SignIn
Kerala Kaumudi Online
Wednesday, 09 September 2026 2.25 AM IST

തണ്ണീർമുക്കത്തെ കൊലപാതകം:പ്രതിയെ 'ഉറപ്പിച്ച്' പൊലീസ്

aa

ചേർത്തല : ഒറ്റയ്ക്ക് താമസിച്ചിരുന്ന തണ്ണീർമുക്കം വെറിങ്ങിൻചുവടു പടിഞ്ഞാറ് കരിക്കാട് വേലിക്കകത്ത് സന്തോഷ് (53) കൊല്ലപ്പെട്ട കേസിൽ പ്രതി സമീപവാസി തന്നെയെന്ന് ഉറപ്പിച്ച് പൊലീസ്. സാഹചര്യത്തെളിവുകൾക്ക് പുറമേപം സമീപത്തെ സി.സി ടിവി ക്യാമറകളിലും ഇയാളുടെ സാന്നിദ്ധ്യം തെളിഞ്ഞിട്ടുണ്ട്. സന്തോഷ് മരിച്ചെന്ന വിവരം പുറത്തറിഞ്ഞതിനു പിന്നാലെ സമീപവാസി സ്വന്തം കാറിൽ സ്ഥലം വിട്ടതായി പൊലീസിനു വിവരം ലഭിച്ചു.
നാട്ടുകാരുമായി ബന്ധങ്ങളില്ലാതെ കഴിഞ്ഞിരുന്ന സന്തോഷ് പ്രദേശത്തെ പലകേസുകളിലും ഉൾപ്പെട്ടിരുന്നു. കഴിഞ്ഞദിവസം ഒരു കൊച്ചു പെൺകുട്ടിയോടു മോശമായി സംസാരിച്ചതായി സന്തോഷിനെതിരെ മുഹമ്മ പൊലീസിൽ നൽകിയ പരാതിയിൽ ഇയാളെ സ്റ്റേഷനിലേക്ക് വിളിപ്പിച്ചിരുന്നു. ഈ സംഭവത്തിലുള്ള പ്രതികാരമാണെന്നാണ് നിഗമനം. വിഷയം ചോദ്യം ചെയ്യാനെത്തിയപ്പോൾ തർക്കത്തിെനിടെ അബദ്ധത്തിൽ തലക്കേറ്റ അടിയാണ് മരണത്തിന് കാരണമായതെന്നാണ് വിലയിരുത്തൽ.
ഞായറാഴ്ച രാവിലെ ഏഴരയോടെയാണ് തലയിലും മുഖത്തും മുറിവേറ്റ പാടുകളോടെ വീട്ടിൽ സന്തോഷിന്റെ മൃതദേഹം കണ്ടെത്തിയത്. അക്രമത്തിനിടെ തലയ്ക്ക് അടിയേറ്റതിനെ തുടർന്നുണ്ടായ മുറിവാണ് മരണത്തിനു കാരണമായതെന്നാണ് പോസ്റ്റുമോർട്ടം റിപ്പോർട്ട്. അടിക്കാൻ ഉപയോഗിച്ചതെന്നു കരുതുന്ന മുളവടി ഒടിഞ്ഞ നിലയിൽ വീട്ടിൽ നിന്നും കണ്ടെത്തിയിരുന്നു. പ്രാഥമിക അന്വേഷണത്തിൽ പ്രതിയെ കുറിച്ച് പൊലീസിനു ഏകദേശ സൂചന ലഭിച്ചിരുന്നു.എന്നാൽ പിടികൂടും മുമ്പ് ഇയാൾ കടന്നു. പെൺകുട്ടിയോടു മോശമായി പെരുമാറിയത് ചോദ്യം ചെയ്യാൻ സമീപവാസി എത്തിയപ്പോൾ വഴക്കുണ്ടാവുകയും അടിപിടിയിൽ കലാശിക്കുകയായിരുന്നുവെന്നുമാണ് പൊലീസ് നിഗമനം.

ചേർത്തല സി.ഐ എം.എം.മഞ്ജുദാസിനാണ് അന്വേഷണച്ചുമതല.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: CRIME
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN CASE DIARY
PHOTO GALLERY
TRENDING IN CASE DIARY