
സാധാരണക്കാരായ രോഗികൾക്ക് കുറഞ്ഞ ചെലവിൽ മെച്ചപ്പെട്ട ചികിത്സ ലഭ്യമാക്കുന്ന സർക്കാർ ആശുപത്രികളുടെ സേവനത്തിന്റെ മൂല്യത്തെ ആരും കുറച്ചുകാണില്ല. അതേസമയം, വിതരണം ചെയ്യുന്ന മരുന്നുകളുമായി ബന്ധപ്പെട്ട് നിരന്തരം വിവാദങ്ങളും ദുഷ്പ്രചാരണങ്ങളും ഉയരുന്നത് ഭൂഷണമല്ല. സ്പൈനൽ മസ്കുലാർ അട്രോഫി (എസ്.എം.എ) എന്ന അപൂർവ ജനിതകരോഗം ബാധിച്ച കുട്ടികൾക്കു നൽകുന്ന വിദേശ മരുന്നിനു പകരം തിരുവനന്തപുരം എസ്.എ.ടി ആശുപത്രിയിൽ ഇന്ത്യൻ നിർമ്മിത ജനറിക് മരുന്ന് നൽകിയതായിരുന്നു ഒരാഴ്ച മുമ്പത്തെ വിവാദം. ഡോക്ടേഴ്സ് സാമ്പിൾ എന്നും ക്ളിനിക്കൽ ട്രയൽസ് എന്നും രേഖപ്പെടുത്തിയ മരുന്ന് കുട്ടികൾക്കു നൽകിയതാണ് അന്ന് പരാതിക്ക് ഇടയാക്കിയത്. കുട്ടികളിൽ സർക്കാർ മരുന്നുപരീക്ഷണം നടത്തുകയാണെന്നു വരെ രാഷ്ട്രീയ ആരോപണമുയർന്നു.
എന്നാൽ, സുപ്രീംകോടതിയും കേന്ദ്രസർക്കാരും അംഗീകരിച്ച മരുന്നുതന്നെയാണ് ഹൈദരാബാദ് അസ്ഥാനമായ നാറ്റ്കോ ഫാർമയുടേത് എന്നും, രോഗികൾക്കുള്ള യഥാർത്ഥ മരുന്നു കുപ്പികളും, ഡോക്ടർമാർക്കു നൽകുന്ന സാമ്പിൾ ബോട്ടിലുകളും അബദ്ധത്തിൽ മാറിപ്പോയതാണെന്നും വ്യക്തമായതോടെ വിവാദം അടങ്ങി. ഉപയോഗിച്ചുവന്നിരുന്ന വിദേശ കമ്പനിയുടെ ബ്രാൻഡഡ് മരുന്നിന്റെ വില കുപ്പിക്ക് അഞ്ചുലക്ഷം രൂപവരെ ആയിരിക്കുമ്പോൾ ഇന്ത്യൻ ജനറിക് മരുന്നിന് 15,000 രൂപയേയുള്ളൂ. പ്രത്യേക പദ്ധതിയനുസരിച്ച് സർക്കാർ ആശുപത്രികളിൽ ഈ മരുന്ന് സൗജന്യമായും നൽകുന്നുണ്ട്. എന്തായാലും വിവാദമുയർന്നതോടെ സാമ്പിൾ മരുന്നുകുപ്പികൾ തിരിച്ചെടുക്കാൻ നടപടിയായി. മാത്രമല്ല, ഇനി എസ്.എം.എ രോഗികളിൽ ഇന്ത്യൻ നിർമ്മിത ജനറിക് മരുന്നു മാത്രമേ ഉപയോഗിക്കൂ എന്ന് ആരോഗ്യമന്ത്രി കെ.മുരളീധരൻ വ്യക്തമാക്കുകയും ചെയ്തു. രോഗികൾക്കു നൽകാനുള്ള മരുന്നും, സാമ്പിൾ മരുന്നുകളും കൂടിക്കലർന്നുപോകാതെ ആശുപത്രിക്കാർ ശ്രദ്ധിച്ചിരുന്നെങ്കിൽ അനാവശ്യ വിവാദവും രോഗികളായ കുഞ്ഞുങ്ങളുടെ രക്ഷിതാക്കൾക്കുണ്ടായ ആശങ്കയും ഒഴിവാക്കാമായിരുന്നു.
