
അച്ഛൻ ജയബാലകൃഷ്‌ണനെ ബെൻസ് കാറിടിപ്പിച്ച് കൊലപ്പെടുത്തിയ 17കാരനും ജഡ്‌ജിയായ പിതാവിനുമെതിരായ പോരാട്ടത്തിലൂടെ രാജ്യത്തിന്റെയാകെ ശ്രദ്ധാകേന്ദ്രമായിരിക്കുകയാണ് 24കാരി ഭദ്രകീർത്തി. കൊച്ചിയിലെ കണ്ടെയ്‌നർ റോഡിലൂടെ സ്‌കൂട്ടറിൽ സഞ്ചരിച്ച തെക്കൻ ചിറ്റൂർ സ്വദേശി ജയബാലകൃഷ്‌ണനെ കഴിഞ്ഞ ഞായറാഴ്ച പുലർച്ചെയാണ് ബെൻസ് കാറിടിച്ചത്. പ്രതിയെ രക്ഷിക്കാൻ പൊലീസ് ആദ്യം വഴിയൊരുക്കിയപ്പോൾ, അച്‌ഛന്റെ സംസ്‌കാരത്തിന് പിന്നാലെ ഭദ്രകീർത്തിയും സഹോദരങ്ങളും ആരംഭിച്ച പ്രതിഷേധം വിജയം കണ്ടു. ഭദ്രകീർത്തി 'കേരളകൗമുദി'യോട് സംസാരിക്കുന്നു:
?തുടക്കത്തിൽ പൊലീസിന് വീഴ്‌ചയുണ്ടായെങ്കിലും പിന്നീടുള്ള നടപടികൾ എങ്ങനെയായിരുന്നു
അപകടദിവസം പ്രതിയെ 24 മണിക്കൂറിനകം രണ്ടുതവണ പിടിച്ചെങ്കിലും ജാമ്യം നൽകി. ഞങ്ങൾ പ്രതിഷേധിച്ചതോടെ പൊലീസ് പിന്തുണച്ചു. ഇപ്പോൾ സംതൃപ്‌തയാണ്.
?കുറ്റവാളികൾക്ക് കടുത്ത ശിക്ഷ കിട്ടുമെന്ന് കരുതുന്നുണ്ടോ
അച്‌ഛനെ കൊന്നവന്റെ പിതാവിനെ പരമാവധി മൂന്നു വർഷം ജയിലിൽ കിടത്താൻ കഴിയും. കൊലപാതകിയായ പ്രായപൂർത്തിയാകാത്തവന് അതുപോലും കിട്ടില്ല. ഒരു ജീവന്റെ വില അത്രയേയുള്ളോ. പറ്റുന്നത്രയും പോരാടും.
?അച്‌ഛനെ നഷ്‌ടപ്പെട്ട ദിവസം തന്നെ പോരാടാൻ കാരണം
അച്‌ഛന്റെ ചിതയ്‌ക്ക് തീകൊളുത്തിയ ശേഷമാണ് എന്താണ് സംഭവിച്ചതെന്ന് ഞാനറിയുന്നത്. പ്രതി ജാമ്യം നേടി പോയെന്ന് അറിഞ്ഞപ്പോൾ വലിയ വിഷമമായി. പൊലീസ് സ്റ്റേഷനിൽ ചെന്നപ്പോൾ ഞങ്ങൾക്കായി സംസാരിക്കാൻ ധാരാളം പേരുണ്ടായിരുന്നു. അതാണ് ധൈര്യം നൽകിയത്.
?തളർന്നുപോകുന്ന സന്ദർഭത്തെ എങ്ങനെ നേരിട്ടു
ഹൈദരാബാദിൽ നിന്ന് വരുമ്പോൾ അച്ഛന്റെ സംസ്കാരത്തിന് ശേഷം ജീവനൊടുക്കണമെന്ന് തീരുമാനിച്ചിരുന്നു. അച്ഛന് സുഖവും സന്തോഷവും നൽകാനാണ് കഷ്‌ടപ്പെട്ട് പഠിച്ചതും ജോലി നേടിയതും. ജീവിതലക്ഷ്യം ഇല്ലാതായല്ലോ എന്നോർത്താണ് മരിക്കാൻ ആലോചിച്ചത്. ശ്‌മശാനത്തിലേക്ക് പോയ ആംബുലൻസിൽ അച്‌ഛനെ തൊട്ടാണ് ഞാനിരുന്നത്. നീ ജീവിക്കണം, ഞാൻ നിന്റെ കൂടെയുണ്ട് എന്ന് അച്‌ഛൻ പറയുന്നത് ഞാൻ കേട്ടു. ആ രണ്ടു വാക്കിൽ നിന്ന് ലഭിച്ച ഊർജ്ജമാണ് എന്നെ നിലനിറുത്തുന്നത്. അച്‌ഛൻ കൂടെനിന്ന് തോളത്ത് കൈവച്ച് സംസാരിക്കുന്നുണ്ട്. അതാണ് എന്റെ ധൈര്യവും പ്രതീക്ഷയും.
