SignIn
Kerala Kaumudi Online
Sunday, 21 June 2026 1.49 AM IST

വളരാൻ 'സമുദ്ര' വഴി

1

സമഗ്ര വികസനം ലക്ഷ്യമിട്ട് ബഡ്ജറ്റിൽ അവതരിപ്പിച്ച 'മിഷൻ സമുദ്ര' യാഥാർത്ഥ്യമായാൽ സിംഗപ്പൂർ പോലെ കേരളവും വൻ സാമ്പത്തിക ശക്തിയായി മാറും. വിഴിഞ്ഞം അന്താരാഷ്ട്ര ആഴക്കടൽ തുറമുഖത്തിന്റെ സാദ്ധ്യതകൾ കേരളത്തിലെ 600 കിലോമീറ്റർ തീരത്തിനും ലഭ്യമാക്കാൻ ലക്ഷ്യമിട്ടുള്ള വമ്പൻ പദ്ധതിയാണിത്. സിംഗപ്പൂർ പോലെ കേരളത്തെ 'തുറമുഖ നഗരം' ആക്കുകയാണ് ലക്ഷ്യം. പദ്ധതിക്കായി 400കോടിയാണ് ബഡ്‌ജറ്റിൽ വകയിരുത്തിയതെങ്കിലും ആയിരക്കണക്കിന് കോടിയുടെ സ്വകാര്യ നിക്ഷേപമാണ് 'മിഷൻ സമുദ്ര'യുടെ സവിശേഷത. അഞ്ച് വർഷത്തിനുള്ളിൽ കേരളത്തെ ലോകമാരിടൈം ഭൂപടത്തിൽ വൻശക്തിയായി ഉയർത്തുന്നതിനുള്ള വൻകിട പദ്ധതികളാണ് 'മിഷൻ സമുദ്ര'യിലുള്ളത്. തിരുവനന്തപുരം നഗരസഭയുടെ മൂന്നിരട്ടി മാത്രമുള്ള സിംഗപ്പൂർ, തുറമുഖം കൊണ്ട് വളർന്നതു പോലെ കേരളത്തിനുള്ള വമ്പൻ അവസരമാണ് ഇനി വരുന്നത്.

കേരളത്തെ ആകെയൊരു തുറമുഖ നഗരമായി വിഭാവനം ചെയ്‌ത്, റോഡ്, സമുദ്രം, റെയിൽ, ഉൾനാടൻ ജലപാത, നിർമ്മാണ മേഖലകൾ, ഗ്രീൻ ഫീൽഡ് സിറ്റി എന്നിവയെല്ലാം കോർത്തിണക്കി മാരിടൈം സമ്പദ് വ്യവസ്ഥയിലേക്ക് മാറ്റാനുള്ളതാണ് 'മിഷൻ സമുദ്ര'. വിഴിഞ്ഞം കൊണ്ട് കേരളത്തിന്റെ വളർച്ച സാദ്ധ്യമാക്കാനുള്ള പദ്ധതിയാണിത്. ബാലരാമപുരം- വിഴിഞ്ഞം ഭൂഗർഭ റെയിൽ, വിഴിഞ്ഞം നാവായിക്കുളം ഔട്ടർ റിംഗ് റോഡ് തുടങ്ങിയ പദ്ധതികൾ വേഗത്തിൽ നടപ്പാക്കുന്നതോടെ തലസ്ഥാനത്ത് വമ്പൻ അടിസ്ഥാന സൗകര്യ വികസനമായിരിക്കും ഉണ്ടാവുക. വിഴിഞ്ഞം, കൊച്ചി തുറമുഖങ്ങൾക്ക് ചുറ്റും നിർമ്മാണമേഖലകൾ, സ്റ്റഫിംഗ് സെന്ററുകൾ,ഡ്രൈ പോർട്ട് എന്നിവ ആരംഭിക്കുന്നതോടെ വൻതോതിൽ തൊഴിൽ സൃഷ്ടിക്കപ്പെടും.

