SignIn
Kerala Kaumudi Online
Friday, 31 July 2026 2.19 AM IST

കാലാതിവർത്തിയായ തലയെടുപ്പ്

vakkom
വക്കം പുരുഷോത്തമൻ

വക്കം പുരുഷോത്തമന്റെ മൂന്നാം ചരമ വാർഷിക ദിനമാണ് ഇന്ന്

ഒരു രാഷ്ട്രീയ പ്രബുദ്ധതയുടെ തിരുശേഷിപ്പായി മനസിൽ സൂക്ഷിക്കേണ്ട വ്യക്തിത്വമാണ് വക്കം പുരുഷോത്തമൻ. വക്കം എന്ന മനോഹര കായൽത്തീര ഗ്രാമത്തിൽ നിന്ന് ഇന്ത്യയാകെ അറിയപ്പെടുന്ന പ്രാമാണികത എക്കാലവും എല്ലാവർക്കും മാതൃകയാകണം. രാഷ്ട്രീയ ജീവിതം കൃതാർത്ഥനായി അവസാനിപ്പിച്ച ശേഷവും വക്കം പുരുഷോത്തമൻ രാജ്യത്തിന്റെ വികാസ പരിണാമങ്ങളെക്കുറിച്ചു ബോധവാനായിരുന്നു. നവതിയുടെ നിറവിൽ നിശ്ചേഷ്ഠനാകാതെ കാലവ്യതിയാനങ്ങളേയും രാഷ്ട്രീയ പരിണാമങ്ങളേയും കുറിച്ചു തിരക്കുകയും അറിയുകയും ചെയ്തിരുന്നു.

2023 ജൂലായ് 31ന് ഉച്ചയ്ക്ക് ഒന്നരമണിയായപ്പോൾ ആ രാഷ്ട്രീയ പ്രാഭവത്തിന്റെ തിരോധാനമാണ് നാടറിഞ്ഞത്. വക്കം എന്നും അസൂയാവഹമായ ഒരു ചൈതന്യമായിരുന്നു. ആകാര സൗഷ്ഠവത്തിലും അതിനുചേർന്ന വേഷപ്പകർച്ചയിലും അതു പ്രകടമായിരുന്നു. കേരള രാഷ്ട്രീയ, ഭരണ രംഗങ്ങളിലെ വക്കത്തിന്റെ നിശ്ചയദാർഢ്യവും ആരേയും കൂസാതെയുള്ള മുന്നേറ്റവും മറ്റാർക്കും ഇന്നും അവകാശപ്പെടാനില്ല.

കേരളത്തിൽ ചൈതന്യവത്കരിക്കപ്പെട്ട കാർഷിക, തൊഴിൽ, ആരോഗ്യ, ടൂറിസം രംഗങ്ങൾ ചരിത്രമാണ്. കർഷകത്തൊഴിലാളികൾക്ക് മൂന്നിരട്ടി കൂലിവർദ്ധന, ചുമട്ടുതൊഴിലാളികൾക്കും കയർതൊഴിലാളികൾക്കും ഏറെ പ്രയോജനപ്പെട്ട നിയമനിർമ്മാണങ്ങൾ, ടൂറിസം വാരാഘോഷം (പിൽക്കാലത്ത് ഓണാഘോഷം), ഗവൺമെന്റ് മെഡിക്കൽ കോളേജ് ആശുപത്രികളിലെ റഫറൽ സമ്പ്രദായം ഒക്കെ ജനപ്രീതി നേടിയ അദ്ദേഹത്തിന്റെ പരിഷ്കാരങ്ങളാണ്.

വക്കത്തിന്റെ കാലത്ത് ആറ്റിങ്ങൽ നിയോജക മണ്ഡലത്തിലുണ്ടായ അത്യപൂർവമായ നേട്ടങ്ങൾ അക്കമിട്ടു പറയാൻ ഇവിടെ ഇടമില്ല. ആലപ്പുഴയിലെ എം.പിയായിരിക്കെയാണ് തീരദേശ റെയിൽവേ ഉണ്ടായത്. ആലപ്പുഴ തുറമുഖത്ത് അടുത്തു തുടങ്ങിയ കപ്പൽ, അതുമൂലമുണ്ടായ തൊഴിൽ മേഖലയിലെ ഉണർവ് ഒക്കെ എടുത്തു പറയേണ്ട കാര്യങ്ങളാണ്. ആൻഡമാൻ നിക്കോബാർ ദ്വീപസമൂഹങ്ങളുടെ കാലാതീതമായ വളർച്ചയും,​ ടൂറിസം ഉന്നതമായ നിലയിലേക്കു വളർന്നതും വക്കത്തെ അവിടത്തെ ജനങ്ങളുടെ 'രക്ഷകൻ' എന്ന ഓമനപ്പേരിനും അർഹനായി.

