SignIn
Kerala Kaumudi Online
Wednesday, 09 September 2026 2.51 AM IST

അമരംകാവിലെ മോഷണം: മുഖ്യപ്രതികളിലൊരാൾ പിടിയിൽ

prathi

തൊടുപുഴ: കോലാനി അമരംകാവ് ദേവീക്ഷേത്രത്തിൽ മോഷണം നടത്തിയ കേസിൽ ഒരാൾകൂടി പൊലീസ് പിടിയിൽ. കേസിലെ മുഖ്യപ്രതികളിലൊരാളായ പശ്ചിമബംഗാൾ മൂർഷിദാബാദ് സ്വദേശി അയ്നുൾ അസദുൾ (27) ആണ് അറസ്റ്റിലായത്. പെരുമ്പാവൂരിൽ നിന്നും ഇന്നലെയാണ് പ്രതിയെ പിടികൂടിയത്. നേരത്തെ കേസിൽ അറസ്റ്റ് ചെയ്യുന്നതിനായി അന്വേഷണസംഘം എത്തിയപ്പോൾ ഇയാൾ രക്ഷപ്പെടുകയായിരുന്നു. പെരുമ്പാവൂരിലെ ഒളിത്താവളത്തിൽ എത്തിയതായി രഹസ്യവിവരം ലഭിച്ചതിനെ തുടർന്നാണ് പൊലീസ് പ്രതിയെ കസ്റ്റഡിയിലെടുത്തത്. അറസ്റ്റിലായവരിൽനിന്നും മോഷണമുതൽവാങ്ങിയ പട്ടാമ്പിസ്വദേശിയെ കഴിഞ്ഞദിവസം പൊലീസ് ചോദ്യംചെയ്ത് വിട്ടയച്ചിരുന്നു. നേരത്തെ അറസ്റ്റിലായ തമ്മനംസ്വദേശി റസാഖിൽ നിന്നും ഇയാളാണ് സാധനങ്ങൾ വാങ്ങിയിരുന്നത്. സംഭവത്തിൽ പ്രഥമദൃഷ്ട്യാ കുറ്റക്കാരനല്ലെന്ന് കണ്ടെത്തിയതിനെ തുടർന്നാണ് നടപടിയെന്നും ആവശ്യമെങ്കിൽ വീണ്ടും ചോദ്യംചെയ്യുമെന്നും തൊടുപുഴ സി.ഐ മനേഷ് കെ.പി പറഞ്ഞു. ഓൺലൈൻ ടാക്സിയിലെത്തി ക്ഷേത്രത്തിൽ നിന്നും രണ്ടു തവണ മോഷണം നടത്തി പണവും വിളക്കും ഉരുളികളും കവർന്ന കേസിൽകഴിഞ്ഞ ഞായറാഴ്ചയാണ് പെരുമ്പാവൂരിൽ താമസിക്കുന്ന അസം സ്വദേശി അമീർ ഹംസ (26), ഓൺലൈൻ ടാക്സി ഡ്രൈവറായ കണ്ണൂർ തളിപ്പറമ്പ് കൂട്ടുമുഖം വലിയവളപ്പിൽ വീട്ടിൽ ഉബൈദ് (38), മോഷണമുതലുകൾ വാങ്ങിയ എറണാകുളം തമ്മനം നന്ദാനത്ത് പറമ്പിൽ വീട്ടിൽ റസാഖ് (അനസ്- 54) എന്നിവർ പിടിയിലായത്. നേരത്തെ അറസ്റ്റിലായ മൂന്നുപേരും റിമാൻഡിലാണ്. എറണാകുളം, ഇടുക്കി ജില്ലകളിലെ വിവിധ ക്ഷേത്രങ്ങളിൽ നിന്ന് മോഷണം പോയ സാധനങ്ങൾ തമ്മനത്തുള്ള അനസിന്റെ കടയിൽ നിന്ന് പൊലീസ് കണ്ടെടുത്തിരുന്നു. പ്രതിയെഇന്ന് കോടതിയിൽ ഹാജരാക്കും.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: THEFT
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN CASE DIARY
PHOTO GALLERY
TRENDING IN CASE DIARY