SignIn
Kerala Kaumudi Online
Friday, 12 June 2026 3.15 AM IST

നരേന്ദ്ര മോദിയുടെ വ്യാഴവട്ടക്കാലം

READ ENGLISH VERSION

india-is-no-more-a-poor-c

പ്രധാനമന്ത്രി പദവിയിൽ പന്ത്രണ്ടു വർഷങ്ങൾ തികച്ച നരേന്ദ്ര ദാമോദർ ദാസ് മോദി ഇന്ത്യ ദർശിച്ച ഏറ്റവും വലിയ രാഷ്ട്രീയ പ്രതിഭാസം തന്നെയാണ്. ആദ്യമായി എം.എൽ.എ ആയപ്പോൾ മുഖ്യമന്ത്രിയാവുകയും,​ ആദ്യമായി എം.പി ആയപ്പോൾ പ്രധാനമന്ത്രിയാവുകയും,​ രണ്ടു പദവികളിലും ഇത്രയും വർഷം തുടരുകയും ചെയ്ത മറ്റൊരു നേതാവ് ഇന്ത്യയിൽ ഇതുവരെ ഉണ്ടായിട്ടില്ല; ഇനിയൊട്ട് ഉണ്ടാകാനും സാദ്ധ്യതയില്ലെന്നുതന്നെ പറയാം. ഇന്ത്യയുടെ സ്വാതന്ത്ര്യ‌‌ലബ്ധിക്കു ശേഷം മൂന്നു വർഷം കഴിഞ്ഞാണ് മോദി ജനിച്ചത്. സ്വാതന്ത്ര്യ‌ത്തിനു ശേഷം ജനിച്ച് പ്രധാനമന്ത്രി പദവിയിലെത്തിയ ആദ്യ വ്യക്തിയും അദ്ദേഹം തന്നെയാണ്. തുടർച്ചയായി പ്രധാനമന്ത്രി പദവിയിൽ ഏറ്റവും കൂടുതൽ നാൾ തുടർന്ന പണ്ഡിറ്റ് ജവഹർലാൽ നെഹ്‌‌‌റുവിന്റെ റെക്കാഡാണ് മോദി തകർത്ത് മുന്നോട്ടു പോകുന്നത്.

വായിൽ വെള്ളിക്കരണ്ടിയുമായല്ല മോദി ജനിച്ചത്. ഒരു സാധാരണ കുടുംബത്തിൽ ജനനം. അമ്മ അയൽവീടുകളിൽ ജോലിക്ക് പോകുമായിരുന്നു. അച്ഛന് ചായക്കട ന‌ടത്തിപ്പ്. ചെറിയ പ്രായത്തിൽ മോദിയും ചായക്കടയിൽ സഹായിയായി നിന്നിരുന്നു. ത്യാഗനിർഭരമായ രാജ്യസേവനമാണ് ഒരു ഇന്ത്യൻ പൗരന്റെ മുഖ്യ കടമ എന്ന ചിന്ത മോദിയിൽ അരക്കിട്ടുറപ്പിച്ചത് സ്വാമി വിവേകാനന്ദന്റെ പുസ്‌തകങ്ങളാണ്. പതിനേഴാം വയസിൽ വീടുവിട്ടു പോയി. രണ്ടു വർഷത്തോളം ഹിമാലയ സാനുക്കളിലടക്കം കറങ്ങിനടന്നു. ഭാവിയിൽ രാജ്യഭാരം ഏൽപ്പിക്കാൻ പോകുന്ന ശിരസ്സിനെ പ്രകൃതി പാകപ്പെടുത്തിയ കാലയളവായിരിക്കണം അത്. പിന്നീട് തിരിച്ചുവന്ന മോദി ആർ.എസ്.എസിന്റെ നിസ്വാർത്ഥ പ്രവർത്തനങ്ങളിൽ മുഴുകി തികവുറ്റ ഒരു സ്വയം സേവകനായി മാറുകയായിരുന്നു.