വിഴിഞ്ഞം തുറമുഖത്തും അനുബന്ധ മേഖലകളിലും വമ്പൻ വികസനം വരും. ഗ്രീൻ ബങ്കറിംഗ് സേവനം നൽകുന്ന ഇന്ത്യയിലെ ആദ്യ തുറമുഖമായി വിഴിഞ്ഞത്തെ മാറ്റുമെന്നാണ് പ്രഖ്യാപനം. മദർഷിപ്പ് നിർമ്മാണം, അവരുടെ അറ്റകുറ്റപ്പണി എന്നിവയ്ക്കായി കപ്പൽ നിർമ്മാണ കേന്ദ്രം സ്ഥാപിക്കും. ഇവിടങ്ങളിലുണ്ടാകുന്ന തൊഴിലവസരങ്ങളിൽ തീരപ്രദേശത്തെ സാധാരണക്കാർക്ക് സംവരണം ലഭിക്കുന്നതും ഗുണകരമാണ്. കപ്പൽശാല വന്നാൽ ചുരുങ്ങിയത് 15000 തൊഴിൽ സൃഷ്ടിക്കപ്പെടും. പ്രധാന നോൺ മേജർ തുറമുഖങ്ങളായ കോവളം,കൊല്ലം, അഴീക്കൽ,ബേപ്പൂർ എന്നിവയും 'മിഷൻ സമുദ്ര'യിലൂടെ വികസിപ്പിക്കും. ചരക്ക് ഗതാഗതത്തിനും മറ്റ് തുറമുഖ അടിസ്ഥാന വ്യവസായങ്ങൾക്കും ലോജസ്റ്റിക് കപ്പൽ അനുബന്ധപ്രവർത്തനങ്ങൾക്കും മറ്റ് 13 നോൺ മേജർ തുറമുഖങ്ങളിലെ തുറമുഖഭൂമി, കെട്ടിടങ്ങൾ, മറ്റ് ആസ്തികൾ എന്നിവ പ്രയോജനപ്പെടുത്തി സ്വകാര്യ നിക്ഷേപങ്ങളുണ്ടാകുമെന്നതും ശ്രദ്ധേയമാണ്. ഇതിനൊപ്പം ജലഗതാഗത സംവിധാനവും വാട്ടർ ടൂറിസവും വികസിക്കുന്നത് ടൂറിസം രംഗത്തും ഗുണകരമാവും. കരിമണലുൾപ്പെടെയുള്ള ധാതുസമ്പത്ത് പ്രയോജനപ്പെടുത്താനും പദ്ധതിയുണ്ട്.


കപ്പൽ-വിമാന

ഹബ്ബാവാൻ തലസ്ഥാനം


വിഴിഞ്ഞം അന്താരാഷ്ട്ര തുറമുഖവും തിരുവനന്തപുരം വിമാനത്താവളവും ചേർത്ത് തലസ്ഥാനത്തെ കപ്പൽ-വിമാന ഹബ്ബാക്കി മാറ്റാനും പദ്ധതിയുണ്ട്. വിമാനത്താവളത്തിന്റെയും തുറമുഖത്തിന്റെയും നടത്തിപ്പ് അദാനി ഗ്രൂപ്പിനാണ്. ലോകമെങ്ങും തുറമുഖ നടത്തിപ്പുള്ള അദാനിക്ക്, വിമാനത്താവളവും കൂട്ടിച്ചേർത്തുള്ള ലോജിസ്റ്റിക്‌സ് ബിസിനസിൽ കണ്ണുണ്ട്. അങ്ങനെയായാൽ വമ്പൻ സാമ്പത്തിക മേഖലയായി തിരുവനന്തപുരം വളരും. ചരക്കുനീക്കം സുഗമമാകുന്നതിലൂടെ വ്യവസായ നഗരമായി തിരുവനന്തപുരം മാറും. ഹബാവുന്നതോടെ ചരക്കുനീക്കത്തിലൂടെ വിമാനത്താവളം ലാഭത്തിലാക്കാനും പദ്ധതിയുണ്ടാക്കും.


ഏവിയേഷൻ ലോജിസ്റ്റിക്സ്

ഹബ്ബും വരും


സംസ്ഥാനത്തെ നാല് അന്താരാഷ്ട്ര വിമാനത്താവളങ്ങളെ കേന്ദ്രീകരിച്ച് കേരളത്തെ ഏഷ്യയിലെ പ്രധാന ഏവിയേഷൻ ലോജിസ്റ്റിക്സ് ഹബ്ബായി വികസിപ്പിക്കുന്നതിനുള്ള പദ്ധതിക്ക് 200 കോടിയാണ് ബഡ്‌ജറ്റിലുള്ളത്. നിക്ഷേപവും തൊഴിലും ഉറപ്പാക്കുന്നതിനാണിത്. കാർഷിക, മത്സ്യ, ഫാർമ മേഖലകളിലെ കയറ്റുമതി ശക്തിപ്പെടുത്തുന്നതിനായി സംയോജിത പാക്ക്ഹൗസ് സൗകര്യവും ഫാർമകാർഗോ സൗകര്യങ്ങളും ഒരുക്കും. ലോജിസ്റ്റിക്സ് പാർക്കുകൾ, ഫ്രീ വെയർഹൗസ് സോണുകൾ തുടങ്ങിയ അനുബന്ധ വികസന പദ്ധതികൾ ആരംഭിക്കും. എയ്റോപാർക്ക്, എയ്റോസിറ്റി പദ്ധതികൾ വഴി നിരവധി സ്ഥാപനങ്ങൾ നിലവിൽ വരും. വിമാനത്താവളം കേന്ദ്രീകരിച്ച് സാമ്പത്തിക മേഖലകളും വിമാന അറ്റകുറ്റപ്പണിപരിപാലനത്തിന് സ്ഥാപനങ്ങളും പൈലറ്റ് പരിശീലന കേന്ദ്രങ്ങളും വരും.

യുവാക്കൾക്ക് തൊഴിൽ ലഭിക്കും

വിഴിഞ്ഞം തുറമുഖം കേന്ദ്രമായി വ്യവസായ വികസനം വരുന്നതോടെ നേരിട്ടുള്ള പതിനായിരം തൊഴിലവസരങ്ങളാണ് ഉണ്ടാവുന്നതെങ്കിൽ, പരോക്ഷ തൊഴിൽ ഇതിന്റെ പതിന്മടങ്ങാവും. വ്യവസായ പാർക്കുകൾക്ക് അനുബന്ധമായി ചെറുകിട ഉത്പാദന, അസംബ്ലിംഗ് യൂണിറ്റുകൾ വരുന്നതോടെ ജോലിസാദ്ധ്യത കൂടും. ലോജിസ്റ്റിക്സ്,വെയർഹൗസിംഗ്,കോൾഡ്-കൂൾചെയ്നുകൾ, കണ്ടെയ്നർറിപ്പയറിംഗ് എന്നിങ്ങനെ പല മേഖലകളിൽ തൊഴിലവസരങ്ങളുണ്ടാവും. കപ്പലുകളിൽ കുടിവെള്ളവും ഭക്ഷ്യവസ്തുക്കളും നൽകുന്നതു പോലും കോടിക്കണക്കിന് രൂപയുടെ ബിസിനസാണ്. ഐ.ടി,അനുബന്ധ വ്യവസായ മേഖല, ട്രാവൽ, ഹോട്ടൽ,റെസ്റ്റോറന്റ് സംരംഭങ്ങൾ,ടൂറിസം,ഇലക്‌ട്രോണിക് ഉപകരണങ്ങളുടെ നിർമ്മാണം-അസംബ്ലിംഗ്, സ്റ്റാർട്ടപ്പ് എന്നിങ്ങനെ തൊഴിലിന് വഴിയൊരുങ്ങും. ചൈനയിൽ നിന്നടക്കം അസംസ്കൃത വസ്തുക്കളെത്തിച്ച് ഉത്പാദനത്തിനും അസംബ്ലിംഗിനും കയറ്റുമതിക്കുമാവും. ഉത്പാദനശാലകളും ചെറുകിട വ്യവസായ യൂണിറ്റുകളും വരും. വ്യവസായ പാർക്കുകളിൽ യുവാക്കൾക്ക് തൊഴിൽ. വിദേശത്തേക്ക് ജോലി തേടി പോവുന്നതിനു പകരം നാട്ടിൽ മികച്ച ശമ്പളമുള്ള തൊഴിലവസരം ലഭ്യമാവും.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: MISSION SAMUDRA
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN OPINION
PHOTO GALLERY