൾക്ക് വാഹനത്തിന്മേലും,​ വാഹനത്തിന് റോഡിലുമുള്ള നിയന്ത്രണം നഷ്ടമാകുമെന്ന് മറക്കരുത്. നിയമങ്ങളുടെ കാര്യം പോകട്ടെ; സ്വന്തം ജീവന്റെ വിലയെക്കുറിച്ചും,​ വീട്ടിൽ അവരെ കാത്തിരിക്കുന്ന കുടുംബത്തിന്റെ ആധിയെക്കുറിച്ചുമെങ്കിലും വിചാരം വേണ്ടേ?​ അമിതവേഗം കാരണമുള്ള അപകടങ്ങൾ വർദ്ധിച്ചുവരുന്ന സാഹചര്യത്തിൽ അത് ഒരുക്കിവയ്ക്കുന്ന കെണികളെക്കുറിച്ച് യുവാക്കളിൽ ബോധവത്കരണത്തിനുള്ള ഒരു സമഗ്രശ്രമം ബന്ധപ്പെട്ട എല്ലാ സർക്കാർ വകുപ്പുകളുടെയും നേതൃത്വത്തിൽ അടിയന്തരമായി ഉണ്ടാകേണ്ടതാണ്.

Follow Kerala Kaumudi on Google News Add as a preferred source on Google
TAGS: 1
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN OPINION
PHOTO GALLERY