SignIn
Kerala Kaumudi Online
Tuesday, 19 May 2026 12.43 AM IST

സ്കൂളുകളുടെ ഫിറ്റ്നസ് പരിശോധന

d

സ്കൂളുകളുടെ ഫിറ്റ്നസ് പരിശോധനയ്ക്ക് സർക്കാർ മാർഗനിർദ്ദേശങ്ങൾ പുറപ്പെടുവിച്ചിരിക്കുകയാണ്. സ്കൂൾ കെട്ടിടത്തിന്റെ ബലക്ഷയമാണ് പ്രഥമ പരിശോധനയ്ക്ക് വിധേയമാക്കേണ്ടത്. പഴക്കമുള്ള എല്ലാ കെട്ടിടങ്ങളും ബലക്ഷയമുള്ളതാകണമെന്നില്ല. തിരുവനന്തപുരത്തെ യൂണിവേഴ്സിറ്റി കോളേജും ആർട്സ് കോളേജും ഫോർട്ട് സ്കൂളുമൊക്കെ രാജഭരണകാലത്ത് നിർമ്മിച്ചതാണ്. ചെറിയ അറ്റകുറ്റപ്പണികളല്ലാതെ ഇപ്പോഴും അത്തരം കെട്ടിടങ്ങൾക്ക് മറ്റൊന്നും ആവശ്യമില്ല. അന്നൊന്നും കെട്ടിട നിർമ്മാണത്തിൽ കമ്മിഷനടിക്കുന്ന പരിപാടികൾ തുടങ്ങിയിട്ടില്ലായിരുന്നു. ഇപ്പോഴാണെങ്കിൽ നിർമ്മാണം കഴിഞ്ഞ് അഞ്ച് വർഷത്തിനുള്ളിൽതന്നെ കെട്ടിടം ചോരുന്നു, ചരിയുന്നു തുടങ്ങിയ പരാതികൾ ഉയരാറുണ്ട്. സംസ്ഥാനത്ത് അപകടാവസ്ഥയിലുള്ള 1157 സ്കൂൾ കെട്ടിടങ്ങളുണ്ടെന്ന് തദ്ദേശ വകുപ്പ് കഴിഞ്ഞവർഷം കണ്ടെത്തിയിരുന്നു. ഇതിന്റെ റിപ്പോർട്ട് പൊതുവിദ്യാഭ്യാസ വകുപ്പിന് സമർപ്പിക്കുകയും ചെയ്തിരുന്നു.

കൊല്ലം തേവലക്കര ഗവൺമെന്റ് ബോയ്സ് സ്കൂളിൽ ഒരു വിദ്യാർത്ഥി ഷോക്കേറ്റ് മരിച്ച സംഭവം ഒച്ചപ്പാടുകൾ സൃഷ്ടിച്ചതിനെത്തുടർന്നാണ് തദ്ദേശ വകുപ്പ് ഇങ്ങനെയൊരു കണക്കെടുപ്പ് നടത്തിയത്. സർക്കാർ, എയ്ഡഡ്, കേരള സിലബസിലുള്ള അൺ എയ്ഡഡ് സ്കൂളുകൾ എന്നിവിടങ്ങളിൽ മാത്രമായിരുന്നു പരിശോധന. അപകടാവസ്ഥയിലെന്ന് കണ്ടെത്തിയ കെട്ടിടങ്ങളിൽ 891 എണ്ണവും സർക്കാരിന്റേതാണ്. 263 എണ്ണം എയ്ഡഡ് സ്കൂളുകളാണ്. മൂന്നെണ്ണം അൺ എയ്ഡഡ് സ്കൂളുകളും. ഓരോ അദ്ധ്യയന വർഷവും ക്ലാസുകൾ തുടങ്ങുന്നതിന് മുമ്പ് സ്കൂളുകൾ ഫിറ്റ്നസ് സർട്ടിഫിക്കറ്റ് നേടിയിരിക്കണമെന്നതാണ് ചട്ടം. കെട്ടിടത്തിന്റെ അടിത്തറ മുതൽ മേൽക്കൂരവരെ ഫിറ്റാണെന്ന് പരിശോധനയിൽ ബോദ്ധ്യപ്പെട്ടാൽ മാത്രമേ കെട്ടിടങ്ങൾക്ക് പ്രവർത്തനാനുമതി നൽകാവൂ എന്നാണ് നിയമമെങ്കിലും ഇതൊന്നും കർശനമായി എവിടെയും പാലിക്കാറില്ലായിരുന്നു. ഇതിന്റെ ഫലമായി പല അപകടങ്ങളും ഉണ്ടായി. ഇതിനുശേഷമാണ് പരിശോധനകൾ കർശനമാക്കിയത്.

ഇത്തവണ പരിശോധന കാര്യക്ഷമമാക്കുന്നതിന്റെ ഭാഗമായി ജില്ലകളിൽ നോഡൽ ഓഫീസ‌ർമാരെ നിയമിക്കാൻ ഉന്നതതല ഉദ്യോഗസ്ഥ യോഗം തീരുമാനിച്ചിരിക്കുകയാണ്. വിദ്യാഭ്യാസം, തദ്ദേശം, ആരോഗ്യം, ഫയർ ആൻഡ് റെസ്ക്യൂ, പൊതുമരാമത്ത്, മോട്ടോർ വാഹന വകുപ്പ് തുടങ്ങിയവയുടെ ഏകോപന ചുമതലയാണ് നോഡൽ ഓഫീസർക്ക് ഉണ്ടാവുക. നോഡൽ ഓഫീസർമാരുടെ നേതൃത്വത്തിലുള്ള സംഘം സ്കൂളുകളിൽ നേരിട്ടെത്തി പരിശോധന നടത്തിയാവും ഫിറ്റ്നസ് സർട്ടിഫിക്കറ്റ് നൽകുക. ഇതിന്റെ മുന്നോടിയായി സ്കൂൾ പരിസരത്തെ സുരക്ഷാ തടസങ്ങൾ സംബന്ധിച്ച് രണ്ടാഴ്ചയ്ക്കുള്ളിൽ ജില്ലാ കളക്ടർക്ക് റിപ്പോർട്ട് നൽകാൻ പ്രധാനാദ്ധ്യാപകർക്ക് വിദ്യാഭ്യാസ വകുപ്പ് നിർദ്ദേശം നൽകിയിട്ടുണ്ട്. വിവിധ ഓഫീസുകൾ കയറിയിറങ്ങി സർട്ടിഫിക്കറ്റുകൾ വാങ്ങുന്നത് ബുദ്ധിമുട്ടായ പ്രക്രിയയാണ്. മാത്രമല്ല അത് പലപ്പോഴും സമ്മർദ്ദങ്ങൾക്കും അഴിമതിക്കും ഇടയാക്കുകയും ചെയ്യാം. അതിനാൽ വിവിധ വകുപ്പുകളിലെ ഉദ്യോഗസ്ഥന്മാരടങ്ങുന്ന സംഘം സ്കൂളുകൾ സന്ദർശിച്ച് അനുമതി നൽകുന്നതാവും ഉചിതം.

ഉപയോഗശൂന്യമാണെന്ന് കണ്ടെത്തുന്ന കെട്ടിടങ്ങൾ കുട്ടികളെ പ്രവേശിപ്പിക്കാതെ അടച്ചിടുന്നതിൽ ഒരു വിട്ടുവീഴ്ചയും ഉണ്ടാകാൻ പാടില്ല. ഇതിനുപകരം വാടകകെട്ടിടങ്ങളിലോ മറ്റോ പകരം സംവിധാനം ഏർപ്പെടുത്താൻ അനുമതി നൽകണം. സ്കൂൾ തുറക്കുന്നതിന് മുമ്പായി കിണറുകളും കുടിവെള്ള ടാങ്കുകളും വൃത്തിയാക്കി ക്ലോറിനേറ്റ് ചെയ്യണം. സ്കൂൾ പരിസരത്തെ കാടുപിടിച്ച ഭാഗങ്ങൾ വെട്ടിത്തെളിച്ച് ഇഴജന്തുക്കളുടെ ശല്യം ഇല്ലെന്ന് ഉറപ്പാക്കണം. അപകടാവസ്ഥയിലുള്ള മരങ്ങളും ചില്ലകളും മുറിച്ച് നീക്കണം. മഴക്കാലമാണ് വരുന്നത്. അതിനാൽ ചോർന്നൊലിക്കുന്ന സ്കൂൾ മുറികൾ ഇല്ലെന്ന് ഉറപ്പാക്കാനും പരിശോധനയിലൂടെ കഴിയണം. ചുരുക്കി പറഞ്ഞാൽ ചട്ടപ്പടിയായി മാറരുത് സ്കൂളുകളുടെ ഫിറ്റ്നസ് പരിശോധന. പുതിയ സർക്കാർ ഇക്കാര്യത്തിൽ അതീവ ജാഗ്രതയാവണം പുലർത്തേണ്ടത്.

Follow Kerala Kaumudi on Google News Add as a preferred source on Google
TAGS: 1
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN OPINION
PHOTO GALLERY