SignIn
Kerala Kaumudi Online
Saturday, 24 October 2026 9.05 AM IST

ക്യാൻസർ ഗ്രിഡ് നല്ല ആശയമാണ്

d

സംസ്ഥാനത്ത് ക്യാൻസർ ചികിത്സ ഏകോപിപ്പിക്കുന്നതിന് ക്യാൻസർ സെന്ററുകളെയും ജില്ലാ, ജനറൽ, താലൂക്ക് ആശുപത്രികളെയും ഉൾപ്പെടുത്തി 'ക്യാൻസർ ഗ്രിഡ്" രൂപീകരിക്കുമെന്ന മുഖ്യമന്ത്രി പിണറായി വിജയന്റെ പ്രഖ്യാപനം നിലവിലെ സാഹചര്യത്തിൽ പരക്കെ സ്വാഗതം ചെയ്യപ്പെടും. തലശേരിയിലെ മലബാർ ക്യാൻസർ സെന്റർ പി.ജി ഇൻസ്റ്റിറ്റ്യൂട്ടായി വികസിപ്പിക്കുന്നതിന് നിർമ്മിച്ച കെട്ടിട സമുച്ചയത്തിന്റെ ഉദ്ഘാടനം നിർവഹിക്കവെയാണ് മുഖ്യമന്ത്രി ഇക്കാര്യം വെളിപ്പെടുത്തിയത്. സംസ്ഥാനത്ത് ക്യാൻസർ രോഗം വർദ്ധിക്കുന്നതിനനുസരണമായി ചികിത്സാ സൗകര്യങ്ങൾ വർദ്ധിക്കുന്നില്ലെന്നത് യാഥാർത്ഥ്യമാണ്. വർദ്ധിച്ചുവരുന്ന ക്യാൻസർ രോഗ ചികിത്സയ്ക്കോ രോഗ നിർണയത്തിനോ സർക്കാർ ആശുപത്രികളിലെ പരിമിത സൗകര്യങ്ങൾ ഒട്ടും പര്യാപ്തമാകുന്നില്ല.

താലൂക്ക് ആശുപത്രികളിൽ വരെ രോഗ നിർണയത്തിനും തുടർചികിത്സയ്ക്കുമുള്ള സൗകര്യങ്ങൾ ഏർപ്പെടുത്തുമെന്ന് പ്രഖ്യാപനങ്ങൾ കേട്ടുതുടങ്ങിയിട്ട് കാലം കുറെയായി. അതിനാവശ്യമായ സൗകര്യങ്ങൾ ഏർപ്പെടുത്താൻ മതിയായ ഫണ്ടോ പരിചയസമ്പന്നരായ ഡോക്ടർമാരോ നിലവിൽ ലഭ്യമല്ലെന്നതാണ് ആരോഗ്യവകുപ്പു നേരിടുന്ന വെല്ലുവിളി. ക്യാൻസർ രോഗ ചികിത്സയുടെ ചെലവു കുറയ്ക്കാൻ സർക്കാർ ഫലപ്രദമായ ഇടപെടലുകൾ നടത്തുന്നുണ്ട്. രോഗികൾക്ക് അത് വലിയ ആശ്വാസവുമാണ്. ഇടനിലക്കാരെ ഒഴിവാക്കി ക്യാൻസർ മരുന്നുകൾ ഉത്‌പാദന വില മാത്രം ഈടാക്കി വിതരണം ചെയ്യുന്നുണ്ട്. തിരഞ്ഞെടുക്കപ്പെട്ട സർക്കാർ ആശുപത്രികളിൽ മാത്രമേ ഈ ഔഷധങ്ങൾ ലഭിക്കുകയുള്ളൂ എന്നത് പരിമിതി തന്നെയാണ്. ഒന്നേമുക്കാൽ ലക്ഷം രൂപയ്ക്ക് വിപണിയിൽ വില വരുന്ന ക്യാൻസർ മരുന്ന് 11,​892 രൂപയ്ക്ക് സർക്കാർ ഫാർമസിയിൽ ഇപ്പോൾ ലഭിക്കുന്നുണ്ട്. അതുപോലെ മറ്റു ചിലയിനം മരുന്നുകളും ഇതുപോലെ വിലക്കുറവിലാണ് രോഗികൾക്ക് നൽകുന്നത്.

രോഗികളെ സഹായിക്കുന്നതിനുള്ള ഇത്തരത്തിലുള്ള ഏർപ്പാടുകൾ താഴേത്തലം വരെ എത്തിയാലേ പാവപ്പെട്ട രോഗികൾക്ക് പ്രയോജനമുണ്ടാവൂ. സ്‌ത്രീകളെ ബാധിക്കുന്ന സെർവിക്കൽ ക്യാൻസർ പ്രതിരോധിക്കുന്നതിനുള്ള വാക്‌സിൻ പ്രയോഗം വിപുലമാക്കാൻ സർക്കാർ നടപടി സ്വീകരിക്കുമെന്ന് മുഖ്യമന്ത്രി പറയുകയുണ്ടായി. മുൻപും ഇതിനു ശ്രമങ്ങൾ നടന്നപ്പോൾ വിവരദോഷികളുടെ എതിർപ്പിനെത്തുടർന്നാണ് ആ പരിപാടിയിൽ നിന്ന് പിറകോട്ടു പോകേണ്ടിവന്നതെന്ന കാര്യം ഓർക്കുന്നു. കേരളത്തിൽ ക്യാൻസർ രോഗികളുടെ വർദ്ധനയ്ക്ക് പ്രധാന കാരണമായി വിദഗ്ദ്ധർ ചൂണ്ടിക്കാട്ടുന്നത് പുകയിലയുടെ ഉപയോഗവും,​ ഭക്ഷണ രീതികളിൽ വന്ന മാറ്റവുമാണ്. ജനങ്ങളിൽ നല്ലൊരു ഭാഗം ഫാസ്റ്റ് ഫുഡുകൾ ശീലമാക്കിയത് ക്യാൻസർ കടന്നുവരാനുള്ള വഴി തുറന്നിടുന്നു. അതുപോലെ തന്നെയാണ് വിവിധയിനം ലഹരി സാധനങ്ങളുടെ അമിതമായ ഉപയോഗവും. ജനങ്ങൾ കൂടുതൽ ബോധവാന്മാരായാലേ ഇതൊക്കെ നിയന്ത്രിക്കാനാവൂ.

ക്യാൻസർ രോഗം മാത്രമല്ല,​ പകർച്ചവ്യാധികളുടെ കാര്യത്തിലും കേരളം വലിയ ആരോഗ്യ ഭീഷണി നേരിടുന്ന കാലമാണിത്. മുമ്പൊക്കെ മഴക്കാലത്തായിരുന്നു ഡെങ്കിയും എലിപ്പനിയും സാധാരണ പനിയും ഉൾപ്പെടെ വ്യാപിച്ചിരുന്നതെങ്കിൽ ഇപ്പോൾ അങ്ങനെയൊന്നുമല്ല. ഏതു കാലാവസ്ഥയിലും ഇത്തരം രോഗങ്ങൾ പിടിപെടാനുള്ള സാദ്ധ്യത വർദ്ധിച്ചിരിക്കുന്നു. രോഗികൾ വർദ്ധിക്കുന്നതിനനുസരിച്ച് സർക്കാർ ആശുപത്രികളിലെ മരുന്നുക്ഷാമവും കൂടിയാകുമ്പോൾ സ്ഥിതി കൈവിട്ടുപോകുന്ന അവസ്ഥയുമുണ്ട്. ജനുവരിയിൽ മാത്രം സംസ്ഥാനത്ത് ഒന്നേമുക്കാൽ ലക്ഷത്തോളം പേർ പനിയുമായി ചികിത്സയ്ക്കെത്തിയെന്നാണ് സർക്കാർ ആശുപത്രികളിലെ കണക്ക്. എലിപ്പനി, ഡെങ്കിപ്പനി തുടങ്ങിയവ ഉയർത്തുന്ന ഭീഷണി നേരിടാൻ കൂടുതൽ ജാഗ്രത വേണ്ടിവരുന്നു.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: CANCER
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN OPINION
PHOTO GALLERY
TRENDING IN OPINION