2023- 25 കാലയളവിൽ കോഴിക്കോട് മെഡിക്കൽ കോളേജിൽ നിപ രോഗികൾക്കു നൽകിയത് കാലാവധി കഴിഞ്ഞ മരുന്നാണോ എന്ന് സംശയമുണ്ടെന്ന് കഴിഞ്ഞ ദിവസം നിയമസഭയിൽ പറഞ്ഞത് ആരോഗ്യമന്ത്രി തന്നെയാണ്. ആരോപണം വിദഗ്ദ്ധ ഡോക്ടർമാർ തള്ളിയെങ്കിലും ആ മരുന്നു കഴിച്ച മുഴുവൻ രോഗികളുടെയും വിവരം ലഭ്യമാക്കാൻ മെഡിക്കൽ വിദ്യാഭ്യാസ ഡയറക്ടർക്ക് നിർദ്ദേശം നൽകിയിരിക്കുകയാണ്. മരുന്നുകുപ്പികളിൽ നിർമ്മാണത്തീയതിയും കാലാവധിയും രേഖപ്പെടുത്തേണ്ടതാണെങ്കിലും നിർമ്മാണത്തീയതി ഇല്ലാത്ത മരുന്നുകളാണ് അന്ന് എത്തിയതെന്ന് ആശുപത്രി സൂപ്രണ്ട് നൽകിയ വിവരത്തിന്റെ അടിസ്ഥാനത്തിലാണ് താൻ നിയമസഭയിൽ സംസാരിച്ചതെന്നും, എന്നാൽ വിദഗ്ദ്ധ അന്വേഷണത്തിനു ശേഷമേ അന്തിമ നിഗമനത്തിലെത്തൂവെന്നും അദ്ദേഹം പിന്നീട് പറഞ്ഞു. ആശുപത്രികളിൽ വിതരണം ചെയ്യുന്ന മരുന്നുകളിൽ നിർമ്മാണത്തീയതിയും കാലാവധിയും മറ്റും രേഖപ്പെടുത്തിയിട്ടുണ്ടോ എന്നു പരിശോധിക്കാൻ നിലവിൽ സംവിധാനമില്ലേ? സർക്കാർ ആശുപത്രികൾക്ക് മരുന്നുകൾ വാങ്ങി നൽകുന്ന കേരള മെഡിക്കൽ സർവീസസ് കോർപ്പറേഷന് ഇതൊന്നും പരിശോധിച്ച് ഉറപ്പാക്കേണ്ട ബാദ്ധ്യതയില്ലേ?
മുൻ സർക്കാരിന്റെ കാലത്ത് മെഡിക്കൽ കോളേജുകളിലേക്ക് മെഡിക്കൽ സർവീസസ് കോർപ്പറേഷൻ വഴി 23.82 കോടിയുടെ ഉപകരണങ്ങൾ വാങ്ങിക്കൂട്ടി രോഗികൾക്ക് പ്രയോജനപ്പെടുത്താതെ പാഴാക്കിയതായി ആരോഗ്യവകുപ്പ് പ്രിൻസിപ്പൽ സെക്രട്ടറി തന്നെ മന്ത്രി കെ.മുരളീധരന് റിപ്പോർട്ട് നൽകിയെന്ന വാർത്ത ഞങ്ങൾ പുറത്തുവിട്ടിട്ട് പത്തുദിവസമേ ആയുള്ളൂ. ഈ ക്രമക്കേടിൽ വിജിലൻസ് അന്വേഷണത്തിന് ഒരുങ്ങുകയാണ് സർക്കാർ. ആരോഗ്യമേഖലയിൽ മരുന്നുകളുടെയും ചികിത്സയുടെയും വിശ്വാസ്യതയെ സംശയത്തിലാക്കുന്ന സംഭവങ്ങൾക്കും വിവാദങ്ങൾക്കും ഇടവരുത്തുന്ന നടപടികൾ ഒഴിവാക്കുക മാത്രമല്ല, മരുന്നുവാങ്ങലിൽ കണ്ടെത്തിയ കോടികളുടെ ക്രമക്കേടുകളെക്കുറിച്ച് അന്വേഷണം നടത്തി അഴിമതിക്കാരെ നിയമത്തിനു മുന്നിലെത്തിക്കുകയും വേണം.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |