
സോഷ്യൽ മീഡിയയിൽ നെഗറ്റീവ് കമന്റ് വന്നാൽ പലരും വിഷമിക്കും. ഉറക്കം പോകും. ചിലർ അതിശക്തമായി പ്രതികരിക്കും. അക്കൗണ്ടും ഡിലീറ്റ് ചെയ്ത് സമാധാനിക്കുന്നവരുമേറെ. എന്നാൽ നെഗറ്റീവ് കമന്റുകളാണ് ഗംഗാ മീനാക്ഷിയുടെ കണ്ടന്റ് . ആ കമന്റുകൾക്ക് കോമഡി കലർന്ന മറുപടി നൽകിയാണ് യുവ കണ്ടന്റ് ക്രിയേറ്റർ ഗംഗ മീനാക്ഷിയും കുടുംബവും സോഷ്യൽ മീഡിയയിൽ താരങ്ങളായത്.
സ്റ്റാൻഡ്അപ്പ് കോമഡിയിൽ നിന്ന് സോഷ്യൽ മീഡിയയിലേയ്ക്ക് എത്തിയ ഗംഗയെ, ഹേറ്റ് കമന്റുകളോടുള്ള പ്രതികരണമാണ് വൈറലാക്കുന്നത്. ഇന്ന് ലക്ഷക്കണക്കിന് ഫോളോവേഴ്സ്. ലോകത്തുള്ള ഏത് കാര്യത്തെപ്പറ്റിയും പരസപ്രം തുറന്ന് സംസാരിക്കാൻ സ്വാതന്ത്ര്യമുള്ള കുടംബം. അവരെ സ്നേഹത്തോടെ ചേർത്തുപിടിക്കുന്നവരും ഏറെ. സ്റ്റാൻഡ് അപ്പ് കോമഡിയിൽ നിന്നാണ് ഗംഗയുടെ കണ്ടന്റുകളുടെ പിറവി. സാധാരണകുടുംബം. പത്രം പോലും പതിവായി വായിക്കുന്നവരില്ല വീട്ടിൽ. തുടക്കത്തിൽ പങ്കുവച്ച വീഡിയോകൾക്ക് ലഭിച്ച പ്രതികരണങ്ങളിൽ വലിയപങ്കും നെഗറ്റീവ് കമന്റുകളായിരുന്നു. എന്നാൽ അവയെ അവഗണിക്കാതെ പോസിറ്റീവായി സമീപിച്ചു. പിന്നീടിങ്ങോട്ട് കണ്ടന്റുകളുടെ ഗംഗാ പ്രവാഹം!
പൊള്ളുന്ന ജീവിതം
കൊല്ലം കാവനാട് സ്വദേശിയാണ് ഗംഗ. ജീവിതത്തിന്റെ ആദ്യകാലങ്ങളിൽ കുടുംബം നേരിട്ട സാമ്പത്തിക പ്രതിസന്ധികളും ദുരിതങ്ങളുമാണ് ഗംഗയിലെ പോരാളിക്ക് തുടക്കം. അത്രയേറെ പ്രതിസന്ധി നേരിട്ടയാളെ വെറുമൊരു കമന്റുകൊണ്ടെങ്ങനെ തോൽപ്പിക്കാൻ? അമ്മ രാജലക്ഷ്മി നാടക കലാകാരിയും മത്സ്യതൊഴിലാളിയുമായിരുന്നു. ഗംഗ, സഹോദരൻ ജയസൂര്യ, അനിയത്തി ഗീതു എന്നിവടങ്ങുന്ന കുടുംബം. ഏറെ വിശ്വസിച്ചയാൾ നിർദയം തനിച്ചാക്കി പോയപ്പോഴാണ് ചുമട്ടു തൊഴിലാളിയായ മനോജ് കുമാർ രാജലക്ഷമിയുടെ ജീവിത്തിന്റെ ഭാഗമാകുന്നത്. അന്ന് ഗംഗയ്ക്ക് മൂന്ന് വയസ്. അതിനുശേഷം ഇന്നുവരെ തങ്ങളുടെ എല്ലാ സന്തോഷത്തിലും സങ്കടത്തിലും ഒപ്പമുണ്ട്. തങ്ങളെ സ്വന്തം മക്കളെപ്പോലെയാണ് അദ്ദേഹം വളർത്തിയതെന്നാണ് ഗംഗ പറയുന്നത്. സോഷ്യൽ മീഡിയയിൽ ചിലർ ഈ കുടുംബപശ്ചാത്തലം ചൂണ്ടിക്കാട്ടി വേദനിപ്പിക്കുന്ന കമന്റുകൾ എഴുതാറുണ്ടെങ്കിലും, ഗംഗയ്ക്ക് അതിനുള്ള മറുപടി ഒറ്റവാക്കിലാണ്.
"അച്ഛനെന്നത് രക്തബന്ധം കൊണ്ടല്ല, സ്നേഹം കൊണ്ടാണ്." ഇന്ന് ഗംഗയുടെ വീഡിയോകളിലും ജീവിതത്തിലും ഏറ്റവും ശക്തമായ പിന്തുണയായി നിലകൊള്ളുന്നത് മനോജ് കുമാറാണ്. അതുകൊണ്ടുതന്നെ സോഷ്യൽ മീഡിയയിലെ കുത്തുവാക്കുകളേക്കാൾ കുടുംബം നൽകിയ കരുത്തിനാണ് ഗംഗ കൂടുതൽ വില നൽകുന്നത്.
"എന്റെ വീഡിയോകളിൽ അമ്മയും അച്ഛനും സജീവമാണ്. അവരുടെ പിന്തുണ ഇല്ലാതെ ഞാൻ ഇന്ന് ഇവിടെ ഉണ്ടാകുമായിരുന്നില്ല." ഗംഗ പറയുന്നു.
കമന്റിൽ നിന്ന് പിറന്ന ബ്രാൻഡ്
ഒരു വീഡിയോയ്ക്ക് താഴെ വന്ന മോശം കമന്റ് അമ്മ വായിക്കുന്ന സാഹചര്യം തമാശയായി പുനരാവിഷ്‌കരിച്ച വീഡിയോയാണ് ഗംഗയുടെ ജീവിതത്തിൽ വഴിത്തിരിവായത്. അമ്മ ഒരു റീൽ കാണുമ്പോൾ ആ കമന്റ് വായിക്കുന്ന രീതിയിൽ അത് റീക്രിയേറ്റ് ചെയ്തു. ആളുകൾക്ക് അത് ഒരുപാട് ഇഷ്ടപ്പെട്ടു. ആ വീഡിയോ ആദ്യമായി മില്ല്യൺ വ്യൂസ് നേടി. അതിന് ശേഷമാണ് നെഗറ്റീവ് കമന്റുകൾക്ക് ഇങ്ങനെ മറുപടി നൽകുന്ന കണ്ടന്റ് ആളുകൾ സ്വീകരിക്കുന്നുണ്ടെന്ന് മനസ്സിലായത്. അവിടെ നിന്നാണ് ഗംഗയുടെ സിഗ്നേച്ചർ സ്റ്റൈലിന് തുടക്കം. കമന്റുകൾക്ക് കോപം കൊണ്ട് മറുപടി നൽകുന്നതിനുപകരം ഹാസ്യത്തിന്റെ ഭാഷയിൽ പ്രതികരിക്കുന്ന രീതി.
ഹേറ്റർമാർ, കണ്ടന്റ് പാർട്ണർമാർ
ചിലർ മനപ്പൂർവം കമന്റ് ഇടുന്നവർ. ശരിക്കും തളർത്താൻ ശ്രമിക്കുന്നവർ. ചിലർക്ക് റിയാക്ഷൻ കിട്ടണം എന്നേയുള്ളൂ. നെഗറ്റീവ് കമന്റുകളുടെ പിന്നിലെ ചേതാവികാരങ്ങൾ പലതാണ്. ഹേറ്റർമാർ പോലും ഗംഗയുടെ കണ്ടന്റിന്റെ ഭാഗമാക്കിയാണ് ഇതിനൊക്കെയുള്ള മധുരപ്രതികാരം. ഇന്ന് നെഗറ്റീവ് കമന്റുകൾക്ക് പുറമെ കുടുംബത്തോടൊപ്പം ചെയ്യുന്ന കോമഡി വീഡിയോകളും ഗംഗയുടെ പേജിൽ ശ്രദ്ധ നേടുന്നുണ്ട്. "ഒരേ കാര്യം മാത്രം ചെയ്താൽ ആളുകൾക്ക് ബോറടിക്കും. അതുകൊണ്ടാണ് പല തരത്തിലുള്ള കണ്ടന്റുകൾ പരീക്ഷിക്കുന്നത്'' ഗംഗയുടെ വിജയരഹസ്യമിങ്ങനെ.
ആശാൻ ക്ഷമിച്ചിരിക്കുന്നു
ഹേറ്റർമാർ ക്ഷമചോദിച്ച് വന്നിട്ടുമുണ്ട്. മുൻപ് മോശം കമന്റ് ഇട്ടവർ പിന്നീട് മെസേജ് അയച്ച് മാപ്പ് പറഞ്ഞിട്ടുണ്ട്. ചിലർ തെറ്റിദ്ധരിച്ചാണ് അങ്ങനെ പറഞ്ഞത്. വേദനിപ്പിച്ച കമന്റുകളും ഉണ്ടായിരുന്നു. മിക്കവരോടും വിശാല മനസ്കയായ ആശാൻ ക്ഷമിച്ചു. '' എല്ലാ കമന്റുകളും തമാശയായി കൈകാര്യം ചെയ്യാൻ കഴിയില്ല. കുടുംബത്തെക്കുറിച്ചും ബാല്യകാല ജീവിതത്തെക്കുറിച്ചും ചിലർ മോശമായി പറഞ്ഞിട്ടുണ്ട്. അത്തരം കമന്റുകൾ ചിലപ്പോൾ വേദനിപ്പിക്കും. കിടക്കുമ്പോൾ അതൊക്കെ ഓർത്ത് വിഷമം തോന്നിയിട്ടുണ്ട്. പക്ഷേ അതേ സമയം എത്ര ദൂരം പിന്നിട്ട് ഇവിടെ എത്തി എന്നതും ഓർമ്മപ്പെടുത്താറുണ്ട്''
പുതിയ ക്രിയേറ്റേഴ്സിനുള്ള സന്ദേശം
നെഗറ്റീവ് കമന്റുകൾ വായിച്ച് വിഷമിക്കുന്ന പുതിയ തലമുറയിലെ ക്രിയേറ്റേഴ്സിനോട് ഗംഗയുടെ ഉപദേശം ലളിതമാണ്.
"നെഗറ്റീവ് കമന്റുകളെ ഭയക്കേണ്ട. ചിലപ്പോൾ അവ തന്നെയാകും നമ്മളെ മുന്നോട്ട് നയിക്കുന്നത്. വിമർശനത്തെ ഒരു ബെഞ്ച്മാർക്കായി കാണുക. അടുത്ത തവണ അതിലും നന്നായി ചെയ്യാൻ ശ്രമിക്കുക. നെഗറ്റീവിനെ പോസിറ്റീവാക്കി മാറ്റാൻ കഴിഞ്ഞാൽ അതാണ് യഥാർത്ഥ വിജയം."
പോരട്ടെ കമന്റുകൾ
ഇനി ആരെങ്കിലും ഗംഗയുടെ കമന്റ് ബോക്സിൽ നെഗറ്റീവ് കമന്റ് ഇടാൻ തയ്യാറെടുക്കുന്നുണ്ടെങ്കിൽ?
"ഇട്ടോളൂ... നിങ്ങളുടെ കമന്റുകൾ കൊണ്ടാണ് ഞാൻ മുന്നോട്ട് പോകുന്നത്. എന്നെ തളർത്താനാണെങ്കിലും, പലപ്പോഴും അതുതന്നെയാണ് എനിക്ക് പുതിയ കണ്ടന്റിന്റെ ആശയമായി മാറുന്നത്."
അതുകൊണ്ടാകാം, മറ്റുള്ളവർക്ക് വേദനയായി തോന്നുന്ന വാക്കുകളിൽ നിന്ന് പോലും ഗംഗ ചിരിയുടെ പുതിയ സാദ്ധ്യതകൾ കണ്ടെത്തുന്നത്. സോഷ്യൽ മീഡിയയുടെ ശബ്ദക്കുഴപ്പങ്ങൾക്കിടയിൽ നെഗറ്റീവുകളെ അതിജീവനത്തിന്റെ ഭാഷയാക്കി മാറ്റുന്ന പൂക്കി!
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |