SignIn
Kerala Kaumudi Online
Tuesday, 19 May 2026 12.41 AM IST

നാലാം നാൾ മടങ്ങിവരവ്

s

കർണാടകയിലെ കുടകിൽ ട്രെക്കിംഗിനിടെ കൊടുംവനത്തിൽ കുടുങ്ങിയ ശരണ്യയെ നാലാം ദിനം രക്ഷപ്പെടുത്താനായത് അതിജീവനത്തിന്റെ പുതിയൊരു അദ്ധ്യായം രചിക്കുന്നതും കാത്തിരുന്ന വീട്ടുകാർക്കും നാട്ടുകാർക്കും മനം നിറയെ സന്തോഷം പകർന്നതുമായ അപൂർവ സംഭവമാണ്. ശരണ്യയെ തെരയുന്നതിനായി ഇറങ്ങിത്തിരിച്ച കർണാടകയിലെയും കേരളത്തിലെയും ദൗത്യസംഘങ്ങളും നാട്ടുകാരായ ചെറുപ്പക്കാരും വനംവകുപ്പ് ഉദ്യോഗസ്ഥരും പൊലീസ് ഉദ്യോഗസ്ഥരുമെല്ലാം ഒരുപോലെ അഭിനന്ദനം അർഹിക്കുന്നു. അതുപോലെ തന്നെ ഇത്തരം സംഭവങ്ങൾ ഭാവിയിൽ നാം കരുതേണ്ട നിരവധി പാഠങ്ങൾ പകർന്നു നൽകുന്നതു കൂടിയാണ്. അരലിറ്റർ വെള്ളവും ഓഫായിപ്പോയ സെൽഫോണുമായി ശരണ്യ കാട്ടിൽ അലഞ്ഞത് നാല് ദിനരാത്രങ്ങളാണ്. ഇതിനിടയിലും ഇച്ഛാശക്തി കൈവിടാതെ ദൗത്യസംഘത്തിന്റെ ശ്രദ്ധയാകർഷിക്കുന്നതിനായുള്ള സൂചനകൾ നൽകാൻ ശരണ്യയ്ക്ക് കഴിഞ്ഞതു കൂടിയാണ് നാലാം നാൾ ദൗത്യം വിജയിക്കാനിടയാക്കിയത്.

ശരണ്യയെ കാത്തിരുന്ന വീട്ടുകാർക്കൊപ്പം നാട്ടുകാരും പ്രതീക്ഷ കൈവിടാതെ ശുഭവാർത്തയ്ക്കായി പ്രാർത്ഥിച്ചത് സഫലമായതിന്റെ സന്തോഷത്തിലാണ്. കോഴിക്കോട് നാദാപുരം സ്വദേശിയും സോഫ്‌റ്റ്‌വെയർ എൻജിനിയറുമായ ജി.എസ്. ശരണ്യ എന്ന മുപ്പത്തിയാറുകാരി ഏപ്രിൽ രണ്ടിനാണ് മടിക്കേരിയിൽ നിന്നുള്ള ട്രെക്കിംഗിനിടെ വഴി തെറ്റിയത്. ഉടൻതന്നെ അവർ താമസിച്ചിരുന്ന ഹോംസ്റ്റേയിൽ വിവരമറിയിച്ചതാണ് ശരണ്യ വഴിതെറ്റിയ സ്ഥലത്തെക്കുറിച്ചുള്ള ഏകദേശ ഊഹം രക്ഷാപ്രവർത്തകർക്ക് നൽകിയത്. വഴിതെറ്റിയതായി സന്ദേശം അയച്ച സ്ഥലത്തുനിന്ന് നാലര കിലോമീറ്റർ ഉൾക്കാട്ടിലെ പാറപ്പുറത്താണ് രക്ഷാപ്രവർത്തകർ ശരണ്യയെ കണ്ടെത്തിയത്. വന്യമൃഗങ്ങളുടെ വിഹാരകേന്ദ്രമാണ് ഇവിടെ. ഇവിടെ നിന്നാണ് ഒരു പോറലുമേൽക്കാതെ ശരണ്യയ്ക്ക് മടങ്ങാനായത് എന്നതിനെ ഭാഗ്യാതിരേകമെന്നല്ലാതെ മറ്റൊന്നും പറയാനാകില്ല.

അരുവി ഒഴുകുന്ന വഴി നോക്കി നടന്നും രാത്രി പാറപ്പുറത്ത് കിടന്നുറങ്ങിയുമാണ് മനോധൈര്യം കൈവിടാതെ കഴിഞ്ഞതെന്നാണ് പുറത്തെത്തിയ ശരണ്യ പറഞ്ഞത്. ഡ്രോണുകളുടെ ശ്രദ്ധയിൽപ്പെടാനായി തുറന്ന സ്ഥലത്ത് ചെലവഴിക്കുകയും ഇടയ്ക്ക് കൂകി വിളിക്കുകയും ചെയ്തിരുന്നു. ഈ ശബ്ദമാണ് ശരണ്യയെ കണ്ടെത്താൻ ദൗത്യസംഘങ്ങളെ തുണച്ചത്. നാലുദിവസം വെള്ളം മാത്രമേ കുടിച്ചുള്ളൂവെങ്കിലും കാര്യമായ ആരോഗ്യപ്രശ്നങ്ങളൊന്നുമില്ലാതെയാണ് ശരണ്യ പുറത്തേക്കു വന്നത്. വർഷങ്ങളായുളള ട്രെക്കിംഗ് പരിചയവും മനോബലവുമാണ് ശരണ്യയെ സഹായിച്ചത്. മുൻപരിയമില്ലാത്ത കാടുകളിൽ ഒറ്റയ്ക്കുള്ള ട്രെക്കിംഗ് അപകടകരമാണന്ന മുന്നറിയിപ്പ് കൂടിയാണ് ഈ സംഭവം നൽകുന്നത്. തുടക്കത്തിൽ ഒറ്റയ്ക്ക് ട്രെക്കിംഗിനു പോകണമെന്ന് ശരണ്യ പറഞ്ഞെങ്കിലും വനം വകുപ്പ് അധികൃതർ അതനുവദിക്കാതെ പതിനഞ്ചംഗ സംഘത്തിനൊപ്പമാണ് വിട്ടത്. ഈ സംഘത്തിൽ ഒരു ഗൈഡും ഉണ്ടായിരുന്നു. ഒരുമണിക്കൂറിനകം ശരണ്യയെ കാണാതാവുകയായിരുന്നുവെന്നാണ് മടങ്ങിവന്ന സംഘാംഗങ്ങൾ പറഞ്ഞത്.

ശരണ്യയെ കണ്ടെത്താൻ ഉന്നത തലത്തിൽ നിന്നുള്ള ഇടപെടൽ ഉണ്ടായതും എടുത്തുപറയേണ്ടതാണ്. മുഖ്യമന്ത്രി പിണറായി വിജയൻ കർണാടക മുഖ്യമന്ത്രി സിദ്ധരാമയ്യയ്ക്ക് കത്തയച്ചിരുന്നു. ഇതു കൂടാതെ എ.ഐ.സി.സി ജനറൽ സെക്രട്ടറി കെ.സി. വേണുഗോപാൽ കർണാടക മുഖ്യമന്ത്രിയെയും വനം വകുപ്പ് മന്ത്രിയെയും ബന്ധപ്പെടുകയും തെരച്ചിൽ ഊർജ്ജിതമാക്കാൻ എല്ലാവിധ സൗകര്യങ്ങളും ഉപയോഗിക്കണമെന്ന് ആവശ്യപ്പെടുകയും ചെയ്തിരുന്നു. ശരണ്യയുടെ കുടുംബാംഗങ്ങൾ കർണാടക ഉപമുഖ്യമന്ത്രി ഡി.കെ. ശിവകുമാറിനെ നേരിൽക്കണ്ടും സഹായം അഭ്യർത്ഥിച്ചിരുന്നു. ഈ സംഭവത്തിന്റെ പശ്ചാത്തലത്തിൽ, ഒറ്റയ്ക്കുള്ള ട്രെക്കിംഗ് അനുവദിക്കില്ലെന്ന കടുത്ത നിലപാട് എടുക്കുന്നതിനൊപ്പം നിശ്ചിത മണിക്കൂറുകൾ ഇടവിട്ട് ട്രെക്കിംഗ് സംഘങ്ങളെ ഡ്രോണുകളും മറ്റും ഉപയോഗിച്ച് നിരീക്ഷിക്കുന്നതിനുള്ള സംവിധാനവും അധികൃതർ ഒരുക്കേണ്ടതാണ്. എന്തായാലും കേരളം മുഴുവൻ കാത്തിരുന്ന ശരണ്യയുടെ ഈസ്റ്റർ ദിനത്തിലെ മടങ്ങിവരവ് പ്രതീകാത്മകമായ സന്തോഷം കൂടി പകരുന്നതാണ്.

Follow Kerala Kaumudi on Google News Add as a preferred source on Google
TAGS: 1
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN OPINION
PHOTO GALLERY