മലയാളികളുടെ ഭയത്തിലും ഭാവനയിലും എല്ലാക്കാലത്തും നിറഞ്ഞുനിൽക്കുന്ന പേരാണ് കള്ളിയങ്കാട്ട് നീലി. സിനിമകളിലൂടെയും കഥകളിലൂടെയും കണ്ടുംകേട്ടുമറിഞ്ഞ നീലി എന്ന യക്ഷി വെറുമൊരു സങ്കൽപ്പമല്ല. ഭയപ്പെടുത്തുന്ന കഥകൾക്കുമപ്പുറം, തമിഴ്നാട്ടിൽ നീലിക്കായി ഒരു ക്ഷേത്രം തന്നെയുണ്ട്. കള്ളിയങ്കാട്ട് നീലി അമ്മൻ ക്ഷേത്രം.
നാഗർകോവിലിനടുത്തുള്ള ചുങ്കൻകടയിലെ പാർവതിപുരത്തിന് സമീപമുള്ള കള്ളിയങ്കാട്ട് എന്ന സ്ഥലത്ത് ഇരുണ്ട കാടിനോട് ചേർന്നാണ് ഈ ചെറിയ ക്ഷേത്രം സ്ഥതിചെയ്യുന്നത്. ചുറ്റുപാടും നിറഞ്ഞ കള്ളിമുൾച്ചെടികളിൽ നിന്നാണ് കള്ളിയങ്കാട് എന്ന പേര് ലഭിച്ചതെന്നാണ് പറയപ്പെടുന്നത്. ഭദ്രകാളിയും ഗണപതിയുമാണ് ഇവിടത്തെ പ്രധാന ആരാധനാമൂർത്തികൾ. എല്ലാവർഷവും മാർച്ച്-ഏപ്രിൽ മാസങ്ങളിലാണ് ഇവിടെ ഉത്സവം നടക്കുന്നത്. ഈ ദിവസങ്ങളിൽ മാത്രമാണ് വിജനമായ ഈ കാട്ടുപ്രദേശത്ത് ജനത്തിരക്കേറുന്നത്.
പഴയ തിരുവിതാംകൂറിലെ നാഞ്ചിനാട് എന്നറിയപ്പെടുന്ന ആ മണ്ണിൽ, കൊന്നവനും കൊല്ലപ്പെട്ടവനും ആരാധനാലയങ്ങളുണ്ട് എന്ന പ്രത്യേകതയുമുണ്ട്. മാർത്താണ്ഡവർമ്മയുടെയും ഉമ്മിണിത്തങ്കയുടെയും കഥകൾ ഇവിടെ ഇന്നും മുഴങ്ങികേൾക്കാം. ശ്രീനാരായണ ഗുരു എട്ടുവർഷത്തോളം തപസുചെയ്ത പ്രശസ്തമായ മരുത്വാമല ഈ ക്ഷേത്രത്തിൽ നിന്ന് വെറും ഏഴുകിലോമാറ്റർ അകലെയാണ് സ്ഥിതിചെയ്യുന്നത്.
തലസ്ഥാനനഗരമായ തിരുവനന്തപുരത്ത് നിന്ന് ഏകേദശം 60 കിലോമീറ്റർ ദൂരമുണ്ട് ഈ ക്ഷേത്രത്തിലേയ്ക്ക്. നാഗർകോവിലിന് തൊട്ടുമുൻപുള്ള ചുങ്കൻകട ജംഗ്ഷനിൽ നിന്നാണ് കള്ളിയങ്കാട്ടിലേയ്ക്ക് പോകേണ്ടത്. പച്ചവിരിച്ച പാടവരമ്പുകളിലൂടെയുള്ള ചെറിയ വഴിയിലൂടെ നടന്നാൽ പാർവതിപുരത്തെ ഈ കള്ളിയങ്കാട്ട് നീലി അമ്മൻ ക്ഷേത്രത്തിലെത്തിച്ചേരാം.
The legendary Kalliyankattu Neeli, a prominent figure in Malayalam folklore, has a dedicated Amman temple located near Nagercoil, on the Kerala-Tamil Nadu border. Situated in a secluded forest area near Chungkankada, this temple primarily worships Bhadrakali and Ganesha. An annual festival held in March-April attracts numerous devotees to the site.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |