
നാലര വർഷം പിന്നിട്ട റഷ്യ - യുക്രെയിൻ യുദ്ധത്തിന് സമാപനം കണ്ടെത്താനുള്ള നയതന്ത്ര ശ്രമങ്ങൾക്ക് ഇന്ത്യ തുടക്കമിട്ടിരിക്കുന്നു. ഇക്കാര്യം യുക്രെയിൻ തന്നെയാണ് വെളിപ്പെടുത്തിയത്. യുദ്ധത്തിലേർപ്പെട്ടിരിക്കുന്ന ഇരു രാജ്യങ്ങളുമായും ഉറ്റ സൗഹൃദബന്ധം പുലർത്തുന്ന ഇന്ത്യയുടെ ഇടപെടൽ വിജയം വരിക്കുമോ എന്നാണ് ലോകം ഉറ്റുനോക്കുന്നത്. ഇതുസംബന്ധിച്ച യുക്രെയിന്റെയും റഷ്യയുടെയും പ്രതികരണങ്ങളും പ്രതീക്ഷ ഉണർത്തുന്നതാണ്. യുദ്ധം അവസാനിപ്പിക്കുന്നതിനായി ഇന്ത്യ മുന്നോട്ടുവച്ച നിർദ്ദേശങ്ങൾ അമേരിക്ക, തുർക്കി, ഈജിപ്റ്റ് തുടങ്ങിയ രാജ്യങ്ങളുടെ നിർദ്ദേശങ്ങളേക്കാൾ വിശാലവും സമഗ്രവുമാണെന്നാണ് യുക്രെയിൻ വിദേശകാര്യ മന്ത്രിയുടെ വെളിപ്പെടുത്തൽ. യുദ്ധം തുടങ്ങിയതിനു ശേഷം ആദ്യമായാണ് വെടിനിറുത്തലിനായുള്ള ശ്രമങ്ങൾക്ക് ഇന്ത്യ നേരിട്ട് ഇടപെടൽ നടത്തുന്നത്.
യുദ്ധം അവസാനിപ്പിക്കാൻ സജീവ ഇടപെടൽ നടത്തുന്ന പ്രധാനമന്ത്രി നരേന്ദ്ര മോദിയെ റഷ്യൻ പ്രസിഡന്റ് വ്ളാഡിമിർ പുട്ടിനും പ്രശംസിച്ചിരുന്നു. ഉഭയകക്ഷി സമ്മതത്തോടെ പ്രശ്നപരിഹാരത്തിന് മോദിയുടെ പക്കൽ മികച്ച ആശയങ്ങളുണ്ടെന്നാണ് പുട്ടിൻ പറഞ്ഞത്. നിലവിലുള്ള യുദ്ധത്തിന്റെ അവസ്ഥ രൂക്ഷമാണ്. ഉൗർജ്ജ കേന്ദ്രങ്ങൾ ലക്ഷ്യമിട്ടാണ് ഇരു രാജ്യങ്ങളും അന്യോന്യം ദീർഘദൂര ആക്രമണങ്ങൾ പ്രധാനമായും ഇപ്പോൾ നടത്തുന്നത്. ഉൗർജ്ജ മേഖലയിലെ ആക്രമണവും കരിങ്കടലിലെ വെടിനിറുത്തലും ഒരുമിച്ച് നടപ്പാക്കുക എന്ന ആശയമാണ് ഇന്ത്യ മുന്നോട്ടു വച്ചിരിക്കുന്നത്. ഇത് സാദ്ധ്യമായാൽ പിന്നീട് യുദ്ധ മേഖലയിലുടനീളം വെടിനിറുത്തലിന് തയ്യാറാണെന്നതാണ് യുക്രെയിന്റെ നിലപാട്. യുദ്ധത്തിൽ റഷ്യയ്ക്ക് ആവശ്യമായ സ്ഥലങ്ങൾ അവർ പിടിച്ചെടുത്തിട്ടുണ്ട്. റഷ്യൻ ഭാഷ സംസാരിക്കുന്നവർ കൂടുതലായി പാർക്കുന്ന സ്ഥലങ്ങളും ഇവയിൽ ഉൾപ്പെടും. ഇവയെല്ലാം അപ്പാടെ വിട്ടുകൊടുത്തുകൊണ്ടുള്ള ഒരു ഒത്തുതീർപ്പിന് റഷ്യ എന്തായാലും വഴങ്ങില്ല.
എന്നാൽ റഷ്യ പിടിച്ചെടുത്ത യുക്രെയിന്റെ തന്ത്രപ്രധാന വ്യവസായ മേഖല ഉൾപ്പെടുന്ന ഡൊണെറ്റ്‌സ്ക്, ലുഹാൻസ്‌ക് എന്നീ പ്രദേശങ്ങൾ വിട്ടുകിട്ടണമെന്ന നിലപാടിലാണ് യുക്രെയിൻ. യുദ്ധം തീർക്കുന്നതിനായി അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് 29 ഇന സമാധാന പദ്ധതി മുന്നോട്ട് വച്ചിരുന്നു. ഇതിൽ ഏറ്റവും പ്രധാന നിർദ്ദേശം തർക്കപ്രദേശങ്ങൾ റഷ്യയും അമേരിക്കയും വച്ചുമാറുകയെന്നതായിരുന്നു. എന്നാൽ ഇത് ഒരേപോലെ റഷ്യയും യുക്രെയിനും തള്ളിക്കളയുകയാണ് ചെയ്തത്. യുദ്ധത്തിൽ പാശ്ചാത്യ രാജ്യങ്ങളാണ് യുക്രെയിനെ സാങ്കേതികവിദ്യയും സാമ്പത്തിക സഹായവും നൽകി തുണച്ചുകൊണ്ടിരിക്കുന്നത്. റഷ്യയുടെ അധിനിവേശം ഉണ്ടായ സ്ഥലങ്ങളിൽ നിന്ന് ലക്ഷക്കണക്കിന് യുക്രെയിൻകാർ മറ്റ് സ്ഥലങ്ങളിലേക്കും രാജ്യങ്ങളിലേക്കും പലായനം ചെയ്തിട്ടുണ്ട്.
യുദ്ധത്തിന്റെ കെടുതി ഏറ്റവും കൂടുതൽ നേരിടേണ്ടി വന്നത് സാധാരണ ജനങ്ങൾക്കാണ്. 2022 ഫെബ്രുവരി 24ന് തുടങ്ങിയ യുദ്ധം നാലര വർഷമായി വിരാമമില്ലാതെ തുടരുകയാണ്. ഇതിന് പുറമേയാണ് പശ്ചിമേഷ്യയിലെ യുദ്ധം. ഇത് ഗൾഫ് മേഖലയിലും ലോകത്തെമ്പാടും സാമ്പത്തികമായ പ്രത്യാഘാതങ്ങൾക്ക് ഇടവച്ചിരിക്കുന്നു. എണ്ണയുടെ വില ക്രമാതീതമായി ഉയരുന്നത് ഇന്ത്യയെയും പ്രതിസന്ധിയിലാക്കിയിട്ടുണ്ട്. യുക്രെയിൻ യുദ്ധം അവസാനിച്ചാൽ പശ്ചിമേഷ്യയിലെ യുദ്ധത്തിനും വിരാമമുണ്ടാകുമെന്ന് പ്രതീക്ഷിക്കാവുന്നതാണ്. ഈ പശ്ചാത്തലത്തിൽ എന്നും സമാധാനത്തിന് വേണ്ടി നിലകൊള്ളുന്ന ഇന്ത്യയുടെ ഇടപെടൽ ലോകം വലിയ പ്രതീക്ഷയോടെയാണ് ഉറ്റുനോക്കുന്നത്. വെടിയൊച്ചകൾ നിലയ്ക്കാൻ ഇന്ത്യയുടെ നീക്കം സഹായകമായാൽ അന്താരാഷ്ട്ര രംഗത്ത് ഇന്ത്യയുടെ ഇമേജ് വളരെയധികം ഉയർത്താൻ അതിടയാക്കുമെന്നതിൽ സംശയമില്ല.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |