SignIn
Kerala Kaumudi Online
Tuesday, 19 May 2026 2.01 AM IST

വന്ദനമാർ ഇനി ഉണ്ടാകാതിരിക്കട്ടെ

ss

കേരളത്തിന്റെ മനസ്സാക്ഷിയെ ആഴത്തിൽ മുറിവേല്പിക്കുകയും തീരാനോവായി മാറുകയും ചെയ്ത സംഭവമാണ് ഡോ. വന്ദന കൊലക്കേസ്. ആതുരസേവന രംഗത്തേക്ക് ഏറെ പ്രതീക്ഷകളോടെയാണ് കോട്ടയം കടുത്തുരുത്തി കുറ്റിച്ചിറ നമ്പിച്ചിറ കാലയിൽ വീട്ടിൽ കെ.ജി. മോഹൻദാസിന്റെയും വസന്തകുമാരിയുടെയും ഏക മകളായ വന്ദന പ്രവേശിച്ചത്. സൗമ്യഭാവവും വിശ്രമരഹിതമായ സേവനവും ഈ മിടുക്കിയുടെ മുഖമുദ്ര‌കളായിരുന്നു. കുടവട്ടൂർ മാരൂർ ചെറുക്കരക്കോണം ശ്രീനിലയത്തിൽ സന്ദീപിന്റെ കൊടുംക്രൂരത അതെല്ലാം തകർത്തുകളഞ്ഞു. സംസ്ഥാനത്ത് ആശുപത്രിയിൽ ഡോക്ടർ കൊലചെയ്യപ്പെടുന്ന ‌ ആദ്യ സംഭവമാണിത്. പ്രതിയായ സന്ദീപിന് ജീവപര്യന്തവും ഒരു ലക്ഷം രൂപയുമാണ് സെഷൻസ് ജഡ്‌ജി പി.എൻ. വിനോദ് ശിക്ഷിച്ചത്. പ്രതിക്ക് വധശിക്ഷ നൽകണമെന്നാണ് വന്ദനയുടെ അമ്മ വസന്തകുമാരി വിധിയോട് പ്രതികരിച്ചത്. വിധിക്കെതിരെ അപ്പീൽ നൽകുമെന്ന് പ്രോസിക്യൂഷൻ അറിയിച്ചിട്ടുണ്ട്. പ്രതിക്ക് പരമാവധി ശിക്ഷ കിട്ടണമെന്നാണ് രക്ഷിതാക്കളെപ്പോലെ പൊതുസമൂഹവും ആഗ്രഹിക്കുന്നത്.

2023 മേയ് 10ന് പുലർച്ചെ താൻ അപകടത്തിൽപ്പെട്ടെന്നും രക്ഷിക്കണമെന്നും ആവശ്യപ്പെട്ട് സന്ദീപ് കൊല്ലം റൂറൽ പൊലീസ് കൺട്രോൾ റൂമിൽ ഫോണിൽ വിളിച്ചു. പൂയപ്പള്ളി പൊലീസ് സ്ഥലത്തെത്തുമ്പോൾ സന്ദീപ് വടിയുമായി അയൽവീടിന്റെ പരിസരത്തു നിൽക്കുകയായിരുന്നു. കാലിൽ മുറിവേറ്റതിനാൽ ആശുപത്രിയിലെത്തിക്കാൻ ഇയാൾ ആവശ്യപ്പെട്ടു. ബന്ധുവായ രാജേന്ദ്രൻപിള്ള, പൊതുപ്രവർത്തകനായ ബിനു എന്നിവരെയും കൂട്ടിയാണ് പൊലീസ് ഇയാളെ കൊട്ടാരക്കര താലൂക്ക് ആശുപത്രിയിലെത്തിച്ചത്. അപ്പോഴേക്കും ഇയാളുടെ ഭാവം മാറി. അക്രമാസക്തനായി കൂടെ വന്ന ബിനു, രാജേന്ദ്രൻപിള്ള, എയ്‌ഡ് പോസ്റ്റിലെ എ.എസ്.ഐ മണിലാൽ, പൂയപ്പള്ളി സ്റ്റേഷനിലെ നൈറ്റ് ഓഫീസർ ബേബിമോഹൻ, ഹോംഗാർഡ് അലക്സ്, ആംബുലൻസ് ഡ്രൈവർ രാജേഷ് എന്നിവരെ ആദ്യം ആക്രമിച്ചു. പിന്നീടാണ് ഉറക്കമിളച്ച് ആതുരസേവനം അർപ്പണബോധത്തോടെ തുടരുകയായിരുന്ന ഡോ. വന്ദനയെ ആക്രമിച്ച് കൊലപ്പെടുത്തിയത്.

അക്രമാസക്തനായ ഇയാൾ ഒബ്‌സർവേഷൻ റൂമിൽ നിന്ന് കൈക്കലാക്കിയ കത്രിക കൊണ്ട് ഡോ. വന്ദനദാസിന്റെ കഴുത്തിലും മുഖത്തും തലയിലും കുത്തുകയായിരുന്നു. നിലത്തുവീണ ഡോക്ടറെ ദേഹത്തു കയറിയിരുന്ന് പിൻകഴുത്തിലും കുത്തി. മാരകമായി മുറിവേറ്റ വന്ദനയെ ആദ്യം കൊട്ടാരക്കരയിലെ സ്വകാര്യ ആശുപത്രിയിലും പിന്നീട് തിരുവനന്തപുരത്തെ സ്വകാര്യ ആശുപത്രിയിലും പ്രവേശിപ്പിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. മീയണ്ണൂർ അസീസിയ മെഡിക്കൽ കോളേജിലെ എം.ബി.ബി.എസ് പഠനത്തിന്റെ ഭാഗമായാണ് വന്ദന കൊട്ടാരക്കര താലൂക്ക് ആശുപത്രിയിലെത്തിയത്.

കേസിൽ നിന്നു രക്ഷപ്പെടാൻ മാനസിക രോഗമുള്ളവരെ പോലെ പെരുമാറി സ്‌കിസോഫ്രീനിയ ഉണ്ടെന്ന മെഡിക്കൽ റിപ്പോർട്ട് പ്രതി സന്ദീപ് സംഘടിപ്പിച്ചിരുന്നു. എന്നാൽ പിടിയിലായതിന് പിന്നാലെ നടത്തിയ രണ്ടു മെഡിക്കൽ പരിശോധനകളിലും മാനസിക പ്രശ്നങ്ങളില്ലെന്നായിരുന്നു റിപ്പോർട്ട്.

കൊല്ലം റൂറൽ ക്രൈംബ്രാഞ്ച് ഡിവൈ.എസ്.പിയായിരുന്ന എം.എം. ജോസാണ് കുറ്റപത്രം സമർപ്പിച്ചത്. പ്രോസിക്യൂഷൻ 70 സാക്ഷികൾക്കൊപ്പം 207 രേഖകളും 23 തൊണ്ടിവസ്തുക്കളും ഹാജരാക്കി. പ്രതിഭാഗം മൂന്നു സാക്ഷികളെയാണ് ഹാജരാക്കിയത്. പ്രോസിക്യൂഷനുവേണ്ടി സ്‌പെഷ്യൽ പബ്ളിക് പ്രോസിക്യൂട്ടർ അഡ്വ. ശ്രീദേവി പ്രതാപ്, അഡ്വ. ശില്പ ശിവൻ, അഡ്വ. ഹരീഷ്‌ കാട്ടൂർ, അഡ്വ. മഹേശ്വർ പടിക്കൽ, നീരജ ഷാജി എന്നിവർ ഹാജരായി. പ്രതി സന്ദീപ് കേസിൽ നിന്ന് എങ്ങനെയെങ്കിലും രക്ഷപ്പെടാൻ പലതരം കുതന്ത്രങ്ങൾ പയറ്റിയെങ്കിലും നീതിദേവതയുടെ മുന്നിൽ പരാജയപ്പെട്ടു. ആതുരസേവനം നടത്തുന്നവരെ ദൈവതുല്യരായാണ് ജനങ്ങൾ കാണുന്നത്. ആ വിശ്വാസത്തിന്റെ കടയ്ക്കൽ കത്തിവയ്ക്കുന്ന സംഭവങ്ങൾ ഇനിയുണ്ടാകാതിരിക്കാൻ എല്ലാവരും ജാഗ്രത പുലർത്തണം.

Follow Kerala Kaumudi on Google News Add as a preferred source on Google
TAGS: 1
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN OPINION
PHOTO GALLERY