SignIn
Kerala Kaumudi Online
Friday, 31 July 2026 2.19 AM IST

ഡെങ്കിപ്പനിക്ക് വാക്‌സിൻ

READ ENGLISH VERSION
ss

രാജ്യത്തെ ഡെങ്കിപ്പനി വ്യാപനം വളരെ കൂടുതൽ വർദ്ധിച്ചുവരുന്ന സാഹചര്യത്തിൽ ഡെങ്കിപ്പനിക്ക് എതിരായ ആദ്യ വാക‌്‌സിന് ഇന്ത്യ അംഗീകാരം നൽകിയത് പ്രതിരോധ ചികിത്സയിൽ വലിയ വഴിത്തിരിവാകും. നാലുമുതൽ 60 വയസുവരെ പ്രായമുള്ള വ്യക്തികളിൽ ഡെങ്കിപ്പനി പ്രതിരോധിക്കാനാണ് ക്യുഡെംഗ (QDENGA) എന്ന വാക്‌സിന് ഇന്ത്യയിലെ ഡ്രഗ്‌സ് കൺട്രോളർ ജനറൽ അനുമതി നൽകിയിരിക്കുന്നത്. ലോകത്തിലെ ഡെങ്കിപ്പനിബാധയുടെ ഏകദേശം മൂന്നിലൊന്നു ഭാഗം ഇന്ത്യയിലാണ്. വാക്‌സിൻ സ്വീകരിക്കുന്നതിലൂടെ ഡെങ്കിപ്പനിയുടെ ഗുരുതര ലക്ഷണങ്ങൾ ഇല്ലാതാവുകയും ആശുപത്രിവാസം ഒഴിവാക്കാനാകുമെന്നുമാണ് അധികൃതർ കരുതുന്നത്. മൂന്ന് ഘട്ടങ്ങളിലായി ക്ളിനിക്കൽ ട്രയൽ നടത്തിയതിന് ശേഷമാണ് വാക്‌സിന് അംഗീകാരം നൽകിയിരിക്കുന്നത്.

ക്ളിനിക്കൽ ട്രയലിൽ വാക്‌സിൻ സ്വീകരിച്ച് മാസങ്ങൾക്കുള്ളിൽ ഡെങ്കിപ്പനിയിൽ നിന്നും സംരക്ഷണം ലഭിക്കുന്നുണ്ടെന്ന് കണ്ടെത്തുകയുണ്ടായി. ഏഴുവർഷം വരെ സുരക്ഷയും കാര്യക്ഷമതയും വാക്‌സിൻ പ്രകടമാക്കിയിട്ടുണ്ടെന്ന് അധികൃതർ വിശദീകരിക്കുന്നു. കൃത്യമായ ചികിത്സ ലഭിച്ചില്ലെങ്കിൽ ജീവന് ഭീഷണിയാവുന്ന രോഗമാണ് ഡെങ്കിപ്പനി. രക്തത്തിലെ കൗണ്ട് കുറയൽ മുതൽ ഹൃദയത്തിന്റെ പ്രവർത്തനത്തെവരെ തകരാറിലാക്കുന്നതാണ് ഈ പനി. അപകടകരമാംവിധം രക്തസമ്മർദ്ദം കൂടാനും ഇടയാക്കും. ശുദ്ധജലത്തിൽ വളരുന്ന ഈഡിസ് കൊതുകുകളാണ് ഡെങ്കിപ്പനി പകർത്തുന്നത്. ഈഡിസ് കൊതുകുകൾ സാധാരണ പകലാണ് മനുഷ്യരെ കടിക്കുന്നത്. വൈറസ് ശരീരത്തിൽ പ്രവേശിച്ച് മൂന്നു മുതൽ 14 ദിവസങ്ങൾക്കുള്ളിൽ രോഗലക്ഷണങ്ങൾ കണ്ടുതുടങ്ങും. കേരളത്തിൽ ഈ വർഷവും ആയിരക്കണക്കിന് ഡെങ്കിപ്പനി കേസുകൾ റിപ്പോർട്ട് ചെയ്തിരുന്നു. ആരോഗ്യവകുപ്പ് ജാഗ്രതാ നിർദ്ദേശങ്ങളും പുറപ്പെടുവിച്ചിരുന്നു.

ഡെങ്കിപ്പനി ബാധിച്ച് സംസ്ഥാനത്ത് 2023ൽ 153 പേരും 2024ൽ 128 പേരും 2025ൽ 56 പേരും മരണമടഞ്ഞിരുന്നു. കഴിഞ്ഞ മഴക്കാലത്ത് മാത്രം രാജ്യത്ത് ഒരുലക്ഷത്തിലേറെപ്പേർ ഡെങ്കിപ്പനി ബാധിച്ച് ആശുപത്രികളിൽ പ്രവേശിക്കപ്പെട്ടിരുന്നു. സ്വകാര്യ ആശുപത്രികളിൽ ചികിത്സ തേടിയവരുടെ എണ്ണവും ഏതാണ്ട് ഇതിന് സമാനമാണ്. ഡെങ്കി പ്രതിരോധത്തിനും നിയന്ത്രണത്തിനുമുള്ള ഇന്ത്യയുടെ ശ്രമങ്ങളിൽ നാഴികക്കല്ലായി ഈ വാക്‌‌സിന്റെ വരവിനെ വിശേഷിപ്പിക്കാം. ജർമ്മനിയിലെ ഫാർമാ കമ്പനിയാണ് വാക്‌സിൻ നിർമ്മിക്കുന്നത്. ഇന്ത്യയിൽ ഇത് ഇറക്കുമതി ചെയ്യുന്നതും വിതരണം ചെയ്യുന്നതും ബയോ ഫാർമസ്യൂട്ടിക്കൽസ് ഇന്ത്യ പ്രൈവറ്റ് ലിമിറ്റഡ് എന്ന കമ്പനിയാണ്. വാക്‌സിൻ രണ്ട് ഡോസ് വീതമാണ് എടുക്കേണ്ടത്. ആദ്യ ഡോസ് എടുത്ത് മൂന്ന് മാസം കഴിഞ്ഞാണ് രണ്ടാം ഡോസ് എടുക്കേണ്ടത്. സി.ഡി.എസ്.സി.ഒ അംഗീകാരം നൽകിയെങ്കിലും മറ്റ് നടപടികൾ പൂർത്തിയാക്കി 2027 ഏപ്രിൽ കഴിഞ്ഞാവും വാക്‌സിൻ വിപണിയിൽ എത്തുക.

ഈ വാക്‌സിൻ യൂറോപ്യൻ യൂണിയൻ രാജ്യങ്ങൾ, ഇന്തോനേഷ്യ, തായ്‌ലൻഡ്, മലേഷ്യ, ബ്രസീൽ തുടങ്ങി നാൽപ്പത്തിരണ്ട് രാജ്യങ്ങൾ ഇതിനകം അംഗീകരിച്ചിട്ടുണ്ട്. വാക്‌സിന് ലോകാരോഗ്യ സംഘടനയുടെ അംഗീകാരവുമുണ്ട്. സുരക്ഷയും ഫലപ്രാപ്‌തിയും സംബന്ധിച്ച് കൂടുതൽ തെളിവുകൾ ലഭിച്ചാൽ 60 വയസിന് മുകളിലുള്ളവർക്കും വാക്‌സിൻ പരിഗണിക്കപ്പെടാം. മുലയൂട്ടുന്ന അമ്മമാർ, പ്രതിരോധശേഷി കുറഞ്ഞ വ്യക്തികൾ, കീമോതെറാപ്പിക്ക് വിധേയമാകുന്നവർ എന്നിവർക്ക് ഇത് നൽകരുതെന്നും നിർദ്ദേശിക്കപ്പെട്ടിട്ടുണ്ട്. ഒരു ഡോസിന് 3000 മുതൽ 6000 രൂപ വരെയാണ് പ്രതീക്ഷിക്കുന്ന വില. രണ്ട് ഡോസിന് 6,000 മുതൽ 12,000 രൂപ വരെ ചെലവാകും. സമൂഹത്തിലെ താഴെത്തട്ടിലുള്ളവർക്ക് ഇത് താങ്ങാനാവുന്നതല്ല. സർക്കാരിന്റെ ഭാഗത്തുനിന്ന് എന്തെങ്കിലും തരത്തിലുള്ള സാമ്പത്തിക സഹായം ഉണ്ടാകുമോ എന്നത് ഇനിയും വ്യക്തമല്ല. കൊവിഡ് കാലത്ത് വാക്‌സിൻ സർക്കാർ സൗജന്യമായാണ് നൽകിയത്.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: SS
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN OPINION
PHOTO GALLERY