
ലാഫിംഗ് വില്ലയുടെ പടികടക്കുമ്പോൾ ഉളളു പൊള്ളുന്നുണ്ടായിരുന്നു. അതുവരെ സംഭരിച്ച ഊർജമൊക്കെ ചോരുംപോലെ. ആദ്യമായാണ് ആരുടേയും ചുണ്ടിൽ ചിരിയില്ലാത്ത സ്വീകരണം. ചന്തുവും ആരോമലും സുനിത ചേച്ചിയും സലീമേട്ടന്റെ അപ്രതീക്ഷിത വേർപാടിന്റെ ഞെട്ടലിൽ നിന്ന് മുക്തമായിട്ടില്ല. ലാഫിംഗ് വില്ലയുടെ ഇടതുഭാഗത്താണ് സലീമേട്ടന്റെ എരിഞ്ഞു തീർന്ന ചിത. പരിസരമെമ്പാടും അദ്ദേഹത്തിന്റെ ചിരിസാന്നിദ്ധ്യം നിറഞ്ഞു നിൽക്കുന്നെന്ന് തോന്നി. അച്ഛൻ എന്നന്നേയ്ക്കുമായി ഉറങ്ങുന്ന ലാഫിംഗ് വില്ലയിൽ ഇരുന്ന് ചന്തുവും ആരോമലും ഓർമ്മയിൽ ലയിച്ചു- '' അച്ഛൻ പോയെന്ന് തോന്നുന്നേയില്ല. ഇവിടെല്ലാം ഉള്ളതു പോലെ''!
മക്കൾക്ക് ചന്തു എസ്.കുമാർ, ആരോമൽ എസ്.കുമാർ എന്നിങ്ങനെയാണ് സലിംകുമാർ പേരിട്ടത്. ''അച്ഛനെ ഇഷ്ടമാണ് അതുകൊണ്ട് അച്ഛനിട്ട പേരും. ഇടയ്ക്ക് പേര് മാറ്റിയാൽ കൊള്ളാമെന്ന് തോന്നി. ചന്തു എന്നതിന് ചന്തി എന്ന് സ്കൂളിൽ കളിയാക്കാൻ തുടങ്ങി. തൊമ്മനും മക്കളും സിനിമയുടെ ലൊക്കേഷനിൽ പോയപ്പോൾ മമ്മൂക്കയുമായി സംസാരിച്ചു. വടക്കൻവീരഗാഥയിലെ തന്റെ കഥാപാത്രത്തിന്റെ പേരാണ് ചന്തു. 'ചന്തുവിനെ തോൽപ്പിക്കാനാകില്ല മക്കളേ' എന്ന ഡയലോഗൊക്കെ പറഞ്ഞു. ഞാൻ വിചിരിച്ചു പേരിന് ഇങ്ങനത്തെ അർത്ഥങ്ങളൊക്കെ ഉണ്ട്. എങ്കിൽ ഇനി മേറ്റേണ്ടെന്ന്'' - അച്ഛനെ കുറിച്ചുള്ള നല്ലോർമ്മകൾ തുടങ്ങുന്നത് ബാല്യകാലം മുതൽ.
ചന്തുവിന്റെ സിനിമാ വരവ് സലിംകുമാറിന്റെ മകനായി വേഷമിട്ടുകൊണ്ടാണ്. റാഫി മെക്കാർട്ടിന്റെ മമ്മൂട്ടി ചിത്രമായ ലവ് ഇൻ സിംഗപ്പൂരിൽ സലിംകുമാറിന്റെ ഷുക്കൂർഖാൻ എന്ന കഥാപാത്രത്തിന്റെ ബാല്യകാലം. ''അച്ഛനെന്നെ ഡോക്ടർ ആക്കണമെന്നായിരുന്നു ആഗ്രഹം. എന്നെക്കൊണ്ട് ഡോക്ടർ ആകാൻ പറ്റില്ലെന്ന് പഠിക്കാൻ പോയപ്പോൾ തന്നെ തിരിച്ചറിഞ്ഞു...''. '' ഉണക്ക ചെമ്മീൻ എന്ന ടെലിസിനിമ നാദിർഷാ എടുക്കുന്നു. അതിൽ ജയനെ അനുകരിക്കുന്ന പയ്യനെ വേണം. അന്ന് വീട്ടിൽ ചന്തു ജയനെ അനുകരിച്ച് തകർക്കുമായിരുന്നു. എന്നാൽ ചന്തുവിനെ കൂട്ടിക്കൊണ്ടുവരാൻ നാദിർഷാ പറഞ്ഞു. ഞാൻ കൊണ്ടു വരാം എന്നാൽ ഇക്കാര്യത്തിൽ ഞാൻ കക്ഷിയല്ല എന്ന് പറഞ്ഞു. എല്ലാം ശരിയാക്കിക്കോളാമെന്ന് നാദിർഷാ. ജീൻഷും ഷർട്ടും അമരുമ്പോൾ പ്രകാശം തെളിയുന്ന ഷൂസുമൊക്കെയിട്ടാണ് ചന്തുവരുന്നത്. വേലായുധൻ എന്ന കോസ്റ്റ്യൂമർ അവന് കോസ്റ്റ്യൂം കൊടുത്തു. കുറച്ചു കഴിഞ്ഞപ്പോൾ കണ്ടത് വേലായുധനെ കടപ്പുറത്തെ മണലെറിഞ്ഞ് ഓടിക്കുന്ന ചന്തുവിനെയാണ്. കാരണം അവന് കൊടുത്ത കോസ്റ്റ്യൂം വള്ളിനിക്കറായിരുന്നു...'' -കുട്ടിയായിരുന്നപ്പോൾ ചന്തുവിനെ സിനിമയിൽ അഭിനയിക്കാൻ കൊണ്ടു പോയതിനെ കുറിച്ച് സലിംകുമാർ പണ്ടിങ്ങനെയാണ് പറഞ്ഞത്. സിനിമയിലേയ്ക്ക് ചന്തുവില്ലെന്നായിരുന്നു അന്ന് സലിംകുമാർ കണക്ക് കൂട്ടിത്. പക്ഷേ, അത് തെറ്റി. ചന്തു സിനിമയിൽ സജീവവമായി. നടനും സംവിധാന സഹായിയുമായി. ചന്തുവിന്റേയും ആരോമലിന്റേയും ഓർമ്മകളിൽ അച്ഛൻ മാത്രം നിറയുകയാണ്.
''സിനിമ കണ്ടു വളർന്ന ആളാണ് അച്ഛൻ. മുതിർന്ന ശേഷം ആദ്യം സിനിമയിലേയ്ക്ക് അഭിനയിക്കാൻ പോകുമ്പോൾ ശരിയാവുകയാണെങ്കിൽ ഒരു മാസം കഴിഞ്ഞിട്ട് വരാം. ശരിയായില്ലെങ്കിൽ പെട്ടെന്ന് വരാം'' എന്നാണ് ഞാൻ പറഞ്ഞത്. അപ്പോൾ അച്ഛന്റെ മറുപടി ഇങ്ങനെയായിരുന്നു- '' അങ്ങനെയാണെങ്കിൽ നീ പോകണ്ട, ശരിയാകുമെന്നുറപ്പെണ്ടെങ്കിൽ പോയാൽ മതി. ഇനി ശരിയാകാതെ പെട്ടെന്ന് വന്നാലും വീണ്ടും നോക്കണം. അച്ഛന്റെ അഭിനയം ശരിയായില്ലെന്നു കരുതി പറഞ്ഞു വിട്ടതാണ്. ഞാൻ ദേശീയ അവാർഡ് വാങ്ങി. സിനിമയിൽ നിന്നും പറഞ്ഞു വിട്ടുവെന്ന് കരുതി ഈ രംഗം വിടേണ്ട കാര്യമൊന്നും അല്ല. സിനിമയെന്നു പറഞ്ഞാൽ വേറെ സംഭവമാണ് മോനെ. അവിടെ ചെന്നു കഴിഞ്ഞാൽ മാത്രമെ അറിയൂ. അനുഭവത്തിൽ കൂടെയേ സിനിമ പഠിക്കൂ.'' അച്ഛന്റെ ഉപദേശങ്ങൾ കെടാവിളക്കു പോലെ ചന്തുവിന്റെ ഉള്ളിൽ തെളിഞ്ഞു.
''അച്ഛനെ ഓർത്ത് ഞങ്ങളും ഞങ്ങളെ ഓർത്തും അച്ഛനും അഭിമാനിച്ചിട്ടേയുള്ളൂ. അച്ഛൻ എഴുതുന്നത് പ്രത്യേക ഹാൻഡ് റൈറ്റിംഗിലാണ് എനിക്കേ വായിക്കാൻ പറ്റൂ. ഞാനാണ് അത് ഡി.ടി.പി എടുക്കാൻ കൊണ്ടു പോയിരുന്നത്. പിന്നീട് ഞാൻ തന്നെ കംപോസ് ചെയ്തു. അങ്ങനെ ഞാനായി ആദ്യ വായനക്കാരൻ. ഇന്ന പോലെ ജീവിക്കണം എന്നൊന്നും ഞങ്ങളോടു പറഞ്ഞിട്ടില്ല. അച്ഛൻ ഒരിക്കൽ എന്നോട് എതിരു പറഞ്ഞു. പിന്നീട് പറഞ്ഞു. 'ഞാൻ എതിരു പറഞ്ഞെന്നു പറഞ്ഞിട്ട് നീ ചെയ്യാതിരിക്കണ്ട, ഞാനല്ല, ആര് എതിരു പറഞ്ഞാലും നിനക്ക് ചെയ്യാൻ തോന്നുന്നത് ചെയ്തോ' അങ്ങനെത്തെ ഒരു അച്ഛനാണ്. അല്ലാതെ കൺട്രോൾ ചെയ്യുന്ന അച്ഛനല്ല, നമ്മളാരെയും ദ്രോഹിക്കരുത്. നമ്മുക്ക് എന്തെങ്കിലും നേട്ടത്തിനു വേണ്ടി മറ്റുളളവര ദ്രോഹിക്കരുത്. കാശിനു പുറകെ പോയി ആളുകളെ ചതിക്കരുത്. അച്ഛന്റെ ഉപദേശം ഇന്നു പാലിക്കാറുണ്ട്''
പണത്തോട് സലീം കുമാറിന് ആർത്തിയില്ലായിരുന്നു. വന്നവഴി ഒരിക്കലും മറക്കാത്ത പ്രകൃതം.
'' ആരെ പറ്റിച്ചായാലും പൈസ ഉണ്ടാക്കണമെന്ന ചിന്തയൊന്നുമില്ല. പൈസയില്ലെങ്കിൽ ഇല്ല അത്രേ ഉള്ളൂ. കൃഷി, മീൻ വളർത്തൽ ഇതൊക്കെയായിരുന്നു അച്ഛന്റെ ചിന്ത. കൃഷിക്കാരൊക്കെ നന്മയുള്ളവരായിരിക്കും'' ചന്തു ഓർക്കുന്നു.
മീൻ വളർത്താനുള്ള ആഗ്രഹം കൊണ്ടാണ് വീടിന്റെ പിന്നിൽ ഫിഷ് ഫാം ഉണ്ടാക്കിയത്. സുനിതയായിരുന്നു മേൽനോട്ടം. സിനിമ സ്ഥിരതയില്ലാത്തതാണെന്ന് എന്നും സലീം കുമാർ പറയുമായിരുന്നു.
ഇമേജുകളില്ലാതെ പഠിച്ചു
സിനിമാ നടന്റെ മകൻ എന്ന ഇമേജില്ലാതെയായിരുന്നു പഠനം. ''എനിക്ക് അച്ഛന്റെ ഛായയുണ്ട്. അമൃത സ്കൂൾ ഒഫ് ആർട്സ് ആൻഡ് സയൻസിൽ പഠിക്കുമ്പോൾ ഞാൻ നടന്റെ മകനാണെന്ന സംശയം മറ്റുള്ളവർക്ക് തോന്നാതിരിക്കാനായി അച്ഛന്റെ അഭിനയത്തെ കുറ്റപ്പെടുത്തി സംസാരിക്കുമായിരുന്നു. അനുജൻ ആരോമൽ തന്റെ പേരിന്റെ അവസാനമുള്ള എസ്.കുമാർ 'ശിവകുമാർ' എന്നു പറഞ്ഞിരുന്നു. അച്ഛൻ കർഷകനെന്നാണ് അവൻ പറഞ്ഞു. എന്നെ കൊണ്ടുവിടാൻ ഒരുദിവസം അച്ഛൻ കോളേജിൽ വന്നപ്പോഴാണ് ശരിക്കും സലിംകുമാറിന്റെ മകനാണെന്ന് സഹപാഠികൾ അറിയുന്നത്. കുറച്ചു നാൾ കഴിഞ്ഞ അച്ഛനും നമ്മളുമെല്ലാവരുമുള്ള വീഡിയോ എല്ലാവരുംകണ്ടു''
ചന്തുവിന്റെ സ്റ്റിക്കറുകളും
ആരോമലിന്റെ ഇടിവെട്ട് മറുപടിയും
സലിംകുമാറിന് കമ്പ്യൂട്ടർ നല്ലവശമുണ്ട്. സ്വന്തം നാടകട്രൂപ്പിന്റെ പോസ്റ്റർ ഡിസൈൻ ചെയ്യും. ഫോട്ടോഷോപ്പും വീഡിയോ എഡിറ്റിംഗും അറിയാം. സോഷ്യൽ മീഡിയയിൽ പ്രചരിച്ച സലിംകുമാറിന്റെ സ്റ്റിക്കറുകളിൽ വ്യാപകമായി ഇപ്പോഴും പ്രചരിക്കുന്നുണ്ട്. അതിൽ കുറച്ചൊക്കെ നിർമ്മിച്ചത് ചന്തുവാണ്. കേരളകൗമുദി വീക്കിലിയിൽ ഇടിവെട്ട് എന്നൊരു ചോദ്യോത്തര പംക്തി സലിംകുമാർ കൈകാര്യം ചെയ്തിരുന്നു. വായനക്കാരുടെ കുസൃതി ചോദ്യങ്ങൾക്ക് രസകരമായ മറുപടി നൽകണം. ചില ചോദ്യങ്ങൾക്ക് മറുപടി ആലോചിച്ചിരിക്കുമ്പോൾ സലിംകുമാർ ഇളയമകൻ ആരോമലിനോട് ചോദിക്കും. ഈ ചോദ്യത്തിന് ഒരു കിടിലം മറുപടി പറഞ്ഞേ... അപ്പോൾ തന്നെ ആരോമൽ മറുപടി നൽകുമായിരുന്നു.
കഴിഞ്ഞ ജന്മത്തിലെ ശത്രുക്കൾ
കഴിഞ്ഞ ജന്മത്തിലെ ശത്രുക്കളാണ് ഈ ജന്മം മക്കളായി ജനിക്കുന്നത് എന്ന ചൊല്ലിന് തിരുത്ത് നൽകിയിട്ടുണ്ട് സലിംകുമാർ.' സ്വന്തം സഹോദരന്മാരായി ജനിക്കുന്നവരാണ് കഴിഞ്ഞ ജന്മത്തിലെ ശരിക്കും ശത്രുക്കൾ'!
സ്വന്തം മക്കളെ നിരീക്ഷിച്ചുകൊണ്ടായിരുന്നു ഈ തിരുത്ത്. മൂത്ത മകൻ ചന്തു മമ്മൂട്ടിഫാനാണ് ആരോമൽ മോഹൻലാൽ ഫാനും. മമ്മൂട്ടിയും മോഹൻലാലും ആരെന്നോ അവരുടെ അഭിനയപാടവം എന്തെന്നോ തിരിച്ചറിയുന്നതിനു മുന്നേ ഇരുവരും എതിർചേരിയിലായി. സിനിമയിൽ മാത്രമല്ല, കളിയിലും ഇവർ ശത്രുക്കളാണ് ചന്തു മെസിയുടെ ആള്. ആരോമൽ ക്രിസ്റ്റ്യാനോ റൊണാൾഡോയുടേയും. ചന്തുവിന് ഇഷ്ടം ഹോർലിക്സ് ഇളയവന് ബോൺവിറ്റ. ഇനി ബോൺവിറ്റ തീർന്നാലും ഹോർലിക്സ് തൊടില്ല. പകരം ബൂസ്റ്റ് കൊണ്ട് അഡ്‌ജസ്റ്റ് ചെയ്യും.
ഭാര്യ സുനിത രണ്ടാമതും ഗർഭിണിയായപ്പോൾ മൂത്തവന്റെ പാലുകുടി മാറിയിട്ടുണ്ടായിരുന്നില്ല. കുഞ്ഞ് വേണോ വേണ്ടേ എന്ന ചിന്തയിൽ വേണമെന്നത് സലിംകുമാറിന്റെ തീരുമാനമായിരുന്നു. സലിംകുമാറിന്റെ അമ്മയുടെ മരണശേഷമാണ് സുനിത ഗർഭം ധരിക്കുന്നത്. അതുകൊണ്ടു തന്നെ കുഞ്ഞ് അമ്മയുടെ ആത്മാവിന്റെ പുനർജന്മമായിരിക്കുമെന്നും പെൺകുട്ടിയായിരിക്കുമെന്നും വിശ്വസിച്ചിരുന്നു. കുഞ്ഞായിരിക്കുമ്പോൾ മഴക്കാലത്ത് ആരോമൽ ഒരു പാത്രത്തിലെ വെള്ളത്തിലേക്ക് തലയും കുത്തി വീണു. ഓടിയെത്തി രക്ഷിച്ചത് സലിംകുമാറായിരുന്നു. ആരോമൽ അച്ഛനെതിരെ തിരിയുന്ന നിമിഷങ്ങളിൽ ഈ ഫ്ലാഷ് ബാക്ക് പറഞ്ഞ് അവന്റെ കുത്സിത പ്രവർത്തനങ്ങൾക്കും താൻ തടയിട്ടിരുന്നതായി സലിംകുമാർ തന്റെ ആത്മകഥയിൽ പറയുന്നുണ്ട്.
മക്കൾക്ക് ഇഷ്ടപ്പെട്ട അച്ഛന്റെ ഡയലോഗ്
'സിനിമ എന്റെ ചോറാണ് അത് ഞാൻ ഉണ്ടിട്ടെ പോകൂ... (പച്ചക്കുതിര)
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |