SignIn
Kerala Kaumudi Online
Tuesday, 19 May 2026 2.01 AM IST

മനുഷ്യക്കടത്തുകൾ തടയപ്പെടണം

ss

കുട്ടികളെ കാണാതാകുന്ന കേസുകളുടെ എണ്ണം രാജ്യത്ത് വർദ്ധിക്കുന്ന സാഹചര്യത്തിൽ എല്ലാ സംസ്ഥാനങ്ങളിലും കേന്ദ്രഭരണ പ്രദേശങ്ങളിലും ഏകീകൃത ചട്ടം നടപ്പാക്കണമെന്ന് സുപ്രീംകോടതി നിർദ്ദേശിച്ചിരിക്കുന്നു. 2011-ൽ കാണാതായ ചില കുട്ടികളെ സംബന്ധിച്ച കേസ് പരിഗണിക്കവേയാണ് ജസ്റ്റിസുമാരായ അഹ്‌സാനുദ്ദീൻ അമാനുല്ലയും ആർ. മഹാദേവനും അടങ്ങിയ ബെഞ്ച് ഏകീകൃത സ്റ്റാൻഡേർഡ് ഓപ്പറേറ്റിംഗ് നടപടിക്രമം (എസ്.ഒ.പി) നടപ്പിലാക്കണമെന്ന് ആവശ്യപ്പെട്ടത്. അക്കാഡമിക് സൂത്രവാക്യങ്ങളേക്കാൾ പ്രായോഗിക തന്ത്രമാണ് മനുഷ്യക്കടത്ത് കേസുകളിൽ പ്രയോഗിക്കേണ്ടതെന്നും കോടതി ചൂണ്ടിക്കാട്ടി. കേരളത്തിലെ കണക്കുകൾ പരിശോധിച്ചാൽ ഓരോ വർഷം കഴിയുന്തോറും കാണാതാകുന്നവരുടെ എണ്ണം കൂടിവരികയാണെന്ന് മനസ്സിലാക്കാം. ഇവർ എങ്ങോട്ടു പോകുന്നു,​ ഇവരെ ലഹരിക്കടത്തിനും രാജ്യദ്രോഹ പ്രവർത്തനങ്ങൾക്കും വേണ്ടി ഉപയോഗിക്കുന്നുണ്ടോ,​ ഇതിനു പിന്നിൽ സംഘടിതശക്തികൾ പ്രവർത്തിക്കുന്നുണ്ടോ തുടങ്ങിയ ഗുരുതരമായ ചോദ്യങ്ങൾ ഇനിയും ഉത്തരം കിട്ടാതെ അവശേഷിക്കുകയാണ്.

കേരള പൊലീസ് പുറത്തുവിട്ട കണക്കുകൾ പ്രകാരം 2020-ൽ 8700 കേസുകളാണ് കാണാതായവരുമായി ബന്ധപ്പെട്ട് റിപ്പോർട്ട് ചെയ്യപ്പെട്ടിട്ടുള്ളത്. 2024-ൽ എത്തിയപ്പോൾ അത് 12,000 ആയി. കഴിഞ്ഞ അഞ്ചു വർഷത്തിനിടയിലെ ഏറ്റവും ഉയർന്ന നിരക്കാണിത്. 2025-ലെ താത്‌കാലിക കണക്കു പ്രകാരം 11,139 കേസുകളാണ് രജിസ്റ്റർ ചെയ്തിരിക്കുന്നത്. പലരെയും കാണാതാകുന്നതിനു പിന്നിൽ പ്രധാനമായും സാമ്പത്തികവും സാമൂഹ്യവുമായ വിഷയങ്ങളാണ് ചൂണ്ടിക്കാണിക്കപ്പെടുന്നത്. സാമ്പത്തിക പ്രയാസം കാരണം പലരും കുടുംബം ഉപേക്ഷിച്ച് പോകുന്നതായാണ് പരാതികൾ പരിശോധിക്കുമ്പോൾ വ്യക്തമാകുന്നത്. എന്നാൽ കുട്ടികളെ കാണാതാകുന്നത് ഇത്തരം കാരണങ്ങളാലല്ല. സാമ്പത്തിക പ്രലോഭനങ്ങൾക്കു വഴങ്ങി കുട്ടികളെ വിട്ടുകൊടുക്കുന്നവരുടെ എണ്ണം വളരെ കുറവാണ്. സ്വമേധയാ വീട്ടിൽ നിന്ന് ഇറങ്ങിപ്പോകുന്ന കുട്ടികളെ പലപ്പോഴും പൊലീസ് അന്വേഷിച്ച് കണ്ടെത്താറുണ്ട്. എന്നാൽ ചില ഗൂഢസംഘങ്ങളുടെ പ്രേരണയാൽ കുട്ടികൾ അപ്രത്യക്ഷരാകുന്ന സംഭവങ്ങളും റിപ്പോർട്ട് ചെയ്യപ്പെട്ടിട്ടുണ്ട്.

ഇത്തരം കേസുകൾ അന്വേഷിക്കുന്നതിന് പ്രത്യേക ശ്രദ്ധ പലപ്പോഴും നൽകപ്പെടാറില്ല. മാത്രമല്ല,​ വിവിധ സംസ്ഥാനങ്ങളിൽ മനുഷ്യക്കടത്തുമായി ബന്ധപ്പെട്ട് വ്യത്യസ്ത നിയമങ്ങൾ നിലനിൽക്കുന്നത് അന്വേഷണങ്ങൾക്ക് വിഘാതം സൃഷ്ടിക്കുകയും ചെയ്യുന്നുണ്ട്. ഈ പശ്ചാത്തലത്തിലാണ് പരാതി ലഭിച്ചാലുടൻ,​ അന്വേഷണം നടക്കുന്നുണ്ടെന്ന് ഉറപ്പാക്കുന്ന നിയമത്തിന്റെ ചട്ടക്കൂട് രൂപീകരിക്കണമെന്ന് ഉന്നത കോടതി ആവശ്യപ്പെട്ടിരിക്കുന്നത്.

സംസ്ഥാനത്ത് കാണാതാകുന്നവരുടെ കൂട്ടത്തിൽ കുട്ടികളെ കൂടാതെ സ്‌ത്രീകളും ഉൾപ്പെടുന്നു. പ്രണയബന്ധങ്ങൾ, കുടുംബപ്രശ്നങ്ങൾ എന്നിവയും തിരോധാനങ്ങൾക്ക് കാരണമാകാറുണ്ട്. കാണാതാകുന്നവരിൽ ഒരു ചെറിയ ന്യൂനപക്ഷം പ്രത്യേകിച്ച് അന്വേഷണമൊന്നും കൂടാതെ തിരിച്ചെത്താറുമുണ്ട്. ബാലവേലകൾക്കായും അനാഥാലയങ്ങളിൽ അംഗസംഖ്യ തികയ്ക്കാനും മറ്റുമായി മറ്റ് സംസ്ഥാനങ്ങളിൽ നിന്ന് ഇവിടേയ്ക്കും ഇവിടെ നിന്ന് തിരിച്ചും മനുഷ്യക്കടത്തുകൾ നടക്കാറുണ്ട്.

മനുഷ്യക്കടത്ത് വിഷയം കൂടുതൽ ഗൗരവമായി ഓരോ സർക്കാരും സമീപിക്കേണ്ടതാണ് എന്നത് ചൂണ്ടിക്കാണിക്കുന്നതാണ് സുപ്രീംകോടതിയുടെ ഇടപെടൽ. മനുഷ്യക്കടത്ത് വിഷയങ്ങളിൽ സമയം വളരെ പ്രധാനമാണ്. പരാതി ലഭിച്ചാലുടൻ പൊലീസ് നടപടിയെടുക്കണം. അതുപോലെ,​ കാണാതാകുന്ന സംഭവങ്ങളിൽ ഉടൻതന്നെ പരാതി നൽകാൻ ബന്ധുക്കളും ശ്രദ്ധിക്കേണ്ടതാണ്. അന്വേഷണത്തിന് സമയപരിധി കണക്കാക്കി മാർഗനിർദ്ദേശങ്ങൾ തയ്യാറാക്കാനാണ് സുപ്രീംകോടതി കേന്ദ്ര സർക്കാരിനോട് ആവശ്യപ്പെട്ടിരിക്കുന്നത്. ഇത് സംബന്ധിച്ച ഡൽഹി സർക്കാരിന്റെ നിർദ്ദേശങ്ങൾ കേന്ദ്രത്തിനും മറ്റ് സംസ്ഥാനങ്ങൾക്കും പരിശോധിക്കാവുന്നതാണെന്നും കോടതി അഭിപ്രായപ്പെട്ടിട്ടുണ്ട്. മനുഷ്യക്കടത്ത് തടയാൻ രാജ്യത്ത് ഏകീകൃത ചട്ടം വേണമെന്ന് ‌ ഈ രംഗത്ത് പ്രവർത്തിക്കുന്ന ഏജൻസികളും മനുഷ്യാവകാശ പ്രവർത്തകരും പലതവണ കേന്ദ്രത്തോട് ആവശ്യപ്പെട്ടിരുന്നതുമാണ്.

Follow Kerala Kaumudi on Google News Add as a preferred source on Google
TAGS: 1
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN OPINION
PHOTO GALLERY