?ജോലി രാജിവച്ചല്ലോ, ഇനി എന്താണ് ചെയ്യുക
അച്‌ഛന്റെ തട്ടുകട വീണ്ടും തുറക്കണം. മറ്റ് വരുമാനങ്ങളില്ല. വീട് വാങ്ങിയതിനുൾപ്പെടെ സാമ്പത്തികബാദ്ധ്യതകളുണ്ട്. അത് വീട്ടാൻ കട തുറക്കുകയേ വഴിയുള്ളു.
?പൊലീസ് കമ്മിഷണറെ മാറ്റി, ജഡ്‌ജിയുടെ വീട്ടിൽ റെയ്ഡും നടത്തി. എന്താണ് പ്രതികരണം
മുതിർന്ന പൊലീസ് ഉദ്യോഗസ്ഥർ വീട്ടിൽവന്നു നൽകിയ വാക്ക് പാലിച്ചിട്ടുണ്ട്. പൊലീസിൽ വിശ്വാസം വന്നിട്ടുണ്ട്. നിയമത്തിന്റെ അടിസ്ഥാനത്തിൽ എല്ലാം നടക്കട്ടെ. സർക്കാരിന്റെ പിന്തുണയിൽ സന്തോഷമുണ്ട്. ജനപ്രതിനിധികളും എല്ലാ പാർട്ടിക്കാരും ജനങ്ങളും വലിയ പിന്തുണ നൽകിയതുകൊണ്ട് മാത്രമാണ് ഇപ്പോഴത്തെ അവസ്ഥയിൽ എത്തിയത്. കൂടെനിന്ന എല്ലാവരോടും നന്ദിയുണ്ട്.
?എന്തായിരുന്നു അച്‌ഛന്റെ പ്രത്യേകതകൾ
അച്‌ഛന് പണമുണ്ടായിരുന്നില്ല. പൂജ്യത്തിൽ നിന്ന് തുടങ്ങിയാണ് മക്കളെ ഈനിലയിൽ എത്തിച്ചത്. കഷ്‌ടപ്പെട്ട്, തട്ടുകട മാത്രം നടത്തിയാണ് ഞങ്ങളെ വളർത്തിയത്. ഒരാളുടെയും മുന്നിൽ കൈനീട്ടിയിട്ടില്ല. ഞങ്ങൾ തെറ്റ് ചെയ്‌താൽപോലും ദേഷ്യപ്പെടില്ല. തിരുത്തണമെന്നേ പറഞ്ഞിട്ടുള്ളൂ. കുറ്റപ്പെടുത്തുകയോ വഴക്കുപറയുകയോ ചെയ്‌തിട്ടില്ല. അച്‌ഛൻ ദേഷ്യപ്പെട്ട് കണ്ടിട്ടുപോലുമില്ല. കട, കുടുംബം എന്നതു മാത്രമായിരുന്നു ജീവിതം. കാശില്ല, ആരോഗ്യപ്രശ്‌നങ്ങളാണ് എന്നാരെങ്കിലും പറഞ്ഞാൽ അച്‌ഛൻ ഭക്ഷണം കൊടുക്കും. പണം വാങ്ങാത്ത നിരവധി സംഭവങ്ങളുണ്ട്. അച്‌ഛൻ ചെയ്‌ത നന്മയ്‌ക്കാണ് ഞങ്ങൾക്ക് കിട്ടുന്ന പിന്തുണയും സ്‌നേഹവും.
(കാലടി ശ്രീശങ്കര കോളേജിൽ നിന്ന് മൈക്രോബയോളജിയിൽ ബിരുദാനന്തര ബിരുദം നേടിയ ഭദ്രകീർത്തിക്ക് രണ്ടുമാസം മുമ്പാണ് ഹൈദരാബാദിലെ സ്വകാര്യ സ്ഥാപനത്തിൽ ഫുഡ് സേഫ്‌റ്റി എക്‌സിക്യുട്ടീവായി ജോലി ലഭിച്ചത്. അമ്മ: ബിന്ദു. സഹോദരങ്ങളായ ഭരത് ശങ്കർ, ഭാഗ്യ ദർശൻ എന്നിവർ ഓട്ടോ ഡ്രൈവർമാരാണ്)
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |