SignIn
Kerala Kaumudi Online
Tuesday, 29 September 2026 2.43 AM IST

മരുന്നു കൊള്ള അവസാനിപ്പിക്കണം

READ ENGLISH VERSION
1

കേരളത്തിലെ സർക്കാർ ആശുപത്രികളിലെ മരുന്ന് വിതരണവും സംഭരണവും എന്നും വിവാദങ്ങൾക്ക് ഇടനൽകുന്നതാണ്. മരുന്നു ക്ഷാമം വരുമ്പോഴാണ് ഏറ്റവും കൂടുതൽ പരാതികൾ സാധാരണ ജനങ്ങളുടെ ഭാഗത്തുനിന്ന് ഉണ്ടാകുന്നത്. അതുപോലെ തന്നെ വലിയ തോതിൽ കമ്മിഷൻ ലഭിക്കുന്ന ഒരു ഏർപ്പാടാണ് മരുന്നു വാങ്ങൽ എന്നും പൊതുവെ ചർച്ച ചെയ്യപ്പെടുന്ന കാര്യമാണ്. കാരണം ഏതാണ്ട് ആയിരം കോടി രൂപയുടെ മരുന്നാണ് ശരാശരി ഒരു വർഷം കേരള മെഡിക്കൽ സർവീസസ് കോർപ്പറേഷൻ ലിമിറ്റഡ് വിവിധ മരുന്ന് കമ്പനികളിൽ നിന്ന് വാങ്ങുന്നത്. കമ്പനികൾ അവരുടെ കൈയിൽ നിന്ന് കമ്മിഷൻ നൽകില്ല. പകരം അത്രയും കൂടി മരുന്നിന്റെ വില കൂട്ടി വിൽക്കും. അതാണ് നടന്നുവരുന്നത്.

പരമാവധി 772 കോടി രൂപയ്ക്ക് ലഭിക്കുമായിരുന്ന മരുന്ന് മെഡിക്കൽ സർവീസസ് കോർപ്പറേഷൻ കഴിഞ്ഞ വർഷം വാങ്ങിയത് 962 കോടി രൂപയ്ക്കാണെന്ന് വ്യക്തമാക്കുന്ന വാർത്ത 'മരുന്നു വാങ്ങലിൽ 190 കോടി കൊള്ള' എന്ന തലക്കെട്ടിൽ ഞങ്ങൾ പ്രസിദ്ധീകരിച്ചിരുന്നു. ഇതേ കമ്പനികൾ ഇതേ മരുന്നുകൾ തിരുവനന്തപുരം ഇൻഹൗസ് ഡ്രഗ് ബാങ്കിന് നൽകുന്ന വിലയുമായി താരതമ്യം ചെയ്‌തപ്പോഴാണ് വ്യത്യാസം തിരിച്ചറിഞ്ഞത്. ആരോഗ്യ വകുപ്പ് ഇക്കാര്യം മന്ത്രി കെ.മുരളീധരന് റിപ്പോർട്ട് ചെയ്‌തിട്ടുണ്ട്. മെഡിക്കൽ കോളേജിലെ ഡ്രഗ് ഹൗസിന് കുറഞ്ഞ വിലയ്ക്ക് മരുന്ന് നൽകുന്ന കമ്പനികൾക്ക് അതിനേക്കാൾ എത്രയോ മടങ്ങ് കൂടുതൽ മരുന്ന് വാങ്ങുന്ന കോർപ്പറേഷന് വില വീണ്ടും കുറച്ച് നൽകിയാലും നഷ്ടമുണ്ടാകില്ല. എന്നാൽ കമ്പനികൾ കൂടിയ വിലയ്ക്കാണ് മരുന്ന് കെ.എം.എസ്.സി.എല്ലിന് നൽകിയത്. ഇതിൽ 200 കോടിയോളം രൂപ കോഴയായി മറിഞ്ഞതായിരിക്കുമെന്ന് സ്വാഭാവികമായും ഉൗഹിക്കാം.

ഇത് എങ്ങോട്ട് പോയി എന്നത് സംബന്ധിച്ച് കൃത്യമായ അന്വേഷണം നടത്തിയാൽ കണ്ടെത്താനാകും. അതിനേക്കാൾ പ്രധാനം കുറഞ്ഞ വിലയ്ക്ക് സാധാരണക്കാർക്ക് ഇനിയെങ്കിലും മരുന്ന് എത്തിക്കുക എന്നതാണ്. അതിനാണ് ആരോഗ്യവകുപ്പ് മന്ത്രി മുൻഗണന നൽകിയിരിക്കുന്നത് എന്നത് ആശ്വാസപ്രദമാണ്. ഇപ്പോൾ വാങ്ങുന്നതിൽ നിന്ന് 20 മുതൽ 25 ശതമാനം വരെ വില കുറച്ച് മരുന്ന് വാങ്ങണമെന്ന നിർദ്ദേശമാണ് മന്ത്രി നൽകിയിരിക്കുന്നത്. ഇതിന്റെ ഭാഗമായി കെ.എം.എസ്.സി.എൽ ടെൻഡറുകളിൽ നിന്ന് ഇടനിലക്കാരെ പൂർണമായും ഒഴിവാക്കാനും നിർദ്ദേശം നൽകിയിരിക്കുന്നു. കമ്മിഷൻ മാഫിയെയും ഗുണനിലവാരമില്ലാത്ത കമ്പനികളെയും ഒഴിവാക്കി അംഗീകൃത നിർമ്മാതാക്കളിൽ നിന്ന് മരുന്നുകൾ വാങ്ങാനുള്ള തീരുമാനം അഭിനന്ദനീയമാണ്.

കോർപ്പറേഷൻ പ്രതിവർഷം വാങ്ങുന്ന മരുന്നുകളുടെ യഥാർത്ഥ സംഭരണ വില ഔദ്യോഗിക വെബ്‌സൈറ്റിൽ പരസ്യപ്പെടുത്താനുള്ള തീരുമാനം വിപണിയിലെ സുതാര്യത ഉറപ്പാക്കാൻ ഉപകരിക്കും. ഇടനിലക്കാരെ ഒഴിവാക്കുന്നതിലൂടെ കാരുണ്യ ഫാർമസികൾ വഴിയും സർക്കാർ വിതരണ ശൃംഖല വഴിയും ബ്രാൻഡഡ് മരുന്നുകൾ പോലും വളരെ കുറഞ്ഞ നിരക്കിൽ സാധാരണക്കാർക്ക് ലഭ്യമാകാനുള്ള അവസരമാകും ഒരുങ്ങുക. മരുന്ന് കൊള്ള അവസാനിപ്പിച്ചാൽ മരുന്ന് ക്ഷാമവും അവസാനിക്കും. സർക്കാർ പൊതുജനാരോഗ്യത്തിനാണ് പ്രാധാന്യം നൽകേണ്ടത്. അതുപോലെ തന്നെ മരുന്ന് നൽകുന്ന കമ്പനികൾക്ക് കുടിശിക വരുത്താതെ പണം നൽകാനും സർക്കാർ തയ്യാറാകണം. പലപ്പോഴും കോടിക്കണക്കിന് രൂപ കുടിശിക വന്ന് ഇനി മരുന്ന് വിതരണം നിറുത്തിവയ്ക്കുമെന്ന് കമ്പനികൾ അറിയിക്കുകയും അത് വാർത്തയാവുകയും ചെയ്യുമ്പോഴാണ് സർക്കാർ പണം നൽകാറുള്ളത്. ഈ രീതിയും മാറേണ്ടതാണ്.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: EDIT
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
PHOTO GALLERY