SignIn
Kerala Kaumudi Online
Tuesday, 19 May 2026 2.05 AM IST

വിമാനയാത്രാ നിരക്ക് കുതിച്ചുയരുമോ?

a

കഴിഞ്ഞ ഡിസംബറിൽ ഇൻഡിഗോ വിമാന സർവീസുകളിലുണ്ടായ അപ്രതീക്ഷിത പ്രതിസന്ധിയെത്തുടർന്ന് ആഭ്യന്തര വിമാനയാത്രാ നിരക്കിൽ വൻ വർദ്ധന സംഭവിച്ചിരുന്നു. സാധാരണ നിരക്കിന്റെ രണ്ടും മൂന്നും ഇരട്ടിയായാണ് ടിക്കറ്റ് നിരക്ക് വർദ്ധിച്ചത്. തുടർന്നാണ് ആഭ്യന്തര വിമാന ടിക്കറ്റ് നിരക്കുകൾ പരമാവധി എത്രവരെ ഉയർത്താമെന്നതിന് കേന്ദ്രം പരിധി ഏർപ്പെടുത്തിയത്. ഈ നിയന്ത്രണം ഇപ്പോൾ പിൻവലിച്ചിരിക്കുകയാണ്. ഇതൊരു അവസരമായിക്കണ്ട് ആഭ്യന്തര വിമാന യാത്രാനിരക്ക് ഇഷ്ടംപോലെ കൂട്ടാൻ വിമാനക്കമ്പനികൾ തുനിയരുത്. നിയന്ത്രണം നീങ്ങിയതോടെ,​ യാത്രക്കാരുടെ തിരക്ക് കൂടുന്നതനുസരിച്ച് ടിക്കറ്റ് നിരക്ക് നിശ്ചയിക്കാനാവും. ഇന്ധന വില കൂടിയില്ലെങ്കിൽത്തന്നെ എല്ലാ അവധിക്കാലത്തും വിമാനക്കമ്പനികൾ ടിക്കറ്റ് നിരക്ക് ഉയർത്താറുള്ളതാണ്.

പശ്ചിമേഷ്യൻ സംഘർഷത്തെത്തുടർന്ന് വിമാനക്കമ്പനികളുടെ വരുമാനം കുറഞ്ഞത് അവരെ പ്രതിസന്ധിയിലാക്കിയിട്ടുണ്ട്. ഇതിന്റെ പ്രതിഫലനം പുതിയ ടിക്കറ്റ് നിരക്കിൽ ഉണ്ടാകുമോ എന്ന് വിമാന യാത്രക്കാർ ഉറ്റുനോക്കുന്നുണ്ട്. വിമാനക്കൂലി അനിയന്ത്രിതമായി ഉയർത്തിയാൽ അത് ഏറ്റവും വലിയ തിരിച്ചടിയാവുന്നത് ടൂറിസം മേഖലയ്ക്കാവും. ഉത്തരേന്ത്യയിൽ നിന്ന് ദക്ഷിണേന്ത്യയിലേക്കും തിരിച്ചും നൂറുകണക്കിന് ആഭ്യന്തര ടൂറിസ്റ്റുകൾ സഞ്ചരിക്കുന്ന വേളയാണ് അവധിക്കാലം. ടിക്കറ്റ് നിരക്ക് വർദ്ധിപ്പിച്ചാൽ പല മദ്ധ്യവർത്തി കുടുംബങ്ങളും അവധിക്കാല യാത്ര വേണ്ടെന്നു വയ്ക്കുകയോ,​ യാത്ര സമീപസ്ഥലങ്ങളിലേക്ക് പരിമിതപ്പെടുത്തുകയോ ചെയ്യും. അനിയന്ത്രിതമായി ചാർജ് കൂട്ടിയാൽ വീണ്ടും നിയന്ത്രണം കൊണ്ടുവരുമെന്ന് കേന്ദ്രം പുറത്തിറക്കിയ ഉത്തരവിൽ പറഞ്ഞിട്ടുള്ളതു മാത്രമാണ് ഒരു ആശ്വാസം. അതിനാൽ ഇൻഡിഗോ പ്രതിസന്ധിക്കാലത്തെപ്പോലെ ടിക്കറ്റ് നിരക്ക് ക്രമാതീതമായി ഉയർത്താൻ കഴിയില്ല. അന്ന് ആഭ്യന്തര സർവീസുകൾക്ക് പരമാവധി 18,000 എന്ന പരിധിയാണ് സർക്കാർ കൊണ്ടുവന്നത്.

കഴിഞ്ഞ ഡിസംബറിലെ സാഹചര്യമല്ല ഇപ്പോൾ നിലവിലുള്ളത്. ഇന്ധന വിലയിൽ അടുത്ത മാസം മുതൽ വൻ വർദ്ധനവിന് സാദ്ധ്യത നിലനിൽക്കുകയാണ്. എല്ലാ മാസവും ഒന്നാം തീയതിയാണ് നിരക്ക് നിശ്ചയിക്കുന്നത്. പശ്ചിമേഷ്യൻ സംഘർഷത്തിന്റെ പശ്ചാത്തലത്തിൽ ഇന്ധന വിലയിൽ മാറ്റമുണ്ടായേക്കുമെന്ന് കേന്ദ്ര വ്യോമയാനമന്ത്രി കെ. റാംമോഹൻ നായിഡു വ്യക്തമാക്കിയതിൽ നിന്നുതന്നെ ആഭ്യന്തര വിമാന യാത്രാനിരക്ക് ഉയർന്നേക്കുമെന്ന് അനുമാനിക്കാവുന്നതാണ്. അതേസമയം യാത്രക്കാരെ ചൂഷണം ചെയ്യുന്ന രീതിയിൽ നിരക്കുവർദ്ധന ഉണ്ടായാൽ കർശന നടപടി വരുമെന്ന് കേന്ദ്ര വ്യോമയാന മന്ത്രാലയം മുന്നറിയിപ്പ് നൽകിയിട്ടുണ്ട്. നിരക്കുകളുടെ സ്ഥിതി തത്സമയം നിരീക്ഷിക്കുമെന്നും വ്യക്തമാക്കിയിരിക്കുകയാണ്.

ടിക്കറ്റ് നിരക്കിൽ ഏർപ്പെടുത്തിയിരുന്ന നിയന്ത്രണം വിമാന ഇന്ധന വില വർദ്ധനയെത്തുടർന്ന് എടുത്തുകളയാൻ ഫെഡറേഷൻ ഒഫ് ഇന്ത്യൻ എയർലൈൻസ് കേന്ദ്ര സർക്കാരിന് കത്തെഴുതിയതിന്റെ അടിസ്ഥാനത്തിലാണ് നിയന്ത്രണം പിൻവലിച്ചിരിക്കുന്നത്. ഗൾഫിലെ സംഘർഷത്തെത്തുടർന്ന് ഇന്ത്യയിൽ നിന്ന് വിവിധ രാഷ്ട്രങ്ങളിലേക്കുള്ള വിമാന ടിക്കറ്റ് നിരക്കിലും വൻ വർദ്ധനയാണ് വന്നിരിക്കുന്നത്. ഇരട്ടിയിലധികമാണ് പല വിമാനക്കമ്പനികളും ഇപ്പോൾ ഈടാക്കുന്നത്. കുവൈറ്റ്, ഖത്തർ, ബഹ്‌റിൻ തുടങ്ങിയ രാജ്യങ്ങൾ കേന്ദ്രീകരിച്ചുള്ള സർവീസുകൾക്കാണ് ടിക്കറ്റ് നിരക്ക് ഗണ്യമായി വർദ്ധിച്ചിരിക്കുന്നത്. നേരത്തെ 10,000 മുതൽ 15,000 രൂപ വരെയുണ്ടായിരുന്ന ടിക്കറ്റുകൾക്ക് ഇപ്പോൾ 25,000 മുതൽ 30,000 രൂപ വരെ നൽകേണ്ടിവരുന്നു. തിരിച്ച് ഗൾഫിൽ നിന്ന് നാട്ടിലേക്കുള്ള ടിക്കറ്റ് നിരക്കും ഇതേ തോതിൽ കൂട്ടിയിട്ടുണ്ട്. അവധിക്കാലത്ത് കുടുംബവുമായി എത്തുന്നവർക്ക് വിമാന ടിക്കറ്റ് ചാർജ് ഇനത്തിൽ വലിയൊരു തുക തന്നെ മാറ്റിവയ്ക്കേണ്ടിവരും.

Follow Kerala Kaumudi on Google News Add as a preferred source on Google
TAGS: 1
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN OPINION
PHOTO GALLERY