SignIn
Kerala Kaumudi Online
Sunday, 24 May 2026 1.20 AM IST

കുറ്റമുക്തരായവരോട് സൗമനസ്യം കാട്ടണം

s

മാനസികരോഗം കാരണം കേസുകളിൽ നിന്ന് കുറ്റമുക്തരാക്കപ്പെട്ടവർ, ദീർഘനാൾ ആശുപത്രികളിൽ തുടരുന്നത് അവകാശലംഘനമാണെന്ന ഹൈക്കോടതി വിലയിരുത്തൽ വലിയൊരു മാനുഷിക പ്രശ്നത്തിലേക്ക് വിരൽചൂണ്ടുന്നു. കുറ്റവും ശിക്ഷയും തമ്മിലുള്ള കണക്കുകൾ പരിശോധിച്ചാൽ പല വൈരുദ്ധ്യങ്ങളും കാണാം. കുറ്റം ചെയ്തവരെല്ലാം ശിക്ഷിക്കപ്പെടണമെന്നില്ല. അതേസമയം എല്ലാവരും രക്ഷപ്പെടണമെന്നുമില്ല. നിയമത്തിന് മുന്നിൽ തെളിവുകളും മൊഴികളും സാഹചര്യങ്ങളുമാണ് മുഖ്യം. മാനസിക രോഗം കാരണം കേസുകളിൽ നിന്ന് കുറ്റമുക്തരാകുന്നവരുടെ സംഖ്യ നിസാരമല്ല. മനഃപൂർവം ചെയ്യുന്ന കുറ്റകൃത്യങ്ങൾക്കാണ് കോടതി പലപ്പോഴും കടുത്ത ശിക്ഷ നൽകുന്നത്. മാനസിക രോഗമോ വൈകല്യമോ കാരണം കുറ്റകൃത്യങ്ങളിൽ അകപ്പെടുന്നവരോട് കോടതി പലപ്പോഴും അല്പം സൗമനസ്യം കാട്ടാറുണ്ട്. അതുമൂലം കുറ്റമുക്തരാക്കപ്പെടുന്നവരോട് സമൂഹവും ബന്ധുക്കളും അത്ര സൗമനസ്യം പ്രകടിപ്പിക്കാറില്ല എന്നതാണ് യാഥാർത്ഥ്യം. അങ്ങനെ ഉയർന്ന ഒരു അപ്പീലിലാണ് ഹൈക്കോടതി കുറ്റമുക്തരായവർ ആശുപത്രിയിൽ തുടരുന്നത് അവകാശ ലംഘനമാണെന്ന് ചൂണ്ടിക്കാട്ടിയത്.

പത്തുവയസുകാരനെ കൊലപ്പെടുത്തിയ കേസിൽ പ്രതിയായിരുന്ന കൊച്ചി സ്വദേശി നൽകിയ അപ്പീലിൽ ജസ്റ്റിസ് വി. രാജ വിജയരാഘവൻ, ജസ്റ്റിസ് കെ.വി. ജയകുമാർ എന്നിവരുൾപ്പെട്ട ഡിവിഷൻ ബെഞ്ച് ഈ വിഷയത്തിൽ വിശദമായ റിപ്പോർട്ട് നൽകാൻ സാമൂഹികനീതി വകുപ്പ് ഡയറക്ടറോട് ആവശ്യപ്പെട്ടിട്ടുണ്ട്. ഹർജിക്കാരനെതിരെ സെഷൻസ് കോടതി വിധിച്ച ശിക്ഷ മനോരോഗം കണക്കിലെടുത്ത് 2023-ൽ ഹൈക്കോടതി റദ്ദാക്കിയിരുന്നു. തൃശൂർ മെന്റൽ ഹെൽത്ത് സെന്ററിൽ മതിയായ ചികിത്സ നൽകാനും നിർദ്ദേശിച്ചിരുന്നു. രോഗം മാറിയാൽ ബന്ധുക്കൾക്കൊപ്പം വിടുകയോ പുനരധിവസിപ്പിക്കുകയോ വേണമെന്നും ഉത്തരവിട്ടു. എന്നാൽ കരൾരോഗമടക്കം ബാധിച്ച് സ്ഥിതി വഷളായെന്നും ബന്ധുക്കൾ പ്രതികരിക്കുന്നില്ലെന്നും കാണിച്ച് ഡോക്‌‌ടർ റിപ്പോർട്ട് നൽകിയ സാഹചര്യത്തിലാണ് വിഷയം വീണ്ടും കോടതിയുടെ പരിഗണനയിൽ വന്നത്. തുടർചികിത്സ നൽകുന്നുണ്ടെങ്കിലും പുനരധിവാസത്തിന് പറ്റിയ ആരോഗ്യനിലയല്ലെന്നും ഡോക്ടർ അറിയിച്ചിരുന്നു.

ആരോഗ്യനില മോശമാണെന്നും മെഡിക്കൽ കോളേജിൽ തുടർചികിത്സ നൽകുന്നുണ്ടെന്നും ഡോക്ടർ അറിയിച്ച പശ്ചാത്തലത്തിൽ ഇത്തരം സാഹചര്യങ്ങൾ പരിശോധിക്കാൻ കോടതി അമിക്കസ് ക്യൂറിയെ നിയോഗിച്ചു. സംസ്ഥാനത്ത് പുനരധിവാസകേന്ദ്രങ്ങളുടെ കുറവുണ്ടെന്നും എറണാകുളത്ത് മൂന്നു കേന്ദ്രങ്ങൾ മാത്രമാണുള്ളതെന്നും അവിടെയാകട്ടെ ഒഴിവില്ലെന്നും അമിക്കസ് ക്യൂറി കോടതിയെ അറിയിക്കുകയുണ്ടായി. ബന്ധുക്കളെത്താത്ത സാഹചര്യങ്ങളിൽ രോഗികൾക്കായി ഒരു പ്രതിനിധിയെ നിയമിക്കാൻ നിയമം അനുശാസിക്കുന്നുണ്ടെന്നും സാമൂഹ്യനീതി വകുപ്പ് ഡയറക്ടറെയോ അദ്ദേഹം നിശ്ചയിക്കുന്ന വ്യക്തിയെയോ ഇത്തരത്തിൽ നിയോഗിക്കാമെന്നും കോടതി ചൂണ്ടിക്കാട്ടി. ഇതേത്തുടർന്ന് സാമൂഹ്യനീതി വകുപ്പ് ഡയറക്ടറെ സ്വമേധയാ കക്ഷിചേർക്കുകയായിരുന്നു.

കോടതി കുറ്റമുക്തരാക്കിയാലും അവരെ കുറ്റവാളികളായിത്തന്നെ കാണുന്ന സാഹചര്യമാണ് പൊതുവേയുള്ളത്. കാലങ്ങളായി സമൂഹത്തിന്റെ മനോഭാവത്തിൽ ഉറച്ചുപോയ ശീലമാണത്. അത് എളുപ്പത്തിൽ മാറ്റിയെടുക്കാനാവില്ല. സാമൂഹ്യ സംഘടനകൾക്കും സന്നദ്ധ സംഘടനകൾക്കും ഇക്കാര്യത്തിൽ വലിയ മാറ്റമുണ്ടാക്കാനാകും.

കോടതി കുറ്റമുക്തരാക്കിയാലും അവരെ പഴയതുപോലെ സ്വീകരിക്കാനും സ്നേഹിക്കാനും ഉറ്റ ബന്ധുക്കൾ പോലും മടിക്കുന്നു. രോഗാവസ്ഥ, സ്വീകരിച്ചാലുള്ള ദുഷ്‌പ്പേര് ഭീതി എന്നിവയാണ് അതിന് തടസം നിൽക്കുന്നത്. വർഷങ്ങൾക്കുമുമ്പ് നടന്നതാണെങ്കിലും അതിനോട് ക്ഷമിക്കാനും പൊറുക്കാനുമുള്ള ഹൃദയവിശാലത കുടുംബാംഗങ്ങളിൽ പലർക്കുമുണ്ടായെന്നുവരില്ല. ഈയവസ്ഥയിൽ സാമൂഹ്യനീതി വകുപ്പിന് കാര്യമായ സഹായങ്ങൾ ചെയ്യാനാകും. സമൂഹത്തിൽ ഒറ്റപ്പെട്ടു പോകുന്നവരെയും നിസഹായാവസ്ഥയിൽ കഴിയുന്നവരെയും ചേർത്തുപിടിക്കാൻ സർക്കാരിന് കഴിയും. അതിന് നിയമങ്ങളുടെ നൂലാമാലകൾ തടസമാകരുത്. ഹൈക്കോടതിയുടെ നിർദ്ദേശം അതിനുള്ള വഴിതുറക്കുമെന്ന് പ്രത്യാശിക്കാം.

Follow Kerala Kaumudi on Google News Add as a preferred source on Google
TAGS: 1
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN OPINION
PHOTO GALLERY