SignIn
Kerala Kaumudi Online
Friday, 23 October 2026 1.02 AM IST

വികസനത്തിരയിലേക്ക് വിഴിഞ്ഞം കുതിക്കും

divya-s-ayyer

ദിവ്യ എസ്. അയ്യർ

എം.ഡി,​ വിഴിഞ്ഞം ഇന്റർനാഷണൽ സീ പോർട്ട്

വിഴിഞ്ഞം അന്താരാഷ്ട്ര തുറമുഖത്തെ സംബന്ധിച്ച് സുപ്രധാന വർഷമാണ് കടന്നുപോയത്. ട്രയൽ റൺ ആരംഭിച്ചു. ആദ്യ കപ്പലിനെ ആഘോഷത്തോടെ വരവേറ്റു. വാണിജ്യാടിസ്ഥാനത്തിൽ തുറമുഖത്തിന്റെ പ്രവർത്തനങ്ങൾ തുടങ്ങി. ലോകത്തെ ഭീമൻ കണ്ടെയ്‌നർ കപ്പലുകൾ ഇവിടെ നങ്കൂരമിട്ടു. പുതുവർഷത്തിൽ വിഴിഞ്ഞത്തിന്റെ വികസന പ്രതീക്ഷകളും പ്രവർത്തനങ്ങളും എന്തെല്ലാം?​ 'വിസിൽ" (വിഴിഞ്ഞം ഇന്റർനാഷണൽ സീപോർട്ട് ലിമിറ്റഡ്)​ എം.ഡി ദിവ്യ എസ്. അയ്യർ കേരള കൗമുദിയുമായി സംസാരിക്കുന്നു.

? പുതുവർഷ ലക്ഷ്യങ്ങൾ.

 സേവനങ്ങളുടെ വ്യാപ്തിയും വൈവിദ്ധ്യവും വർദ്ധിപ്പിക്കുകയാണ് അടുത്ത ലക്ഷ്യം. കപ്പലുകൾ കൃത്യമായ ഇടവേളകളിൽ ജീവനക്കാരെ മാറ്റി യാത്ര തുടരുന്ന ക്രൂ ചെയ്ഞ്ചിംഗ് സേവനം വിഴിഞ്ഞത്ത് ഉടൻ നടപ്പാക്കും. ഇന്റഗ്രേറ്റഡ് ചെക്ക് പോസ്റ്റിനായുള്ള അനുമതി ബ്യൂറോ ഒഫ് എമിഗ്രേഷനിൽ നിന്ന് ലഭിച്ചാലുടൻ ക്രൂ ചെയ്ഞ്ചിംഗ് ആരംഭിക്കും. ലോകത്തുതന്നെ ചുരുക്കം തുറമുഖങ്ങളിൽ മാത്രമേ ഈ സേവനമുള്ളൂ. ഇവിടെയെത്തുന്ന നാവികരെ ആകർഷിക്കുന്ന ഘടകങ്ങളിലൊന്ന് തുറമുഖവും എയർപോർട്ടുമായുള്ള ദൂരക്കുറവാണ്. തുറമുഖം ദേശീയപാതയുമായി ബന്ധിപ്പിക്കുന്ന റോഡ് പണി അന്തിമ ഘട്ടത്തിലാണ്. അത് പൂർത്തിയായാൽ റോഡ് മാർഗം ചരക്കുകൾ മറ്റു സംസ്ഥാനങ്ങളിലേക്ക് കൊണ്ടുപോകാൻ സാധിക്കും. ഇങ്ങനെ ഘട്ടം ഘട്ടമായി പ്രവർത്തനങ്ങൾ നടപ്പാക്കാനാണ് ലക്ഷ്യമിടുന്നത്.

?​ പോർട്ടിന്റെ കമ്മിഷനിംഗ്.

 കമ്മിഷനിംഗ് തീയതി ഉടൻ പ്രഖ്യാപിക്കും. ഒന്നുരണ്ട് മാസത്തിനകം തുറമുഖം ഔദ്യോഗികമായി രാജ്യത്തിനു സമർപ്പിക്കുന്ന ചടങ്ങിന് സാക്ഷ്യം വഹിക്കാനാകുമെന്നാണ് പ്രതീക്ഷ.

?​ ക്രിസ്മസിന് നൂറാമത്തെ കപ്പലെത്തി. ഈ വർഷം എത്ര കപ്പലുകൾ പ്രതീക്ഷിക്കാം.

 നൂറാമത് കപ്പൽ യൂറോപ്പിൽ നിന്നാണ് എത്തിയത്. പല രാജ്യങ്ങളിലൂടെ അത് ചൈനയിലെത്തും. അതായത് രണ്ടു ഭൂഖണ്ഡങ്ങളെയാണ് നമ്മൾ കൂട്ടിയിണക്കിയത്. മാത്രമല്ല, വിചാരിച്ചിരുന്നതിലും അധികം കപ്പലുകളാണ് ഇതുവരെ എത്തിയത്. കമ്മിഷനിംഗിനു ശേഷമേ ഇനി എത്ര കപ്പലുകൾ എത്തുമെന്ന് കൃത്യമായി പറയാനാവൂ. ആദ്യ ഘട്ടത്തിൽ ഇത്ര കപ്പലുകൾ എത്തിയെന്നു പറയുന്നത് കൗതുകമായിരുന്നു. എന്നാൽ രണ്ടാംഘട്ടത്തിൽ കപ്പലുകളുടെ എണ്ണത്തേക്കാൾ,​ തുറമുഖം കൈകാര്യം ചെയ്യുന്ന ചരക്കുകളുടെ അളവിനാണ് പ്രാധാന്യം. ഇതിനോടകം രണ്ടു ലക്ഷം ടി.ഇ.യു കാർഗോ (ട്വൻ്റി ഫുട്ട് ഇക്വലൻ്റ്) കൈകാര്യം ചെയ്തു. വാണിജ്യാടിസ്ഥാനത്തിൽ പ്രവർത്തിക്കുന്നതിന് മുമ്പുതന്നെ ദക്ഷിണ ഏഷ്യയിലെ പത്തു ശതമാനം ചരക്ക് നമ്മുടെ തുറമുഖത്തിലൂടെ പോയിട്ടുണ്ട്. ഇത് വലിയൊരു അംഗീകാരമാണ്.

?​ കൊളംബോ, മലേഷ്യ പോലുള്ള തുറമുഖ നഗരങ്ങളുടെ തലത്തിലേക്കുള്ള വളർച്ച.

 ലോകത്തു തന്നെ ഇത്രയധികം ഓട്ടോമേഷനോടെ കാർഗോ കൈകാര്യം ചെയ്യുന്ന തുറമുഖം മറ്റൊന്നുണ്ടാവില്ല. ഇക്കാര്യത്തിൽ ചൈന, സിംഗപ്പൂർ , കൊളംബോ എന്നീ രാജ്യങ്ങളോട് തോളോടു ചേർന്ന് നമ്മൾ പൊരുതുന്നുണ്ട്. ഓപ്പറേഷൻ സോണുകളിൽ മനുഷ്യ സാന്നിദ്ധ്യം പരമാവധി കുറച്ചിട്ടുണ്ട്. സാധാരണ ചെയ്യുംപോലെ സാഹസികമായി 100 അടി മുകളിൽ നിന്ന് ക്രെയിൻ പ്രവർത്തിപ്പിക്കേണ്ടതില്ല. അടുത്ത ഘട്ടത്തിൽ ട്രക്കുകളും ഓട്ടോമേറ്റഡ് ആക്കാൻ ശ്രമിക്കും. സാങ്കേതികവിദ്യ പൂർണമായും വിനിയോഗിക്കാനാണ് ശ്രമിക്കുന്നത്. മാനുവൽ ക്രെയിനുകൾ പ്രവർത്തിപ്പിക്കുന്ന അത്രയും സമയം വേണ്ട,​ ഓട്ടോമേറ്റഡ് ക്രെയിനുകൾക്ക്. ഇത് പ്രവർത്തനക്ഷമതയും കൂട്ടും.

?​ മറ്റു തുറമുഖങ്ങളിലെ കുറഞ്ഞ ഓപ്പറേഷൻ കോസ്റ്റ് വെല്ലുവിളിയാകുമോ.

 ചരക്കുകൾ കൈകാര്യം ചെയ്യുന്നതിനുള്ള ചാർജ് മാത്രമല്ല സാമ്പത്തിക വശം നിർണയിക്കുന്നത്. അന്താരാഷ്ട്ര ഷിപ്പിംഗ് റൂട്ടിൽ നിന്ന് തുറമുഖത്തേക്കുള്ള ദൂരം പ്രധാന ഘടകമാണ്. കപ്പൽ സഞ്ചരിക്കുന്നത് മറ്റു വാഹനങ്ങൾ പോലെയല്ല. യാത്രയ്ക്കുള്ള ദൂരം കുറഞ്ഞാൽ ഇന്ധനവും പണവും ലാഭിക്കാം. ഷിപ്പിംഗ് റൂട്ടിൽ നിന്ന് നമ്മുടെ തുറമുഖത്തേക്ക് വെറും പത്ത് നോട്ടിക്കൽ മൈൽ മാത്രമാണ് ദൂരം. അതായത് കണ്ണെത്തുന്ന ദൂരം. വലിയ മദർ ഷിപ്പുകൾക്ക് നങ്കൂരമിടാൻ വിഴിഞ്ഞത്തിന്റെ അത്രയും ഡ്രാഫ്റ്റ് ഉള്ള തുറമുഖങ്ങൾ കുറവാണ്. ക്രൂവിന് നൽകുന്ന സേവനങ്ങളുടെ മേന്മ, ചരക്കുകൾ കൈകാര്യം ചെയ്യുന്നതിലെ കൃത്യത, ചരക്കുകൾ മാറാതെ നോക്കുന്നതിനുള്ള മിടുക്ക്.... ഇതെല്ലാം കപ്പലുകളെ ആകർഷിക്കും.

?​ പുതിയ തൊഴിലവസരങ്ങൾ.

 പ്രത്യക്ഷമായി മാത്രമല്ല, ഹോസ്പിറ്റാലിറ്റി രംഗത്തു വരെ പ്രദേശവാസികൾക്ക് തൊഴിൽ നൽകാൻ ശ്രമിച്ചിട്ടുണ്ട്. ഇക്കൊല്ലത്തെ വലിയ പ്രതീക്ഷയാണ് കമ്മ്യൂണിറ്റി സ്കില്ലിംഗ് സെന്റഫിൽ അസാപ്പിന്റെ സഹായത്തോടെ ആരംഭിച്ച വിവിധ തരം കോഴ്സുകൾ. ആദ്യ ബാച്ച് ഇതിനകം പുറത്തിറങ്ങി. അതിൽ 90 ശതമാനം പേർക്കും തൊഴിൽ ലഭിച്ചു. ഇവിടെ മാത്രമല്ല, മറ്റു തുറമുഖങ്ങളിലും അനുബന്ധ മേഖലകളിലും പ്രവർത്തിക്കാൻ ഈ കോഴ്സുകൾ പ്രാപ്തരാക്കും.

?​ സ്ത്രീകളുടെ വിഴിഞ്ഞം..

 സാധാരണ പോർട്ടുമായി ബന്ധപ്പെട്ട തൊഴിലുകളിൽ കൂടുതലായും പുരുഷന്മാരെയാണ് കണ്ടുവരുന്നത്. എന്നാൽ വിഴിഞ്ഞത്ത് എം.ഡി മുതൽ സാങ്കേതികം, പോർട്ട് ഓപ്പറേഷൻ, എൻജിനിയറിംഗ് വരെ എല്ലാ വിഭാഗങ്ങളിലും സ്ത്രീകളെ ഉൾപ്പെടുത്തിയിട്ടുണ്ട്.

?​ വി.ജി.പി ലഭിക്കാത്തത് വെല്ലുവിളിയാകുമോ?

 മുഖ്യമന്ത്രിയാണ് 'വിസിൽ" ബോർഡ് ചെയർമാൻ. അദ്ദേഹത്തിന്റെ നേതൃത്വത്തിൽ സർക്കാർ തലത്തിൽ ചർച്ചകൾ നടക്കുകയാണ്. കേന്ദ്രത്തിൽ നിന്ന് വയബിലിറ്റി ഗ്യാപ്പ് ഫണ്ടിംഗ് (വി.ജി.പി) സ്വീകരിക്കുമോ ഇല്ലയോ എന്ന് തീരുമാനിച്ച ശേഷം അടുത്ത ഘട്ടത്തിലേക്കു പോകും. കരാർ പ്രകാരം ചെയ്യേണ്ടതെല്ലാം സംസ്ഥാന സർക്കാർ ചെയ്യുന്നുണ്ട്.

?​ പദ്ധതി എന്നത്തേക്ക് പൂർണമാകും.

 വിഴിഞ്ഞം തുറമുഖ പദ്ധതിയുടെ എല്ലാ ഘട്ടങ്ങളും 2028-ഓടെ പൂർണമാകും. തുറമുഖത്തിന്റെ ശേഷി വർദ്ധിപ്പിക്കൽ ഈ വർഷം ആരംഭിക്കും. കേന്ദ്രത്തിൽ നിന്ന് എൻവയൺമെന്റൽ ക്ലിയറൻസ് കിട്ടിയാൽ അടുത്ത ദിവസം ഇതിനുവേണ്ട പ്രവർത്തനങ്ങൾ തുടങ്ങും.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: DIYA S AYYER
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN OPINION
PHOTO GALLERY
TRENDING IN OPINION