
വികസനത്തിലും തൊഴിലവസരം ഒരുക്കുന്നതിലും പുതിയ ചുവടുവയ്പിന് ഒരുങ്ങുകയാണെന്ന് നാലാം ബഡ്ജറ്റിന്റെ പൂമുഖത്തിരുന്ന് ധനമന്ത്രി കെ.എൻ. ബാലഗോപാൽ. ശമ്പള കമ്മിഷനെ വയ്ക്കുമോ, ഡി.എ കുടിശിക തരുമോ എന്നൊക്കെയാണ് സർക്കാർ ജീവനക്കാരുടെ ആശങ്കയെങ്കിൽ, ക്ഷേമപെൻഷൻ തുക കൂട്ടുമോ എന്നതിലാണ് പാവങ്ങളുടെ ആകാംക്ഷ. പുതിയ ആറുവരി ദേശീയപാത പോലെ വികസനത്തിലേക്കും തൊഴിലവസരത്തിലേക്കും പുതിയ വാതായനങ്ങൾ തുറക്കുമോ എന്നാണ് യുവാക്കളുടെ നോട്ടം. ഇനിയും കടംവാങ്ങി മുടിക്കുമോ എന്ന് വിമർശകരുടെ ആധി. സംസ്ഥാന ബഡ്ജറ്റ് വെള്ളിയാഴ്ച അവതരിപ്പിക്കാനിരിക്കെ കെ.എൻ. ബാലഗോപാൽ കേരളകൗമുദിയുമായി സംസാരിക്കുന്നു:
? തിരഞ്ഞെടുപ്പു വർഷമാണ്. ബഡ്ജറ്റിലും അതിന്റെ പ്രതിഫലനമുണ്ടാകുമോ.
ഈ ബഡ്ജറ്റ് തൊഴിലും നിക്ഷേപവും എന്ന തീമിലായിരിക്കും. കൂടുതൽ തൊഴിലവസരങ്ങൾ, കൂടുതൽ നിക്ഷേപങ്ങൾ- അതിലാണ് ഊന്നൽ. കഴിഞ്ഞ ബഡ്ജറ്റിൽ നോളജ് എക്കണോമിക്ക് കൂടുതൽ പ്രാധാന്യം നൽകിയിരുന്നു. അതിന്റെ തുടർച്ചയുണ്ടാകും. രാജ്യത്തെ ഏറ്റവും വലിയ നിക്ഷേപ സംരംഭമായി വിഴിഞ്ഞം പൂർത്തിയായിരിക്കുകയാണ്. 6000 കോടിയോളവും സംസ്ഥാനമാണ് ചെലവിട്ടത്. അതിന്റെ പ്രയോജനം പൂർണമായും കിട്ടുന്ന തരത്തിൽ വൻ നിക്ഷേപാവസരം ഒരുക്കും. കേരളത്തിൽത്തന്നെ യുവാക്കൾക്ക് സംരംഭങ്ങൾക്കും തൊഴിലിനും അവസരമുണ്ടാക്കും.
? കേന്ദ്രം കൈമലർത്തി. ഇനി വിഴിഞ്ഞവും വയനാടും സംസ്ഥാന ബാദ്ധ്യതയാവില്ലേ.
അങ്ങനെ ആരെയും കൈയൊഴിയാൻ വിടില്ല. അർഹമായത് വാങ്ങിയെടുക്കുകയാണ് നയം. അതിനു ശ്രമിക്കും. കിട്ടാൻ വൈകിയാലും വയനാടിന് ഒരു കുറവുമുണ്ടാകില്ല. പദ്ധതി വൈകുകയുമില്ല. വിഴിഞ്ഞത്തിനും ഒരു കുറവുമുണ്ടാകില്ല.
?കഴിഞ്ഞ വർഷം ആസൂത്രണ പദ്ധതികൾ വെട്ടിച്ചുരുക്കി, ഇനി കിഫ്ബി പദ്ധതികളുടെ പൊളിച്ചെഴുത്തുണ്ടാകുമോ.
കിഫ്ബി പദ്ധതികൾ ഇതുവരെ ശ്രദ്ധിച്ചത് ഏറെയും സേവന, സാമൂഹ്യ ഉന്നമന രംഗത്താണ്. വരുമാനദായകമായ മേഖലകളിലും കൂടുതൽ ഊന്നൽ നൽകേണ്ടിവരും. അതനുസരിച്ചുള്ള സമീപന വ്യവസ്ഥകൾ കിഫ്ബിയിലുണ്ട്. അത് പ്രയോഗത്തിലാക്കും. ചില റോഡുകളിൽ ടോൾ ഏർപ്പെടുത്തണമെന്ന നിർദ്ദേശം ഉയർന്നിട്ടുണ്ട്. എല്ലായിടത്തും എല്ലാ റോഡുകളിലും അങ്ങനെ നടപ്പാക്കുമെന്നല്ല, ചില കർശന വ്യവസ്ഥകൾക്കും ഉപാധികൾക്കും മാനദണ്ഡങ്ങൾക്കും വിധേയമായി ചിലയിടങ്ങളിൽ അത്തരം പരിഷ്കരണം വേണ്ടിവരുമെന്നാണ് കാണുന്നത്.
? ക്ഷേമപെൻഷൻ 2500 രൂപയാക്കുമോ.
സംസ്ഥാനത്തിന്റെ സാമ്പത്തിക അസ്തിത്വത്തിന് ഇടർച്ചയുണ്ടാകാതെ അതിലേക്ക് ചുവടുവയ്ക്കാനാണ് ശ്രമിക്കുന്നത്. ഇതുവരെ മുടങ്ങാതെ കൊടുക്കാൻ ശ്രമിക്കുകയും വിജയിക്കുകയും ചെയ്തു. ഇനി മൂന്ന് ഗഡു കുടിശികയുണ്ട്. അടുത്ത വർഷം കൊടുക്കുമെന്ന് ഉറപ്പ് നൽകിയിട്ടുണ്ട്. യു.ഡി.എഫ് സർക്കാർ പ്രഖ്യാപിച്ച് കൊടുക്കാതെവച്ച 18 മാസത്തെ ക്ഷേമ പെൻഷൻ ഒന്നാം പിണറായി സർക്കാരല്ലേ കൊടുത്തത്?
? പുതിയ ശമ്പളകമ്മിഷൻ പ്രഖ്യാപിക്കുമോ. ക്ഷാമബത്ത കുടിശികയിൽ മുറുമുറുപ്പ് ശക്തമാണ്.
ക്ഷാമബത്ത കുടിശിക പെരുകുന്നത് അറിയാത്തതല്ല. പക്ഷെ 2021-ൽ പ്രഖ്യാപിച്ച ശമ്പളപരിഷ്കരണം മറക്കരുത്. രാജ്യത്ത് ഒരിടത്തും കൊവിഡിനു ശേഷം ശമ്പളപരിഷ്കരണം നടത്തിയില്ല. അതുവരെയുള്ള ഡി.എ മുഴുവൻ ലയിപ്പിച്ച് നൽകി. ഡി.എ കുടിശിക പുതിയ കാര്യമല്ല. ഭരണത്തുടർച്ച ഉണ്ടായതുകൊണ്ടു മാത്രമാണ് കേരളത്തിൽ ശമ്പളപരിഷ്കരണം കിട്ടിയത്. പെൻഷൻ പരിഷ്കരണകുടിശിക, ക്ഷേമപെൻഷൻ പ്രതിമാസമാക്കൽ, ജീവനക്കാരുടെ ആരോഗ്യ ഇൻഷ്വറൻസ് തുടങ്ങി എല്ലാം നടപ്പാക്കിയില്ലേ? ഇനി ജീവനക്കാരുടെ ചില ആവശ്യങ്ങൾ മാത്രമാണ് ബാക്കി. അത് പരിഹരിച്ചു വരികയാണ്. ശമ്പളപരിഷ്കരണ നടപടികൾക്കാെന്നും ഒരു മാറ്റവുമുണ്ടാകില്ല.
? ശമ്പളപരിഷ്കരണം ബഡ്ജറ്റിൽ പ്രതീക്ഷിക്കാമോ.
അതൊന്നും ഇപ്പോൾ പറയാനാവില്ല. ഒന്നാമത് ശമ്പളപരിഷ്കരണം വൻ സാമ്പത്തിക ബാദ്ധ്യതയുണ്ടാക്കുന്ന കാര്യമാണ്. സർക്കാരാണ് അതിൽ തീരുമാനമെടുക്കേണ്ടത്. കഴിഞ്ഞ ശമ്പളപരിഷ്കരണമുണ്ടാക്കിയ അധിക സാമ്പത്തിക ബാദ്ധ്യതയിൽ നിന്ന് ഇനിയും സംസ്ഥാനം പൂർണമായും മുക്തമായിട്ടില്ല.
?പെൻഷൻ പ്രായം കൂട്ടുമോ.
ഇതുവരെ പരിഗണിച്ചിട്ടില്ല. സാമ്പത്തിക പ്രതിസന്ധി മറികടക്കാൻ അത് ഒരു മാർഗമാണെന്ന നിർദ്ദേശം ഉയർന്നുവെങ്കിലും സർക്കാർ പരിഗണിച്ചിട്ടില്ല.
? കേന്ദ്രം കൈയൊഴിഞ്ഞ സ്ഥിതിക്ക് വരുമാനം കൂട്ടാൻ നികുതി വർദ്ധിപ്പിക്കേണ്ടിവരുമോ.
ജി.എസ്.ടി വന്നതോടെ നികുതി കൂട്ടി വരുമാനം സുസ്ഥിരമാക്കുന്ന കാലം അവസാനിച്ചു. നിലവിൽ സംസ്ഥാനത്തെ സേവനങ്ങളുടെയും മറ്റു ചില നിരക്കുകളുടെയും ഡ്യൂട്ടികളുമെല്ലാം കാലാനുസൃതമായി പരിഷ്കരിക്കാനാണ് കഴിയുക. അതു ചെയ്യും. കോടതി ചെലവുകളുടെ ഡ്യൂട്ടിയും നിരക്കുകളും വർദ്ധിപ്പിക്കുന്നത് പരിഗണിക്കുന്നുണ്ട്. അതിനു നിയോഗിച്ചിരുന്ന കമ്മിറ്റിയുടെ റിപ്പോർട്ടിൽ സാദ്ധ്യമാകുന്നത് ജനങ്ങൾക്കു ദോഷമാകാത്ത തരത്തിൽ നടപ്പാക്കും.
? ബഡ്ജറ്റ് സമ്മർദ്ദം എങ്ങനെ.
സമ്മർദ്ദമേയുള്ളൂ. ഒരുപാട് ഡാറ്റ ശേഖരിക്കണം, ചർച്ചകൾ നടത്തണം... അങ്ങനെ വലിയ ജോലികളാണ് തീർത്തത്. ഭരണപരമായ സമ്മർദ്ദം വേറെയുമുണ്ട്. മുന്നിലേക്കെത്തുന്ന വലിയ ആവശ്യങ്ങൾ, വിഭവങ്ങളുടെ അപര്യാപ്തത... ഇത് മാനേജ് ചെയ്യുന്നതിലെ സമ്മർദ്ദവും കൂടുതലാണ്.
? ഈ സമ്മർദ്ദം ഭക്ഷണക്രമത്തെയും ഉറക്കത്തെയും ബാധിക്കില്ലേ.
ഭക്ഷണം അല്ലെങ്കിലും കുറവാണ്. ബഡ്ജറ്റ് തയ്യാറാക്കുന്ന സമയത്ത് അതിലൊന്നും കൂടുതൽ ശ്രദ്ധിക്കാനാവില്ല. നേരത്തേ കൂടുതൽ വായിക്കുമായിരുന്നു. മന്ത്രിയായതോടെ അതെല്ലാം കണക്കും റിപ്പോർട്ടുമാെക്കെയായി. കണക്ക് സർഗസൃഷ്ടിയല്ലല്ലോ!
? ബഡ്ജറ്റിൽ സാഹിത്യവും അലങ്കാരങ്ങളുമൊന്നും കാണാറില്ലല്ലോ.
അതൊക്കെ ഓരോരുത്തരുടെ ശൈലിയല്ലേ (ചിരി)
'ഇനിയൊരു പ്രതിസന്ധി
ഉണ്ടാകരുത്"
ധനമന്ത്രി കെ.എൻ. ബാലഗോപാൽ പറയുന്നു: ''മുന്നണിയുടെയും സർക്കാരിന്റെയും നയപരിപാടികളുടെ ഭാഗമാണ് ധനമന്ത്രിയെന്ന നിലയിലുള്ള പ്രവർത്തനമെങ്കിലും വ്യക്തിപരമായി ഒരു സ്വപ്നമുണ്ട്- അത് സംസ്ഥാനത്തിന്റെ ധനപ്രതിസന്ധിയുടെ കാലം എന്റെ കാലാവധി തീരുന്നതോടെ ഇല്ലാതാകണം എന്നതാണ്! 2021-ൽ ചുമതലയേൽക്കുമ്പോൾ മുതൽ ഗുരുതര ധനപ്രതിസന്ധിയുണ്ട്. അതുമായുള്ള സംഘർഷമായിരുന്നു കഴിഞ്ഞ നാലു വർഷക്കാലത്തെ ധനമന്ത്രിയുടെ ഭരണം.
എന്നാൽ, ആ പ്രതിസന്ധി മറികടക്കുന്നതിനൊപ്പം മറ്റൊരു ലക്ഷ്യം മുന്നിൽ വച്ചിരുന്നു. ഇനിയൊരു ധനമന്ത്രിക്കും ഇത്തരം പ്രതിസന്ധി നേരിടേണ്ടിവരരുത്. സുപ്രീംകോടതിയിൽ കേരളത്തിന്റെ വായ്പാപരിധി കൂട്ടിക്കിട്ടാൻ കേസ് കൊടുത്തതും, കേന്ദ്രവുമായി വാദങ്ങൾ നടത്തി തർക്കിച്ചതും, ഡൽഹിയിൽ പ്രതിഷേധിച്ചതും അടക്കം എല്ലാം ഈ ലക്ഷ്യത്തോടെയാണ്. കൂടുതൽ കടം കിട്ടാൻ വാദിച്ചപ്പോഴും, ധനമന്ത്രിയെന്ന നിലയിൽ പറഞ്ഞാൽ, കടം കുറച്ചു മാത്രം വാങ്ങിയ സർക്കാരാണിത്. കടം കൂടുതൽ കിട്ടാനല്ല, കടം വാങ്ങാനുള്ള സംസ്ഥാനത്തിന്റെ അവകാശം സംരക്ഷിക്കാനാണ് പോരാടുന്നത്. അതിനൊപ്പം തനതു വരുമാനം വർദ്ധിപ്പിക്കാൻ എല്ലാ നടപടികളുമെടുത്തു. 47,000 കോടിയിൽ നിന്ന് 76,000കോടിയിലേക്ക് വരുമാനം കൂടി.""
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |