SignIn
Kerala Kaumudi Online
Sunday, 21 June 2026 4.54 AM IST

ശ്രുതിലയങ്ങളുടെ സുറിയാനി പക്ഷി

mp-george

പാശ്ചാത്യ സംഗീതത്തിന്റെ ഗാംഭീര്യവും കർണാടക സംഗീതത്തിന്റെ ആത്മാവും ഒരേ ശ്രുതിയിൽ ചേർന്നൊഴുകി. ആ അപൂർവ്വ സുന്ദര സമന്വയത്തിന്റെ പേരാണ് ഡോ. എം.പി. ജോർജ് കോർ എപ്പിസ്‌കോപ്പയെന്ന എഴുപത്തിരണ്ടുകാരൻ. മൊസാർട്ടും ബിഥോവനും അനശ്വരമാക്കിയ സിംഫണിയെന്ന പാശ്ചാത്യ സംഗീത ശാഖയ്ക്ക് ഇന്ത്യൻ രാഗങ്ങളുടെ വശ്യത നൽകി, ആദ്യമായി എഴുതി അവതരിപ്പിച്ച വൈദികൻ തന്റെ സംഗീത സപര്യയുടെ അരനൂറ്റാണ്ട് പിന്നിടുകയാണ്.

ഇളയരാജ സിംഫണി അവതരിപ്പിച്ചത് വിദേശത്തുവെച്ചായിരുന്നു. എന്നാൽ ഒരു വർഷത്തിലേറെ നീണ്ട കഠിനശ്രമത്തിനൊടുവിൽ സിംഫണി പൂർണ്ണമായി എഴുതി തയ്യാറാക്കി ഇന്ത്യയിൽ ആദ്യമായി അവതരിപ്പിച്ചത് താനാണെന്ന് ജോർജ് അച്ചൻ അഭിമാനത്തോടെ ഓർക്കുന്നു. 'ദി സോങ് ഓഫ് ആൻ ഇന്ത്യൻ കുക്കു' (ഒരു വിഷുപ്പക്ഷിയുടെ ഗാനം) എന്നതായിരുന്നു ചരിത്ര സൃഷ്ടിയുടെ പ്രമേയം. ഇന്ത്യയിൽ നിന്ന് ഒരു വിഷുപ്പക്ഷി ദേശങ്ങൾ താണ്ടി ജറുസലേമിലെത്തുന്നു. യേശുവിന്റെ ജനനം മുതൽ ഉയിർത്തെഴുന്നേൽപ്പ് വരെയുള്ള പുണ്യകഥകൾ മനസ്സിലാക്കി തിരികെ നാട്ടിലെത്തി പാടുന്നതാണ് ഇതിവൃത്തം.
കല്യാണി ,ചാരുകേശി, സിന്ദുഭൈരവി,ഹിന്ദോളം ,മോഹനം ,ഹംസധ്വനി ,ശങ്കരാഭരണം ദേശ് എന്നീ കർണാടക രാഗങ്ങൾ കൂടി ഉൾപ്പെടുത്തി ഇന്ത്യയിലെ ആദ്യത്തെ ഫിൽ ഹാർമോണിക്ക് സിംഫണിക്കാണ് രൂപം നൽകിയത്. ഓർത്തഡോക്സ് സഭ ഓൾഡ് സെമിനാരി ഇരുനൂറാം വാർഷികത്തോടനുബന്ധിച്ച് കോട്ടയത്ത് ആദ്യം അവതരിപ്പിച്ചു പിന്നീട് കൊച്ചിയിലും, വിദേശത്ത്ഹൂസ്റ്റണിലും.

'' ബിഥോവനെപ്പോലെയുള്ള മഹാപ്രതിഭകൾ ഒമ്പത് സിംഫണികൾ സൃഷ്ടിച്ചപ്പോൾ, ഈയുള്ളവന് ഒരെണ്ണമെങ്കിലും പൂർത്തിയാക്കാനും ഓസ്ട്രിയയിലെ ബിഥോവന്റെ ശവകുടീരത്തിൽ അത് സമർപ്പിക്കാനും കഴിഞ്ഞത് മഹാഭാഗ്യവും ദൈവനിശ്ചയവുമായി ഞാൻ കാണുന്നു.'' ഡോ. എം.പി ജോർജ് കോർ എപ്പിസ് കോപ്പ പറയുന്നു.

2015ൽ സെമിനാരിയുടെ ഇരുനൂറാം വാർഷികവും അദ്ദേഹത്തിന്റെ ഷഷ്ടിപൂർത്തിയും ഒരുമിച്ചുവന്നപ്പോഴാണ് വേറിട്ടൊരു സംഗീതവിരുന്ന് ഒരുക്കണമെന്ന ചിന്ത പഴയ സെമിനാരിയിലെ വിദ്യാർത്ഥികൾക്ക് ഉണ്ടായത്. അവരുടെ സമ്മർദ്ദത്തിനു വഴങ്ങിയാണ് സിംഫണിയിൽ ഒരു കൈ നോക്കിയത്. പ്രത്യേക സോഫ്റ്റ്‌വെയർ ഉപയോഗിച്ച് പാശ്ചാത്യപൗരസ്ത്യ സംഗീതോപകരണങ്ങൾ സമന്വയിപ്പിച്ചുള്ള സിംഫണി തയ്യാറാക്കുകയെന്നത് ഒരു വർഷത്തിലേറെ നീണ്ട തപസ്യ. ഇതിനിടെ ശാരീരിക അസ്വസ്ഥതകൾ. ഒരു മണിക്കൂർ ഇൻസ്ട്രുമെന്റലും ഒരു മണിക്കൂർ ക്വയറുമായി ചിട്ടപ്പെടുത്തിയ സിംഫണി അദ്ദേഹം കണ്ടക്ട് ചെയ്തപ്പോൾ, ആസ്വദിക്കാൻ ആത്മസുഹൃത്തുക്കളായ കെ.ജെ. യേശുദാസും സംഗീതസംവിധായകൻ ജി. ദേവരാജൻ മാസ്റ്ററും അടക്കം നിരവധി പ്രമുഖർ എത്തി. പാടാനും ഉപകരണങ്ങൾ വായിക്കാനുമായി ഇരുനൂറിലധികം കലാകാരന്മാർ അണിനിരന്നു. സ്ട്രിംഗ്സ്, വിൻഡ്, കീബോർഡ് വിഭാഗങ്ങളിലായി ഇരുപതിലധികം സംഗീത ഉപകരണങ്ങളാണ് ഉപയോഗിച്ചത്.
പാമ്പാക്കുടയിൽ നിന്ന് റഷ്യയിലേക്കും ഇംഗ്ലണ്ടിലേക്കും

മൂവാറ്റുപുഴയ്ക്കടുത്ത് പാമ്പാക്കുടയിൽ എം.കെ. പൈലി സാറാമ്മ ദമ്പതികളുടെ ഒമ്പത് മക്കളിൽ ആറാമനായാണ് ജനനം. ഡിഗ്രി പഠനത്തിന് ശേഷം കോട്ടയത്ത് വൈദിക വിദ്യാർത്ഥിയായിരിക്കെ അദ്ദേഹത്തിന്റെ സംഗീതവാസന തിരിച്ചറിഞ്ഞത് പഴയ സെമിനാരി പ്രിൻസിപ്പൽ ഡോ. പൗലോസ് മാർ ഗ്രിഗോറിയോസ് തിരുമേനി. അദ്ദേഹം ജോർജ് അച്ചനെ കോട്ടയം കലാക്ഷേത്രയിൽ സംഗീത പഠനത്തിന് അയച്ചു. 1984ലെ വിജയദശമി നാളിൽ അരങ്ങേറ്റം കുറിച്ച്, കേരളത്തിൽ കർണാടക സംഗീത കച്ചേരി അവതരിപ്പിച്ച ആദ്യ വൈദികനായി ജോർജ് അച്ചൻ മാറി. മൂന്ന് കൊല്ലത്തിനുശേഷം പാശ്ചാത്യ സംഗീതം പഠിക്കാൻ റഷ്യയിലേക്ക് അയച്ചതും ഗ്രിഗോറിയസ് തിരുമേനി.

ലെനിൻ ഗ്രാഡിലെ ഓർത്തഡോക്സ് മ്യൂസിക് അക്കാഡമിയിൽ ഹാർമണി ആൻഡ് ക്വയർ കൺഡക്ഷൻ എന്നതായിരുന്നു വിഷയം. മൂന്നു വർഷം സ്കോളർഷിപ്പോടെയുള്ള പഠന ശേഷം ഇംഗ്ലണ്ടിലെ സെന്റ്. ആൽബർട്ട് മ്യൂസിക് കോളേജിൽ ഒരു വർഷത്തെ ഉപരി പഠനവും കഴിഞ്ഞു നാട്ടിലെത്തിയ ജോർജ് അച്ചൻ ശ്രുതി മ്യൂസിക്ക് ആൻഡ് ലിറ്ററിജിക്കൽ മ്യൂസിക്കിനും സുമോറോ ക്വയർ സംഘത്തിനും രൂപം നൽകി.

ഗവേഷണങ്ങളും ഭാവി പദ്ധതികളും

നാലാം നൂറ്റാണ്ടിലെ സുറിയാനി പാട്ടുകളിൽ ഗവേഷണം നടത്തി ഡോക്ടറേറ്റ് നേടിയ അദ്ദേഹംഅവ ചിട്ടപ്പെടുത്തുന്നതിനായി 'സാമ സ്റ്റുഡിയോയ്ക്ക് രൂപം നൽകി ശ്രുതിയിട്ടു. ഒട്ടേറെ ക്രൈസ്തവ ആരാധനാ ഗീതങ്ങളും പിയാനോ, വയലിൻ കൺസെർട്ടോ കോമ്പോസിഷനുകളുംചിട്ടപ്പെടുത്തിയിട്ടുണ്ട്. പാശ്ചാത്യ സംഗീതത്തിലെന്നപോലെ കർണാടക സംഗീതത്തിലും അഗാധപാണ്ഡിത്യമുള്ള അദ്ദേഹം തിരുവാർപ്പ് ശ്രീകൃഷ്ണ സ്വാമി ക്ഷേത്രത്തിൽ ചെമ്പൈ സംഗീതോത്സവത്തിലെ സ്ഥിരം സാന്നിദ്ധ്യമാണ്. കർണാടക സംഗീതവും ക്രൈസ്തവ ഗീതങ്ങളും ഉൾപ്പെടുത്തിയ കച്ചേരികൾ പള്ളികളിലും അവതരിപ്പിക്കാറുണ്ട്. കോട്ടയം പബ്ലിക് ലൈബ്രറിയുടെയും ചിൽഡ്രൻസ് ലൈബ്രറിയുടെയും കീഴിൽ 'ബിഥോവൻസ് മ്യൂസിക് അക്കാദമി'ക്ക് അദ്ദേഹം തുടക്കമിടുകയാണ്. എം.ജി. സർവ്വകലാശാലയുടെ സഹകരണത്തോടെ സർട്ടിഫിക്കറ്റ്, പി.ജി ഡിപ്ലോമ കോഴ്സുകൾ നടത്തുന്ന ഈ സ്ഥാപനത്തിന് സർവ്വകലാശാലയുടെ അംഗീകാരവും ലഭിച്ചിട്ടുണ്ട്.

എഴുത്തും കുടുംബവും

സംഗീതസംബന്ധിയായ ഏഴ് പുസ്തകങ്ങൾ പ്രസിദ്ധീകരിച്ചിട്ടുണ്ട്. ഇതിൽ 'പാശ്ചാത്യ സംഗീത പ്രവേശിക' എന്ന മലയാള പുസ്തകത്തിന് ദേവരാജൻ മാസ്റ്ററും, ഇംഗ്ലീഷ് പുസ്തകത്തിന് കെ.ജെ. യേശുദാസുമാണ് അവതാരിക എഴുതിയത്. ക്വയർ ഗ്രൂപ്പിലെ ഗായിക കൂടിയായ ഭാര്യ സൂസി ജോർജ് (റിട്ടയേർഡ് അദ്ധ്യാപിക), മക്കളായ പോൾ ജോർജ് (ജർമനി), സയറാ മറിയം ജോർജ് (ആർക്കിടെക്ട്, റോം) എന്നിവരടങ്ങുന്ന കുടുംബമാണ് അദ്ദേഹത്തിന്റെ സംഗീത ജീവിതത്തിന് പൂർണ്ണ പിന്തുണ.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: MP GEROGE
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN OPINION
PHOTO GALLERY
TRENDING IN OPINION