അന്നും അതിനു ശേഷം വർഷങ്ങളോളവും ഇന്ത്യൻ രാഷ്ട്രീയരംഗത്ത് കേട്ടിരുന്ന ഒരു നാമമേ ആയിരുന്നില്ല മോദിയുടേത്. രാജകുടുംബങ്ങളുടെയും ഉന്നത പദവിയിലുള്ള നേതാക്കളുടെയും അതുമല്ലെങ്കിൽ ഏതെങ്കിലുമൊരു പ്രബല സമുദായത്തിന്റെയും പിന്തുണയില്ലാതെ ഇന്ത്യ മുഴുവൻ അറിയപ്പെടുന്ന രാഷ്ട്രീയ സൂര്യനായി മോദി ഉയർന്നത് ഏറെക്കുറെ സ്വപ്രയത്നത്താലും ജനങ്ങളോടുള്ള അകമഴിഞ്ഞ പ്രതിബദ്ധതയാലുമാണ്. ജനങ്ങളുടെ സേവകനായി മാറുക എന്നതിനാണ് ഉള്ളിന്റെയുള്ളിൽ മോദി എന്നും പരമപ്രാധാന്യം നൽകിയിട്ടുള്ളത്. അഹമ്മദാബാദിലെ മുനിസിപ്പൽ തിരഞ്ഞെടുപ്പിൽ ആദ്യമായി ബി.ജെ.പിയെ അധികാരത്തിലേറ്റിയതിനു പിന്നിലെ തന്ത്രങ്ങൾ ആവിഷ്കരിച്ചതും വിജയകരമായി പൂർത്തിയാക്കിയതുമാണ് മോദിയെ,​ വാജ്‌പേയിയും അദ്വാനിയും ഉൾപ്പെടെ ബി.ജെ.പിയുടെ ദേശീയ നേതാക്കളുടെ ശ്രദ്ധ നേടിയ കഥാപാത്രമാക്കിയത്.

പിന്നീട് ബി.ജെ.പിയുടെ സംഘടനാ ചുമതലയുള്ള ദേശീയ ജനറൽ സെക്രട്ടറി ആയതോടെയാണ് മോദി പൊതുവെ അറിയപ്പെടാൻ തുടങ്ങിയത്. 2001ൽ ഗുജറാത്ത് മുഖ്യമന്ത്രി ആയതിനു ശേഷം ഉണ്ടായ ഗോധ്രയിലെ ട്രെയിൻ തീവയ്പ്പും തുടർന്നുണ്ടായ ഹിന്ദു- മുസ്ളിം കലാപവും മോദിക്കു നേടിക്കൊടുത്തത് കുപ്രസിദ്ധി ആയിരുന്നെങ്കിലും ഗുജറാത്തിലെ ജനങ്ങൾ മോദിയോടൊപ്പമാണ് നിലയുറപ്പിച്ചത്. സാധാരണഗതിയിൽ ഒരു രാഷ്ട്രീയ നേതാവും അതിജീവിക്കാൻ സാദ്ധ്യതയില്ലാത്ത ആ പ്രതിസന്ധി അധികാരത്തിൽ തുടർന്നുകൊണ്ട് തരണം ചെയ്യാൻ കഴിഞ്ഞതാണ് പിന്നീട് മോദിയെ ദേശീയ നേതാവായി ഉയർത്തിയത്.

മോദിയെ ഗുജറാത്ത് മുഖ്യമന്ത്രി സ്ഥാനത്തു നിന്ന് മാറ്റണമെന്ന് പ്രധാനമന്ത്രി കൂടിയായിരുന്ന വാജ്‌പേയി ആവശ്യപ്പെട്ടെങ്കിലും അദ്വാനിയുടെ ശക്തമായ പിന്തുണയാലാണ് മോദിക്ക് തുടരാനായത്. മോദിയെ ഇപ്പോൾ മാറ്റിയാൽ പിന്നീട് നിങ്ങൾ ഒരിക്കലും ഗുജറാത്തിൽ തിരിച്ചു വരില്ല എന്നുപറഞ്ഞ് അദ്വാനിയെ അതിനു പ്രേരിപ്പിച്ചത് ശിവസേനാ നേതാവ് ബാൽ താക്കറെ ആയിരുന്നു. മൂന്നാം തവണയും മുഖ്യമന്ത്രി ആയതോടെ മോദിയുടെ വികസന കാർഡിന്റെ വളർച്ച ഇന്ത്യ മുഴുവൻ പടരുന്നതായി. അതിന്റെ സ്വാഭാവികമായ പരിണാമമായിരുന്നു പ്രധാനമന്ത്രി പദം.

ആർക്കും അവഗണിക്കാനാവാത്ത ഒരു വൻശക്തിയാണ് ഇന്ത്യയെന്നും,​ അതിന് അതിശക്തനായ ഒരു ഭരണാധികാരിയുണ്ടെന്നും ലോകത്തെ ബോദ്ധ്യപ്പെടുത്താനായതാണ് മോദിയുടെ വ്യാഴവട്ടക്കാലത്തിന്റെ ഏറ്റവും വലിയ നേട്ടമായി എടുത്തു പറയേണ്ടത്. വികസനം, നയതന്ത്രം, പ്രതിരോധം എന്നീ മൂന്ന് മേഖലയിലും അജയ്യമായ നേട്ടങ്ങളാണ് ഈ വ്യാഴവട്ടത്തിനിടയിൽ നേടാനായത്. അടിച്ചാൽ അടുത്ത സെക്കന്റിൽ പത്തിരട്ടി തിരിച്ചടിക്കുന്ന ഒരു രാജ്യമാണ് ഇന്ത്യയെന്ന് നമ്മുടെ അയൽക്കാർക്കും ലോകത്തിനും ബോദ്ധ്യപ്പെട്ടത് മോദിയുടെ ഭരണകാലത്തു തന്നെയാണ്. അത് ജനങ്ങൾക്കു നൽകിയ ആത്മവിശ്വാസവും സുരക്ഷിതത്വ ബോധവും ചെറുതല്ല.

പന്ത്രണ്ട് വർഷങ്ങൾക്കുശേഷം രണ്ട് ട്രില്യൺ ഡോളറിൽ നിന്ന് ഇന്ത്യയുടെ സമ്പദ് വ്യവസ്ഥ 4.3 ട്രില്യൺ ഡോളറായി ഇരട്ടിപ്പിച്ചത് ഭരണത്തിന്റെ ഏറ്റവും വലിയ നേട്ടങ്ങളിൽ ഒന്നാണ്. മോദി ആവിഷ്കരിച്ച ആത്മനിർഭർ ഭാരത് നാളെ ഇന്ത്യയെ ഉത‌്പന്നങ്ങളുടെ നിർമ്മിതിയുടെ കാര്യത്തിൽ സ്വയംപര്യാപ്തമാക്കുന്നതിനു പുറമെ കയറ്റുമതിയിലൂടെ വിദേശനാണ്യം ആർജ്ജിക്കുന്ന ലോകത്തിലെ തന്നെ ഒന്നാം നിര രാജ്യമായി രൂപപ്പെടുത്താൻ പോന്നതാണ്. യു.പി.എ സർക്കാർ രൂപം നൽകിയതാണെങ്കിലും അവർക്ക് നടപ്പാക്കാൻ കഴിയാതിരുന്ന ജി.എസ്.ടി പരിഷ‌്കാരം പോലുള്ള പല നല്ല പരിപാടികളും വിജയകരമായി നടപ്പാക്കിയത് മോദി സർക്കാരാണ്.

നയതന്ത്ര തലത്തിൽ ചൈനയുടെ വെല്ലുവിളി നേരിട്ടുകൊണ്ടും റഷ്യയുമായുള്ള സൗഹൃദം കൂടുതൽ ശക്തിപ്പെടുത്തിയും ഗൾഫ് രാജ്യങ്ങളുമായും അമേരിക്കയുമായും- എന്തിന്,​ ഇസ്രയേലുമായും നല്ല ബന്ധം പുലർത്താനും ഇന്ത്യയ്ക്കു കഴിയുന്നത് ലോക രാജ്യങ്ങൾക്കിടയിൽ ഇന്ത്യയുടെ സ്ഥാനം വളരെയധികം ഉയർത്തിയിട്ടുണ്ട്. അതേസമയം, പശ്ചിമേഷ്യൻ പ്രതിസന്ധി കാരണമാണെങ്കിലും ഇന്ധന വില വർദ്ധനവ്, പാചക വാതക വില വർദ്ധനവ്, അവശ്യസാധനങ്ങളുടെ വിലക്കയറ്റം, തൊഴിലില്ലായ്മയുടെ വർദ്ധനവ് തുടങ്ങിയ നിരവധി വെല്ലുവിളികളും മോദി സർക്കാർ ഇപ്പോൾ നേരിടുന്നുണ്ട്. ജനക്ഷേമ പദ്ധതികളിലൂടെ ഇതിനെയെല്ലാം അതിജീവിക്കാനുള്ള കരുത്തും കർമ്മശേഷിയുമുള്ള പ്രധാനമന്ത്രി തന്നെയാണ് മോദി. ലക്ഷ്യബോധവും സ്ഥിരതയുമുള്ള ഭരണമാണ് മോദി സർക്കാർ ജനങ്ങൾക്കു നൽകുന്നത്. അതിനാൽ അതിന് ഇനിയും ഒരു തുടർച്ച ഉണ്ടായാൽ അത്ഭുതപ്പെടേണ്ടതില്ല.

Follow Kerala Kaumudi on Google News Add as a preferred source on Google
TAGS: MODI
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN OPINION
PHOTO GALLERY