'രക്ഷകൻ' എന്ന നിലയിൽ വക്കത്തെ ജനങ്ങൾ ആരാധനയോടെ കണ്ടതിന്റെ പ്രതിഫലനം സുനാമി കാലത്ത് ദ്വീപ് വാസികൾ ഉന്നയിച്ച ആവശ്യവും,​ ഉയർത്തിയ മുദ്രാവാക്യങ്ങളും സാക്ഷിയാണ്. മിസോറാമിലെ ഗവർണറും നാഗാലാൻഡിലേയ്ക്ക് അദ്ദേഹത്തോടു ചോദിക്കാതെ ഉണ്ടായ സ്ഥലംമാറ്റത്തിനു നേരെ വലിച്ചെറിഞ്ഞ രാജിക്കത്തും ഇന്ത്യൻ രാഷ്ട്രീയത്തിൽ വക്കം എന്ന ഗ്രാമം വളർത്തിയെടുത്ത പുരുഷോത്തമന്റെ തന്റേടവും തലയെടുപ്പും കാലാതിവർത്തിയായി നിലനില്ക്കുന്നു.

രണ്ടു നിയമസഭകളിലായി 5 വർഷവും 9 മാസവും 5 ദിവസവും വക്കം സ്പീക്കറായിരുന്നു. ഇന്നും നിലനിൽക്കുന്ന ശബ്ദവും ഗാംഭീര്യവും ഇടകലർന്ന സ്വരമായിരുന്നു വക്കം. സഭയെ നിയന്ത്രിച്ചിരുന്ന 'യെസ്', 'യെസ്' വിളി സഭയുടെ പ്രവർത്തനങ്ങളിൽ കൃത്യതയും നിയന്ത്രണവും പ്രസക്തിയും നിലനിറുത്താനായിരുന്നു. സഭയാകെ മുഖരിതമാകുമായിരുന്നു ആ ശബ്ദം.

ഒരു സ്പീക്കർ എന്ന നിലയിലും വക്കം ഉയർത്തിപ്പിടിച്ചിരുന്ന മാനദണ്ഡങ്ങൾ ഇന്ത്യയൊട്ടാകെ അറിയപ്പെട്ടിരുന്നു. അതിനു കിട്ടിയ അംഗീകാരമാണ് ലോക്സഭയുടെ പാനൽ ഒഫ് ചെയർമാന്മാരിൽ ഒരാളായി അദ്ദേഹത്തെ ഉൾപ്പെടുത്തിയത്. അന്ന് പ്രധാനമന്ത്രിയായിരുന്ന രാജീവ്ഗാന്ധി സുപ്രധാനമായ ബില്ലുകൾ പാസാക്കി എടുക്കവേ വക്കമായിരുന്നു ചെയറിൽ. അത് രാജീവ് ഗാന്ധിയുടെ ഉൾക്കരുത്തായിരുന്നു.

തിരുവനന്തപുരത്തെ ഏറ്റവും പ്രഗത്ഭരായ ക്രിമിനൽ അഭിഭാഷകരുടെ കൂട്ടത്തിൽ തിരക്കേറി നിൽക്കവേയാണ് വക്കം പുരുഷോത്തമൻ രാഷ്ട്രീയത്തിലേയ്ക്കു കടക്കുന്നത്. കേരളകൗമുദി പത്രാധിപരുടെ പിൻബലത്തോടെ ആർ.ശങ്കർ വക്കത്തെ രാഷ്ട്രീയത്തിലേയ്ക്കു നയിക്കുകയായിരുന്നു. തുടർന്ന് ഡി.സി.സി പ്രസിഡന്റായും കെ.പി.സി.സിയുടേയും എ.ഐ.സി.സിയുടേയും വിവിധ നിലകളിലും എത്തിച്ചേർന്നു. സോണിയാജിയുടെ ശ്രദ്ധയിൽപ്പെട്ട വക്കത്തെ ഏറെ പ്രോത്സാഹിപ്പിക്കുകയും അവരുടെ വിശ്വസ്തതയിൽ നിലനിറുത്തുകയും ചെയ്തിരുന്നു. കൂർമ്മ ബുദ്ധികൊണ്ട് കേരള രാഷ്ട്രീയത്തെയും ഭരണ സംവിധാനത്തേയും ഏറെ സ്വാധീനിച്ച വ്യക്തിയായിരുന്നു അദ്ദേഹം.

സ്പീക്കർ എന്ന നിലയിൽ വക്കം ചേർത്തു പിടിച്ച ഉന്നതമായ മാനദണ്ഡങ്ങൾക്കിടയിൽ മറ്റു ചില മാതൃകകളും പ്രസക്തമാണ്. പാളയത്തെ അണ്ടർപാസ് പറഞ്ഞ 8 മാസങ്ങൾക്കുള്ളിൽ നിർമ്മിച്ച് നൽകിയ അന്നത്തെ മരാമത്ത് വകുപ്പ് മന്ത്രിയായിരുന്ന ഡോ. എം.കെ.മുനീറിന് വക്കം വാഗ്ദാനം ചെയ്ത പോലെ സ്വർണമോതിരം സമ്മാനിച്ചു. വെള്ളാപ്പള്ളി നടേശനോട് അന്നത്തെ തിരഞ്ഞെടുപ്പിൽ യു.ഡി.എഫിനു 75 സീറ്റുകൾ കിട്ടുമെന്ന് വാതുവച്ചിട്ട് 72 സീറ്റുകളിൽ ഒതുങ്ങേണ്ടിവന്നപ്പോൾ നൽകിയ സ്വർണമോതിരവും കാലം മറക്കുന്നില്ല.

മദർ തെരേസയുടെ കത്ത്

ആൻഡമാനിൽ ലഫ്റ്റനന്റ് ഗവർണർ ആയിരുന്നപ്പോൾ അവിടെ ഏർപ്പെടുത്തിയ പുതുമയേറിയ പരിഷ്കാരങ്ങളെ അഭിനന്ദിച്ചുകൊണ്ട് മദർ തെരേസ വക്കത്തിനു കത്തെഴുതിയിരുന്നു. ഏറെ സ്നേഹ വായ്പോടെയായിരുന്നു ആ കത്ത് അദ്ദേഹം സൂക്ഷിച്ചിരുന്നത്. വക്കത്തിന്റെ ജീവിത നാളുകളിൽ അദ്ദേഹം സ്പർശിക്കാത്ത മേഖലകൾ ഇല്ല. നാടകവും സിനിമയും ഒരുകാലത്ത് അദ്ദേഹത്തിന്റെ പ്രിയരംഗങ്ങളായിരുന്നു. വിപുലമായ സുഹൃത്ത് സമ്പത്ത് ഡൽഹിയിലും മുംബയിലും ചെന്നൈയിലുമായി വക്കത്തിനുണ്ടായിരുന്നു.

ഉന്നതരായിരുന്ന സുഹൃത്തുക്കളുടെ സ്വതന്ത്രമായ ഭരണ നീക്കങ്ങളെ സ്വാധീനിക്കുവാൻ അദ്ദേഹം ശ്രമിച്ചിട്ടില്ല. വക്കം പുരുഷോത്തമന്റെ കുടുംബം ഒരാനന്ദവേദിയായിരുന്നു. സഹധർമ്മിണി ഡോ. ലില്ലി പുരുഷോത്തമൻ. മകൻ പരേതനായ ബിജു പുരുഷോത്തമൻ. മകൾ ഡോ. ബിന്ദു. ഇളയ മകൻ എൻജിനിയറായ ബിനു പുരുഷോത്തമൻ. പിന്നെ മരുമക്കളും ചെറുമക്കളും കുറെ അടുത്ത ബന്ധുക്കളും. രാഷ്ട്രീയ പ്രവർത്തനത്തിന്റെ, ഭരണത്തിന്റെ ഏറെത്തിരക്കിലും ഈ ആനന്ദവേദിയിൽ അദ്ദേഹം സംബന്ധിക്കാതിരിക്കില്ല.

വക്കത്തിന്റെ അന്ത്യനാളുകൾക്കിടയിലാണ് ഉമ്മൻചാണ്ടി നാടിനു നഷ്ടമാകുന്നത്. ഒന്നു ചെന്ന് അദ്ദേഹത്തിന് അന്തിമോപചാരം അർപ്പിക്കുവാൻ അനുവദിക്കാതിരുന്ന സ്വന്തം ആരോഗ്യത്തെ ശപിച്ചുകൊണ്ട് വക്കം വീട്ടിലിരുന്നു. സഫലീകരണം പ്രാപിക്കാതെ പോയതിനുശേഷം അധികനാൾ വക്കം ഉണ്ടായില്ല.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: SS
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN OPINION
PHOTO GALLERY